Archives / May 2018

സി. ഗണേഷ്
ലൈംഗികതയുടെ നോവല്‍വഴി

ലൈംഗികതയുടെ നോവല്‍വഴി

ആദ്യകാല നോവലുകളിലൊന്നായ ഇന്ദുലേഖ ലൈംഗികതയെ അഭിമുഖീകരിച്ചത് കഥ\'കളി\'യില്‍താല്‍പര്യമില്ലേ എന്ന ചോദ്യത്തിലൂടെയാണ്. പൂര്‍ത്തീകരിക്കപ്പെടാതെപോയ ഈ കോമാളികാമനയാണ് മലയാള നോവല്‍ലൈംഗികതയുടെ ആരംഭ ബിന്ദു. അവിടെ സഫലമാകാതെ പോയെന്നു മാത്രമല്ല, വല്ലാതെ അശ്ലീലമെന്നു വിധികല്‍പ്പിക്കുകയും ചെയ്തതുകൊണ്ടാവാം മലയാളനോവല്‍ജീവനഭാവമെന്ന നിലയില്‍ജൈവരതി തിരികെകൊണ്ടുവരാന്‍ശ്രമിച്ചു. കവിത കൈകാര്യം ചെയ്തതിനേക്കാള്‍തുറന്ന സ്ഥലികള്‍ലൈംഗികത മുന്‍നിര്‍ത്തി നോവല്‍സൃഷ്ടിച്ചത് പ്രത്യേക പരിചിന്തനമര്‍ഹിക്കുന്നു.

മലയാളത്തിലെ പുതുനോവലുകള്‍ പരിശോധിക്കുമ്പോള്‍ ചെറുകഥയില്‍ പെണ്ണെഴുത്തുകാരികള്‍ പ്രതിലൈംഗികതയുടെ രൂപാത്മകസ്വരം കേള്‍പ്പിച്ച രീതിയില്‍നോവല്‍അവര്‍ഉപയോഗിച്ചിട്ടില്ല എന്ന നിരീക്ഷണം അസ്ഥാനത്തല്ല. ആണധികാരത്തിന്‍റെ കൃത്യമായ രൂപമായി ലൈംഗികതയെ തിരിച്ചറിയുകയും സ്ത്രൈണശരീരം ഉപയോഗപ്പെടുത്തി പുരുഷാധിപത്യലൈംഗികസങ്കല്‍പത്തില്‍പിളര്‍പ്പുണ്ടാക്കുമ്പോഴേ സര്‍ഗാത്മകമായ പ്രതിരോധമായി അത് മാറൂ എന്ന് മലയാളപെണ്‍കഥ 21-ാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകം പൂര്‍ത്തിയാവുംമുമ്പേ പറഞ്ഞുകഴിഞ്ഞതാണ്. പെണ്ണെഴുത്തുകാരികളുടെ നോവല്‍ആഖ്യാനങ്ങള്‍ഈ വിഷയം സംബോധനചെയ്യാന്‍മടിച്ചുവെന്നു തന്നെയാണ് സാറാജോസഫിന്‍റെയും കെ.ആര്‍. മീരയുടെയും പുതിയ നോവലുകള്‍സാക്ഷ്യപ്പെടുത്തുന്നത്. 2002 ല്‍തമിഴില്‍കുട്ടിരേവതി പ്രസിദ്ധീകരിച്ച \'മുലൈകള്‍\' എന്ന കവിതാസമാഹാരം തമിഴകത്ത് വന്‍വിവാദമണ്ടാക്കിയപ്പോള്‍പി. മണികണ്ഠന്‍നമ്മുടെ പെണ്ണെഴുത്തുകാരികള്‍ലൈംഗികരാഷ്ട്രീയം രചനകളിലാവിഷ്കരിക്കുന്നതില്‍ പരാജയപ്പെടുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്, പത്തുവര്‍ഷത്തിനിപ്പുറവും അതേപടി നിലനില്‍ക്കുകയാണ് എന്ന വസ്തുത ഇവിടെ എടുത്തു പറയുന്നത് വിഷയസന്ദര്‍ഭം ഒന്നുകൊണ്ടുമാത്രം.

ചരിത്രം തിരയുമ്പോള്‍ ലൈംഗികത മലയാളനോവലിന്‍റെ നേതൃസ്ഥാനത്തേക്കുവന്നത് ആധുനികതാവാദത്തിന്‍റെ രാഷ്ട്രീയപരിസരത്തിലാണ്. അതാകട്ടെ, സമൂഹത്തിന്‍റെ പൊതുവായ ആധുനികീകരണപ്രക്രിയയുടെ തുടര്‍ച്ചയിലായിരുന്നു. നവോത്ഥാനശ്രമങ്ങളില്‍നിന്നും ഊര്‍ജ്ജം നേടിയ ആധുനികകേരളം ലിംഗപദവി മുന്‍നിര്‍ത്തി അതിന്‍റെ ശ്രേണീകരണങ്ങളെ തിരസ്കരിക്കാനൊരുങ്ങിയപ്പോഴാണ് ലൈംഗികാഖ്യാനങ്ങള്‍നോവലുകളില്‍ചേക്കേറാന്‍തുടങ്ങുന്നത്. ബഷീറിന്‍റെ ശബ്ദങ്ങള്‍, കാക്കനാടന്‍റെ പറങ്കിമല, ഒ വി വിജയന്‍റെ ഖസാക്ക്, സേതുവിന്‍റെ പാണ്ഡവപുരം, എം. മുകുന്ദന്‍റെ \'അവള്‍പറഞ്ഞു വരൂ\' - മടിച്ചും മറച്ചുമാണ് നോവല്‍ലൈംഗികതയെ അഭിമുഖീകരിച്ചതെന്നു തോന്നുന്നു.

പിന്നെയാരാണ് ലൈംഗികതയെ പ്രമേയം എന്നതിനപ്പുറം രാഷ്ട്രീയബിംബമായി നോവലുകളില്‍ കാലത്തോടു ചേര്‍ത്തുവച്ചത്? കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ഇറങ്ങിയ ചില നോവലുകള്‍ അടുക്കിയെടുക്കാന്‍ഈ ചിന്ത ധാരാളം മതി. വി. എം. ദേവദാസിന്‍റെ ഡില്‍ഡോ, ടി. ഡി. രാമകൃഷ്ണന്‍റെ ഫ്രാന്‍സിസ് ഇട്ടിക്കോര, വിജയന്‍കോടഞ്ചേരിയുടെ സോദോം, സുസ്മേഷ് ചന്ദ്രോത്തിന്‍റെ പേപ്പര്‍ലോഡജ്, സുരേഷ് പി. തോമസിന്‍റെ 2048 കി.മീ. എന്നിവയാണവ.

