സ്ഥിരംപംക്തി /  കഥ

രാഹുൽ കൈമല
ഒരു സ്മാൾ സ്റ്റോറി

" അല്ല ഓണം കഴിഞ്ഞില്ലേ. നീം  പൂവിടോ " ...

കോഴിക്കോട് വൃദ്ധാവൻ കോളനിയിലെ വേണുഗോപൻ്റെ വീട്ടിൽ പൂക്കളം കണ്ട് പരിചയപ്പെടാനെത്തിയ പുതിയ അയൽക്കാരി ശ്യാമള ചോദിച്ചു. ഇത് കേട്ട് വേണുഗോപൻ്റെ ഭാര്യ ഇന്ദിര തൻ്റെ തുളുനാട്ടിലെ പഴങ്കഥയുടെ കെട്ടഴിച്ചു. " അതേയ് ഞങ്ങടെ പൂവിടൽ ഓണത്തോടെ തീരണില്ല്യ. അത്തം പത്തിന് തുടങ്ങണതോല്ല. ചിങ്ങ മാസം മുഴോൻ ഞങ്ങള് പൂവിടും. ചിങ്ങാവസാനം പ്ലാവിലയിൽ ചുട്ട അട കഴിച്ചിട്ടാണ് അതിന് സമാപനം. വാതിൽപ്പടിയിലും പടിഞ്ഞാറ്റയിലും മുറ്റത്തും പൂവിടും. വെള്ള നിറമുള്ള മണ്ണ് വെള്ളത്തിൽ കലക്കി അതു കൊണ്ട് വരക്കുകയും ചെയ്യും.

ചീയോതി ന്ന് വിളിക്കണ പായൽ വർഗത്തില്ള്ള ഒരു ചെടിയെ ഞങ്ങൾ പൂവായി കണക്കാക്കും. അത് മുഖ്യമാണ്. ശ്രീഭഗവതിപ്പൂവാണത്രേ ചീയോതിപ്പൂവ്. 

വീട്ടുമുറ്റത്തും പറമ്പിലും കിട്ടുന്ന ഏത് പൂവും ഇടും. അൽമ്മാങ്കടം ന്ന ഹനുമാൻ കിരീടം, ചെമ്പരത്തി, വാഴപ്പൂ, ഗുലാമി അങ്ങനെയെന്തും.

പടിഞ്ഞാറ്റയിലും മുറ്റത്തും വട്ടത്തിലോ ചതുരത്തിലോ ചേടി കൊണ്ട് വരച്ച് അതിലാണ് പൂവിടാ. പടിഞ്ഞാറ്റയിൽ കിണ്ടിയിൽ വെള്ളം നിറച്ചു വെക്കും. വിളക്കും കത്തിച്ചു വെക്കും.

എല്ലാ ദിവസോം രാവിലെ പടികൾ തുടച്ചിട്ടേ പൂക്കളിടൂ. പടിഞ്ഞാറ്റയിൽ പൂക്കളിടുന്ന മധ്യഭാഗം തുടച്ച് വൃത്തിയാക്കുകയും ചെയ്യും. മുറ്റവും വൃത്തിയാക്കണം. ചാണക വെള്ളോം കുടയണം.

അവസാന ദിവസം രാവിലെ പൂവിട്ടതിനു പുറമെ സന്ധ്യയ്ക്ക് ഒന്നു കൂടി പൂവിടണം. അതിനു ശേഷം പൂക്കളിട്ട സ്ഥലത്തെല്ലാം തിരി കത്തിച്ചു വെക്കും. പ്ലാവിലയിൽ ചുട്ട അട കഷണങ്ങളാക്കി പടികളിലും പടിഞ്ഞാറ്റയിലും മുറ്റത്തുമെല്ലാം വെക്കും. കൊറച്ച് കഴിഞ്ഞ് വിളക്കു കെടുത്തി അപ്പം എടുക്കും. കഴിക്കും.

പിറ്റേന്ന് രാവിലെ പൂക്കളെല്ലാം എടുത്തു കളയണതോടെ ആഘോഷം കഴിയും.

