Archives / June 2018

തിരുമല ശിവന്‍കുട്ടി
സ്നേഹമതം

നീര്‍മാതളം പൂത്തമണ്ണിത്
നീലാംബരി രാഗമുതിര്‍ത്ത മണ്ണിത്
പുന്നയൂര്‍ക്കുളത്തെ ചക്രവാള സീമയില്‍
ഏഴഴകില്‍ പൂത്ത വാര്‍മഴവില്ലിത്.
ആത്മബന്ധമില്ലാതെ, ജീവിത സമസ്യകള്‍
ടചാല്‍ക്കാഴ്ചയാടിയ അരങ്ങിത്.
സ്നേഹ മതങ്ങള്‍ക്ക് മനസ്സിന്‍റെ
വാതായനം തുറന്ന നാടിത്.
നാലപ്പാടന്‍റെ കണ്ണുനീര്‍ത്തുള്ളിയില്‍
ഉദിച്ച സൂര്യന്‍റെ വൈഡൂര്യമുത്തിത്.
ബാലാമണിക്കവിതതന്‍ വാത്സല്യ -
ദുഗ്ധം ചുരത്തിയ പാലാഴി അമൃതിത്.
ഗോതമ്പുനിറമാര്‍ന്ന പെണ്ണിന്‍റെയുടലിലും
രോമാവൃതമാം പുരുഷന്‍റെ മാറിലും
കാമബാണങ്ങളെയ്യും കഥകള്‍
കമലാദാസിന്‍റെ കമനീയ ഭാവനകള്‍.
കൈരളിയുടെ കാവിലെ സര്‍പ്പ-
ത്തറകളില്‍ നൂറും പാലുമൊഴുക്കിയോള്‍
കായാമ്പൂവര്‍ണ്ണന്‍റെ പൊന്നോടക്കുഴലിലായ്
പ്രണയാനുരാഗങ്ങള്‍ മീട്ടിയോള്‍
എവിടെ സ്നേഹത്തിന്‍ നീര്‍ പൊയ്കകള്‍
അവിടെ വിടരുന്ന നീലത്താമരകള്‍
മസൃണ ചിന്തകള്‍ താരാട്ടിയുറക്കുന്ന
മരാള മിഥുനങ്ങള്‍ തന്‍ കേളീപുളിനങ്ങള്‍.
എവിടെ ഉരല്‍ക്കള പെണ്ണൊച്ചകള്‍
കുളിക്കടവുകള്‍, ക്ഷേത്ര സോപാനങ്ങള്‍
നീര്‍ക്കിളികള്‍ തുഴയുന്ന കാനോലിക്കനാലുകള്‍
ചാകരക്കോളുമായെത്തും കടല്‍ത്തീരങ്ങള്‍.
പ്രണയമനസ്സുകള്‍ക്കഭയമെവിടെ
ചേക്കേറും കിളികള്‍ക്കു വഴിമരമെവിടെ.
നൊമ്പരക്കിളി നീ വീണ്ടുമെത്തീടുമോ
കൈരളിയുടെ കരള്‍ നോവുമാറ്റുവാന്‍.

Share :

Photo Galleries