ഓർമ്മ /അനുസ്മരണം / 

ഫൈസൽ ബാവ
കാക്കനാടന്റെ കഥാലോകം

കഥകളിലൂടെ വിസ്മയ പ്രപഞ്ചങ്ങൾ തീർത്ത ആധുനികതയുടെ കാലത്തെ ശക്തനായ വക്താവും ആധുനികതയുടെയും പൗരാണികതയുടെയും വിചിത്ര സങ്കലനങ്ങളിലൂടെ  എഴുത്തിന്റെ വ്യത്യസ്ത ലോകം തീർത്ത

എഴുത്തുകാരനാണ് കാക്കനാടൻ എന്ന തൂലികാ നാമത്തിൽ പ്രശസ്തനായ ജോർജ്ജ് വർഗീസ്‌. 2011 ഒക്ടോബർ 11നാണ് കാക്കനാടൻ നമ്മെ വിട്ടുപോയത്.

കാക്കനാടന്റെ കഥകളുടെ ലോക വ്യത്യസ്തവും വിചിത്രവുമാണ്, വിസ്മയിപ്പിക്കുന്ന രചനാ കൗതുകത്തിൽ നാം മുഴുകിപ്പോകും. കാക്കനാടന്റെ കഥകളെക്കുറിച്ച് പ്രശസ്ത നിരൂപകനായ എംകെ ഹരികുമാർ പറഞ്ഞത് പ്രസക്തകമാണ്.

"കാക്കനാടന്റെ എഴുത്തിന്റെ ശക്തി അപഗ്രഥിക്കപ്പെടേണ്ടതാണ്. ഒരു ചെറുകഥാകൃത്തിനും ഇത്രയും ഊർജ്ജം സംഭരിച്ചു എഴുതാനാകില്ല. ഏത് അനുഭവത്തിന്റെയുള്ളിലേക്കും ഈ എഴുത്തുകാരനു പോകാൻ കരുത്തുണ്ട്. നനാവിധത്തിലുളള ജ്വരങ്ങളാണ് കഥകളെഴുതുമ്പോൾ  അദ്ദേഹത്തെ ഭരിക്കുന്നത്. തീക്ഷ്ണ വികാരങ്ങളുടെ ഒഴുക്ക് ആ കഥകളുടെ പ്രത്യേകതയാണ്. കർക്കശമായ, മറയില്ലാത്ത ജീവിതസമീപനം കാണണമെങ്കിൽ, കാക്കനാടന്റെ കഥകൾ വായിക്കണം. വാസ്തവത്തിൽ ഇദ്ദേഹം കഥാകൃത്തല്ല, കവിയാണ്"

ഈ നിരീക്ഷണം കൃത്യമാണ്. കാക്കനാടൻ കഥകളിലെ വ്യത്യസ്ഥത മനസിലാക്കാൻ   കാലപ്പഴക്കം, അധിനിവേശപ്പട, മമത, ശ്രീചക്രം, നീലഗ്രഹണം, പതിനേഴ്,... ഇങ്ങെനെ ഒട്ടേറെ കഥകൾ ഉദാഹരണമായുണ്ട്.

ആദ്യകാല കഥകളിൽ ഒന്നായ  'കാലപ്പഴക്കം' തന്നെ നോക്കുക. യാഥാർത്ഥ്യാവിഷ്കാരത്തിലൂടെ  മുഖ്യകഥാപാത്രത്തിന്റെ ചിത്തവ്യത്തികളിലൂടെ രൂപപ്പെടുന്ന കഥാഘടന, മരണത്തിന്റെ അന്തരീക്ഷത്തിലൂടെ ജീവിതത്തിന്റെ ചിത്രങ്ങൾ വരച്ചുവെക്കുമ്പോൾ മുഖ്യ കഥാപാത്രത്തിലൂടെ ജീവിതത്തിൻേറയും മരണത്തിന്റെയും സൂക്ഷ്മ ചിത്രം വരച്ചുവെക്കുന്നതിലൂടെ  നിസ്സംഗതയുടെയും ഇഴകളും മറ്റും ചേർന്ന് കേവലം യഥാതഥത്തിനപ്പുറത്തുള്ള ഭാവ ഛായ ആ ചെറുകഥയ്ക്കു ലഭിക്കുന്നുണ്ട്.

