Archives / july 2021

ഷീജ രാധാകൃഷ്ണൻ. ദില്ലി
ആരാണ് ഫാ. സ്റ്റാന്‍ സ്വാമി?

ആരാണ് ഫാ. സ്റ്റാന്‍ സ്വാമി?
സാമൂഹ്യപ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത് എന്തിന്?

ഭീമ കൊറേഗാവ്-എൽഗാർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിതാവ് സ്റ്റാൻ സ്വാമി മുംബൈയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. , ജെസ്യൂട്ട് പുരോഹിതനും മനുഷ്യാവകാശ പ്രവർത്തകനുമായ സ്റ്റാൻ സ്വാമി ജൂലൈ 5 ന് പുലർച്ചെ 1.30 ന് മുംബൈയിൽ അന്തരിച്ചു. അദ്ദേഹത്തിന് 84 വയസ്സ്. ഹോളി ഫാമിലി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു സ്വാമി. ഈ വർഷം മെയ് 28 ന് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നവി മുംബൈയിലെ തലോജ ജയിലിൽ നിന്ന് മാറ്റി.
അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനാൽ അദ്ദേഹം ജീവ൯ രക്ഷാ പിന്തുണയിലായിരുന്നു.  “വളരെ കനത്ത മനസോടെയാണ് പിതാവ് സ്റ്റാൻ സ്വാമി അന്തരിച്ചതെന്ന് 
ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ ഡോക്ടർ ഡിസൂസ  പറയുകയുണ്ടായി.

 

എണ്‍പത്തി നാലുകാരനായ സ്വാമിയെ 2020 ഒക്ടോബർ എട്ടിനാണ് റാഞ്ചിയിലെ വീട്ടില്‍നിന്ന് എൻഐഎ കസ്റ്റഡിയിലെടുത്തത്. തുടർന്ന് തലോജ ജയിലിൽ കഴിയുകയായിരുന്നു.

പ്രായാധിക്യം മൂലം നിരവധി രോഗങ്ങൾ അലട്ടിയിരുന്ന സ്വാമി നൽകിയ ജാമ്യാപേക്ഷ  എൻഐഎ കോടതി തള്ളിയിരുന്നു. ഒടുവിൽ, രോഗപീഡയാൽ വലഞ്ഞ അദ്ദേഹത്തെ ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മേയ് 28നാണ് മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ജയിലിലായതിന് ശേഷവും അധികൃതർ അദ്ദേഹത്തോട് മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചിരുന്നത്  ഗുരുതരമായ പാർക്കിൻസൺസ് രോഗം ബാധിച്ച ഫാ. സ്റ്റാൻസ്വാമിക്ക് ജയിലിൽ വച്ച് ഒരു സിപ്പറിന്റെ സഹായമില്ലാതെ  വെള്ളം കുടിക്കാൻ സാധിക്കാത്ത അവസ്ഥ വന്നപ്പോൾ,  കോടതിയിൽ  അപേക്ഷ സമർപ്പിച്ചതിന് ശേഷമാണ് ആ സിപ്പർ പോലും അദ്ദേഹത്തിന് ലഭ്യമാക്കിയത്; അതും നാലാഴ്ചകൾക്ക് ശേഷം.

വിവധ അസുഖങ്ങൾ മൂലം നരകിച്ച 84 വയസുളള ഫാദർ, ചികിത്സക്ക്​ വേണ്ടി ജാമ്യം തേടി നിരവധി തവണ കോടതി കയറി. അദ്ദേഹത്തിന് മതിയായ ചികിത്സ ലഭ്യമായിരുന്നില്ലെന്ന് ഉയർന്ന പരാതികൾ അക്ഷരം പ്രതി ശരിവക്കുന്നതാണ് അദേഹത്തിന്റെ സങ്കടകരമായ വിടവാങ്ങൽ. ഒടുവിൽ, ജാ​മ്യ​മാ​ണ്​ വേ​ണ്ട​തെ​ന്നും അ​ല്ലെ​ങ്കി​ൽ ജ​യി​ലി​ൽ കി​ട​ന്നു മ​രി​ക്കാ​മെ​ന്നും, ആ​രോ​ഗ്യംന​ശി​ച്ച്​ കൊണ്ടിരുന്ന  സ്റ്റാ​ൻ സ്വാ​മി മേയ്​ അവസാന ആഴ്ച ​ബോംബെ
ഹൈകോ​ട​തി​യിൽ
തീർത്തു പറഞ്ഞിരുന്നു.... മര​ണം അ​ടു​ത്തു​വ​രി​കയാണ് എന്ന്.

