Archives / May 2018

ജോസ് ചന്ദനപ്പള്ളി
മെയ് 1 സാർവദേശീയ തൊഴിലാളി ദിനം

1886 മെയ് ഒന്ന് ശനിയാഴ്ച. അമേരിക്കയിലെ ചിക്കാഗോ പട്ടണത്തില്‍ ഒരു പടുകൂറ്റന്‍ പ്രകടനം നടക്കുകയാണ്. ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രെഡേഴ്സ് ആന്‍റ് ലേബര്‍ മൂവ്മെന്‍റിലെ ആയിരക്കണക്കിന് ഫാക്ടറിത്തൊഴിലാളികള്‍ അണിനിരന്ന ആ പ്രകടനത്തില്‍ ചിക്കാഗോ നഗരം സ്തംഭിച്ചു. രാപകലില്ലാതെ പണിയെടുക്കുന്ന തൊഴിലാളികള്‍ മുതലാളിമാരോട് ഒരേയൊരു കാര്യമേ ആവശ്യപ്പെട്ടുള്ളു. തങ്ങളുടെ ജോലി സമയം എട്ടു മണിക്കൂര്‍ ആക്കുക. ആയിരങ്ങള്‍ പങ്കെടുത്ത ആ പ്രകടനം അന്ന് ശാന്തമായി അവസാനിച്ചു. പണിമുടക്കുന്ന തൊഴിലാളികള്‍ അടുത്ത ദിവസവും സമരവുമായി ഇറങ്ങി. ആ ദിവസവും ശാന്തമായിത്തന്നെ കഴിഞ്ഞു. പിറ്റേന്ന് മെയ് 3 തിങ്കളാഴ്ച. ചിക്കാഗോയിലെ മക്കോര്‍മിക് റിപ്പര്‍ വര്‍ക്സ് എന്ന കമ്പനി സമരം ചെയ്യുന്ന തൊഴിലാളിള്‍ക്കു പകരം പുറത്തുനിന്നും വേറെ ആളെ വെച്ച് ഫാക്ടറി പ്രവര്‍ത്തിപ്പിച്ചു. ഇതറിഞ്ഞ സമരക്കാര്‍ ക്ഷുഭിതരായി. പ്രകടനമായി എത്തിയ അവര്‍ കമ്പനിയ്ക്കു മുന്നില്‍ കൂട്ടമായി നിന്നു. തൊഴിലാളി നേതാക്കള്‍ മുതലാളിമാരുടെ ഈ അനീതിക്കെതിരെ പ്രസംഗമാരംഭിച്ചു. കൂടാതെ ഫാക്ടറിക്കകത്തു കയറി താല്കാലികമായി നിയമിതരായ തൊഴിലാളികളെ പുറത്താക്കാന്‍ ശ്രമിച്ചു. അത് സംഘര്‍ഷത്തിനിടയാക്കി. കമ്പനിയുടമകള്‍ സര്‍ക്കാരിന്‍റെ സഹായം തേടി. ഉടന്‍ സായുധരായ പോലീസുകാര്‍ രംഗത്തെത്തി. ഫാക്ടറിയില്‍ നടക്കുന്ന കൂട്ടത്തല്ല് അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനായി അവര്‍ക്ക് ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. സമരക്കാര്‍ക്കു നേരെ നിറയൊഴിക്കുക! ആ പോലീസ് വെടിവെപ്പില്‍ നാലു സമരക്കാര്‍ കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സമരക്കാരെ മൃഗീയമായി നേരിട്ട പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മെയ് 4-ന് ഹേ മാര്‍ക്കറ്റ് സ്ക്വയറിലേക്ക് തൊഴിലാളികള്‍ രാവിലെ മുതല്‍ പ്രവഹിക്കാന്‍ തുടങ്ങി. തൊഴിലാളികളിലെ തീവ്രവാദികളും അരാജകവാദികളുമെല്ലാം പ്രശ്നം ഏറ്റെടുത്തു. ആയുധങ്ങളും ബോംബുകളും വെച്ച സമര മുറയായിരുന്നു അത്. നേതാക്കളായ ആല്‍ബര്‍ട്ട് പാര്‍സണ്‍സ്, ജോര്‍ജ് എംഗല്‍സ്, അഡോള്‍ഫ് ഫിഷര്‍, അഗസ്റ്റസ് സ്പൈസ് എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം വൈകുന്നേരം വരെ ശാന്തമായി തുടര്‍ന്നു. സമരക്കാര്‍ അക്രമാസക്തരാവുന്നത് തടയാന്‍ പോലീസും ജാഗ്രതപാലിച്ചു. പൊടുന്നനെ എവിടെനിന്നോ ഒരു ബോംബ് പോലീസുകാര്‍ക്കിടയിലേക്ക് വന്നു വീണു പൊട്ടിത്തെറിച്ചു. ആ സ്ഫോടനത്തില്‍ എട്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. 67 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആരാണ് ആ ബോംബെറിഞ്ഞത് എന്ന കാര്യത്തില്‍ ഇന്നും തര്‍ക്കം അവശേഷിക്കുന്നു! തൊഴിലാളികളാണെന്ന് അധികാരികള്‍, അതല്ല തൊഴിലാളികളെ പ്രകോപിപ്പിക്കാന്‍ പോലീസുകാര്‍ തന്നെ നിയമിച്ച ഏജന്‍റായിരിക്കും ബോംബെറിഞ്ഞതെന്ന് പോലീസുകാര്‍. കുപിതരായ പോലീസുകാര്‍ സമര നേതാക്കളെ വളഞ്ഞു പിടിച്ചു.

