Archives / May 2018

അനൂപ് കൃഷ്ണൻ
സതീഷ്ബാബു പയ്യന്നൂരുമായുള്ള അഭിമുഖം





ആദ്യകഥയെപ്പറ്റി ?

ഒരുപാടു കഥകൾ ചെറുപ്പകാലത്തു എഴുതിയിരുന്നു.അതിൽ ആദ്യമായി പ്രസിദ്ധീകരിച്ച കഥയാണ് യക്ഷി .അതൊരു ബാല മാസികയിലാണ് വന്നത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്നു തോന്നുന്നു അത് .രാത്രി വളരെ വൈകി വീട്ടിലേക്ക് ഒരു ബന്ധു വിരുന്നുവന്നു. വെള്ള സാരി ഉടുത്താണ് അവർ വന്നത്. കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടുള്ള എന്റെ അടുത്ത ഒരു ബന്ധു . എൻറെ വീടിൻറെ പുറകിൽ ഒരു ശ്മശാനം ഒക്കെ ആണ്. അങ്ങനെയുള്ള കാലത്ത് , കുട്ടിക്കാലത്ത് നമുക്ക് പെട്ടെന്ന് തോന്നുന്ന ഒരു അനുഭവമാണ് മഴയത്ത് വെള്ളസാരിയുടുത്തു നടന്നുവരുന്ന ഒരു സ്ത്രീയുടെ ഇമേജ്.ആ ഇമേജിൽ വെച്ചാണ് ഞാൻ ഒരു കഥ എഴുതുന്നത്. ഒരു കുട്ടിയുടെ മനസ്സിൽ ഉണ്ടാവുന്ന ഒരു ഭയത്തിന്റെ വികാരമാണ് ആ കഥാപാത്രത്തിലൂടെ വന്നത്. കടമ്പനാട് കുട്ടികൃഷ്ണൻ ആണ് ആ ബാല മാസികയുടെ ബാലരമ എന്ന് പറയുന്ന മാസികയുടെ അന്ന് വിടർന്ന മുത്തുകൾ എന്നുപറയുന്ന വലിയൊരു പംക്തി ഒക്കെ ഉണ്ടായിരുന്നു. ഇന്നത്തെ ബാലരമ ഒന്നുമല്ല അന്ന് , ബാലരമ എന്നുപറഞ്ഞാൽ കുറച്ചുകൂടി സാഹിത്യത്തിനു പ്രാധാന്യം കൊടുക്കുന്ന ഒരു മാസിക ആയിരുന്നു. കടമ്പനാട് കുട്ടിക്കൃഷ്ണൻ എന്ന് പറയുന്ന കവിയും എഴുത്തുകാരനും ഒക്കെ ആയിരുന്നു അതിന്റെ എഡിറ്റർ. അദ്ദേഹമാണ് അത് തെരഞ്ഞെടുത്തു പ്രസിദ്ധീകരിക്കുന്നത്. യക്ഷിയാണ് ഒരു പക്ഷേ എന്റെ മനസ്സിൽ വന്ന് പ്രസിദ്ധീകരിച്ച് വന്ന ആദ്യത്തെ കഥ. അത് വളരെ മുൻപ് എനിക്ക് തോന്നുന്നു 76ൽ 77ൽ ഒക്കെയാണെന്ന്. അപ്പോൾ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം. പയ്യന്നൂർ സ്കൂളിൽ ചേരുന്ന സമയത്താണ് കുറച്ചുകൂടി എഴുത്തിലേക്ക് വന്നത്. പയ്യന്നൂർ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ഞാൻ സാഹിത്യത്തിലേക്ക് സജീവമായിട്ട് വന്നത്. പയ്യന്നൂർ ഹൈസ്കൂളിൽ നല്ലൊരു ലൈബ്രറിയുണ്ട്. വളരെ വിശാലമായ ഒരു ലൈബ്രറി. ആ ലൈബ്രറിയുടെ വാതിലുകൾ തുറന്നിട്ടു തന്ന പി അപ്പുക്കുട്ടൻ എന്ന് പറയുന്ന അധ്യാപകനാണ്. അദ്ദേഹം ഇന്ന് സംഗീത അക്കാദമിയുടെ സെക്രട്ടറിയായി റിട്ടേഡ് ചെയ്തു. പയ്യന്നൂര് സ്വസ്ഥമായിട്ട് വാർധക്യകാല ജീവിതം നയിക്കുന്നു ഒരു മാഷാണ് അദ്ദേഹം. പിന്നെ എ. കെ കൃഷ്ണൻ മാഷ് അദ്ദേഹം മരിച്ചുപോയി. ഇങ്ങനെ രണ്ട് അധ്യാപകരെയാണ് ഓർമിക്കാൻ ഉള്ളത്. ഇവർ രണ്ടു പേരുമാണ് എന്റെ സാഹിത്യത്തിലേക്കുള്ള താൽപര്യം ഉണ്ടാക്കിയെടുക്കുന്നതും വായനയുടെ വിശാലമായ ലോകത്തേക്ക് കൊണ്ടുപോകുന്നതും. ആ സമയത്താണ് ഞാൻ ഏതാണ്ട് എംടി യുടെയും കാരൂരിന്റെയും അതുപോലുള്ള വലിയ എഴുത്തുകാരുടെ കൃതികൾ വായിക്കുന്നത്. അവരിലൂടെ കഥയുടെ ലോകത്തിലേക്ക് കടന്നുവരുന്നത്. ആ സമയത്ത് തന്നെയാണ് ഏതാണ്ട് പയ്യന്നൂർ ഉള്ള വലിയ വായനശാലയിലേക്ക് മെമ്പർഷിപ്പ് എടുക്കുന്നത്. അതായത് പത്തിൽ ഒക്കെ പഠിക്കുമ്പോൾ ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ അംഗം ആയിരുന്നു . അതുപോലെ കസ്തൂർബാ സമാരക വായനശാല,സഞ്ജയൻ സ്മാരക വായനശാല ഇതിലൊക്കെ അംഗം ആയിരുന്നു . അവിടുന്ന് തിരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ ഏതാണ്ട് എട്ട് ഒമ്പത് പത്ത് ക്ലാസുകളിൽ ഒക്കെ നന്നായി വായിച്ചിട്ടുണ്ട്.

