സ്ഥിരംപംക്തി / കവിത

മനീഷ
മീനയുടെ വീട്

ഗന്ധരാജൻ

അതിരിട്ട വഴിയിൽ 

ഭ്രാന്തി പൂക്കൾ

കിരീടം ചൂടി നിന്നു..

ചെമ്പരത്തി ചോപ്പുള്ള മാനത്ത്,കിളികൾ

കൂടുതേടി പറന്നു..

വിയർപ്പു മഞ്ഞ പടർന്ന

 'കായ സഞ്ചി'പേറി

മീന കുന്നു കയറി..

തേക്കാത്ത ചുമരിൽ തൂങ്ങിയാടുന്ന

നിയോൺ ബൾബ്

വിളറി നിന്നു

മീനയുടെജീവിതം പോൽ .

 

നെറുകിൽ കമഴ്ത്തിയ 

എണ്ണ, അപ്പോൾ ജനിച്ച

നദിപോൽ ഒഴുകി

കറുത്തമുഖത്തു തിളങ്ങി..

കൂമ്പിയ കണ്ണുകളിൽ

ജീവിതംവരണ്ടു നിന്നു.

നേർത്ത കോലൻമുടി

നെറുകിൽ കെട്ടിയവൾ

വീടിനെ,അടുക്കിപെറുക്കി

 

കഞ്ഞി വെന്ത മണം..

പപ്പടം പൊള്ളുന്ന വേവിലപ്പോൾ 

ജീവിതമെന്നറിയാത്ത

മകൾ 

ഇന്നും,കഞ്ഞീം

പയറുമോയെന്ന്

നിശ്വസിച്ചു.

 

ഉണക്ക മീൻ വാസനിച്ചു

വെളുമ്പി പൂച്ച പമ്മി വന്നു,

പുറം കാലുകൊണ്ട്

തട്ടിയെറിഞ്ഞു മീന.

അകത്തെ കട്ടിലിൽ

പേൻമുട്ടി,രസിക്കുന്ന തള്ള.

എപ്പോഴും ആനന്ദം..

ജീവിത കയ്പ്പിൽ

നുകർന്ന ഭ്രാന്തിന്റെ,

മധുരം

അനുഗ്രഹം പോലെ..

 

ഇതാണ് മീനയുടെ വീട്..

എന്നും ഒരുപോലെ..

സന്ധ്യക്ക്‌ മാത്രം ഉണരുന്നത്..

ഒരേ ഗന്ധമുള്ളത്.

 

പുലരുമ്പോൾ കുന്നിറങ്ങുന്ന മീന.

പല വീടിന്റെ

അടുക്കളയൊരുക്കുന്നു

അകത്തളങ്ങൾ

മിനുക്കുന്നു

ജീവിത വിഴുപ്പ് 

കഴുകിയുണക്കുന്നു.

അല്പമാത്രം മിണ്ടുന്നവൾ

കരിമഷിയോ,ചാന്തോ

ആഭരണങ്ങളോ

പട്ടുചേലയോ

വാസനദ്രവ്യങ്ങളോ

വേണ്ടാത്തവൾ..

ഒരിടത്തെ 

 ഭക്ഷണത്തിന്റെയും

പങ്കു പറ്റാത്തവൾ.

 

മീന തമിഴത്തിയാ?

പുതിയ പുറംപണിക്കാരി

വീട്ടുകാരിയോട്..

"ഇവിടുത്തെ പെണ്ണന്ന്യാ

തമിഴനാ കെട്ടിത്

ആണ്ടോന്നാകും

മുൻപേയയാൾ

പിന്നെയും കെട്ടി.

പെണ്ണിന് പുലരാൻ

അഭിമാനം മതി.

കെട്ടുതാലി ഊരി 

പെറ്റ കുഞ്ഞിനെ മാത്രമെടുത്തു

പടിയിറങ്ങി പോന്നിവൾ.

മീനക്ക്മോളും

മോൾക്കവളും ..

രണ്ടുമിപ്പോ

ആ തള്ളക്കു കൂട്ടായി".

 

കിളികൾപറന്നു

സൂര്യൻ തിളങ്ങി

കാർക്കൊണ്ടൽ ചിണുങ്ങി 

ഋതുക്കൾപറന്നു..

ചിങ്ങമെത്തിയോയിത്ര- വേഗം!

കോടിയെടുക്കണം

സദ്യയൊരുക്കണം

പെണ്ണിന്

 സന്തോഷമെന്തേലും

 ചമയ്ക്കണം..

 പുണർന്നു കിടക്കുന്ന കുഞ്ഞിനെ,

തഴുകി തലോടി

മീനയോർത്തു..

 

ഓണമുണ്ണാൻ

ഇക്കുറി മഴയുമുണ്ട്

മീനയുടെ വീട്ടിൽ

സന്തോഷ സുഗന്ധം..

പെണ്ണിന് സമ്മാനം

ഇക്കുറി സിനിമാപെട്ടി.

പിന്നെ,

ചോപ്പുകല്ല് കാതിലോല..

 

അന്തിക്കുമുൻപേ തുണിയലക്കണം

പാറക്കുളം

നിറഞ്ഞു നിൽക്കുന്നു.

കുന്നിറങ്ങി,മീനയുംമോളും.

പാതിയലക്കിൽ

ജലത്തിന്റെ

ധൃതരാഷ്ട്രാലിംഗനം..

 

മീനയുടെ വീട്  

നിറഞ്ഞു കവിഞ്ഞു..

പിന്നെ ഒഴുകിയിറങ്ങി..

തള്ളയും പൂച്ചയും

മാത്രമായി.

 

 

Share :