Archives / June 2018

മുബശ്ശിർ കൈപ്രം
ഒന്നുമുണ്ടായിട്ടല്ല..

1)ഒന്നുമുണ്ടായിട്ടല്ല..

അയൽകാരന്റെ
പഞ്ചസാരയൊന്നു
രുചിച്ചു നോക്കണം...
എല്ലായ്പ്പോഴുമല്ല,
വല്ലപ്പോഴും...
മധുരമുണ്ടോ എന്നറിയാനല്ല...
ഉപ്പില്ലല്ലോ? എന്നറിയാൻ...

അവന്റെയടുപ്പിലെ
വെണ്ണീർ ഇടക്കെങ്കിലുമൊന്ന്
ചികഞ്ഞ് നോക്കണം...
കനലുണ്ടോ എന്നറിയാനല്ല...
നനവില്ലല്ലോ ?എന്നറിയാൻ മാത്രം...

അവന്റെ
കഞ്ഞിയുമൊന്ന് നോക്കണം...
ഉപ്പുണ്ടോ.. എന്നല്ല...
അതിലാരും ചരലിട്ടിട്ടില്ലല്ലോ.?
എന്നറിയാൻ...
അതിരുതർക്കത്തിന്
അടിവയറ് കുത്തിക്കീറുമ്പോൾ
വാൾ തലപ്പ് മാത്രമല്ല...
അമ്മയുടെ
ഹൃദയമിടിപ്പുമൊന്ന്
നോക്കണം...

ഒന്നുമുണ്ടായിട്ടല്ല...
കേടുവരുത്തില്ലെന്നു നിനച്ച്
ഫ്രീസറിൽ വെച്ച
മത്സ്യം ഇടക്കൊക്കെ കേടുവരാറുണ്ടത്രെ...
സത്യമായിട്ടും...

തോളിൽ കയ്യിട്ടു നടന്ന പലരും ചെവിയും കടിച്ച് പോയിട്ടുണ്ടത്രെ?...
തീർച്ചയായിട്ടും...


2)അതിജീവനം

മര കൊമ്പിലിരുന്നു
കാക്ക കാഷ്ഠിക്കുകയാണെന്ന്
പറഞ്ഞേക്കരുത്,
നമ്മുടെ
മൂല്യസങ്കൽപങ്ങൾക്ക്
നേരെ
നിറയൊഴിക്കുകയാണ്.
അല്ലാതെന്തിനാണ്
കറുത്തിരുണ്ടകോകിലം
വെളുപ്പിൽ കാഷ്ഠിക്കുന്നത്...
ഇരുണ്ട കറുപ്പിൻ കൂടിൽ
ഇത്തിരി
\\\'വെള്ള\\\' യുൽപാദിപ്പിക്കാനെത്ര
വിയർത്തിട്ടുണ്ടാവണം,
ഭൂമുഖത്തിനിയെങ്കിലും
പരിഗണിക്കാൻ മാത്രം
വെളുപ്പംശം,
ഞങ്ങളെയുള്ളിലുണ്ടേയെന്ന
ബലം കുറഞ്ഞയാശയമാണത്രെ,
പലപ്പോഴും
ഭുമിയിലെത്തുമ്പോഴേക്ക്
ചിതറിപ്പോകുന്നത്...
അതിജീവനത്തിന്റെ
മുറവിളികൾക്ക്,
കുയിലിന്റെത്രെയീണംകാണില്ല..
ആ ദയനീയതയെയാണ്,
നിങ്ങൾ \\\'കാക്കപ്പട\\\'യെന്ന്
നിർലജ്ജം വിളിച്ച് തള്ളിയത്!

Share :