പിന്നെ പയ്യന്നൂർ കോളേജിൽ എത്തുമ്പോൾ സ്വാഭാവികമായിട്ടും അവിടെയും അതുപോലെ സാഹിത്യത്തിന്റെ അന്തരീഷം ഉണ്ട് .പ്രൊഫസർ മേലത്തു ചന്ദ്രശേഖരൻ, പ്രൊഫസർ എം ആർ ചന്ദ്രശേഖരൻ ,കേശവപട്ടേരി അങ്ങനെയുള്ള വലിയ എഴുത്തുകാർ അധ്യാപകർ ആയി സേവനം അനുഷ്ടിച്ച ഒരു കോളേജാണ് പയ്യന്നൂർ കോളേജ് .അവിടുത്തെ പ്രീഡിഗ്രി കാലവും എഴുത്തിനെ പുഷ്കലമാക്കിയിട്ടുണ്ട് .

നാട്ടിലേക്ക് പോകുമ്പോഴും ഈ സ്ഥലങ്ങൾ സന്ദർശിക്കാറുണ്ടോ?

ആ തീർച്ചയായിട്ടും ഈ വായനശാലയിലൊക്കെ ഇടക്കിടക്ക് പോകാറുണ്ട് .ഇപ്പോൾ ഇ-ലൈബ്രറിയുടെ കാലഘട്ടമാണ് .മിക്കവാറും ലൈബ്രറി ഒക്കെ കമ്പ്യൂട്ടറൈസ്ഡ് ചെയ്യപ്പെടുന്നുണ്ട്.തിരുവനന്തപുരത്തു പബ്ലിക് ലൈബ്രറിയിലും യൂണിവേഴ്സിറ്റി ലൈബ്രറിയിലുമൊക്കെ ഞാൻ പോകാറുണ്ട്

2001 എന്ന വര്ഷം സാറിന്റെ ജീവിതത്തിൽ സുപ്രധാനമായ വര്ഷം ആയിരുന്നല്ലോ .അതിനെപ്പറ്റി ഒന്ന് വിശദമാക്കാമോ ?

ഒരു പത്രപ്രവർത്തകനാകാനായിരുന്നു എന്റെ ആഗ്രഹം.ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ ഞാൻ \"ഈ ആഴ്ച\" എന്ന വാരികയുടെ എഡിറ്റർ ആയി .പക്ഷെ അത് 2 വര്ഷത്തോളമേ ഉണ്ടായിരുന്നുള്ളു.അതിനു ശേഷം എഴുത്തിലെ എന്റെ ഗുരുസ്ഥാനീയനായ കലാകൗമുദി എഡിറ്റർ ജയചന്ദ്രൻ എന്നോട് സ്വതന്ത്ര പത്രപ്രവർത്തകനായി നിൽക്കുന്നതാണ് നല്ലതെന്നു ഉപദേശിക്കുകയുണ്ടായി.വീട്ടുകാരുടെ നിർബന്ധപ്രകാരം എഴുതിയ ഒരു ബാങ്ക് ടെസ്റ്റിൽ സ്റ്റേറ്റ് ബാങ്കിൽ എനിക്ക് ജോലി കിട്ടുകയുണ്ടായി.അങ്ങനെ 16 വർഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി ചെയ്തു .പത്രപ്രവർത്തനം ബാങ്കിന്റെ ജോലികൾക്കിടയിലും തുടർന്നു.പിന്നീട് വോളന്ററി റിട്ടയർമെന്റ്എടുത്തു .അക്കാലത്തു കുറച്ചു സിനിമയ്ക്കുവേണ്ടി( നക്ഷത്രക്കൂടാരം,ഓ ഫാബി എന്ന അനിമേഷൻ ചലച്ചിത്രം )സ്ക്രിപ്റ്റുകൾ എഴുതിയിരുന്നു. വിഷ്വൽ മീഡിയ തരംഗമായിക്കൊണ്ടിരിക്കുന്ന ആ കാലത് ഞാൻ ബാങ്കിൽ നിന്ന് , വീ. ആർ. എസ് എടുത്തു.അങ്ങനെ സ്വതന്ത്ര പത്രപ്രവർത്തനവും പനോരമ ടെലിവിഷൻ എന്ന എന്റെ സ്വന്തമായ ഒരു സ്ഥാപനവും തുടങ്ങുകയുണ്ടായി.

അതിപ്പോഴും നിലനിൽക്കുന്നു .അതിന്റെ ഡയറക്ടർ ആണ് ഞാൻ.അതിന്റെ ഭാഗമായി കൈരളി ടീവിയിലും മറ്റും കുറെയധികം പ്രോഗ്രാംസ് ചെയ്യുന്നുണ്ട് .

എഴുത്തും ഉറക്കവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഒന്ന് വിശദമാക്കാമോ ?

ശാന്തമായ മനസോടുകൂടി ഇരുന്നാൽ ആണ് നമ്മുടെ മനസ്സിൽ എഴുതാനുള്ള ഒരു തീം ഉണ്ടാകുന്നത്.ഞാൻ എഴുതുന്നത് കൂടുതലും രാവിലെയാണ്.3 മണിമുതൽ 8 മണിവരെയുള്ള സമയമാണ് എഴുത്തിനായിട്ട് ഞാൻ തിരഞ്ഞെടുക്കുന്നത്.വൈകിട്ട് എഴുതണമെന്നു തോന്നിയാൽ ഉച്ചയ്ക്ക് നന്നായി ഉറങ്ങും .എഴുത്തിനുമുമ്പുള്ളൊരു മുന്നൊരുക്കമാണ് ഉറക്കം.അതിൽ പല ചിന്തകളും കഥാപാത്രങ്ങളും രൂപപ്പെടുന്നുണ്ട് .

