സ്ഥിരംപംക്തി / കവിത

അൻസാർ വർണന
മുഴക്കോൽ ഒരു പേടി വസ്തുവാകുമ്പോൾ

തൊപ്പിയും

താടിയും

ആചാരമാകുന്നു

സംസ്കാരവും

 

അവർ

നെഞ്ചിലെ ചോരയാൽ

കാലഭിത്തിയിൽ

ചുവടടയാളമിട്ട്

കാലാതിവർത്തിയാം

ചരിത്രം നെയ്തവർ

 

അവർ

ആത്മ ത്യാഗികൾ

വിശുദ്ധിയുടെ നേരടയാളം

 

നോക്കൂ

ചരിത്രമെന്നത്

സൗന്ദര്യ ശാസ്ത്രമോ

ദർശനമോ അല്ല

 

ചോര പൊടിഞ്ഞ

വേദനയുടെ

ജീവൻ വെടിഞ്ഞ

സഹനത്തിന്റെ

ഓർത്തുവെക്കലുമാണത്

 

ത്യാഗികളുടെ

പുതു രക്തവും

ഒപ്പം ചേരുമ്പോഴേ

നമ്മൾ 

രാഷ്ട്രമാകുന്നുള്ളു

 

നമ്മൾ

നേരിന്റെ കാഴ്ചക്കാരാണ്

സംസ്കൃതിയുടെ കാവൽക്കാർ

ഇപ്പൊഴും 

ഹിന്ദുസ്ഥാനികൾ

 

'ചിലര'തിൽ

പാകിസ്ഥാനെ കാണുന്നു

 

ഇന്ത്യൻ ദേശീയതയുടെ

മുഴക്കോൽ 

ഇപ്പൊഴിങ്ങനെയാണ്

 

ഒറ്റ ചോദ്യമേയുള്ളു..

 

അന്നവർ തെറിപ്പിച്ച ചോരയും

തൂക്കുമരങ്ങളിലേക്ക് നടന്ന

കാലടികളും

എങ്ങനെയാണ് അളന്നെടുക്കുക

 

പക്ഷേ

ഇവിടെയിപ്പോൾ മുഴക്കോൽ 

ഒരു പേടി വസ്തുവാകുന്നു

 

കാത്തിരിക്കാം നമുക്കിനിയും

കാഴ്ചയുടെ പച്ച

നാളെ നാമ്പിടുമായിരിക്കും 

അല്ലെങ്കിൽ

മറ്റന്നാൾ തീർച്ചായായിട്ടും

 

വെളിച്ചത്തെ തടഞ്ഞും

മുളകളെ ചെറുത്തും

കാലത്തിനു ഒഴുകാനാവില്ല

 

 

Share :