കലാലയ വിദ്യാർത്ഥികളുടെ പേജ്  / കവിത

കെ ഹസ്ന. ബി എ ഇംഗ്ലീഷ് ഫൈനൽ ഇയർ എം ടി എം കോളേജ് വെളിയങ്കോട് 
വരും ജന്മമെങ്കിലും

നോവാറ്റിക്കുറുക്കി വച്ചൊരു ബാല്യമുണ്ട്,

വിജനതയിൽ കാറ്റുവീശുന്നത്ര

അസ്വസ്ഥമായത്..

 

കാലത്തിന്റെ കരങ്ങൾക്ക്

തലോടിയുണക്കാനൊക്കാത്ത

മുറിവുകളുമുണ്ട് ;

ഒരു നേർത്ത പുൽകലിൽ,

ഒരു സ്നേഹചുംബനത്തിൽ

തീരേണ്ടവ..

 

നീല റിബ്ബണിൽ

ഇഴകളൊതുക്കിക്കെട്ടിയ മുടി

നീണ്ടുനീണ്ട് കഴുത്തിറുക്കുന്നുണ്ട്..

ആയുസ്സു തീർന്ന ഇന്നലെകൾ

കൈവീശിയകലുമ്പോൾ

കണ്ണുകുത്തിപ്പൊട്ടിച്ച്

ഇന്നുകൾ പരിഹസിക്കുന്നു..

 

മിഠായി വാങ്ങിത്തരണമെന്നല്ല

ആവശ്യം,

കൈ പിടിച്ച് കൂടെ വരണമെന്നാണ്..

 

കൂടിച്ചിരിക്കുമ്പോൾ ഒറ്റക്ക്

കരയാൻ വിടരുത്..

സ്നേഹത്തിന്റെ പളുങ്കുപാത്രത്തിൽ

ഒരൽപ്പം വാത്സല്യമിറ്റിക്കുക..

 

കരയുന്നത് കുന്നിക്കുരുവിനു

വേണ്ടിയാണ്,

പകരം വൈരക്കല്ല് തന്നാലും

കുന്നിക്കുരുവാകില്ലല്ലോ!

 

പ്രിയ ബാല്യമേ..

ഇനിയും സ്നേഹത്തിനു മുന്നിൽ

നീ നോക്കുകുത്തിയാകാതിരിക്കട്ടെ..

വരും ജന്മമെങ്കിലും

ഒരിറ്റ് മധുരം കൊണ്ടു നീ

നിന്റെ ജീവൻ തുടങ്ങട്ടെ..

 

Share :