Archives / May 2018

അനൂപ് കൃഷ്ണൻ
അഭിമുഖം




അഭിലാഷ് എന്ന വ്യക്തിയുടെ സംവിധായകൻ ആകാനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടായിരുന്നോ ആളൊരുക്കം എന്ന സിനിമ ?

ആളൊരുക്കം എന്നുള്ളതല്ല നമ്മൾ ഒരു സിനിമ സംവിധായകൻ ആവാൻ ആഗ്രഹിക്കുന്നു അതിനുവേണ്ടീ പ്രൊഡ്യൂസറെ അന്വേഷിക്കുന്നു .എന്തായാലും നമ്മൾ ഒരു സിനിമ സംവിധായകൻ ആകും .അതിനു ആളൊരുക്കം ഒരു അവസരമായി മാറി എന്നുള്ളതാണ് ഒരു സിനിമ സംവിധായകൻ ആകും ,മരിക്കുന്നതിന് മുൻപ് ഒരു സിനിമ സംവിധാനം ചെയും എന്ന് വല്ലാത് ആഗ്രഹിച്ചിരുന്നു . അത് സാധിച്ചതാണ് ഒരു സന്തോഷം .

ആളൊരുക്കം എന്ന സിനിമയുടെ ഷൂട്ടിംഗ് അനുഭവം ഒന്നുപങ്കുവെയ്ക്കാമോ ?

ആളൊരുക്കത്തിന്റെ ഷൂട്ടിംഗ് അനുഭവം പ്രേത്യേകിച്ച് പങ്കുവയ്ക്കാൻ മാത്രം വളരെ വിത്യസ്തമായി ഒന്ന് അതിൽ ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല .ആകെ ഉള്ള രണ്ടു കാര്യങ്ങൾ ഒന്ന് ഇന്ദ്രൻസ് എന്ന നടൻ വ്യത്യസ്തമായ ഒരു വേഷ പകർച്ചയിലൂടെ ഈ ചിത്രത്തിൽ അഭിനയിച്ചു അതിനുവേണ്ടീ അദ്ദേഹം എടുത്ത സ്ട്രഗിൾ അല്ലെകിൽ അദ്ദേഹം സമർപ്പിച്ച അർപ്പണമനോഭാവം ഇതൊക്കെത്തന്നെയാണ് . അതിനു അപ്പുറത്തേക്ക് ഒരു വലിയകാര്യമൊന്നും പറയാൻ തക്ക അനുഭവങ്ങളോ അല്ലെങ്കിൽ വ്യത്യസ്തമായ ഒന്നും സംഭവിച്ചിട്ടില്ല .എന്നാൽ രണ്ടാമതായ് എനിക്ക് പറയേണ്ടകാര്യം ശ്രീകാന്ത്മേനോൻ എന്ന ഒരു നടൻ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു .അദ്ദേഹം ഒരു ട്രാൻസ്‍ജൻഡർ വേഷം ചെയുമ്പോൾ .ഒരു പുരുഷൻ ട്രാൻസ്‍ജൻഡർ ആയിട്ട് അഭിനയകുമ്പോൾ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ അദ്ദേഹം അതിജീവിക്കാൻ ശ്രമിച്ചത് ഞാൻ ഇന്ന് വളരെ കൗതുകത്തോടുകൂടിയാണ് നോക്കി കാണുന്നത് .ഇതാണ് ഒരു അനുഭവം .

സിനിമ സംവിധായകൻ ആക്കുന്നതിനുമുൻപ് മാധ്യമപ്രവർത്തകനായി പ്രവർത്തിച്ച അനുഭവപാഠവം ഈ സിനിമയെ സഹായിച്ചിട്ടുണ്ടന്ന് വിശ്വസിക്കുന്നുണ്ടോ ?