ഇവയെ പൊതിഞ്ഞു നില്‍ക്കുന്ന ലൈംഗികതയ്ക്ക് രണ്ട് മുഖങ്ങളുണ്ട്. ഒന്ന് കുടുംബ ജീവിത സങ്കല്‍പനവുമായി ചേര്‍ന്നു നില്‍ക്കുന്നതാണെങ്കില്‍മറ്റേത് ലൈംഗികതയെ വിമോചനത്തിന്‍റേയോ പ്രതിരോധത്തിന്‍റേയോ സ്വരമാക്കി മാറ്റുന്നു. മിത്തുകളേയും വംശചരിത്രത്തേയും പ്രശ്നവത്കരിച്ചു മാത്രമേ ചിലപ്പോള്‍ലൈംഗികതയിലേക്ക് എത്താന്‍കഴിയൂ എന്നു വരുന്നു. വിശാലമോ വ്യാപ്തിയേറിയതോ ആയ ലൈംഗിക ബോധത്തിലേക്കുള്ള വായനാതുറവികള്‍ഇവയില്‍കാണാം. ആധുനികാനന്തര ജീവിതത്തിന്‍റെ ലൈംഗികരാഷ്ട്രീയം ഇനിയും തെളിച്ചപ്പെടാനുണ്ടെന്നു തന്നെയാണ് ഇവ നല്‍കുന്ന സൂചന.
ഇന്ത്യന്‍സാഹചര്യത്തിന്‍റെ ലിബിഡോ
വി. എം. ദേവദാസിന്‍റെ \'ഡില്‍ഡോ -ആറു മരണങ്ങളുടെ പള്‍പ്ഫിക്ഷന്‍പാഠപുസ്തകം\' എന്ന നോവല്‍2009ല്‍പുറത്തിറങ്ങിയതാണെങ്കിലം അത് മുഖ്യധാര ചര്‍ച്ചയുടെ ഭാഗമാകാതെ പോയതിനുകാരണം മലയാള നോവലിന് ഈ പുസ്തകത്തെ താങ്ങാനാവാത്തതുകൊണ്ടാണ് മലയാളനോവലിന്‍റെ അഭിരുചിക്കു പുറത്താണ് ഈ നോവല്‍നില്‍ക്കുന്നത്. തീര്‍ച്ചയായുമിത് ഡില്‍ഡോയെ പുതുമയുടെ ലിബിഡോയില്‍നിലനിര്‍ത്തുന്നു. ഡില്‍ഡയ്ക്ക് അവതാരികയെഴുതി നശിപ്പിച്ചിരിക്കുന്നത് (\'അവതാരിക\' എന്നല്ല \'അനവതാരിക\' എന്നാണ് മേതില്‍പറയുന്നത്) മേതില്‍രാധാകൃഷ്ണനാണ്! ദേവദാസ് നോവലെഴുതിയത് അശ്ലീലപരമായ ഉദ്ദേശ്യംകൊണ്ടാണെന്ന് ഞാന്‍കരുതുന്നില്ലെന്ന് അദ്ദേഹം തുറന്നെഴുതുമ്പോള്‍അത് പരമ്പരാഗതവായനക്കാരോടുള്ള തുറന്നുപറച്ചില്‍തന്നെയാവുന്നുണ്ട്. അശ്ലീലാവശ്യത്തിനുവേണ്ടിയും നോവല്‍വായിക്കാമെന്നു പറഞ്ഞുവച്ച മേതില്‍ശ്ലീല/അശ്ലീലങ്ങളുടെ ഹാങ്ങോവറില്‍നിന്നും വിമുക്തനല്ല താനെന്ന് പരോക്ഷമായി സമ്മതിക്കുകയായിരുന്നു. ലൈംഗികതയുടെ ചരിത്രമെഴുതിയ ഫ്രോയിഡില്‍നിന്ന് ഏറെ ദൂരമുണ്ട് ജുടിത് ബട്ലറുടെ \'ജെന്‍ഡര്‍ട്രബിളി\'ന് എന്ന് മേതില്‍മനസ്സിലാക്കാതെ പോയതാണോ?

മേതില്‍എഴുതുന്നു: \'മനുഷ്യന്‍റെ ശാരീരകവും മാനസികവുമായ ചില ആത്യന്തതകള്‍പ്രാപിച്ചൊരു മഹര്‍ഷിയ്ക്ക് - അത് സാധിച്ച ആളാണ് യഥാര്‍ത്ഥ മഹര്‍ഷി - അയാള്‍ക്ക് വാത്സ്യായനന്‍വിവരിച്ച ഒരൊറ്റ പടുതിപോലും അസാധ്യമല്ലെന്ന് ഞാന്‍വിശ്വസിക്കുന്നു.\' വാത്സ്യായന്‍എന്ന ഒറ്റമരത്തിലേക്ക് ലൈംഗികതയെ കെട്ടിയിടാന്‍ശ്രമിക്കുന്ന മേതില്‍എഴുത്തിന് ഒരു വാത്സ്യായനദൗത്യമുണ്ടെന്ന് പറഞ്ഞുവെക്കുമ്പോള്‍അതീവ സാധാരണമായ ഇടത്തേക്കാണ് ഡില്‍ഡോ ചെന്നുവീഴുന്നത്. ഡില്‍ഡോവിന് സംഭവിച്ച അപകടം അവതാരികയിലെ കുഴിമിന്നലുകളാണെന്ന് തോന്നുകയാണ്.

