സാഹിത്യ ലോകം  / റിപോർട്ടുകൾ

രാജേശ്വരി ജി നായര്
ഗോവാ പ്രവാസി മലയാളി സാഹിത്യ സംഗമം

 ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സിന്‍റെ  (ഫാഗ്മ)ഒന്‍പതാമത് പ്രവാസി മലയാളി സാഹിത്യ സംഗമം  2022   ഡിസംബര്‍ 10&11 തീയതികളില്‍ ഗോവ മഡ്ഗാം രവീന്ദ്ര ഭവനില്‍    നടന്നു. ‘വാക്കും വരിയും’ എന്ന കുട്ടികളുടെ   കവിതാ, പ്രസംഗ മത്സരങ്ങളോടെ സംഗമത്തിന് തിരശ്ശീല ഉയര്‍ന്നു.  

         വൈകുന്നേരത്തെ ഉദ്ഘാടന സമ്മേളനം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്  കവി പി രാമന്‍ ഉദ്ഘാടനം ചെയ്തു. കൊങ്കണി സാഹിത്യവും, സംസ്ക്കാരവും മലയാളികളിലേക്ക് എത്തിക്കുന്നതില്‍ വിവര്‍ത്തനത്തിന്‍റെ പങ്ക് നിര്‍ണ്ണായകമാണെന്ന് ജ്ഞാനപീഠം അവാര്‍ഡ് ജേതാവ് ദാമോദര്‍ മൌജോയുടെ പുസ്തകത്തിന്‍റെ മലയാള വിവര്‍ത്തനത്തെ അനുസ്മരിച്ചു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒപ്പം ഫാഗ്മ നടത്തുന്ന സാഹിത്യ മാനുഷിക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ മീനാ കാക്കൊട്ക്കറും, കഥാകൃത്തും, നോവലിസ്റ്റുമായ കണക്കൂര്‍ സുരേഷ്കുമാറും വിശിഷ്ടാതിഥികള്‍  ആയിരുന്നു.   

 

  മലയാള മിഷന്‍അദ്ധ്യാപകരുടെ പ്രാര്‍ഥനാ ഗാനത്തോട്‌ കൂടി തുടങ്ങിയ പരിപാടിയില്‍ ഫാഗ്മാ പ്രസിഡന്‍റ് എന്‍. പി വാസുനായര്‍ സദസ്സിനെ സ്വാഗതം ചെയ്തു. ഫാഗ്മ ജനറല്‍സെക്രട്ടറി ലക്ഷ്മണ്‍ കസ്തൂരി ഫാഗ്മയുടെ പ്രവര്‍ത്തനങ്ങള്‍ സദസ്സിനു പരിചയപ്പെടുത്തി. പ്രോഗ്രാം കണ്‍വീനര്‍ രാജേശ്വരി ജി നായര്‍ ഗോവാ സാഹിത്യ സംഗമത്തിന്‍റെ നാള്‍വഴികളെക്കുറിച്ച് സംസാരിച്ചു.                        .

 ഉദ്ഘാടന ചടങ്ങില്‍ രമ പ്രസന്ന പിഷാരടിയുടെ ‘വാക്കിലൊതുങ്ങാത്തമൌനം’(കവിതാ സമാഹാരം), ‘അമ്മുവിന്‍റെ ഭൂമി’ (ബാലസാഹിത്യം) ബ്രിജിയുടെ ‘കാണാപ്പുറങ്ങള്‍’ (ബാലസാഹിത്യം), ശ്രീദേവി പ്രസാദിന്‍റെ ‘ചേതോഗതം’ (ലേഖന സമാഹാരം), രാജേശ്വരി ജി നായരുടെ ’സ്മൃതിയിടം’(ഓര്‍മ്മക്കുറിപ്പുകള്‍) തുറങ്ങിയ പുസ്തകങ്ങള്‍ പി. രാമന്‍ പ്രകാശനം നിര്‍വഹിച്ചു.

 

അതിഥികളെയും, ഗോവയിലെ സാമൂഹിക സാംസ്കാരിക മേഖലകളെ സമ്പുഷ്ടമാക്കിയ വിശിഷ്ട വ്യക്തിത്വങ്ങളെയും ചടങ്ങില്‍ ആദരിച്ചു.ഫാഗ്മ ജോയന്‍റ് ട്രഷറര്‍ പ്രസാദ് നായരുടെ നന്ദി പ്രകാശനത്തോടെ സുധാ ജിതേന്ദ്രന്‍ അവതാരകയായിരുന്ന ഉദ്ഘാടന ചടങ്ങിനു വിരാമമായി.       തുടര്‍ന്നു ‘ലഹരിയില്‍ മയങ്ങുന്ന യുവത്വം’--കാരണങ്ങളും, പ്രതിവിധികളും എന്ന വിഷയത്തില്‍ കവിയും അധ്യാപികയുമായ  സന്ധ്യ എന്‍. പി നയിച്ച ചര്‍ച്ച കാണികളില്‍ ആവേശമുണര്‍ത്തി. സിനിമാ സീരിയല്‍ നടന്‍ ദിനേശ് ചീരാശ്ശേരി അവതാരകനായിരുന്നു.

