സ്ഥിരംപംക്തി / കവിത

 ഷീല ലൂയിസ്. പച്ചാളം
ആകാശമേലാപ്പുകളില്‍ നിന്ന് നീ....

ചിങ്ങവെയില്‍ചിണുങ്ങി നിന്നൊരു പകലിരവില്‍

ചാഞ്ചാടി നിന്ന ഘടികാരംപോലെ നീയന്നു

ചാരെയെഴുന്നേറ്റു വേദനയാല്‍ പുളഞ്ഞനേരം.

ചാരിക്കിടന്നെന്‍ തോളിലന്നേരം മുകനായി.

അന്തിനേരത്തവിടെ ഐസിയുവിന്‍റെ വാതില്‍

അന്തിച്ചുനിന്ന എന്‍മനസ്സിന്‍റെ മുന്നിലാരോ

വലിച്ചടച്ചതെന്‍റെ വിധിയോ കാവലാളോ ?

തല്ലിയുടച്ചല്ലോയെന്‍ പ്രണയ പൂത്താലിക

ചില്ല്ചീളുകളായ് തറഞ്ഞുകേറിയുള്ളില്‍

നോവുകള്‍ആത്മാവിനെ കീറിപ്പിളര്‍ത്തി .......

ഓര്‍മ്മകള്‍ ഞെറിഞ്ഞൂര്‍ന്നു അന്തരാത്മാവിലെങ്ങും

എന്നില്‍ കോര്‍ത്തുകൊളുത്തിവച്ചിരുന്നു മിഴികള്‍

എന്നോടു വിടചൊല്ലാതെ നീയെങ്ങുപോയ് പ്രിയനേ

 

ഇരുട്ട് ഇടനാഴികളില്‍ പതുങ്ങിവന്നു

മൌനം ഇടറിവീണു കണ്ണീരൊഴുക്കിനിന്നു.

ഇരുട്ട് വാക്കുകളും ബോധവും വിഴുങ്ങിയ-

പ്പോളത് ശൂന്യമായ അഗാധതയിലേക്ക്

പെടുന്നനെയെന്നെ തള്ളിയിട്ടു ശ്വാസമില്ല.

ഇരുട്ട് കട്ടയിരുട്ട്.. ഇടിവെട്ടി മിന്നല്‍

പ്പിണരുകളെമ്പാടും. നിന്‍പ്രാണന്‍ വേര്‍പിരിഞ്ഞ

തിരിച്ചറിവിലെന്‍റെ ഹൃദയ ധമനികള്‍

വേരറ്റുവീണു. പെരുമഴപ്രളയമായി.

നിന്നിലത്രമേല്‍ പ്രണയാര്‍ദ്രമായ് നിന്‍സ്നേഹ

നീരാളതണുവില്‍ ഞാന്‍ പുതഞ്ഞു കോച്ചിവീണു.

 

നിന്‍കുഴിമാടത്തില്‍ മെഴുകുതിരികളെല്ലാം

ആര്‍ദമായെരിഞ്ഞുതീരവെ..വിരഹിണി

യെന്‍ഹൃദയം മിടിച്ചതെല്ലാം മുഴങ്ങുംമണി

നാദത്തിലൊടുങ്ങിയെങ്കിലും ഞാനറിയുന്നു

ശാന്തതയുടെ ഒരറ്റത്തോരേക താളമായി

അനുഭവഭേദ്യമാം നിന്‍നിഷ്കളങ്കസ്നേഹം

ഇരുളിന്‍ കടലാഴങ്ങള്‍ താണ്ടി തിരിച്ചെന്നി

ലേക്ക് കരളിനുറപ്പാകുന്നു മെല്ലെ മെല്ലെ

കരയാനശക്തയെങ്കിലുമാ പ്രതീക്ഷകള്‍.

 

വാക്ക് വാക്കിനോടു ചേര്‍ന്നുനില്‍ക്കും കവിതപോല്‍

വാടാതെ തളരാതെ കണ്ണീരും കിനാക്കളും

വിയര്‍പ്പും ചാലിച്ചുമെനഞ്ഞ നമ്മുടെ കളി-

വീടിന്‍ മുന്നിലേകയായി നില്‍ക്കേ നീ പണ്ടോതി

യൊരു പഴമൊഴിയെന്‍ കാതില്‍സ്പന്ദിക്കുന്നുണ്ടു.

 

സല്‍കര്മ്മം ചെയ്യുക നാം പ്രതിഫലേഛവേണ്ട

സഹജരോടു പരിഭവമരുത് സഖി

മാനവര്‍ പലവിധമല്ലേ മറന്നുപോകും

ആരില്‍നിന്നും തിരിച്ചൊന്നും പ്രതീക്ഷയരുത്

ആകുലയായാവലാതിവേണ്ട തന്‍സുതരോടും.

 

ആകാശമേലാപ്പിനടരുകളില്‍ നിന്നുനീ

അരൂമയോടെ മിഴിനീരോപ്പുന്നെന്‍ പുണ്യമേ...!

 

 

 

Share :