ശരീരം, യന്ത്രം, ഇട്ടിക്കോര.
\'ഫ്രാന്‍സിസ് ഇട്ടിക്കോര\'യിലെത്തുമ്പോള്‍മുതുമുത്തച്ഛനെ അന്വേഷിച്ചുവന്ന ഇട്ടിക്കോരയുടെ ഏറ്റവും വലിയ ആഗ്രഹം ഇറാഖില്‍പോയി ചുവന്നുതുടൂത്ത പെണ്‍കുട്ടിയ റേപ്പ്ചെയ്യുക, കരഞ്ഞുകൊണ്ട് എതിര്‍ക്കുന്ന അവളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുക, കരുത്തിനു കീഴില്‍പിടയുന്ന അവളുടെ ചുണ്ടും കവിളും മാറുമെല്ലാം കടിച്ചുകീറി ചോരയൊഴുക്കുക എന്നൊക്കെയാണെന്ന് തുടക്കത്തില്‍തന്നെ സൂചിപ്പിക്കുന്നുണ്ട്. രാത്രിയില്‍ഷെല്ലാക്രമണത്തില്‍തകര്‍ന്ന നഗരത്തിലേക്ക് മാര്‍ച്ചുചെയ്യുന്ന ബറ്റാലിയന്‍അംഗമായി അയാള്‍ക്കതിനു സാധിക്കുന്നുമുണ്ട്.

രശ്മിയും ബിന്ദുവും രേഖയുമൊക്കെ ചേര്‍ന്നു നടത്തുന്ന ബോഡിലാബിന്‍റെ ദര്‍ശനമെന്നത് ശരീരത്തിന്‍റെ സാധ്യതകളുപയോഗിച്ച് ആനന്ദം കണ്ടെത്താനുള്ള മെച്ചപ്പെട്ട വഴിയന്വേഷണമാണ്. ശരീരമുപയോഗിച്ച് ശരീരത്തിന് അത്യാനന്ദം പകരുക എന്നര്‍ത്ഥം. നരമാംസാസ്വാദനം പോലും ഇതിനുകീഴില്‍വിലയിരുത്താവുന്ന പ്രവര്‍ത്തനാകുന്നു. പണത്തിന് യാതൊരു പഞ്ഞവുമില്ലാത്ത ഇട്ടിക്കോര പെറുവില്‍ലിമയ്ക്കടുത്തുള്ള എസ്ട്രാപ് എന്ന ഗ്രാമത്തില്‍കത്രീന എന്ന കൂട്ടുകാരിയോടൊപ്പം ശയിച്ചതിന്‍റെ ഓര്‍മപങ്കിടുന്നത് മധ്യകാലമതം ലൈംഗികതക്കു നല്‍കിയ പാപസങ്കല്‍പത്തിന്‍റെ വെളിച്ചത്തിലാണ്. \'പന്ത്രണ്ട് യുവതികളും സാവധാനം എനിക്ക് ചുറ്റുമായി ഇരുന്നു. അവരോരുത്തരായി മന്ത്രങ്ങളുരുവിട്ട് തലയോട്ടിയിലെ ചോരയെടുത്ത് എന്‍റെ വായിലേക്ക് ഒഴിച്ചുതന്നു. അതിനുശേഷം കത്രീനയെഴുന്നേറ്റ് ഒരനുഷ്ഠാനം പോലെ എന്‍റെ ശരീരത്തിലെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി. വീണ്ടും വാദ്യഘോഷങ്ങളും സംഗീതവും തുടങ്ങി. യുവതികള്‍ഓരോരുത്തരായി എന്‍റെ കാലിന്‍റെ പെരുവിരല്‍മുതല്‍നെറ്റിവരെ മുത്തമിട്ടു. ഓരോരുത്തരുടെ ഊഴം കഴിയുമ്പോഴും കത്രീന പ്രതീക്ഷയോടെ എന്നെ നോക്കി. ഞാന്‍ഒരു അനക്കവുമില്ലാതെ ശീതമരുഭൂമിപോലെ തണുത്തുറഞ്ഞ് കിടന്നു.\' പിന്നീട് ഇട്ടിക്കോരയുടെ അമിതാവേശം ഇല്ലായ്മ ചെയ്യാന്‍പാമ്പിനെക്കൊണ്ടു കടിപ്പിക്കാന്‍ശ്രമിക്കുന്നു.