 

  അതീഖ് ബെവിഞ്ച നയിച്ച ‘അക്ഷര മധുരം’ പുസ്തക പരിചയത്തില്‍ ചടങ്ങില്‍ പ്രകാശനം ചെയ്ത പുസ്തകങ്ങള് അനില്‍ മിത്രാനന്ദപുരം, ഇന്ദിരാ ബാലന്‍, ഇ. മനോജ്‌ എന്നിവര്‍ പരിചയപ്പെടുത്തി. പ്രശസ്ത നാടക നടനായ ശിവന്‍ അയോധ്യയുടെ ‘നാറാണത്ത് ഭ്രാന്തന്‍’ ദൃശ്യാവിഷ്ക്കാരം കാണികള്‍ക്ക് ഹരം പകര്‍ന്നു. കെ.പി ജോണ്‍സന്‍റെ മൌത്ത് ഓര്‍ഗനും, ഗോവാ മലയാളം മിഷന്‍ കുട്ടികളുടെ ചെറു നാടകത്തിനും ശേഷം അന്നത്തെ പരിപാടികള്‍ക്ക് വിരാമമായി.

 

രണ്ടാം ദിനത്തില് ഇന്ദിരാ ബാലന്‍ നയിച്ച ‘കാവ്യ സുധ’-കവിയരങ്ങിലും, ബ്രിജി നയിച്ച ‘കഥാസാര്‍--കഥയരങ്ങിലും, രമ പ്രസന്ന പിഷാരടി നയിച്ച ‘കാവ്യമാലിക’--ബഹുഭാഷാ കവിയരങ്ങിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ പങ്കെടുത്തു. ബഹുഭാഷാ കവിയരങ്ങ് പ്രശസ്ത കൊങ്കണി സാഹിത്യകാരനും, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ദേവിദാസ് കദം ഉദ്ഘാടനം ചെയ്തു. സുധാ ജിതേന്ദ്രന്‍, പ്രീതാപി. നായര്‍, രമേശ്‌ കൈഗ എന്നിവര്‍ അവതാരകരായിരുന്നു.  

 

അനിലാ പ്രകാശ് നയിച്ച ‘കുട്ടിക്കവിയും കുട്ടികളും’ എന്ന പരിപാടിയില്‍ പ്രശസ്ത ബാലകവി അസുരമംഗലം വിജയകുമാറും കുട്ടികളുമായുള്ള സല്ലാപവേള ഹൃദയഹാരിയായിരുന്നു, ഒപ്പം വിഞാനപ്രദവും.

 

  കലാമണ്ഡലം സബിതാ കുമാറും സംഘവും അവതരിപ്പിച്ച ‘സൂര്യകാന്തി നോവ്’ കാവ്യ ദൃശ്യാവിഷ്ക്കാരം കാണികള്‍ക്ക് അവിസ്മരണീയാനുഭവമായി. ഉച്ചയ്ക്ക് ശേഷം ‘അന്ധവിശ്വാസം അന്ധത പടര്‍ത്തുമ്പോള്‍’ എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ കണക്കൂര്‍ സുരേഷ്കുമാര്‍ നയിച്ച ഓപ്പണ്‍ ചര്‍ച്ചയില്‍ സദസ്സ് ആവേശത്തോടെ പങ്കെടുത്തു. അജിത്‌ പള്ളം അവതാരകനായിരുന്നു. തുടര്‍ന്നു ഇ. മനോജ്‌ നയിച്ച ‘നാട്ടരങ്ങ്’ നാടന്‍ പാട്ട് ഹൃദ്യമായ സംഗീത വിരുന്നായി. ബാബു രാഘവന്‍റെ പ്രമേയാവതരണം പരിപാടികളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച സദസ്സിനു നല്‍കി. ജോണ്‍സണ്‍ പള്ളം അവതാരകനായി നടന്ന സമാപന സമ്മേളനത്തില്‍ വിവിധ സംഘടനാ ഭാരവാഹികള്‍ പങ്കെടുത്തു. ഫാഗ്മാ പ്രസിഡന്‍റ് രമേശ്‌ ബാബു സദസ്സിനെ സ്വാഗതം ചെയ്തു. കുട്ടികള്‍ക്കായി നടത്തിയ മത്സരങ്ങളുടെ സമ്മാനങ്ങളും, ബാലശ്രീ അവാര്‍ഡും ചടങ്ങില്‍ പി. രാമന്‍ വിതരണം ചെയ്തു. ജോയന്‍റ് സെക്രട്ടറി ജിതേന്ദ്രന്‍ നായര്‍ നന്ദി പ്രകാശനം നടത്തി. പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് എത്തിയ മഴ സാഹിത്യ പ്രേമികളില്‍ കുളിരായി പെയ്തിറങ്ങിയപ്പോള്‍ വീണ്ടും കാണാം എന്ന വാക്കില്‍ പുണര്‍ന്ന് എല്ലാരും രവീന്ദ്ര ഭവന്‍റെ നടകളിറങ്ങി.

Share :