ഒരു മാസത്തെ പൂവിടലിനിടയിൽ ഓണം വന്ന് പോവും. അങ്ങന്യാണ്."

ഇത് കേട്ട് ചിരിച്ചു കൊണ്ട് ശ്യാമള ഭർത്താവ് അശോകനെ നോക്കി പറഞ്ഞു " നമ്മുടെ പൂവിടലൊക്കെ എന്ത്! "

മറുപടിയായി അശോകൻ " അതെയതെ നീയൊരു പൂവേ ചോദിച്ചുള്ളൂ ... ചേച്ചിയൊരു പൂക്കാലം പറഞ്ഞു." ചിരിച്ചു കൊണ്ട് ഇരുവരോടുമായി ഇന്ദിര " ഉം ... നിങ്ങളിപ്പം ചായ കുടിക്ക് "

അശോകൻ ചായ ഒരു കവിൾ കുടിച്ച് " സാറെഴുന്നേറ്റില്ലായിരിക്കും. ഇന്നലത്തെ ഹേങ്ങ് ഓവർ..."

ഇന്ദിര " ഏയ് യോഗയിലാണ്. ഇപ്പം വരും ... പിന്നെ ഏട്ടനിപ്പം കഴിക്കാറില്ല്യട്ടോ. കുടി നിർത്തിയിട്ടിത് ആദ്യത്തെ ഓണാ ..."

ഇന്ദിരയുടെ മുഖത്ത് വിരഞ്ഞ മഴവില്ല് അതിരറ്റ സന്തോഷത്തിൻ്റെതായിരുന്നു. ആശയ കുഴപ്പത്തിലായ അശോകൻ തപ്പിതടഞ്ഞു ചോദിച്ചു " അല്ല ഇന്നലകൂടി സന്ധ്യ കഴിഞ്ഞ് സാറ് ബാറിലോട്ട് കയറി പോണത് കണ്ടായിര്ന്നു ! "

മറുപടിയായി ഇന്ദിരയുടെ മുഖത്ത് വീണ്ടും ചിരിയുടെ മഴവില്ലു വിരിഞ്ഞു. അങ്ങോട്ടെത്തിയ വേണുഗോപൻ അശോകന് അഭിമുഖമായി വന്നിരുന്ന് പറഞ്ഞു " അശോകാ ...

അങ്ങനല്ലെ പേര് " 

അശോകൻ " അതെ"

വേണുഗോപൻ " താൻ കണ്ടത് നേരാ. എടോ ഞാനും എൻ്റെ കുടുംബവും മാത്രം ഇന്നനുഭവിക്കുന്ന സന്തോഷം മറ്റുള്ളവരും കൂടെ ഒന്നനുഭവിക്കണ്ടെ. മനസ്സിലായില്ലല്ലേ. അതു പിന്നെ പറയാം"   "പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര സങ്കടണ്ട്. ദാ ഈ നെഞ്ചില് ഒരു സങ്കട കടല് കെടന്നങ്ങനെ ..."

മുഴുമിപ്പിക്കാതെ യുവാവ് ഒരു ഗ്ലാസ് മദ്യം വിഴുങ്ങി.

