പിരപ്പൻകോട് ഗവ.ഹയർ സെക്കന്ററി സ്കൂൾ
ജീവിച്ചിരിക്കുമ്പോൾ തന്നെ ജീവചരിത്രമെഴുതപ്പെടുക എന്ന ഖ്യാതിയ്ക്ക് ആദ്യമായി അർഹനായ പടിഞ്ഞാറൻ കലാകാരനാണ് വിശ്വ പ്രശസ്ത ചിത്രകാരനും ശില്പിയുമായ മൈക്കലാഞ്ജലോ. അദ്ദേഹത്തിന് വെറും 6 വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ടു. പിന്നീട് കല്പണിക്കാരനായ ബന്ധുവിനോടൊപ്പമായിരുന്നു താമസം. ശില്പവിദ്യയിൽ അഭിരുചിയുണ്ടായിരുന്ന കുഞ്ഞുമൈക്കലാഞ്ജലോ സമയം കിട്ടുമ്പോഴൊക്കെ കല്ലിൽ തന്റെ ഭാവനകൾ വിരിയിക്കാൻ ശ്രമിക്കുമായിരുന്നു. ഒരു ദിവസം അവിടുത്തെ രാജാവ് അതുവഴി കടന്നു പോയി . കല്ല് കൊത്തുന്ന കുട്ടിയിൽ രാജാവിന്റെ കണ്ണുടക്കി. അദ്ദേഹം കുട്ടിയുടെ അടുത്തെത്തി ചോദിച്ചു: \"നീ എന്താണ് ചെയ്യുന്നത് ? .ബാലന്റെ മറുപടി രാജാവിനെ അത്ഭുതപ്പെടുത്തി.\' ഞാൻ ഈ കല്ലിനുള്ളിലെ മാലാഖയെ പുറത്തെടുക്കുകയാണ്.\" അതെങ്ങനെയാണെന്ന് രാജാവ് ചോദിച്ചു. കുട്ടി പറഞ്ഞു: \'ഈ കല്ലിൽ ഒരു മാലാഖ ഉണ്ട് .കല്ലിൽ നിന്ന് :മാലാഖയുടേതല്ലാത്ത ഭാഗങ്ങൾ ചെത്തിക്കളയും. അപ്പോൾ മാലാഖ പുറത്തു വരും.
മൈക്കലാഞ്ജലോ യുടെ മറുപടിയിൽ സന്തുഷ്ടനായ രാജാവ് അദ്ദേഹത്തെ കൊട്ടാരത്തിൽ കൊണ്ടുപോവുകയും ഉയർന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു... പിന്നെയുള്ളത് ചരിത്രം.
രാജാവിന്റെ ചോദ്യത്തിന് തികച്ചും വ്യത്യസ്തമായ രീതിയിൽ ഉത്തരം നൽകാൻ കഴിഞ്ഞ മൈക്കലാഞ്ജലോയുടെ ഡൈവർജൻറ് ആയ ചിന്ത യാണ് രാജാവിനെ അദ്ദേഹത്തോടടുപ്പിച്ചത്. നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികളെല്ലാം തന്നെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചിന്താശേഷിയുള്ളവരാണ്... ഇവരെ എല്ലാവരെയും ഒരു പോലെ അഭിസംബോധന ചെയ്യാൻ കഴിയുന്നതാവണം \'എന്റെ സ്കൂൾ \" എന്നതാണ് ഈ വിഷയത്തിലുള്ള എന്റെ കാഴ്ചപ്പാട്.
പാഠ്യ വിഷയങ്ങളെ മുറുകെപ്പിടിക്കുന്നതിനൊപ്പം തന്നെ പാഠ്യേതര പ്രവർത്തനത്തിലും പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും വെന്നിക്കൊടി പാറിച്ചു നിൽക്കുകയാണ് ഗവ:ഹയർ സെക്കൻററി സ്കൂൾ പിരപ്പൻകോട്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.. 1940 ൽ ആളുമാനൂർ മഠം എന്ന ബ്രാഹ്മണ കുടുംബം സ്ഥാപിച്ച കുടിപ്പള്ളിക്കൂടത്തിൽ നിന്ന് സർക്കാർ സ്കൂളായി മാറിയ ചരിത്രവഴികളിൽ ഒരു നാടിന്റെ ജനകീയ പ്രക്ഷോഭം കത്തി നിൽക്കുന്നു. സമൂഹത്തിലെഎല്ലാ വിഭാഗക്കാർക്കും പഠനാവസരമൊരുക്കി വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ വൽക്കരണത്തിന് ഒരു നാട് ജനകീയ പ്രക്ഷോഭത്തിലൂടെ എങ്ങനെ ഇടപെട്ടു എന്നതിന്റെ ചരിത്ര സാക്ഷ്യമാണ് ഈ വിദ്യാലയം. ഗ്രാമീണതയുടെ സ്വച്ഛ ശീതളിമയാർന്ന അന്തരീക്ഷത്തിൽ ഏകദേശം 8 ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ്.അഞ്ചാം തരം മുതൽ ഹയർ സെക്കന്റി വെക്കേഷണൽ ഹയർ സെക്കന്റി ക്ലാസ്സുകൾ വരെ 1400 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്കൂളിന്റെ പ്രിൻസിപ്പൽ സതീഷ്.ഡി.ജെ .,വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ശ്രീ.മനോജ് കുമാർ.വി.എസ്.ഹെഡ്മിസ്ട്രസ്സിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി.സലീന. ശാസ്ത്ര പോഷിണി ലാബും ജില്ലയ്ക്ക് തന്നെ മാതൃകയായ ഗണിത ലാബും ഇവിടെയുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിലും ഹൈസ്കൂളിലും എൻ.സി.സി ഉള്ള തിരുവനന്തപുരം ജില്ലയിലെ 2 സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണിത്.കൂടാതെ ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട്, വി.എച്ച്.എസ്.സി - ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റ് എന്നിവയുമുണ്ട്. കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകാൻ പതിനയ്യായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഉണ്ട്. കൂടാതെ, ഹയർ സെക്കന്ററി തലത്തിൽ,വെള്ളിയാഴ്ചകളിൽ കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധന്മാരുമായി സംവദിക്കുന്നതിനും അവസരമൊരുക്കുന്ന ഓപ്പൺ ഫോറം സംഘടിപ്പിച്ചു വരുന്നു. അക്കാദമിക് മികവിനൊപ്പം കലാ കായിക രംഗങ്ങളിൽ കുട്ടികൾക്ക് പ്രചോദനം നൽകുന്ന അദ്ധ്യാപകർ എന്റെ സ്കൂളിന്റെ മുതൽക്കൂട്ടാണ്. സ്പോർട്സ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലികൾ ഈ സ്കൂളിന്റെ സംഭാവനയായുണ്ട്. സ്കൂളിന് സമീപത്തുള്ള നീന്തൽക്കുളത്തിലൂടെ ജീവിത വഴികൾ നീന്തിക്കയറിയ താരങ്ങൾ നിരവധിയാണ്. നിയമ രംഗത്തെ മുടിചൂടാമന്നനായിരുന്ന അഡ്വ: പിരപ്പൻകോട് ശ്രീധരൻ നായർ,രാഷ്ടീയ - സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വങ്ങളായ ശ്രീ. പിരപ്പൻകോട് മുരളി, ശ്രീ. തലേക്കുന്നിൽ ബഷീർ ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ സാഹിത്യകാരൻ ശ്രീ.എസ്.ആർ.ലാൽ, പ്രശസ്ത കവി ശ്രീ.വിഭു പിരപ്പൻകോട്, നാടക രചനയിലും സംവിധാനത്തിലും സംസ്ഥാന തലത്തിൽ അവാർഡ് ജേതാക്കളായ \\\\\\\'അശോക് ശശി\\\\\\\' ദ്വയത്തിൽ പെടുന്ന ശ്രീ.ശശി, പുതു തലമുറയിൽ പെട്ട എഴുത്തുകാരൻ ശ്രീ.അമൽ പിരപ്പൻകോട് തുടങ്ങി നിരവധി പേരുടെ പ്രതിഭ കരുപ്പിടിപ്പിച്ച പാരമ്പര്യം ഈ വിദ്യാലയത്തിന് സ്വന്തം. പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തിയ പേരുകളാണിവ. ഇവിടെ പരാമർശിക്കപ്പെടാതെ പോയ ഒരുപാട് പേരുണ്ട്. നാളെയുടെ വാഗ്ദാനങ്ങൾക്ക് പറന്നുയരാൻ ചിറക് നൽകുന്ന രീതിയിൽ ,പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിടത്തക്ക രീതിയിൽ വിദ്യാഭ്യാസ പ്രക്രിയയിൽ ഇടപെട്ട് മുന്നോട്ട് പോകുകയാണ് \\\\\\\"എന്റെ സ്കൂൾ\\\\\\\'\\\\\\\'.
സ്കൂളിന്റെ സമഗ്ര വികസനത്തിന് ചുക്കാൻ പിടിച്ച, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നമ്മെ വിട്ടുപിരിഞ്ഞ ആദരണീയയായ മുൻ പ്രിൻസിപ്പൽ മിനി ടീച്ചറിനെ ഈ അവസരത്തിൽ ഓർക്കാതെ വയ്യ. സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ വിഷയങ്ങളിൽ പിന്തുണ നൽകിക്കൊണ്ട് \\\\\\\'ശ്രീ.കെ.സുരേഷ്കുമാറിന്റെയും ശ്രീ.എസ്.എസ്.ചന്ദ്രകുമാറിന്റെയും നേതൃത്വത്തിലുള്ള പി.ടി.എ യും, ശ്രീ.എസ്.മധുവിന്റെ നേതൃത്വത്തിലുള്ള എസ്.എം.സിയും അവിരാമം പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നിരന്തരം ഇടപെടുന്ന എം.എൽ.എ ശ്രീ.സി.ദിവാകരൻ ,ജില്ലാ മെമ്പർ ശ്രീ.വൈ.വി.ശോഭ കുമാർ എന്നിവരുടെ സാന്നിദ്ധ്യം മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം പകരുന്നു