.എഴുത്തിനും വായനയ്ക്കുമിടയിൽ ചിത്രം വരയ്ക്കാൻ ഇപ്പോഴും സമയം കണ്ടെത്താറുണ്ടോ ?

ചിത്രം വരയ്ക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.കുട്ടിക്കാലത്തു അധികം ചിത്രങ്ങൾ ഞാൻ വരച്ചിരുന്നു.പക്ഷെ അതൊരു പ്രൊഫഷനായി ഞാൻ എടുത്തില്ല.ഓയിൽ പൈന്റിങ്സ് ഒക്കെ എനിക്ക് പടിക്കണമെന്നുണ്ട്.മിക്ക പ്രശസ്തമായ ചിത്രകാരന്മാരോടും എനിക്ക് നല്ല അടുപ്പമുണ്ട്.ലളിതകലാ അക്കാദമിയുടെ ചെയര്മാന് നേമം പുഷപരാജ് ,കാനായി കുഞ്ഞിരാമൻ തുടങ്ങിയവരുമായി നല്ല അടുപ്പമുണ്ട്.അത് വേറൊരു ലോകമാണ്.

താങ്കളുടെ കൃതികളിലെ സ്ത്രീ പുരുഷ ബന്ധങ്ങളെപ്പറ്റി പറയാമോ?മിന്നാമിനുങ്ങുകളുടെ രാത്രിയിലെ കൃഷ്ണൻ എന്ന കഥാപാത്രം ആത്മകഥാംശമുള്ള കഥാപാത്രം ആണോ ?

ഞാൻ എന്റെ ചുറ്റുപാടുകളെ നീരീക്ഷിച്ചാണ് പലപ്പോഴും രചന നാടത്തുന്നത് .എനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ,എന്റെ സുഹൃത്തുക്കളിൽ നിന്നും അറിഞ്ഞുകേട്ട അനുഭവങ്ങൾ എന്നിവ എന്റെ കൃതികളിൽ പ്രമേയമാവാറുണ്ട്.സുഹൃത്തുക്കളുടെ അനുഭവങ്ങളിൽ എന്റെ ഭാവനയും കൂടി ചേരുമ്പോൾ അതൊരു പുതിയ കഥായായി മാറുന്നു .മിന്നാമിനുങ്ങുകളുടെ രാത്രിയിലെ കൃഷ്ണൻ ഞാനല്ല .അതെന്റെ ഒരു സുഹൃത്തിന്റെ കഥയാണ്.പിന്നീടവർ കല്യാണം കഴിക്കുകയും ചെയ്തു .പലപ്പോഴും ആത്മകഥാംശം എന്റെ കഥകളിൽ ഉണ്ടായിട്ടുണ്ട് .പക്ഷെ ഈ കഥയിൽ അങ്ങനെയല്ല.ഇതെന്റെ ഒരു സുഹൃത്തിന്റെ ജീവിതഭാഗമാണ്.

കുഞ്ഞുണ്ണിമാഷുമായുള്ള ബന്ധം ?