പിന്നീടങ്ങോട്ട് വിചാരണയുടെ കരിദിനങ്ങളായിരുന്നു. 19-ാം നൂറ്റാണ്ടിലെ അമേരിക്കയുടെ നീതിന്യായ ചരിത്രത്തിലെ കറ പുരണ്ട അധ്യായങ്ങളായിരുന്നു ഈ കേസ്സുമായി ബന്ധപ്പെട്ട വിധി. ആല്‍ബര്‍ട്ട് പാര്‍സണ്‍സ്, ജോര്‍ജ്ജ് എംഗല്‍സ്, അഗസ്റ്റസ് സ്പൈസ്, ആഡോര്‍ഫ് ഫിഷര്‍ എന്നിവരെ ഇല്ലിനോയ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. തുടര്‍ന്ന് രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്തവരെ തൂക്കിലേറ്റുന്നതു ശരിയല്ല എന്ന് തൊഴിലാളികളും. മാത്രമല്ല, ബോംബ് സ്ഫോടനം നടത്തിയത് ഇവരാണെന്നതിനു തെളിവുമില്ല. എന്നാല്‍ ഭരണാധികാരികളും കോടതിയും ഇതൊന്നും ചെവിക്കൊണ്ടില്ല. \"ഇവര്‍ കുറ്റക്കാരാണോ നിരപരാധികളാണോ എന്നതല്ല പ്രശ്നം, വഴക്കാളികളും തൊഴിലാളികളെ ഓരോന്ന് പറഞ്ഞ് തെരുവിലിറക്കിയവരുമാണ്. ഇവരെ ഒരു പാഠം പഠിപ്പിക്കുക തന്നെ വേണം..\" ഇതായിരുന്നു കോടതിയുടെ നിലപാട്. അങ്ങനെ 1887 നവംബര്‍ 11-ന് ഈ നാലുപേരുടെയും വധശിക്ഷ ഇല്ലിനോയ് ഭരണകൂടം നടപ്പിലാക്കി. ഈ വാര്‍ത്ത ഞെട്ടലോടെയാണ് ലോകമെങ്ങും കേട്ടത്. പ്രവര്‍ത്തികൊണ്ടല്ല, വാക്കുകള്‍ കൊണ്ടാണ് അവര്‍ കൊല്ലപ്പെട്ടതെന്ന് ലോകം തിരിച്ചറിഞ്ഞു. അവകാശങ്ങള്‍ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച അവരുടെ ശവസംസ്കാര ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ചിക്കാഗോയിലെത്തിയത് രണ്ടര ലക്ഷത്തിലേറെ തൊഴിലാളികളായിരുന്നു. തങ്ങളുടെ നേതാക്കളോടുള്ള ആദരവു മാത്രമായിരുന്നു അപ്പോഴവരുടെ മനസ്സില്‍. നീതിനിഷേധത്തിനെതിരെയുള്ള രോഷാഗ്നിയും അവരില്‍ പ്രകടമായിരുന്നു. മുതലാളിത്ത വ്യവസ്ഥിതിയിലുള്ള അനീതിയുടെയും അസമത്വത്തിന്‍റെ പ്രതീകമായ ഹേ മാര്‍ക്കറ്റ് സംഭവം തൊഴിലാളികളുടെ മനസ്സില്‍ നിറഞ്ഞു നിന്നു.