മറ്റൊരിടത്ത് യന്ത്രങ്ങളുടെ ലിംഗഭേദം ചര്‍ച്ചചെയ്യുന്നു. സ്പാനിഷ്ഭാഷയില്‍കമ്പ്യൂട്ടറിന് ആണ്‍പെണ്‍ഭേദങ്ങളുണ്ട്. അതിന് വ്യക്തമായ കാരണവുമുണ്ട്. കമ്പ്യൂട്ടറിനെ സുന്ദരിപ്പെണ്ണായി കരുതുന്നു. കമ്പ്യൂട്ടര്‍എന്നത് ലൈംഗിക ചിഹ്നമായി മാറുന്നു. ഡാറ്റ എത്ര പുതിയതാണെങ്കിലും കാലം കഴിയുമ്പോള്‍ പഴയതാവുമെന്ന് പറയുമ്പോള്‍പുരുഷാധിപത്യജ്ഞാനബോധ്യങ്ങളില്‍നിന്ന് ആധുനികസാങ്കേതിക ലോകത്തിനും രക്ഷയില്ലെന്നാണറിയേണ്ടത്.ഹിംസയോടുള്ള ആര്‍ത്തിയുടെ മൂര്‍ത്തബിംബമാണ് ഇട്ടിക്കോര. അയാളുടെ ജീവിതം ഹിംസയിലും അക്രമത്തിലും അതുവഴി ലൈംഗികതയിലും അധിഷ്ഠിതമാണ്. പല അളവില്‍ സമകാലമനുഷ്യനില്‍ ഇട്ടിക്കോര നിലനില്‍ക്കുന്നുവെന്ന് നോവല്‍പറയുന്നു.

കുടുംബജീവിതത്തിന്‍റെ ലൈംഗികബോധ്യം
ലാപ്ടോപ്പില്‍രേവതി ലിപിയില്‍ടൈപ്പുചെയ്ത ഒരു മുത്തശ്ശിക്കഥയാണ് സുസ്മേഷ് ചന്ദ്രോത്തിന്‍റെ \'പേപ്പര്‍ലോഡ്ജ്\'. ഗര്‍ഭച്ഛിദ്രം വരുത്തിയ പിതാക്കډാരുടെ സമ്മേളനത്തില്‍പങ്കെടുക്കാനായി കേരളത്തില്‍വരുന്ന കര്‍ണന്‍മഹാരാജിന്‍റെ ഓര്‍മകളില്‍തിടംവച്ചു നില്‍ക്കുന്നത് ഒരു പ്രൊഫസറുടെ ഭാര്യയുമായുള്ള ജാരവേഴ്ചയാണ്. നോവലില്‍ഒരേയൊരു സംയോഗത്തെപ്പറ്റിയേ സൂചനയുള്ളൂ. പ്രൊഫസര്‍മരിച്ച വേളയില്‍കര്‍ണന്‍മഹാരാജ് അവരുടെ വീട്ടില്‍പോകുന്നുണ്ട്. ഭര്‍ത്താവ് ഇല്ലാതെ കര്‍ണനുമായി വേഴ്ചയ്ക്ക് അവര്‍തയ്യാറല്ല എന്നുവരുമ്പോള്‍ലൈംഗികത കൗടുംബിക രാഷ്ട്രീയത്തിന്‍റെ അടയാളപ്പെടലാവുന്നു. നോവലിലൊരിടത്ത് ജീവിതം, മരണം എന്നീ രണ്ട് അവസ്ഥകളെ മാത്രം നേരിട്ട മനുഷ്യനിപ്പോള്‍മൂന്നുകാലുള്ള മുക്കാലികളായി മാറിയതായി പറയുന്നുണ്ട്. \'ഇപ്പോള്‍മരണവും ജീവിതവും അവനൊരു വിഷയമല്ല. അതിനെ വൈദ്യശാസ്ത്രം ഏറ്റെടുത്തു. പുതിയ കാലത്തെ അവന്‍റെ മൂന്നു കാലുകള്‍കുടുംബം, തൊഴിലിടം പിന്നെ സ്വകാര്യത. കുടുംബത്തില്‍എന്തും നടപ്പാക്കാനുള്ള അധികാരത്തിന്‍റെ ഒന്നാംകാല്‍, തൊഴിലിടമെന്ന ഖനിയില്‍ഖനനം നടത്താനുള്ള രണ്ടാംകാല്‍, സ്വകാര്യതയില്‍അഭിരമിക്കാനുള്ള ലിംഗനീളമുള്ള മൂന്നാംകാലും!\'. ഈ മൂന്നാംകാല്‍പാര്‍ശ്വവത്കൃത ലൈംഗികതയെവരെ പ്രശ്നവത്കരിക്കാനുള്ള ശ്രമമാകുന്നു. പ്രൊഫസറുടെ ഭാര്യയുമായുള്ള സഹശയനം, നിറയെ പുസ്തകങ്ങള്‍ക്കിടയിലാണ്. പ്രൊഫസര്‍അപ്പോള്‍കോളേജില്‍പഠിപ്പിക്കുന്നു. ലൈംഗികതയുടെ അറിവു നഷ്ടമായ കുടുംബാന്തരീക്ഷത്തെ അടയാളപ്പെടുത്തുമ്പോള്‍, സംയോഗത്തിനിടയില്‍ നായകന്‍അവളെ വിളിക്കുന്നത് \'ഖരഹരപ്രിയേ\' എന്നാവുന്നത് രതിയുടെ സംഗീതം കൂടി കേള്‍പ്പിക്കുന്നു, നോവലില്‍. ഈ അധ്യായത്തിനാകട്ടെ, \'രതിയുടെ നഗര\'മെന്ന പേര്‍നല്‍കിയിരിക്കുന്നു.