സ്റ്റാൻ സ്വാമിയുടെ ജീവിതം:-

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയായ സ്റ്റാൻ സ്വാമി 1937 ൽ ജനിച്ചു. ഗോത്രവർഗക്കാരുമായുള്ള പ്രവർത്തനത്തിനും അവരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിനും, പ്രയത്നിച്ചു ജാർഖണ്ഡിൽ. 1975 മുതൽ 1986 വരെ ബെംഗളൂരുവിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് ആണ് അദ്ദേഹം  ജാർഖണ്ഡിലേക്ക് മടങ്ങിയത്.

സ്റ്റാന്‍ സ്വാമിയുടെ  പ്രവര്‍ത്തനങ്ങൾ എന്തായിരുന്നു.

96ല്‍ യുറേനിയം കോര്‍പറേഷന്‍ ഇൻഡ്യ ലിമിറ്റഡിനെതിരെ, ‘ജാർഖണ്ഡ് ഓര്‍ഗനൈസേഷന്‍ എഗയ്ന്‍സ്റ്റ് യുറേനിയം റേഡിയേഷന്‍ (ജെ.ഒ.എ.ആർ) എന്ന പേരില്‍ നടത്തപ്പെട്ട ക്യാമ്പയിനിൽ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ചായ്ബാസയില്‍ നിര്‍മിക്കാനിരുന്ന ടെയ്‌ലിംഗ് ഡാമിന്റെ നിര്‍മാണം നിര്‍ത്താന്‍ ആ ക്യാമ്പയിന് സാധിച്ചു. ഡാം നിര്‍മിക്കപ്പെട്ടിരുന്നെങ്കില്‍, ജഡുഗോദയിലെ ചാട്ടികൊച പ്രദേശത്തെ ആദിവാസികളുടെ കിടപ്പാടം നഷ്ടമാവുന്നതിന് അത് കാരണമാകുമായിരുന്നു. ഇത്തരം വിഷയങ്ങള്‍ ശക്തമായി ഉന്നയിച്ചതിന് ശേഷം, അദ്ദേഹം ബുകാരോ, സന്താള്‍ പര്‍ഗാനാ, കോദര്‍മ തുടങ്ങിയ പ്രദേശങ്ങളിലെ വീട് നഷ്ടപ്പെട്ട ആളുകള്‍ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.
ജെസ്യൂട്ട് സഭാ വൈദികനായ ഫാ. സ്റ്റാന്‍ സ്വാമി ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചുള്ള ആദിവാസി അവകാശ പ്രവര്‍ത്തകനാണ്. ഭൂമി, വനം, തൊഴില്‍ അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആദിവാസി വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിക്കുന്നു.ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമം, വികസനം എന്നിവയ്ക്കായി അവര്‍ ഉള്‍പ്പെടുന്ന ഗോത്ര ഉപദേശക സമിതി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ അഞ്ചാം പട്ടിക നടപ്പാക്കാത്തതിനെ ചോദ്യം ചെയ്യുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
ആദിവാസി സമൂഹം അനുഭവിക്കുന്ന ഭരണഘടനാ അവകാശങ്ങളുടെ ലംഘനങ്ങൾക്കെതിരെ രംഗത്ത് വന്ന ആളായിരുന്നു അദ്ദേഹം. കൽക്കരിയും മറ്റു ധാതുക്കളും കൊണ്ട് സമ്പന്നമായ ഝാർഖണ്ഡിലെ ആദിവാസി മേഖലകളിൽ കോർപറേറ്റുകളും ഭരണകൂടവും ചേർന്ന്  നടത്തിക്കൊണ്ടിരുന്ന ചൂഷണങ്ങളെക്കുറിച്ച് അദ്ദേഹം ജനങ്ങളോട് സംവദിക്കുകയും അവരുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുകയും ചെയ്തിരുന്നു.