മെയ് 1 - സാര്‍വദേശീയ തൊഴിലാളി ദിനം

ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റ് സംഭവം ലോകമാകെ ശ്രദ്ധക്കപ്പെട്ടതോടെ 1889-ല്‍ പാരീസില്‍ ചേര്‍ന്ന ഇന്‍റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസ്സോസിയേഷന്‍ എന്ന തൊഴിലാളി സംഘടന മെയ് 1- ലോക തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു. 1890 മുതല്‍ മെയ് 1 - സാര്‍വദേശീയ തൊഴിലാളി ദിനമായി ആചരിച്ചു വരുന്നു. 8 മണിക്കൂര്‍ വിനോദം എന്ന അവകാശം ഇതോടെ എല്ലാവര്‍ക്കും ലഭ്യമായി. സമസ്ത മേഖലകളിലെയു തൊഴിലാളികള്‍ ഈ ദിവസം ഒത്തു കൂടി റാലികള്‍ സംഘടിപ്പിച്ചു. തങ്ങളുടെ കടമകളും ചുമതലകളും അവകാശങ്ങളും വിളംബരം ചെയ്തും ദിനാചരണസ്മരണ പുതുക്കുന്നു. ചിക്കാഗോ നഗരം ഉപ്പെടുന്ന അമേരിക്കയില്‍ ഈ ദിനം വിധേയത്വ ദിനം ഘമംെ ഉമ്യ ീൃ ഘീ്യമഹ്യേ ഉമ്യ ആയി ആഘോഷിക്കുന്നു. ഇന്ത്യയുള്‍പ്പെടെ 60-ഓളം രാജ്യങ്ങളില്‍ മെയ് ഒന്ന് അവധി ദിനമാണ്. 1923-ല്‍ മദ്രാസിലാണ് ഇന്ത്യയില്‍ ആദ്യമായി മെയ് ദിനം ആഘോഷിച്ചത്. കമ്മ്യൂണിസ്റ്റുകാരനും പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശിങ്കാരുവേലു ചെട്ടിയാരുടെ നേതൃത്വത്തില്‍ മദ്രാസ് കടപ്പുറത്തു ചേര്‍ന്ന യോഗത്തില്‍ മെയ് ദിനത്തെ ഒഴിവു ദിനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. 1957-ലെ ഇ.എം.എസ്. സര്‍ക്കാരാണ് ഇന്ത്യയില്‍ ആദ്യമായി മെയ് ദിനം ശമ്പളത്തോടെയുളള അവധി ദിനമായി പ്രഖ്യാപിച്ചത്. 1886-ലെ ഹേമാര്‍ക്കറ്റ് സംഭവത്തിനു മുമ്പ് തന്നെ 1806-ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലെ മെക്കാനിക്സ് യൂണിയന്‍ ജോലി സമയം പത്തു മണിക്കൂര്‍ ആക്കുക എന്ന ആവശ്യവുമായി മുന്നോട്ടു വന്നെങ്കിലും മുതലാളിമാര്‍ അത് സമ്മതിച്ചില്ല. ഓര്‍ക്കുക ഹേ മാര്‍ക്കറ്റ് സംഭവത്തിന് 30 വര്‍ഷം മുന്‍പേ (1856-ല്‍) ഓസ്ട്രേലിയയില്‍ 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിശ്രമം, 8 മണിക്കൂര്‍ വിനോദം ആശയം നടപ്പില്‍ വരുത്തിയിരുന്നു.

Share :