മറ്റൊരു സന്ദര്‍ഭം പുരോഗമനകാംക്ഷിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ശാന്ത പ്രമേയം മാസികയിലെഴുതിയ കവിതാവരികളാണ്: \'എന്‍റെ അടിവസ്ത്രം വലിച്ചു താഴ്ത്തി നോക്കൂ നിങ്ങള്‍ക്കതില്‍ഇറ്റിറ്റുവീണ മൂത്രത്തിന്‍റേയും ഉണങ്ങും മുന്‍പെടുത്തിട്ടതിനാല്‍ കരിമ്പന്‍നക്കിയ പുള്ളിക്കുത്തുകളുടേയും കേളി കാണാം.
എന്നിലേക്ക് കയറിപ്പോവാനുള്ള വഴിയും!\' സ്ത്രീയുടെ വെറും കാമനയല്ല, ഈ വരികള്‍. ലൈംഗികതയുടെ രാഷ്ട്രീയ ബോധ്യങ്ങള്‍ഇങ്ങനെയും ആവിഷ്ക്കരിക്കാമെന്നാണ് വിവക്ഷ. ഓര്‍മകള്‍കൊണ്ടാണ് ശാന്ത പിടിച്ചു നില്‍ക്കുന്നത്. ഓര്‍മകളുടെ ജനിമൃതികള്‍ക്കിടയില്‍രതിമൂര്‍ച്ഛയേക്കാള്‍ശക്തമായ ഈ വരികള്‍ലൈംഗികതയുടെ പുതുബോധ്യത്താല്‍തീര്‍ക്കുന്ന സമവാക്യംകൊണ്ട് ജീവിതത്തെ കൊളുത്തിയിടുന്നു.