നമ്മുടെ സാമൂഹ്യ സാസ്കാരിക പരിസരങ്ങളിൽ സംഭവിക്കുന്ന അധിനിവേശങ്ങളേ  സൂചിപ്പിക്കുന്ന കഥയാണ് 'അധിനിവേശപ്പട'

കാക്കനാടന്റെ വേറിട്ടൊരു രചനാ ആവിഷ്കാരമാണ് ഈ കഥ. കാക്കനാടന്റെ അധിനിവേശപ്പട എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. "പിന്നീട് ഞങ്ങൾ, പടയാളികൾ, നിന്റെ നഗരപ്രാകാരങ്ങളിൽ എത്തി. കഴിഞ്ഞ ദിവസങ്ങളിൽ നീ കേട്ടിരുന്ന ഇരമ്പങ്ങൾ, നിന്റെ നഗരാതിർത്തികൾക്കു പുറത്തെ സമതലങ്ങളിൽനിന്നു ആകാശങ്ങളിലേക്കുയർന്ന് സൂര്യചന്ദ്രന്മാരുടെ പ്രകാശങ്ങളെ മായ്ച്ചിരുന്നതും നിന്റെ ആകാശത്തെ ഒരു നിത്യനിശയാക്കിത്തീർത്തിരുന്നതുമായ ധൂമ പടലങ്ങൾ എന്നിവ ഞങ്ങളുടെ വരവറിയിക്കുന്നവയായിരുന്നു. ഞങ്ങളുടെ പീരങ്കികളുടെ ഗർജനം നിനക്കോ നിന്റെ നഗരത്തിനോ നിദ്ര തന്നിരുന്നുന്നില്ല. ഞങ്ങളുടെ അനിവാര്യമായ ആഗമനം പ്രതീക്ഷിച്ചിരിക്കാനേ നിന്റെ നഗരത്തിനു കഴിഞ്ഞിരുന്നുള്ളു."  ആഖ്യാനം കൊണ്ട് വ്യത്യസ്തമായ ഈ കഥ നമ്മുടെ സമൂഹത്തിന്  നേരെ പിടിക്കുന്ന നാം തിരിച്ചറിയേണ്ട  കണ്ണാടിയാണ്.

"നീ പറഞ്ഞു: 'സഹോഹദാരന്മാരെ, നിങ്ങൾ എന്റെ നഗരത്തെ നശിപ്പിച്ചിരിക്കുന്നു. എന്റെ യോദ്ധാക്കൾ നിങ്ങളോടു പടവെട്ടി വീരമൃത്യു വരിച്ചിരിക്കുന്നു. അവരുടെ സ്ത്രീകൾ ശിരോവസ്ത്രം കീറി വിലാപത്തിൽ കഴിയുന്നു. അവരും നിങ്ങളുടെ മൃഗീയമായ ആക്രമണത്തിനു വിധേയരായിരിക്കുന്നു. പിന്നെ, എനിക്കെന്തിന് ആർക്കും വേണ്ടാത്ത ഈ ശിരോവസ്ത്രം"

ഏതർത്ഥത്തിലും അധിനിവേശമെന്ന കടന്നുകയറ്റം വിജയത്തേക്കാൾ പരാജയത്തെയാണ് പ്രതിനിധീകരിക്കുന്നത്.

'യൂസഫ്സാരായിലെ ചരസ് വ്യാപരി' എന്ന കഥയിൽ എത്തുമ്പോൾ മറ്റൊരു തലത്തെയാണ് വരച്ചുകാട്ടുന്നത്.  കാലങ്ങൾ താണ്ടി ഈ കഥ വായിക്കുമ്പോൾ പഴയ കാല വിപ്ലവ ഓർമ്മകളെയും ഒപ്പം പുതിയ കാല വ്യതിചലനങ്ങളെയും കൂട്ടിവായിക്കാം.  "എന്റെ നഗരം, എന്റെ ലോകം, എന്റെ പ്രപഞ്ചം ചോരയിൽ മുങ്ങുന്നു. ചോരയുടെ ഈ പ്രളയത്തിൽ നിന്നു രക്ഷപെടാൻ എനിക്കൊരു പെട്ടകം വേണം. ഒരു ഗർഭപാത്രം വേണം,  അല്ലെങ്കിൽ ഞാനീ ചോരക്കടലിൽ മുങ്ങിച്ചത്തുപോവും" 