ഒരു മാധ്യമ പ്രവർത്തകനായി ജീവിക്കുക എന്നു പറയുന്നത് റിസ്കി ആയുള്ള ഒരു കാര്യമാണ് . വരുമാനത്തിൻ്റെ കാര്യത്തിലാണെങ്കിലും ജീവിത സൗകര്യങ്ങളുടെ കാര്യത്തിലാണെങ്കിലും മാധ്യമ പ്രവർത്തകന് അത്ര സുരക്ഷിതമായ ഒരു അവസ്ഥയിലൂടെയല്ല കടന്നുപോകേണ്ടി വരുന്നത്


ഒരു മാധ്യമപ്രവർത്തകൻ എന്ന രീതിയിൽ ഇപ്പോളും മറക്കാൻ കഴിയാത്ത വിലയേറിയ അനുഭവങ്ങൾ എന്തെങ്കിലും പങ്കുവെയ്ക്കാനുണ്ടോ ?

ഓർത്തെടുത്തു കുറിച്ചു വെക്കാൻ വേണ്ടിയുള്ള അനുഭവങ്ങൾ എനിക്കിപ്പോ പെട്ടെന്ന് ഓര്മ വരുന്നില്ല. മാധ്യമപ്രവർത്തനകാലഘട്ടത്തിലെ അനുഭവങ്ങളാണ് എന്നെ സംബന്ധിച്ചിടത്തോളം വളരെ രസകരമായ കാര്യങ്ങൾ .എങ്കിലും ഈ കാലഘട്ടത്തിലെ ഒന്ന് രണ്ടു അനുഭവങ്ങൾ ഇപ്പോഴും മനസ്സിൽ ഉണ്ട്. സത്യൻ മാഷിന്റെ മകനായ സതീഷ് സത്യനെയും പ്രേം നസീർ എന്ന മഹാ നടന്റെ സഹോദരിയെയും ഒരേ സമയം അഭിമുഖ സംഭാഷണം നടത്താൻ സാധിച്ചു എന്നത് എന്നെ സംബന്ധിച്ചു മറക്കാൻ കഴിയാത്ത ഒരനുഭവം ആയിരുന്നു

ഈ സിനിമ കണ്ടിട്ട് പ്രേക്ഷരുടെ പ്രതികരണം എങ്ങനെ ആയിരുന്നു?അതിൽ ഏറ്റവും കൂടുതൽ ഓർമയിൽ തങ്ങി നിൽക്കുന്ന പ്രതികരണം ഏതായിരുന്നു ?

ഒരുപാട് പ്രേക്ഷകർ സിനിമ കണ്ടിട്ട് വിളിച്ചു പറയാറുണ്ട് . ഉദാഹരണത്തിന് എഴുത്തുകാരി കെ.പി . സുശീല സിനിമ കണ്ടതിനു ശേഷം എന്നെ വിളിചിട്ട് വളരെയെറെ കാര്യമായി ഞാൻ ഇപ്പോഴും ആ ഫീലിങ്സിൽ നിന്ന് പോയിട്ടില്ലെന്നും അറിയിച്ചു. അവർ സംസാരിച്ചത് ഞാൻ ഇപ്പോളും ഓർക്കുന്നു പണ്ട് ഞാൻ കുറച്ചുകാലം psc ക്കു പഠിച്ചിരുന്നു , അന്ന് നമ്മൾ സിനിമയിൽ കേട്ടിരുന്ന ഒരു ചോദ്യമാണ് കേരളത്തിൻ്റെ ആദ്യത്തെ വനിത വൈസ് ചാൻസലർ , Dr .ജാൻസി ജെയിംസ് . ഈ മേഡം ഭർത്താവായ ഹയർ സെക്കൻഡറി അധ്യാപികനായ Dr .ജെയിംസ് ജോസഫ് ഉം രണ്ടു പേരും ഒരുമിച്ചുപോയി ആളൊരുക്കം കാണുകയും എന്നെ വിളിച് പറയുകയും ചെയ്തു .ഇതുപോലെ ഒരുപാടുപേർ വിളിച്ചു നന്നായി എന്നുപറയാറുണ്ട്



ഇന്ദ്രൻസ് എന്ന നടൻെറ മാനറിസങ്ങൾ നന്നായി ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ടോ ? അത് എങ്ങനെയാണ് സാധിച്ചെടുത്തത് ?