മാഷിനെക്കാണാനായി ഞാൻ കോഴിക്കോട് ശ്രീരാമകൃഷ്ണ ആശ്രമത്തിൽ പോകാറുണ്ടായിരുന്നു . മാഷ് കഥകളും കവിതകളും തിരുത്തിത്തരാറുണ്ട്.അദ്ദേഹത്തോടൊപ്പം പല മീറ്റിംഗുകളിലും പങ്കെടുത്തിട്ടുണ്ട് .നമുക്ക് മുൻപിൽ വിശാലമായൊരു ലോകം തുറന്നു തരാൻ അദ്ദേഹത്തിന് സാധിച്ചു .ഇപ്പോഴും അദ്ദേഹം എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.അദ്ദേഹം എനിക്കൊരു ജേഷ്ഠനാണ് .ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനെ പോലുള്ള പല എഴുത്തുകാരെയും അദ്ദേഹം എനിക്ക് പരിചയപ്പെടുത്തി .

ഫോട്ടോ എന്ന പേരിൽ പുറത്തിറങ്ങിയ കഥാസമാഹാരത്തിൽ ഗ്രാമീണതയിൽ നിന്നും നഗരത്തിലേക്കു പറിച്ചുനടപ്പെട്ട ഒരു വ്യക്തിയുടെ സംഘർഷങ്ങൾ ആണല്ലോ പറയുന്നത്.അതിനെപ്പറ്റിയൊന്നു വിശദമാക്കാമോ?

അതിൽ പറയുന്ന പലകഥകളിലും എന്റെ ജീവിതം സ്ഫുരിക്കുന്നുണ്ട് .ഞാൻ ഞാൻ ഒരു ഗ്രാമീണനാണ് .25 വർഷം മുൻപ് ഞാൻ തിരുവനന്തപുരത്തേക് വന്നു.ഞാൻ ജനിച്ചത് പാലക്കാടായിരുന്നു. 25 വർഷം പയ്യന്നൂരിൽ വളർന്നു.പിന്നീട് തിരുവനന്തപുരത്തേക് വന്നു .ആത്മീയതയും പൗരാണികതയും തമ്മിലുള്ള സംഘർഷം ഒക്കെ ആ കഥയിൽ ഉണ്ട് .

ഒരു മാധ്യമപ്രർത്തകനെന്ന രീതിയിൽ സമകാലീന മാധ്യമപ്രവർത്തനത്തെ എങ്ങനെ നോക്കി കാണുന്നു ?

ഇന്ന് ലോകം പാടെ മാറിയിരിക്കുന്നു .മാധ്യമപ്രവർത്തനത്തിന്റെ ദിശ തന്നെ മാറിയിരിക്കുന്നു.സത്യസന്ധതയെക്കാൾ കൂടുതൽ കമ്പോള വൽക്കരണത്തിനാണ് പ്രാധാന്യം .

നക്ഷത്രക്കൂടാരം എന്ന സിനിമയുടെ തിരക്കഥയെഴുതുമ്പോൾ ചെറുകഥകളിൽ നിന്നും എന്ത് വ്യത്യാസമാണ് എഴുത്തിൽ വരുത്തിയത് ?

എന്റെ കഥകളിൽ വിഷ്വൽ ഇമേജുകൾക്ക് ഞാൻ വളരെയധികം പ്രാധാന്യം കൊടുക്കാറുണ്ട് .ഒരു സിനിമ കാണുന്നത് പോലെയാണ് ഞാൻ തിരക്കഥയെഴുതുന്നതും .പപ്പേട്ടൻ (പത്മരാജൻ) ആണ് എന്നെ അതിലേക്ക് കൊണ്ടുവന്നത് .എന്റെ തന്നെ കുറെ കഥകൾ ഒരു ടെലിഫിലിം പോലെ തയ്യാറാക്കാൻ ആഗ്രഹമുണ്ട്.

മലയാറ്റൂർ പുരസ്കാരത്തിന് അര്ഹനാക്കിയ ഖമറുന്നീസയുടെ കൂട്ടുകാരി എന്ന കൃതിയുടെ രചനാനുഭവം ?

