Archives / May 2018

ADVOCATE : D K Murali MLA
മേയ് ദിനം – സർവരാജ്യ തൊഴിലാളി ദിനം

സർവ്വദേശീയമായി മേയ് 1-ാം തീയതി മേയ് ദിനമായി ആചരിക്കുകയാണ്.

1886-ൽ ചിക്കാഗോ തെരുവീഥികളിൽ തൊഴിലാളികൾ സംഘടിച്ച് സമരം നടത്തിയിട്ട് 2018 മേയ് 1ന് 132 വർഷം പൂർത്തിയാകുകയാണ്. എട്ട് മണിക്കൂർ അദ്ധ്വാനം എട്ടു മണിക്കൂർ വിശ്രമം എട്ട് മണിക്കൂർ വിനോദവും പഠനവും എന്നതായിരുന്നു തൊഴിലാളികൾ മുന്നോട്ട് വെച്ച മുദ്രാവാക്യം.

1889-മുതലാണ് മേയ് ദിനം സാർവത്രികമായി ഇന്ത്യയിൽ ആചരിച്ചത്. സഖാവ് ശിങ്കാരവേലു ചെട്ടിയാർ ആണ് ആദ്യമായി ഇന്ത്യയിൽ മേയ് ഒന്നിന് നേതൃത്വം നൽകിയത്. സാർവ്വദേശീയ രംഗത്ത് യുദ്ധത്തിനെതിരെയും ദേശീയ രംഗത്ത് ഏകാധിപത്യത്തിനും, കരിനിയമങ്ങൾക്കും എതിരേയും പടവെട്ടാൻ അനുദിനം തകർന്നുവരുന്ന ജീവിത നിലവാരം മെച്ചപ്പെടുത്താൻ കൂടുതൽ ശക്തമായ സംഘടനയും വ്യാപകമായ ഐക്യവും കെട്ടിപ്പടുക്കാൻ നാം പ്രതിജ്ഞ ചെയ്യുന്ന ദിവസമാണിത്.

തൊഴിലാളിവർഗ്ഗ വിപ്ലവാചാര്യൻ കാൾമാക്സ് നിര്യാതനായി മൂന്ന് വർഷം കഴിഞ്ഞിട്ടാണ് അമേരിക്കയിലെ വ്യവസായ കേന്ദ്രമായ ചിക്കാഗോ നഗരത്തിൽ 1886 മേയ് 1 മുതൽ 4 വരെ മേയ് ദിനത്തിൻ വിത്തുപാകിയ സംഭവങ്ങൾ നടന്നത്. ഫ്രെഞ്ച് വിപ്ലവത്തിന്റെ 100-ാം വാർഷികമായ 1889 ജൂലൈ 14-ന് മാർക്സിന്റെ ഉറ്റ ചങ്ങാതിയായ ഫ്രഡറിക് ഏംഗൽസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട 2-ാം സാർവ്വദേശീയ മെയ് ദിനം ആഘോഷിക്കുവാൻ തീരുമാനമെടുക്കുകയും 1890-മേയ് 1-നു ലോകമെങ്ങും മേയ് ദിനം ആഘോഷിക്കപ്പെടുകയും ചെയ്തു.

“സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ” വിപ്ലവകവിയായ വയലാർ രാമവർമ്മ എഴുതിയ മെയ് ദിന ഗാനം നമ്മുടെ കാതുകളിൽ ഇപ്പോഴും കൂടുതൽ ശക്തമായി മുഴങ്ങുന്നുണ്ട്. തൊഴിലാളിവർഗ്ഗ മുന്നേറ്റത്തിലൂടെ മാത്രമേ സോഷ്യലിസത്തിന്റെ പാതയിലേക്ക് നമുക്ക് മുന്നേറുവാൻ കഴിയുകയുള്ളൂ എന്ന സത്യം ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. എട്ടു മണിക്കൂർ ജോലി നിയമ നിർമ്മാണം വഴി നടപ്പാക്കണമെന്ന തൊഴിലാളികളുടെ ആവശ്യം 1866-ൽ കൂടിയ ഇൻറർ നാഷണലിന്റെ ജനീവ കോൺഗ്രസ്സും വീണ്ടും 1889-ലെ പാരീസ് തൊഴിലാളി കോൺഗ്രസ്സും പ്രഖ്യാപിച്ചിട്ടുള്ള കാര്യം ചരിത്രത്തിലുണ്ട്.

ക്ഷേമപൂർണ്ണമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതുന് അദ്ധ്വാന ശീലരായ തൊഴിലാളികളുടെ സംഘടിത ശ്രമം ഉണ്ടാകണമെന്ന യാഥാർത്ഥ്യം മേയ് ദിനം വിളിച്ചോതുന്നു. “ഇന്ന് ബൂർഷ്വാസിയെ നേരിടുന്ന വർഗ്ഗങ്ങളിൽ യഥാർത്ഥ വിപ്ലവകാരികളായിട്ടുള്ള വർഗ്ഗം തൊഴിലാളി വർഗ്ഗം മാത്രമാണ്”. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിൽ മാർക്സ് പറഞ്ഞ വാക്യമാണ് മേലുദ്ധരിച്ചത്.

“വർഗ്ഗീയ, ജാതി-മത ചിന്തകൾക്കതീതമായി തൊഴിലാളിവർഗ്ഗം ഐക്യം ഊട്ടിയുറപ്പിക്കേണ്ടതിന്റെ മുമ്പെന്നത്തേക്കാളും ഇന്ന് ഏറെ പ്രസക്തമായി വന്നിരിക്കുകയാണ്. മർദ്ദകർക്കും ചൂഷകർക്കും എതിരായിട്ടുള്ള മർദ്ദിതരുടെയും ചൂഷിതരുടെയും അധ്വാനിക്കുന്നവരുടെയും സമരത്തിൽ നേതാവും മേധാവിയും

തൊഴിലാളിവർഗ്ഗമായിരിക്കണം” (ലെനിൻ). ഇതു നാം ഓർക്കേണ്ടതാണ്. വർഗീയതയും മുതലാളിത്ത ചൂഷണവും ഫാസിസ്റ്റ് രീതിയിലേക്ക് വികസിക്കുന്ന സമകാലിക ഇന്ത്യയിൽ തൊഴിലാളിവർഗ്ഗ മുന്നേറ്റത്തിന്റെ അനിവാര്യത അടയാളത്തെടുത്തുന്നു. 2018 ലെ മേയ് ദിനം വർഗ്ഗരഹിത സമൂഹത്തിന്റെ നിർമ്മിതിയിൽ തൊഴിലാളി വർഗ്ഗത്തിന്റെ ഐക്യം കാംഷിച്ചുകൊണ്ട് എല്ലാവർക്കും എന്റെ മേയ് ദിനാശംസകൾ നേരുന്നു.

Share :