മിത്തും വിശുദ്ധിയും
ബൈബിള്‍പഴയ നിയമത്തിലെ സ്വവര്‍ഗരതിയുടെ ഒരു കഥാംശത്തെ വികസിപ്പിച്ച് നോവലാക്കിയിരിക്കുകയാണ് വിജയന്‍കോടഞ്ചേരി. ബി സി 2000 നും 1850നും ഇടയില്‍ഇന്നത്തെ ട്രാന്‍സ്ജോര്‍ദാനില്‍സംഭവിച്ചത് എന്ന് ബൈബിള്‍പറയുന്ന കഥ ലോത്തിന്‍റേയും അവന്‍റെ രണ്ട് പെണ്‍മക്കളുടേയും കഥയാണ്. ലോത്തിനെ സന്ദര്‍ശിക്കാനെത്തിയ യഹോവയുടെ രണ്ട് ദൂതډാരെത്തേടി സോദോമിലെ പുരുഷډാരെത്തുന്നു. തന്‍റെ പെണ്‍മക്കളെ പകരം നല്‍കി, ദൈവദൂതരെ രക്ഷിക്കാന്‍ലോത്ത് തയ്യാറാവുന്നു. പക്ഷെ പുരുഷډാര്‍തൃപ്തരായില്ല. ഒടുവില്‍ ദേവദൂതന്മാർ സ്വവര്‍ഗരതിക്കാരെ ശപിച്ച് അന്ധരാക്കിയശേഷം സോദോമിനെ നശിപ്പിക്കാനുള്ള യഹോവയുടെ തീരുമാനം ലോത്തിനെ മാത്രം അറിയിക്കുന്നു. പഴയനിയമകഥയില്‍പ്രകടമായ ചില മാറ്റങ്ങള്‍വരുത്തിക്കൊണ്ട് വൈകാരികതയ്ക്ക് ഊന്നല്‍നല്‍കിയിരിക്കുന്നു. ഉല്‍പ്പത്തിപുസ്തകത്തില്‍രണ്ടുവരിമാത്രം പരാമര്‍ശിക്കുന്ന ലോത്തിന്‍റെ ഭാര്യയെ കാമത്തിന്‍റെ കത്തുന്ന തൂണായി ചിത്രീകരിക്കുകയാണ്. ലോകാരംഭം മുതല്‍സ്വവര്‍ഗരതി സ്വാഭാവികമായി നിലനിന്നിരുന്നെന്ന് സ്ഥാപിക്കുകയാണ് നോവലിസ്റ്റ്. ആഖ്യാനത്തിലോ ഭാഷയിലോ വേണ്ടത്ര ശ്രദ്ധിക്കാന്‍കഴിഞ്ഞിട്ടില്ലെങ്കിലും പ്രമേയപരമായി പാര്‍ശ്വലൈംഗികത പ്രശ്നവല്‍ക്കരിക്കുന്ന ആദ്യനോവല്‍ എന്ന നിലയില്‍ സോദോം ചില വായനകള്‍സാധ്യമാക്കുന്നുണ്ട്. \'വിശുദ്ധലൈംഗികത\' എന്നത് ആധുനികാനന്തര സമൂഹത്തില്‍എപ്രകാരമാണ് ഒരു ചോദ്യമാവുക എന്നാണ് വിജയന്‍വിശദീകരിക്കുന്നത്. മിത്തുകളുടെ ലൈംഗിക വായനയുടെ രാഷ്ട്രീയാഖ്യാനമാണീ നോവല്‍. പ്രതിരോധം, പ്രത്യാക്രമണം.

കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ട ഒരു നഗരത്തിലെ ചെറിയ ആള്‍ക്കൂട്ടം സ്വന്തം പേടിയെ ആട്ടിയകറ്റാനായി നിര്‍മിക്കുന്ന കഥയാണ് സുരേഷ് പി. തോമസിന്‍റെ 2048 കി.മീ. ഭീതിയുടേയും അനിശ്ചിതത്വത്തിന്‍റെയും ഭയങ്കരനാളുകളില്‍ലൈംഗികത ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള പ്രതിരോധമായി എത്തുന്നു. സ്വവര്‍ഗരതിയും സ്വയംഭോഗവും ശവരതിയുമൊക്കെ മറയാന്‍പോകുന്ന ജീവിതത്തോക്കിന്‍മുനയ്ക്കു കീഴിലിരുന്ന് സ്വന്തം ഓര്‍മകളോട് സൗഖ്യമായിരിക്കാന്‍നോവലിലെ കഥാപാത്രങ്ങള്‍ആവശ്യപ്പെടുന്നു. നഗരത്തില്‍ഒറ്റയ്ക്ക് എത്തപ്പെട്ട, ജീന്‍സ്പാന്‍റും കറുത്ത ടീഷര്‍ട്ടുമിട്ട പെണ്‍കുട്ടി പാന്‍റിന്‍റെ സിബ്ബഴിച്ച്, വിരലിട്ട് സ്വയംഭോഗത്തിനു മുതിരുന്നത് കേവലാനന്ദത്തിനല്ല; യുദ്ധത്തെ മറികടക്കാനുള്ള അവസാനശ്രമം എന്ന നിലയ്ക്കാണ്. ജീവിതത്തില്‍തോറ്റ് ചിതറുമ്പോഴും ലൈംഗികജീവിതത്തിലെങ്കിലും ഞാന്‍ വിജയിക്കുന്നുവെന്ന് അവള്‍വിളിച്ചുപറയുകയാണ്. ലൈംഗികത അതിജീവനയുക്തിയാണിവിടെ.

പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും കഴിവില്ലാത്ത ശിശുക്കളാണ് യുദ്ധത്തില്‍അതേവരെ ആക്രമിക്കപ്പെട്ടതെങ്കില്‍ഇപ്പോള്‍പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും കഴിവില്ലാത്ത ശവങ്ങള്‍പോലും ആക്രമിക്കപ്പെടുമ്പോള്‍ലൈംഗികത നിര്‍ണയിച്ച മനുഷ്യശരീരത്തിന്‍റെ പ്രത്യയശാസ്ത്രബോധം തന്നെയാണ് ചോദ്യംചെയ്യപ്പെടുന്നത്. ജീവിതത്തിനും മരണത്തിനുമിടയില്‍ലൈംഗികമായ കുതറലിനു ശ്രമിച്ച്, നീലിച്ച മരണത്തിലൂടെ ഇല്ലാതാവുന്ന പെണ്‍കുട്ടിയുടെ ജഡത്തില്‍പറ്റിപ്പിടിച്ചു കിടക്കുന്ന രേതസ്സില്‍ടാക്സിഡ്രൈവര്‍തന്‍റെ സംഭീതകരങ്ങള്‍തൊടുന്നതും ആദ്യസ്പര്‍ശത്തിന്‍റെ നിമിഷാര്‍ധത്തില്‍തന്നെ അയാള്‍ വിഷബാധയാല്‍ നീലിച്ചു മരിക്കുന്നതും നാം കാണുന്നു. ഖസാക്കിലെ മൈമുനയുടെ നീലഞരമ്പുകള്‍ഓര്‍ക്കുക. ആ പാപബോധംകൂടിയാണ് രവിയില്‍അവസാനമേല്‍ക്കുന്ന ദംശനം. ആദ്യത്തേതില്‍വെറും പാപചിന്തമാത്രം മതി രവി മരിക്കാനെങ്കില്‍ഇവിടെ പ്രതിരോധാത്മകതയുടെ സ്ഫോടനശേഷിയാലാണ് അയാള്‍നീലിച്ചു മരിക്കുന്നത്. രണ്ടും താരതമ്യം ചെയ്യാവുന്ന മരണങ്ങളല്ല.തീര്‍ച്ചയായും ഇവയൊന്നും കോമാളികാമനയല്ല. കേരളീയന്‍റെ കുടുംബസങ്കല്‍പവും ആഗോളീയഭാവനയും ലൈംഗികബോധവും ആധുനികാനന്തര ജീവിതവും തമ്മില്‍നടത്തുന്ന സംഘര്‍ഷാത്മകമായ കൊടുക്കല്‍വാങ്ങലുകളുടെ പ്രത്യുല്‍പ്പന്നങ്ങളാണിവ. അതിനാല്‍തന്നെ \'ഇന്ദുലേഖ\'യില്‍നിന്നുള്ള രേഖീയചരിത്രമായി ഈ നോവലുകളെ കാണാനാവില്ല. ഇവയുടെ ധര്‍മവും രാഷ്ട്രീയപ്രവേഗവും മറ്റൊരു അസ്തിത്വവഴിയാണ്.

സി. ഗണേഷ്
അസി. പ്രൊഫസര്‍(സാഹിത്യരചന)
തുഞ്ചത്തെഴുത്തച്ഛന്‍മലയാളസര്‍വകലാശാല
തിരൂര്‍, വാക്കാട് പി.ഒ., മലപ്പുറം.

Share :

Photo Galleries