‘നക്‌സലുകള്‍’ എന്ന് ചാപ്പകുത്തി ആയിരക്കണക്കിന് ആദിവാസി, മൂലവാസി ചെറുപ്പക്കാരെ അന്വേഷണ ഏജന്‍സികള്‍ ‘വിവേചനരഹിതമായി’ അറസ്റ്റ് ചെയ്യുന്നതിനെ താന്‍ ചോദ്യം ചെയ്തതായി എന്‍ഐഎ കസ്റ്റഡിയിലെടുക്കുന്നതിനു രണ്ടു ദിവസം മുന്‍പ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

ഇത്തരത്തിലുള്ള വിചാരണത്തടവുകാരെ വ്യക്തിഗത ബോണ്ടിനുമേല്‍ മോചിപ്പിക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് സ്വാമി ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നു. വിചാരണ പ്രക്രിയയിലെ കാലതാമസത്തിനുള്ള കാരണങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

‘ലാന്‍ഡ് ബാങ്കുകള്‍’ സ്ഥാപിക്കാനുള്ള ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും സ്വാമി നിലകൊണ്ടിരുന്നു. ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ലാന്‍ഡ് ബാങ്കുകള്‍ സ്ഥാപിക്കാനുള്ള നീക്കം ആദിവാസി വിഭാഗങ്ങളെ തങ്ങളുടെ ഭൂമിയില്‍നിന്ന് പുറന്തള്ളുമെന്ന് അദ്ദേഹം വാദിച്ചു.

സര്‍ക്കാരിന്റെ നിരവധി നയങ്ങളോടും ഭരണഘടന ലംഘിക്കുന്ന തരത്തില്‍ നിര്‍മിക്കുന്ന നിയമങ്ങളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നതാണ് തന്റെ പ്രവര്‍ത്തനമെന്ന് സ്വാമിയുടെ പ്രസ്താവനയില്‍ പറയുന്നു.

”എന്റെ വഴിമുടക്കാന്‍ ഭരണകൂടം താല്‍പ്പര്യപ്പെടുന്നതിന്റെ പ്രധാന കാരണം ഇതാണെന്നാണ് ഞാന്‍ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗുരുതരമായ കേസുകളില്‍ സ്വാമിയെ ഉൾപ്പെടുത്തുകയും, പാവപ്പെട്ട നിരപരാധികളായ ആദിവാസികള്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ തടസപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രായോഗിക മാര്‍ഗം,” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

എ൯. ഐെ. എ കസ്റ്റഡിയിലെടുത്ത കേസ് എന്തായിരുന്നു?

എല്‍ഗാര്‍ പരിഷത്ത്/ഭീമ കൊറേഗാവ് കേസില്‍ കസ്റ്റഡിയിൽ എടുത്ത എല്ലാ പ്രതികള്‍ക്കും നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്)ഉമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ ആരോപണം.

കേസില്‍ 2018 മുതല്‍ അറസ്റ്റ് നടന്നിട്ടുണ്ട്. ഫാ. സ്റ്റാന്‍ സ്വാമിയെ കൂടാതെ, ഛത്തീഷ്ഗഡിലെ ആദിവാസി വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, നാഗ്പൂരിലെ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്ലിങ്, ഡല്‍ഹി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബു, സാംസ്‌കാരിക സംഘടനയായ കബീര്‍ കലാ മഞ്ചിലെ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെടെ ഏഴു പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്.