അന്നത്തെ ക്ഷുബ്ധയൗവനം വീറോടെ വായിച്ച കഥ. ഇന്ന് കഥ വീണ്ടും വായിക്കുമ്പോൾ ചോരവീണ മണ്ണിന്റെ ചരിത്രത്തെ മാത്രമാകില്ല വായിച്ചെടുക്കുക. "സാരമില്ല സാബ്, ഒരു കൈകൂടി ബാക്കിയുണ്ട്" എന്ന  പ്രതീക്ഷയുടെ  കൈ തന്നിരുന്ന ആ കാക്കനാടൻ ടച്ച്. 

'ശ്രീചക്രം' കാക്കനാടന്റെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കഥയാകും. കഥാഭാഷയിൽ ഒരു താന്ത്രിക് സ്പർശം കാണാം. അതുകൊണ്ടാകാം "ശ്രീചക്രത്തിൽ കഥാകൃത്ത് ഒരു യാത്രികനും ഭാഷ ആർച്ചനാ പുഷ്പങ്ങളുമായി" എന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നിരൂപകൻ കെപി അപ്പൻ പറഞ്ഞത്.

കാലത്തിന്റെ വിലക്കുകൾ ധിക്കരിച്ച ഒരാധുനികനായിരുന്നു കാക്കനാടൻ. ശ്രീചക്രം എന്ന കഥ വീണ്ടും വായിക്കുമ്പോൾ പെയിന്റിങ്ങുകൾ കാണുന്ന പ്രതീതിയാണ്. കെവി ഹരിദാസിന്റെയും അക്കിത്തം നാരായണന്റെയുമൊക്കെ ചിത്രങ്ങൾ ഉള്ളിൽ വരും. എങ്കിലും ഇന്നിന്റെ വായനയിൽ അല്പം ആശങ്കയില്ലാതില്ല. അതും അപവായനയും അതിന്റെ രാഷ്ട്രീയ തന്ത്രങ്ങളും പ്രയോഗവും ഏതോന്നിനെയും വിഴുങ്ങുന്ന ഇക്കാലത്ത്.

രതി രഹസ്യത്തിന്റെ മറപ്പുര പൊളിച്ച് കഥയിൽ ചാലിച്ചപ്പോൾ വിപ്ലവകരമായ ഒരു ആഖ്യാനം വായിക്കാനായി. അപവായനയുടെ കാലത്ത് വായനയുടെ മറ്റൊരു ലോകം തുറന്നു തരുന്ന കഥ.

ഭാഷയുടെ വിസ്മയമാണ് നീലഗ്രഹണം എന്ന കഥ.  പ്രകൃതിയുടെ താളത്തിനനുസരിച്ചുള്ള ഒരു ഭാഷയിലൂടെ ശക്തമായ ഒരാഖ്യാനം. നീ ആരാണ് എന്ന അന്വേഷണം. ആകാശനീലിമയുടെ ഭംഗിയും ഒപ്പം ഇരുട്ടിന്റെ വേദനയിൽ പുതുമഴയിൽ  ശരീരത്തിലെ സിഫിലിസ് കുരുക്കൾ പൊട്ടി പരന്നു മാഞ്ഞു പോകുന്നതും വായിക്കാം.  അവളുടെ മുക്കലും, മൂളലും, മുരളലും, വളർച്ചയും, അട്ടഹാസവുമൊക്കെ  ആ നീല ലഹരിയിൽ ഭാഷയുടെ വിസ്മയഗോപുരം സൃഷ്ടിക്കുന്നു. കാക്കനാടൻ കഥകളിലൂടെ നടന്നവസാനിപ്പിക്കുക എന്നത് എളുപ്പമല്ല. ഭാഷയുടെ മാസ്മരിക ലോകം തീർത്ത, മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു കാലഘട്ടത്തെ സമ്മാനിച്ച കാക്കനാടൻ സ്മരണയ്ക്ക് മുന്നിൽ ആദരം.

Share :