" അതിന് ... എടോ സ്വയം മാറാനുള്ള സന്നദ്ധതയാണ് ഏറ്റവും വലിയ വിപ്ലവം. അങ്ങനെ നോക്കുമ്പോൾ ഞാനിപ്പോൾ ഒരു വിപ്ലവകാരിയാണ്. വലിയ മാറ്റത്തിൻ്റെ വിപ്ലവകാരി. മാറ്റം അനിവാര്യമാണ്. അത് എങ്ങനെ എന്നുള്ളതാണ്. മനസ്സാണ് പ്രധാനം. മാറാനുള്ള മനസ്സ്. ചെറിയ ഒരു മെഴുകുതിരിയല്ല നമ്മുടെ ജീവിതം. അത് ജ്വലിക്കുന്ന ഒരു ദീപമാവണം. ഇതും പറഞ്ഞ് വേണുഗോപൻ തൻ്റെ ഗ്ലാസിലേക്ക് സോഡ നിറച്ചു. ബാർമേൻ ബിജു അടുത്ത് നിൽക്കുന്ന ബാർമേൻ സുരേഷിനോട് പറഞ്ഞു. "എന്തൊരു മാറ്റം !" "അതെയതെ വല്ലാത്തൊരു മാറ്റമായിപ്പോയി ! "സുരേഷ് മറുപടി പറഞ്ഞു. ഇരുവരും വേണുഗോപനെ തന്നെ നോക്കി നിന്നു. വേണുഗോപൻ തൻ്റെ എതിർവശത്തിരുന്ന് മദ്യപിക്കുന്ന യുവാവിനോട് ചിരിച്ചു കൊണ്ട് ചോദിച്ചു. "അനിയാ ഒരെണ്ണം കൂടി പറയട്ടെ." "വേണ്ട" ഇതും പറഞ്ഞ് യുവാവ് കണ്ണടച്ചു. വേണുഗോപൻ തുടർന്നു. "ഇതുവരെ ചെയ്തതിൻ്റെ തുടർച്ചയാവര്ത് ഇനിയുള്ള ജീവിതം. അങ്ങനെയാണ് മാറണ്ടത്. അങ്ങനേയേ മാറ്റമുണ്ടാവൂ"  യുവാവ് ബാർമേനെ വിളിച്ചു ബിൽ കൊണ്ടു വരാൻ പറഞ്ഞു. ഏതു നിമിഷവും ഇത് പ്രതീക്ഷിച്ചാണ് ബിജുവിൻ്റെ നിൽപ്പ്. അയാൾ സുരേഷിനോട് പറഞ്ഞു. " ടാ ആ ചങ്ങാതിയെ  ഇനി ഇങ്ങോട്ട് നോക്കണ്ട." സുരേഷിൻ്റെ പേടിയോടെയുള്ള മറുമൊഴി

" ഞാനതല്ലേ കൊറച്ച് നേരം പോലും വേണുസാറിൻ്റ അടുത്ത ചെന്ന് നിൽക്കാത്തത്. എങ്ങാനും മനസ്സ് മാറ്റിയാ, ഞാനിവിടത്തെ ജോലി കളഞ്ഞേച്ചു വീട്ടി പോവത്തില്ലേ."

ബിജു " അല്ലെടേയ് സാറെപ്പഴാ ബീഫേ കൈെവെച്ചേ മുമ്പിതൊന്നും ..." സുരേഷിൻ്റെ മറുമൊഴി

" അതിന്, മുമ്പ് ദേഹത്താകമാനം പൂജിച്ചു കെട്ടിയ ചരടല്ലായിര്ന്നോ... അതൊക്കെ മാറിയില്ലേ ... അതാടേ മാറ്റം. "