എന്റെ മകളുടെ കൂട്ടുകാരിയുടെ അനുഭവവുമാണ് ഈ കഥയെഴുതാൻ എന്നെ പ്രേരിപ്പിച്ചത് .അവളിൽ നിന്നും കിട്ടിയ അനുഭവം എന്നെ ഈ കഥയെഴുതാൻ പ്രേരിപ്പിച്ചു . ഈ വര്ഷം ഫോട്ടോ എന്ന കഥാസമാഹാരത്തിനു തോപ്പിൽ രവി അവാർഡ് കിട്ടി .2013 ൽ പേരമരം എന്ന കഥാസമാഹാരത്തിനു സാഹിത്യഅക്കാഡമി അവാർഡും കിട്ടി . വായനക്കാരുടെ കത്തുകളാണ് ശെരിക്കും എന്റെ അവാർഡുകൾ .

കീഴാറ്റൂർ സമരവും മഹാരാഷ്ട്രയിലെ കാർഷിക സമരങ്ങളും നടക്കുന്ന കാലഘട്ടത്തിൽ മണ്ണ് എന്ന കഥയുടെ പ്രാധാന്യം ഒന്ന് വിശദമാക്കാമോ ?

കീഴാറ്റൂർ സമരവും മഹാരാഷ്ട്രയിലെ കാർഷിക സമരങ്ങളും മണ്ണിനോടുള്ള മനുഷ്യന്റെ പോരാട്ടത്തിന്റെ ഒരു പ്രതിഫലനമാണ് .ജന്മി കുടിയാൻ ബന്ധത്തെപ്പറ്റി പരാമർശിക്കുന്ന കഥയാണിത്.കാവുമ്പായി എന്ന പ്രദേശത്തു നടന്ന കർഷക സമരങ്ങളും മറ്റുമാണ് അതിലെ പ്രമേയം .മണ്ണിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണിത് . വയലറ്റം എന്നൊരു പുതിയ കഥ ഞാനെഴുതിക്കൊണ്ടിരിക്കുന്നു .കൃഷിസ്ഥലങ്ങളും മറ്റും നഷ്ടപ്പെടുന്നതിന്റെ വേദന അതിൽ നിറഞ്ഞു നിൽക്കുന്നു.

യുവ എഴുത്തുകാർക്കുള്ള സന്ദേശം ?

ഇന്ന് പുതിയ എഴുത്തുകാർക്ക് ധാരാളം സ്പെയ്സ് ഉണ്ട്.ഇന്ന് എങ്ങും മത്സരമാണ് .പുതിയ തലയമുറകൾക്കിടയിൽ ഒരു ഭാഷാ വ്യതിചലനം അനുഭവപ്പെടാറുണ്ട് .സ്വാതന്ത്ര്യ സമരകാലത്തെ പല പാരമ്പര്യ വാരികകൾ പോലും ഇന്ന് സെൻസേഷന്റെ ഭാഗമാണ്.

മഹാകവി കുഞ്ഞിരാമൻ മാഷിന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതുന്ന സത്രം എന്ന കൃതിയെപ്പറ്റി ?

അദ്ദേഹം മലയാളത്തിന്റെ ഭാവഗായകനാണ്.പ്രകൃതിയോട് ഇണങ്ങി ജീവിച്ചയാളാണ് അദ്ദേഹം. ലോകമാണ് അദ്ദേഹത്തിന് സാമ്രാജ്യം .ലോകം മുഴുവൻ വഴിയമ്പലമായി കാണുന്ന ആളാണ് അദ്ദേഹം.അദ്ദേഹത്തിന്റെ ജീവിതം ആധാരമാക്കി ഞാനിപ്പോ എഴുതിക്കൊണ്ടിരിക്കുന്ന വളരെ തീക്ഷ്ണമായ ഒരു നോവലാണിത് .5 കൊല്ലമായി എഴുതിക്കൊണ്ടിരിക്കുന്ന ആ നോവൽ ഡിസംബറോടുകൂടി പ്രസിദ്ധീകരിക്കും

Share :