സ്ഥിരംപംക്തി / കവിത

അശ്റഫ് കല്ലോട്
പുതുവഴികളിലെ ഇരുണ്ട കാൽപ്പാടുകൾ

 വാക്കാവുന്ന പൂവിനാൽ

 തീർക്കാനായില്ല

 എനിക്കൊരു ബുക്കെ

 തീർന്നതാവട്ടെ ഒരു റീത്ത്

             ***

 ആരൊക്കെയോ

 ചേർന്നു വരച്ച ഒരു ഫ്രെയിമിൽ

 ഒരാകാശo

 വീർപ്പുമുട്ടുന്നു 

          ***

നേരമില്ലൊന്നിനും

 നേരെയാവാനും

          ***

അക്കങ്ങൾ മാത്രമാവുന്ന 

ഒരു നോട്ട് പുസ്തകത്തിൽ നിന്ന്

 അക്ഷരങ്ങൾ

 എങ്ങോട്ടാണ് ഒളിച്ചോടുക 

         ***

നിന്നെ ഞാൻ 

 ഹൃദയം കൊണ്ട് പ്രണയിച്ചു 

നീ എന്നെ 

മസ്തിഷ്കം കൊണ്ടും

            ***

കഠാരകൾ മിന്നി മറഞ്ഞു 

 ടാറിട്ട റോഡിലെ രക്തത്തിൽ നക്ഷത്രങ്ങൾ മുങ്ങിമരിച്ചു 

ചെകുത്താൻ ചിരിച്ചു

          ***

 അടച്ചുവെക്കപ്പെട്ട ആഴമുള്ള കിണറുകളിൽ

 നിന്നുയരുന്നു ഓരോ നിലവിളിയുo 

          ***

 ഗുരു അറിവ് നൽകി ശിഷ്യൻ മുറിവ് നൽകി

 

 ഇണയായി വന്നു നീ

തുണയായി നിൽക്കാൻ

 പണം ഫണം വിടർത്തി

നിണം കണങ്ങളായ് ച്ചിതറി

             ***

 ഉള്ളത് പറഞ്ഞവൻ ഉള്ളിൽ

 നുണ പറഞ്ഞവൻ നാട്ടിൽ 

           ***

എത്ര ഫ്ലാഷ് മിന്നിയിട്ടും വെളുത്ത് കണ്ടില്ല  പ്രണയത്തെ 

ഒന്ന് ഫോക്കസ്ചെയ്യാൻ........

         

 

 

Share :