ഇന്ദ്രൻസ് എന്ന നടൻ്റെ മാനറിസങ്ങൾ അല്ല ആളൊരുക്കത്തിൽ ഉള്ളത് .ഇന്ദ്രൻസ് എന്നു പറയുന്ന വ്യക്തിയുടെ മാനറിസങ്ങൾ നമ്മുക്ക് ഇതിൽ കാണാൻസാദിക്കില്ല .ഇപ്പോൾ അദ്ദേഹം നൽകാറുള്ള അഭിമുഖങ്ങളിൽ പോലും അത് കാണാറുണ്ട് . പക്ഷേ ആളൊരുക്കത്തിലെ പപ്പു പിഷാരടിക് ആ മാനറിസങ്ങൾഒന്നും തന്നെയില്ല . ഇത് പപ്പു പിഷാരടികുവേണ്ടി നമ്മൾ എഴുതി തയാറാക്കിയ ഒരു കഥാപാത്രമാണ് . ആ മനുഷ്യൻ്റെ മാനറിസങ്ങൾ,സംസാരരീതികൾ ,നോട്ടങ്ങൾ ഒന്നും ഇന്ദ്രൻസിൻ്റെ അല്ല . അത് എഴുതി ഉണ്ടാക്കിയതാണ് .അത് കൃത്യമായി മനസിലാക്കി ചെയ്യാൻ ഇന്ദ്രൻസ് എന്ന മഹാപ്രതിഭയ്ക്ക് സാധിച്ചു എന്നുള്ളതാണ് അദ്ദേഹത്തിൻ്റെ വിജയം . കഥാപാത്രത്തിൻ്റെ ഉൾകാമ്പറിഞ്ഞ പെരുമാറുകയും അഭിനയിക്കുകയും ചയ്തതാണ് ഇന്ദ്രൻസിൻ്റെ വിജയത്തിൻ്റെ കാരണം എന്ന് ഞാൻ വിശ്വസിക്കുന്നു

ഇന്ദ്രൻസിനെ കൂടാതെ ശ്രീകാന്ത് മേനോൻ എന്ന താരോദയത്തിനെ കൂടെ ആളൊരുക്കം നൽകുന്നുണ്ട് , അദ്ദേഹം ട്രാൻസ്‍ജിൻഡർ ഐഡന്റിറ്റിയെ വ്യത്യസ്തമായി അവതരിപ്പിച്ചു. . ഇവിടെ പ്രിയങ്ക എന്ന കഥാപാത്രമാണ് ശ്രീകാന്ത് മേനോൻ അവതരിപ്പിച്ചിട്ടുള്ളത് . അതിനെപറ്റിയൊന്നു പറയാമോ ?

