സ്ഥിരംപംക്തി / കവിത

       സന്തോഷ്‌ ശ്രീധർ
ഗാന്ധിയും ഗോഡ്സെയും           പിന്നെ ഞാനും   

കാഴ്ച വറ്റിയ കണ്ണടയൊന്നു
മിനുക്കിയുറപ്പിച്ചു ;
നേത്ര പടലങ്ങൾ
മെല്ലെയുയർത്തി
ആശ്രമ വാടത്തിന്നരികെ
നിൽക്കുമാ രൂപം
നോക്കുന്നു ചുറ്റിലും.

ഒന്നുമേ കാണ്മാനില്ല!
അന്ധകാരം മൂടി
വിജനമാം വീഥികൾ
ചേരികൾ, നഗര കവാടങ്ങൾ
ആറടി മണ്ണിൻ ജല്പനങ്ങൾ.

പകലിരവ് ജനാരവം
മുഴങ്ങുമീ വീഥികൾ
ഇന്നെന്തേ നിശബ്ദമായി?
ശങ്കിപ്പൂ ബാപ്പുജി!

കണ്ണീർ നിണമണിഞ്ഞ
ഭൂവിന്റെ രോദനം
ചുറ്റിലും കൂടവേ,
ഊന്നു വടിയെടുത്തു
ചടിതിയിൽ
നഗ്ന പാദനായി
മുന്നോട്ട് ഗമിക്കുന്നു
വയോ വൃദ്ധനാം ബാപ്പൂ.

ജനാവലിയില്ല
ജനാരവം മുഴങ്ങുമാ
വീഥികളില്ലിന്ന്.

ഹരിത വർണാഭയില്ല
ഹരി നാരായണന്മാരില്ല
കളകളാരവം പൊഴിക്കുമാ
തെളിനീരുറവകളില്ല
കള കൂജനങ്ങളില്ല
ചേക്കേറാൻ ചില്ലകളില്ല.

ചെറുനാമ്പ് വിരിയും
മണമൂറും വയലേലകളില്ല
ചോലകളില്ല
വയൽ പാട്ടുകളില്ല
ചെറുമന്മാരാരുമേയില്ല.
കാടില്ല കാട്ടാറില്ല
കാട്ടാറിൻ താളവുമില്ല.

കാറ്റേറ്റ് താളമുതിർക്കാൻ
ചേക്കേറും പക്ഷികളില്ല
ഗ്രാമ സ്വരാജ്യം പാടിയുറങ്ങും
കോൺക്രീറ്റിൻ കാടുകൾ മാത്രം.

"ഹേ, മഹാന്മാവേ നിൽപ്പൂ"
പിൻവിളി കേട്ടാ വൃദ്ധ നയനങ്ങൾ
ചുറ്റിലും പരതവേ,
അരികത്തെത്തിയൊരാൾ രൂപം
ഗദ്ഗദ ചിത്തനായി
ബാപ്പുവിൻ കാൽക്കൽ വീണു വിതുമ്പുന്നു
കേൾക്കായതാഭാഷണ മിങ്ങനെ,

ഹേ, മഹാന്മാവേ മാപ്പു തരൂ
താൻ ചെയ്തൊരാ പാധകമോർത്തിന്ന്
ഖേദിക്കുന്നു ഞാൻ.

മസ്തിഷ്ക പ്രക്ഷാളനമേറ്റു ഞാനന്ന്
നിർദ്ദയമങ്ങയെ വധിച്ചതിൽ പിന്നെ
സാകൂതം ജീവിപ്പാൻ കഴിഞ്ഞതേയില്ല തെറ്റായ ചിന്തകൾ നേർവഴിക്കേകുവാൻ
കൂടേ നടപ്പവർ ചൊന്നതേയില്ല.

അജ്ഞതകൊണ്ട് ഞാൻ
നിര്യാതനം ചെയ്തൊരാ ഗാത്രം
അഞ്ജനമായിരുന്നെന്നറിയുന്നു ഇന്ന് ഞാൻ.

ഹിന്ദു വികാരത്തിലേറ്റിയെന്നെ
വാനോളം പുകഴ്ത്തി ചിലരവർ
തൻ കാര്യം നേടുവാൻ
കാട്ടിയ പാധകം
തലയണ മന്ത്രമായിരുന്നെന്നറിയുന്നു
ഇന്നു ഞാൻ.

ഭ്രാന്തമാം ചിന്തയിൽ
ചെയ്തൊരപരാധം
നാടിന് നാശമായി
ഭവിച്ചതോർക്കുമ്പോൾ,
വിങ്ങുന്നുയെൻ മനം.
തുടിക്കുന്നു കരങ്ങളാ
കാട്ടാള ഹസ്തങ്ങൾ ഛേദിക്കുവാൻ.

പിന്മുറക്കാരല്ലവർ
നാടിന്റെ നാരായ വേര് മുറിക്കുവോർ
ഹിന്ദു സംസ്ക്കാരമാണെന്നറിയാത്തോർ
ശവം തീനി പക്ഷികൾ.

അരുതരുതിനി പാധകം
വേണ്ടന്നോതുന്നു ബാപ്പുജി
ഗോഡ്‌സെയെ തൻ
ഗാത്രത്തോടമർത്തി പുണരുന്നു ;
മൂർദ്ധാവിൽ ചുംബിച്ചാശ്ലേഷിക്കുന്നു വീണ്ടും.

അന്ധ കാരത്തിലേറി നട കൊൾകവേ,
ബാപ്പുവിൻ മുന്നിലെത്തി
നമിക്കുന്നു മറ്റൊരാൾ
എന്ത് ചെയ്യേണ്ടന്നറിയില്ലെനിക്കിനി
കാച്ചി കുറുക്കുവാനൊന്നുമേയില്ലിനി
എന്ത് ചെയ്യേണ്ടൂ....
മൊഴിയൂ ബാപ്പുജീ.....
കേഴുന്നു മന്നവൻ
രാജ പുംഗവനവൻ.

താൻ നട്ട ചെമ്പകം
പൂത്തുലസിക്കവാൻ
ഊന്നു വടി കൊടുത്തു പിരിയുന്നു
വന്ദ്യ വയോധികൻ ബാപ്പു. 

Share :