ഉൻമാദത്തിൻ്റെ വീര്യത്തിൽ സ്‌നേഹിച്ചും വിലപിച്ചും പോർവിളിച്ചും സാന്ത്വനിപ്പിച്ചും സുരപാനികൾ. അരണ്ട വെളിച്ചത്തിൽ ഒരാൾ മാത്രം സ്വബോധത്തോടെ ബാറിലിരിക്കുന്നു. ഒരു സോഡയും ബീഫ് ഫ്രൈയുമായി! വേണുഗോപൻ. ബാങ്കിൽ നിന്നും പെൻഷൻ പറ്റി പിരിഞ്ഞിട്ടും മദ്യപാന ശീലത്തിൽ നിന്നു പിരിഞ്ഞിട്ടും ആറു മാസമായി. കഴിഞ്ഞ ഇരുപത് വർഷമായി ഈ ബാറിലെ സ്ഥിരം കസ്റ്റമറായിരുന്നു ഇദ്ദേഹം. ഇപ്പോഴും ഇരുട്ട് വീഴുമ്പോൾ ബാറിലെത്തും. മണിക്കൂറുകളോളം സുരപാനികളുമായി സംസാരിച്ചിരിക്കും. തൻ്റെ തന്നെ ജീവിത പുസ്തകം അവർക്ക് മുമ്പിൽ തുറന്നു വെക്കും. അതിൽ തത്വശാസ്ത്രവും മനശാസ്ത്രവും ചിലപ്പോൾ തർക്കശാസ്ത്രവും ഇടകലർത്തി ഒരു പറച്ചിൽ പയറ്റാണ്. പറയുന്നത് തികഞ്ഞ മദ്യപാനിയായിരുന്ന ഒരാളാവുമ്പോ മദ്യപാനികൾക്ക് കേൾക്കാതിരിക്കാനും തരമില്ല. ആദ്യമൊക്കെ കൂടെ മദ്യപിച്ചിരുന്ന സ്ഥിരം കമ്പനിക്കാരെയാണ് ശരിപ്പെടുത്തിയത്. പിന്നെയത് വേണുഗോപൻ്റെ അടുത്തിരിക്കുന്ന, ടേബിളിനു ചുറ്റുമിരിക്കുന്നവരിലേക്കു വ്യാപിച്ചു. ഏതായാലും ഇന്നത്തെ പറച്ചിൽ പയറ്റവസാനിപ്പിച്ച് മുമ്പിലിരുന്ന യുവാവുമായി വേണുഗോപൻ എഴുന്നേറ്റു. ഓണം കഴിഞ്ഞെങ്കിലും ഓണാഘോഷം കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ ഓണത്തല്ലുണ്ടാവുന്നതും പല തരത്തിലുള്ള ഓണ പൂക്കളം വാളായി വെക്കുന്നതും ബാറിലാണല്ലോ. ഇക്കുറിയും ആ വക ഓണാഘോഷം പൊടി പൊടിക്കുകയാണ്. ആ ആഘോഷങ്ങൾക്കിടയിലൂടെ യുവാവിൻ്റെ തോളത്ത് കയ്യിട്ട് വേണുഗോപൻ മദ്യശാല വിട്ടിറങ്ങി. അടുത്ത ദിവസം ഇരുട്ട് വീണപ്പോൾ അയാൾ വീണ്ടുമെത്തി. മറ്റൊരു മദ്യപാനിക്കു മുമ്പിലെ ടേബിളിലിരുന്നു. അശോകൻ തൻ്റെ മുന്നിലിരിക്കുന്ന വേണുഗോപനെ നോക്കി ചിരിക്കാതൊന്ന് ചിരിച്ചു. " എത്ര പണം ചെലവാക്കി പഠിച്ച വിദ്യയാല്ലേ. ആദ്യമൊക്കെ  വേണ്ടപ്പെട്ടവർക്കൊപ്പം വേണ്ടതൊക്കെ സാധിച്ചു കൊടുക്കാനും വേണ്ടതൊക്കെ സാധിച്ചു കിട്ടാനും, വാങ്ങി കൊടുത്തും വാങ്ങി കുടിച്ചും വല്ലപ്പോഴും ഒക്കേഷണൽ ഡ്രിങ്കിങ്ങ്. പിന്നയീ സ്മാള് ലാർജായി കൂട്ടം തെറ്റി ഒറ്റക്കായി സ്ഥിരമായി ഫുള്ളായി ഫുൾസ്റ്റോപ്പില്ലാതെയായി.

624 കോടിയുടെ മദ്യമാണ് ഈ ഓണത്തിന് ഏഴ് ദിവസം കൊണ്ട് നമ്മുടെ കേരളം കുടിച്ചു തീർത്തത്. മദ്യത്തിൻ്റെ കാര്യത്തിൽ നമ്മൾ വലിയ ജനകീയ മുന്നേറ്റമാണ് നടത്തിയത്. ഇതങ്ങനെ പെട്ടന്ന് ഉപേക്ഷിക്കാൻ പാടാ. അപ്പൊ പിന്നെ അശോകൻ കഴിക്ക് " അശോകനോട് ഇത്രയും പറഞ്ഞ് വേണുഗോപൻ സുരേഷിനെ ഒന്നു നോക്കി. പതിവു പോലെ സുരേഷെത്തി. സോഡയും ബീഫ് ഫ്രൈയുമായി !

Share :