ഈ സിനിമയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട അഭിനേതാവ് ശ്രീകാന്ത് മേനോൻ ആണ്. അദ്ദേഹം ഒരു സ്ത്രീ ആവുക എന്നുപറയുന്നത് അദ്ദേഹത്തിന്റെ വീട്ടിൽ ഭാര്യ പൂർണ ഗർഭിണിയായി മകന് ജന്മം നൽകാനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന്റെ പിറ്റേ ദിവസമാണ് അദ്ദേഹം ഈ ഷൂട്ടിന്റെ സെറ്റിൽ ജോയിൻ ചെയ്യുന്നത് .ഷൂട്ടിംഗ് സെറ്റിൽ നിന്നാണ് ആ കുട്ടിയുടെ നൂലുകെട്ടുചടങ്ങിൽ പങ്കെടുക്കാൻ പോയത്. അങ്ങനെ പൂർണമായും പുരുഷനായ ഒരു ചെറുപ്പക്കാരൻ സ്ത്രീയായി അഭിനയിക്കാൻ വേണ്ടി അധികകാലം മുൻകരുതൽ എടുക്കാൻ സാവകാശമില്ലാതെ ഈ ചിത്രത്തിൽ അഭിനയിക്കേണ്ടി വന്നു. അയാൾ വളരെ കഷ്ടപ്പെട്ടു .ഒരു സ്ത്രീ ആവാൻ വേണ്ടി സിസ്പാക്ക് ബോഡി ഉപേക്ഷിച്ചു ഒരു സ്ത്രീയുടെ ശരീര പ്രകൃതിയിലേക്ക് കൊണ്ടുവരാൻ അയാൾ വളരെ പരിശ്രമിച്ചു .തുടക്കത്തിൽ അയാൾ എന്നോട് ചോദിച്ചു ഞാൻ എന്ത് തയ്യാറെടുപ്പാണ് നടത്തേണ്ടത് .അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ എനിക്കൊരു ട്രാൻസ്ജൻഡർ ആയിട്ടുള്ള ആളുകൾ എങ്ങനെ ജീവിക്കുന്നു എന്ന് കണ്ടിട്ട് പരീശീലനം നടത്തേണ്ട കാര്യമില്ല .നിങ്ങൾ നിങ്ങടെ സഹോദരിയെയും അമ്മയെയും ഭാര്യയേയും നോക്കുക .പെണ്ണുങ്ങൾ എങ്ങനെയാണു വീടിനുള്ളിൽ പെരുമാറുന്നത് വീടിനു പുറത്തു എങ്ങനെയാണ് പെരുമാറുന്നത് .അതാണ് വേണ്ടത് .അത് ചെയ്യാൻ ശ്രമിച്ചാൽ നന്നായിരിക്കും എന്നാണ് ശ്രീകാന്തിനോട് ഞാൻ പറഞ്ഞത് .അതൊരു ബുദ്ധിപരമായ തീരുമാനം ആയിരുന്നു .ആ ബുദ്ധിയുടെ ഭാഗമായിട്ട് അയാൾ സ്ത്രീ ആവാനുള്ള ശ്രമങ്ങൾ വീട്ടിലും മറ്റുമൊക്കെ കണ്ടു പഠിച്ചു ചെയ്തു . ആളൊരുക്കത്തിൽ മഴയും ഒരു കഥാപാത്രമാണോ ?മഴയും ,കടലും ഇത്തരത്തിലുള്ള ബിംബങ്ങൾ കണ്ടിരുന്നു ഈ രണ്ടു കാര്യങ്ങളും ഇതിലെ കഥാപാത്രങ്ങൾ തന്നെയാണോ ?

മഴയും കടലും സിനിമയുടെ കഥാപാത്രമാണോന്ന് ചോദിച്ചാൽ വാസ്തവത്തിൽ ഒരു കഥ പറയുമ്പോൾ ദൃശ്യവത്കരിക്കുമ്പോൾ നിങ്ങൾ എന്തൊക്കെ കാണുന്നു അതെല്ലാം അതിനകത്തെ കഥാപാത്രങ്ങൾ തന്നെയാണ് .രണ്ട് കഥാപാത്രങ്ങൾ അല്ലെങ്കിൽ മൂന്നു കഥാപാത്രങ്ങൾ നടന്നുവരുന്ന വഴിയിൽ നിങ്ങൾ ഒരു മതിൽ കണ്ടാൽ ആ മതിലും അതിന്റെ കഥകഥപാത്രം തന്നെയാണ് .എല്ലാം കഥാപാത്രമാണ് .അതിനു പ്രേത്യേകിച്ചു ഒരു ബിംബത്തെയോ ഒന്നും ഉപയോഗപെടുത്തിയിട്ടില്ല .എന്നാൽ മഴ സീനിൽ നിങ്ങൾ മഴ എന്ന് പറയുന്നത് പപ്പു പിഷാരടിയുടെ മനസിന്റെ ആത്മസംഘർഷങ്ങളായി നമുക്ക് വേണമെങ്കിൽ കാണാവുന്നതാണ് .ആ ആത്മസംഘർഷങ്ങളുടെ മഴകുരാപ്പിൽ അല്ലെങ്കിൽ മഴമേളത്തിൽ അയാൾ മകനെ പ്രതിക്ഷയോടുകൂടെ നോക്കുന്നിടത്താണ് ആ ഒരു സീൻ വരുന്നത്.പിന്നേ മഴ വളരെ അനിവാര്യമായ ഒന്നായിരുന്നു .ഇടിമിന്നലോടുകൂടിയ അയാളുടെ സംഘർഷഭരിതമായ മനസാണ് ആ ഒരു സീനിൽ നമ്മൾ കാണിച്ചത്.ആ അർഥത്തിൽ അവിടെ മഴ ഒരു കഥാപാത്രമായി വരാം .എന്നാൽ നിങ്ങൾ ആ സിനിമയിൽ കണ്ട മഴയാകട്ടെ,വീൽചെയർ ,അല്ലെങ്കിൽ ആ കട്ടിലാകട്ടെ,അല്ലെങ്കിൽ ആ ഒരു കസേരയാകട്ടേ അല്ലെങ്കിൽ അയാൾ കണ്ട ടീവീ ആകട്ടെ എന്തും.അത് ആളൊരുക്കത്തിലല്ല എല്ലാ സിനിമയിലും അതൊരു കഥാപാത്രങ്ങളായി വരുന്നത് ആ കഥാപരിസരത്ത് എന്തൊക്കെ ഉണ്ടോ അതെല്ലാം കഥാപാത്രങ്ങൾ തന്നെയാണ് എന്നാണ് എൻ്റെ വിശ്വാസം .

