സാഹിത്യ ലോകം  / യാത്ര

കവിത മനോഹർ
ഓർമ്മയിൽ ഒരിടം

അങ്ങനെ, മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍  കണ്ടുമുട്ടിയിരിക്കുന്നു…

കാര്യവട്ടത്ത് എം.എ സോഷ്യോളജിക്ക്  ഇലക്ടീവായി ലിംഗത്വപഠനം തെരഞ്ഞെടുത്തപ്പോഴാണ്, സീമട്ടീച്ചര്‍ വഴി സില്‍വിക്കുട്ടി എന്ന പേര് കേള്‍ക്കുന്നത്.അന്നയും കര്‍ത്താവും ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു.  ഓരോ കഥയും അടുത്തത് വായിക്കാന്‍ പ്രേരിപ്പിക്കുന്ന വിധമാണ്. നേരിട്ടറിഞ്ഞതും, അറിഞ്ഞുകൊണ്ടിരിക്കുന്നതും, കൂട്ടുകാര്‍ പറഞ്ഞതും  തുടങ്ങി ഒരുപാടനുഭവങ്ങളുമായി  ആ കഥകള്‍ക്ക് സാമ്യം തോന്നി. പല കഥകളിലും ഞാനെന്നെത്തന്നെ കണ്ടു. എനിക്ക് തോന്നിയത്, ഞാന്‍ പറയാനുദ്ദേശിച്ചത്, എന്റെ സങ്കടങ്ങള്‍, എന്റെ സന്തോഷങ്ങള്‍ അങ്ങനെ കഥകളില്‍ പലയിടത്തും ഞാന്‍…ഞാന്‍ തന്നെയാണിതെന്ന് തോന്നിക്കൊണ്ടേയിരുന്നു.  നിശ്ചയദാര്‍ഡ്യം നിറഞ്ഞ സാരോപദേശകഥകളാണവയെന്ന് സക്കറിയ അവതാരികയില്‍ പറയുന്നുണ്ട്. ഒദ്യോഗികം, ഓണന്‍, അവനും ഞാനും, നവോത്ഥാനനായകന്‍, ദാമ്പത്യം, സഹനം… തുടങ്ങി ഹൃദയമുടക്കിപ്പോകുന്ന 32 ചെറുകഥകള്‍.

അന്ന് ക്ലാസ്സിലിത് ചര്‍ച്ചക്കെടുത്തപ്പോഴും ഈ എഴുത്തുകാരിയെ ഇതുവരെയറിയാത്തതിലും വായിക്കാത്തതിലും സങ്കടം തോന്നിയിരുന്നു. ലൈബ്രറിയില്‍ ചെന്നിട്ടും സില്‍വിക്കുട്ടിയുടെ മറ്റ് പുസ്തകങ്ങള്‍ കിട്ടിയില്ല.  പുസ്തകമേളകളില്‍, ബുക്ക്സ്റ്റോറുകളില്‍ പേര് തിരക്കിയിട്ടും നിരാശയായിരുന്നു ഫലം. പിന്നീട് പലയിടത്ത് നിന്നായി ചില കഥകള്‍ വീണ്ടു  വായിച്ചു. നിശ്ചയമായും, ഇതെഴുതിയ ആളെ ഒരിക്കലെങ്കിലും കാണണം, മിണ്ടണം എന്ന് വീണ്ടും വീണ്ടും ഉറപ്പിച്ചു.

പഠനവും പഠിപ്പിക്കലുമായി തിരുവന്തപുരത്ത് നിന്ന് കാലടിയും തൃശൂരും വഴി തൊടുപുഴയിലേക്ക് വീണ്ടുമെത്തി. അപ്പോള്‍ എഴുത്തുകാരിയെ വീണ്ടും കാണണം എന്ന് തോന്നി. ഒരിക്കല്‍ കൂടി ശ്രമിച്ചുനോക്കി. .അറിയാവുന്നവരും അറിയാന്‍ സാധ്യതയുള്ളവരുമായി കോണ്‍ടാക്റ്റ് ചെയ്തു. അവസാനം ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം അധ്യാപികയിലൂടെ നോവലിസ്റ്റ് കെ.വി മണികണ്ഠന്‍ വഴി നമ്പര്‍ കയ്യില്‍ കിട്ടി. ഒട്ടും താമസിച്ചില്ല വളരെ വൈകിയെങ്കിലും ആ രാത്രി തന്നെ ടീച്ചര്‍ക്ക് മെസ്സേജയച്ചു. വാഴക്കുളത്താണ് വീടെന്നും, റിട്ടയര്‍ ചെയ്തു, വീട്ടിലുണ്ടെന്നും, കാണാം വിളിച്ചിട്ട് വരൂ എന്നും മറുപടി. 

മെസ്സേജിന് മറുപടി  കിട്ടിയതോടെ ആകെ സന്തോഷത്തിലായി.

