Archives / June 2018

ദിവ്യ .സി.ആർ
ആൾക്കൂട്ടത്തിൽ ഒരാൾ

കഥ - ആൾക്കൂട്ടത്തിൽ ഒരാൾ ദിവ്യ .സി.ആർ. ****************************** രഘുനന്ദനനൻ ! അങ്ങനെയൊരു പേര് ബന്ധുക്കളുടെയോ സുഹൃത്തുകളുടെയോ നീണ്ടനിരയിൽ അവൾ കണ്ടില്ല പക്ഷെ അവളുടെ തൂലികത്തുന്പിൽ ആ പേരുണ്ട്. ആനന്ദമായ്...ആവേശമായ്.... പതിവുപോലെ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത രഘുനന്ദനനായി അവൾ പ്രണയലേഖനമെഴുതി. വായിച്ചു വായിച്ചു അതിലെ തെറ്റുകൾ തിരുത്തി ഇത്രയും നാൾ എഴുതിയതിൽ വച്ച് ഇപ്പോൾ കുറിച്ചതിനൊരു പുതുമ തോന്നി . വല്ലാത്തൊരു ആത്മ നിർവൃതിയോടെ അവൾ ആ കത്ത് നെഞ്ചോടു ചേർത്തു. അസ്തമന സൂര്യൻറെ ലാളനയേറ്റഇളംതെന്നൽ പാടി വന്ന് മുറ്റത്തെ തേൻമാവിൻ ചുവട്ടിലെ നാലുമണിപൂക്കളുടെ സുഗന്ധവുമായി അവൾക്കരികിലേക്കു വന്നു. സന്ധ്യയുടെ കാഠിന്യം കൂടുന്നതറിയാതെ അവൾ മയക്കത്തിലേക്കു വഴുതി. അവൾ കണ്ടു , രഘുനന്ദനനെ ! വാക്കുകൾ കൊണ്ട് മോഹിപ്പിക്കുന്ന പ്രതികരിക്കുന്ന, പ്രതിഷേധിക്കുന്ന ഭാവസാന്ദ്രമായ കവിതകൾ കൊണ്ട് തനിക്കു ചുറ്റും വർണ്ണ വസന്തം തീർക്കുന്ന അസാധാരണ മനുഷ്യൻ ! കണ്ണുകളിലെ പ്രണയജ്വാല അവളിലേക്കു പകർന്നു നൽകി ലജ്ജാവതിയാക്കി അയാൾ കടന്നുപോയി. പെട്ടെന്നു അവളുടെ മെബൈൽ ശബ്ദിച്ചു. രഘുനന്ദനൻ സൃഷ്ടിച്ച മായികലോകത്തിൽ നിന്നും അവൾ ഉണർന്നു. പിന്നെയും ഉറക്കത്തിൻറെയും ഉണർവ്വിൻെറയുമിടയിലൂടെയുള്ള സുവർണ്ണസ്വപ്ന നിമിഷങ്ങളിലൂടെ അവൾ സഞ്ചരിച്ചു.പക്ഷെ അവൾക്കയാളെ കണ്‌ടെത്താനായില്ല. വീണ്ടും വിരസതയുടെ നാളുകൾ അവൾക്കു മുൻപിൽ ചിറകു വിടർത്തി. മൗനം ചുണ്ടുകൾക്കു സമ്മാനിച്ച് മുറിക്കുള്ളിൽ ചടഞ്ഞിരുന്നു. വിരസതയ്ക്കു കടിഞ്ഞാണിട്ടു കൊണ്ടാണ് ആത്മസഖി വീണ വീട്ടിലേക്കെത്തിയത്. അവളുടെ ക്ഷണം കാവ്യോത്സവ വേദിയായതിനാൽ ക്രിതൃമമായോരു പുഞ്ചിരി മുഖത്തണിഞ്ഞ് അവൾ പുറത്തേക്കിറങ്ങി. കാവ്യോത്സവ വേദി നിറഞ്ഞിരുന്നു.പതിവിനും അത്ഭുതമായൊരു തിരക്ക് ആ സദസ്സിൻറെ തീവ്രത കൂട്ടി.ഏറ്റവും പുറകിലായി ഒഴിഞ്ഞു കിടന്നിരുന്ന കസേരയിൽ അവൾ സ്ഥാനം കണ്ടെത്തി.വേദിയിലെ സ്പീക്കറിലൂടെ ഒഴുകി വന്ന ശബ്ദം അവളുടെ ഉപബോധമനസ്സിലെവിടെയോ ചലനങ്ങൾ സൃഷ്ടിച്ചു. അവൾ ആ ശബ്ദത്തിൻറെ ഉടമയെ ആൾക്കൂട്ടത്തിൽ തിരഞ്ഞു . ഭ്രാന്തമായൊരു ഉൾവിളി പോലെ ആ നാദം തലച്ചോറിനുള്ളിലൂടെ ഒഴുകി നടന്നു. എവിടെയോ കേട്ടു മറന്ന ചിരപരിചിതമായ സ്വരം ! കവിതകളുടെ വരികളോ ഈണമോ താളമോ യാതൊന്നും അവളെ ഉണർത്തിയില്ല. അപ്പോഴും കവിയുടെ ആ ശബ്ദതരംഗാവലിയിൽ അവൾ ലയിച്ചിരുന്നു. എപ്പോഴോ കാവ്യസദസ്സ് അവസാനിച്ചിരുന്നു.വീണ തട്ടിവിളിച്ചപ്പോഴാണ് അവളത് അറിഞ്ഞതുതന്നെ. അവൾ തൻറെ രഘുനന്ദനനെ കാണാനായി ആൾക്കൂട്ടത്തിൽ തിക്കിതിരക്കി. പക്ഷെ അയാളെ അവിടെയെങ്ങും കണ്ടില്ല. നിരാശയോടെ അവൾ വീട്ടിലേക്കു യാത്ര തിരിച്ചു. ആ ബസ്സ് യാത്രയ്ക്കിടയിൽ അവൾ കണ്ടു, താൻ മനസ്സിൽ പ്രതിഷ്ഠിച്ച ആ രൂപത്തെ.. രഘുനന്ദനനെ ! അപ്പോഴും അയാളുടെ മുഖത്ത് ആ ചിരപരിചിതമായ പുങ്ചിരിയുണ്ടായിരുന്നു, കണ്ണുകളിൽ കത്തുന്ന പ്രണയജ്വാലയും

Share :