സിനിമയുടെ ലൊക്കേഷൻ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പ്രത്യേകം എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിച്ചിരുന്നത് ?

ആളൊരുക്കത്തിൻ്റെ ലൊക്കേഷനുകളെന്നല്ല എല്ലാ സിനിമയുടെയും ലൊക്കേഷനുകൾ തെരഞ്ഞെടുക്കുമ്പോൾ ആ സിനിമയുടെ വിജയത്തിനും അതിൻ്റെ കഥ പറയുന്ന രീതിയിലും ഏറ്റവും അനുയോജ്യമായ ലൊക്കേഷനുകൾ തേടി നടക്കുകയും , അതിനു വേണ്ടി കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും അത്തരം ലൊക്കേഷനുകളാണ് ഈ സിനിമയ്ക്കു വേണ്ടി കിട്ടിയിട്ടുണ്ട് . പ്രേത്യകിച്ച ആശുപത്രി പരിസരവും , ഫ്ലാറ്റ്, പോലീസ്സ്റ്റേഷനുകൾ ഇതെല്ലാം അതിനുവേണ്ടി അന്വഷിച്ചു കണ്ടുപിടിച്ചെടുത്തതാണ് . അതിൽ വിജയിച്ചു എന്നാണ് എനിക്ക് തോന്നുന്നത് .

അസിസ്റ്റൻറ് ഡയറക്ടറായി ഒരു സിനിമയെ സമീപിച്ചപ്പോൾ ഒരുപാട് ദുഃഖകരമായ സംഭവങ്ങൾ ഉണ്ടായെന്നു പറയുന്നു , പക്ഷേ അതൊരു പഠനമായിരുന്നു എന്നു പിന്നീട് ആലോചിക്കുമ്പോൾ തോന്നുന്നുണ്ടോ ? ഇപ്പോൾ സ്വതന്ത്രമായി ആയി ഒരു സിനിമ ചെയ്യാൻ ഇത് സഹായിച്ചിട്ടുണ്ടോ ?