വീട് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല.  കഥകളില്‍ കാണുന്ന വളര്‍ത്തുമൃഗങ്ങളൊക്കെയുള്ളൊരു വീട്…

ഒടുവില്‍ ആളെ കണ്ടു..അങ്ങനെ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആരാധനാകഥാപാത്രത്തെ നേരില്‍ക്കണ്ട സന്തോഷം. ആദ്യമായാണ് കാണുന്നത്, പക്ഷേ കണ്ടതുമുതല്‍ വീട്ടില്‍ നിന്നറങ്ങും വരെ ഞങ്ങളുടെ സംസാരം മുറിഞ്ഞതേയില്ല. 

മലയാള ചെറുകഥയിലെ സ്ത്രീ, പെണ്ണെഴുത്തുകള്‍, വിവാഹം, പ്രണയം, സൌഹൃദം, സിനിമ… നിരവധി വിഷയങ്ങള്‍.  

അവസാന 20 മിനിറ്റിനു വേണ്ടി കാന്തരയിലെ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീ വിരുദ്ധത, ബോഡി ഷേമിങ്ങ്, ഭിന്നശേഷിയുള്ള കുട്ടികളെ അപമാനിക്കല്‍ ഒക്കെ സഹിച്ച് അവസാനം വരെ കണ്ടിരിക്കേണ്ടി വന്നതിന്റെ ബുദ്ധിമുട്ട് പങ്കുവെക്കാന്‍ ഒട്ടും മടിയുണ്ടായിരുന്നില്ല ടീച്ചര്‍ക്കും.

സ്ത്രീകള്‍ക്ക് പുരുഷ സൌഹദങ്ങളുണ്ടാവണമെന്നാണ് ടീച്ചറുടെ നിലപാട്.  പക്ഷേ വളരെ മനോഹരമായി സാഹിത്യം എഴുതുന്ന, വളരെ സ്നേഹവും,സൌഹൃദവും പ്രകടിപ്പിക്കുന്ന,  ഇന്റലക്ച്വലായ പുരുഷ സൌഹൃദങ്ങളിലേക്ക് ആഴത്തില്‍ ചെന്നുനോക്കൂ, അവരെ ഒറ്റക്ക് കണ്ട് നോക്കൂ, മനുഷ്യവിരുദ്ധമായ ജീവിത ശൈലിയുടെ നിറകുടമായിരിക്കും പലരും എന്നതില്‍ സംശയമില്ലെന്ന് പറയുമ്പോള്‍, തീര്‍ച്ഛായയും പല മുഖങ്ങളോര്‍മ വന്നു. 

വിവാഹം ചോയ്സാകുമ്പോഴും അത് തെരഞ്ഞെടുക്കാതെ വരുമ്പോഴുണ്ടാകുന്ന പ്രഷറും,വീട്ടിലെ, ദാമ്പത്യത്തിന്റ പവര്‍ സ്മൂത്തായിട്ടഴുകുന്നതിനെക്കുറിച്ചുമൊക്കെ ലളിതമായി  ടീച്ചര്‍ സംസാരിച്ചു.

"നിലപാടിലും അഭിപ്രായത്തിലും ഒറ്റപ്പെട്ടേക്കാം. ഒറ്റക്കാവുമ്പോഴും അവനവന് തുണ നല്‍കുക.പോരാടുക അത്ര തന്നെ… "എന്ന് ഓര്‍മിപ്പിച്ചു. 

പിന്നെ ടീച്ചറുടെ എഴുത്തുമുറിയിലേക്ക് ക്ഷണിച്ചു. വായിച്ചുപേക്ഷിച്ചവരാണ് ഓഷോയും, പൌലോ കൊയിലോയുമെന്ന് പറഞ്ഞു. പുസ്തകങ്ങളെക്കുറിച്ചായി പിന്നെ മിണ്ടലൊക്കെ…

ഇടക്ക് തിരിക്കുമൂലം എഴുതാതെയായയെങ്കിലും ഇപ്പോള്‍ അനുഭവക്കുറിപ്പുകള്‍ പ്രസിദ്ധീകരണത്തിനുള്ള  അവസാനഘട്ടത്തിലാണെന്നും ടീച്ചര്‍ സന്തോഷത്തോടെ പറഞ്ഞു.

ഇടക്കെപ്പോഴോ കണ്ണ് നിറഞ്ഞു - സന്തോഷവും സങ്കടവും കൊണ്ട്.

സമാനഹൃദയത്തിലുള്ളൊരാളെ കണ്ടെത്തുന്നത് ആനന്ദമാണല്ലോ.

പ്രിയപ്പെട്ട സൌഹൃദത്തിന്, ഇനിയും കാണുമെന്ന് ഉറപ്പുണ്ട് ഇനിയും കാണാതിരിക്കുന്നതെങ്ങനെ…

Share :