അസിസ്റ്റൻഡ് ഡയറക്ടറാവുക എന്നുള്ളത് ഒരു കാലത്തെ വളരെ വലിയ മോഹമായിരുന്നു . അത് അസിസ്റ്റന്റ് ഡയറക്ടറായി ജീവിതകാലം മുഴുവൻ ജീവിക്കുക എന്നുള്ളതല്ല സ്വന്തമായി ഒരു സിനിമ ചെയ്യുക എന്നൊരു ആഗ്രഹത്തിൻ്റെ പേരിലായിരുന്നു . അത്തരം ഒരു ആഗ്രഹമാണ് ഇന്ന് സഫലീകരിച്ചിരിക്കുന്നത് .അന്ന് അസിസ്റ്റൻഡ് ഡയറക്ടറായി വർക്ക് ചെയ്തിരുന്നപ്പോൾ പരമാവധി ആളുകൾ നമ്മളെ സഹായിചില്ല മാത്രമല്ല കൃത്യമായി അകറ്റിനിർത്തുകയും ചെയ്തിരുന്നു . പക്ഷേ അതൊന്നും നമ്മുടെ ഉള്ളിലുള്ള സിനിമയുടെ ജ്വാല അണക്കാൻ പ്രാപ്തമായ ഒന്നായിരുന്നില്ല . നമ്മൾ സ്വന്തമായി സിനിമ പഠിക്കാനാണ് ശ്രമിച്ചത് . ഒരു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ട് പോയിട്ട് 3 ദിവസം ഷൂട്ടിംഗ് സെറ്റിൽ കണ്ടിന്യൂയിറ്റി നോക്കുന്ന അസിസ്റ്റൻറ് ആയി. അത് മാത്രമാണ് അസിസ്റ്റൻഡ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുള്ള എക്സ്പിരിയൻസ് . .പിന്നെ പഠിച്ചതൊക്കെയും സുഹൃത്തുക്കളുടെ കൂടെ സൈറ്റിൽ പോയും അവിടെ നടക്കുന്നത് കണ്ടുപടിച്ചുമാണ് . പിന്നീട് യൂട്യൂബ് ചാനൽ വഴിയും സിനിമയുടെ സാങ്കേതിക വിദ്യ പഠിക്കാൻ നന്നായി ഹോംവർക് ചെയ്തു. എനിക്കിപ്പോൾ 5 വർഷത്തോളം വേണ്ടിവന്നു സിനിമയുടെ സാങ്കേതിക വിദ്യ പഠിച്ചെടുക്കാൻ . പക്ഷേ ഇനിയൊരു സാങ്കേതിക വിദ്യ എനിക്ക് പെട്ടന്ന് മനസിലാക്കാം എന്നുള്ള ഒരു രീതിയിലേക്ക് വന്നു . നിങ്ങളുടെ മനസ്സിൽ സിനിമയുണ്ടങ്കിൽ സാങ്കേതികത്വവും സാങ്കേതിക വിദ്യയും നമ്മുടെ പുറക്കെ വരും അതാണ് ഇവിടെ സംഭവിച്ചത് .

ഭാവി പ്രൊജെക്ടുകൾ സിനിമ സ്വപ്നങ്ങൾ എന്തൊക്കയാണെന്ന് ഒന്നുപങ്കുവെയ്ക്കാമോ ?

അടുത്ത സിനിമ ഓഗസ്റ്റ്, സെപ്‌റ്റംബർ മാസത്തിലേക് അന്നൗൺസ് ചെയ്തേക്കാം . ചിലപ്പോൾ അതിനു മുൻപ് തന്നേ സംഭവിച്ചേക്കാം .എന്ത് തന്നെ ആയിരുന്നാലും പേപ്പർ വർക്ക് എല്ലാം പൂർത്തിയായി വരുന്നതേയുള്ളു . ഇപ്പോൾ ആളൊരുക്കത്തിന്റെ റീലിസിന്റെ പശ്ചാത്തലത്തിൽ അതിന്റെ അവാർഡ് കിട്ടിയ പശ്ചാത്തലത്തിൽ ചില അന്വേഷണങ്ങൾ മറ്റും ഓക്കേ വരുന്നുണ്ട്. മറ്റ് ബന്ധപ്പെടലുകൾ നടക്കുന്നുണ്ട് .അതുകൊണ്ട് തീർച്ചയായും നമ്മൾ വിചാരിക്കുന്ന തരത്തിൽ മറ്റൊരു പ്രൊജക്റ്റ് ഉടനെ വന്നേക്കാം .

Share :