ഭീമ കൊറേഗാവില്‍ 1818 ല്‍ നടന്ന യുദ്ധത്തില്‍ പേഷ്വകള്‍ക്കെതിരെ വിജയം നേടിയ ബ്രിട്ടീഷ് സൈന്യത്തില്‍ പ്രധാനമായും അണിനിരന്നത് ദലിത് സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. ഈ വിജയത്തിന്റെ 200-ാം വാര്‍ഷികത്തിന്റെ സ്മരണ പുതുക്കാന്‍ 2018 ജനുവരി ഒന്നിന് ആയിരക്കണക്കിന് ദലിതര്‍ പൂനെക്കു സമീപം ഒത്തുകൂടിയിരുന്നു. ഇവരെ ഭരണാധികാരികളും പോലീസും ചേർന്ന് ആക്രമിക്കുകയും, വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.

ദൃക്സാക്ഷികളുടെ മൊഴിയെത്തുടര്‍ന്ന് ഹിന്ദു നേതാവ് മിലിന്ദ് ഏക്‌ബോതെ, സാംഭജി ഭിഡെ എന്നിവര്‍ക്കെതിരെ ജനുവരി രണ്ടിന് പിംപ്രി പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും, ജനുവരി എട്ടിനു പൂനെ പൊലീസ് മറ്റൊരു എഫ്ഐആര്‍ ഫയല്‍ ചെയ്യുകയായിരുന്നു എല്‍ഗര്‍ പരിഷത്ത് എന്ന പേരില്‍ 2017 ഡിസംബര്‍ 31 ന് പൂനെയിലെ ശനിവാര്‍ വാഡയില്‍ നടന്ന സംഭവത്തെ തുടര്‍ന്നാണ് അക്രമം നടന്നതെന്ന് ആരോപിക്കുന്നതായിരുന്നു ആ എഫ്‌ഐആര്‍. ഈ പരിപാടി മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സംഘടിപ്പിച്ചതെന്നും ഇതില്‍ പങ്കാളികളാണെന്നും ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വാമിക്കെതിരായ ആരോപണം എന്താണ്?

അറസ്റ്റിനു മു൯പ്
രണ്ട് മാസത്തിൽ പലപ്രാവശ്യം ബാഗൈച്ചയിലെ ജെസ്യൂട്ട് വസതിയില്‍ നടത്തിയത് ഉള്‍പ്പെടെ, സ്വാമിയെ നിരവധി തവണ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ വസതിയില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു.

മാവോയിസ്റ്റുകളുമായുള്ള ബന്ധം ആരോപിക്കാനായി തന്റെ കമ്പ്യൂട്ടറില്‍നിന്ന് എടുത്തതാണെന്ന് അവകാശപ്പെടുന്ന നിരവധി രേഖകള്‍ എന്‍ഐഎ അദ്ദേഹത്തിന്റെ മുന്നില്‍ വച്ചിരുന്നതായി സ്വാമി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.”ഇവയെല്ലാം ഗൂഢമായി കെട്ടിച്ചമച്ച് എന്റെ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തിയതാണെന്ന് അദ്ദേഹം അവരോട് പറഞ്ഞു.  അവയെ തള്ളിയുംപ്പറഞ്ഞു,”എന്നും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.(കംമ്പ്യൂട്ടറിൽ രേഖകൾ ഗൂഢമായി കയറ്റിയതാണെന്ന് പിന്നെ തെളിഞ്ഞല്ലോ) തനിക്കു മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം താന്‍ ഒരിക്കലും ഭീമ കൊറേഗാവില്‍ പോയിട്ടില്ലെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു.

”എനിക്ക് സംഭവിക്കുന്നത് സമാനതകളില്ലാത്തതല്ല. ആദിവാസികളുടെയും ദലിതരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കായി നിലകൊള്ളുകയും രാജ്യത്തെ ഭരണവര്‍ഗത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ഥി നേതാക്കള്‍, കവികള്‍, ബുദ്ധിജീവികള്‍ തുടങ്ങി നിരവധി പേര്‍ നോട്ടപ്പുള്ളികളാണ്,”എന്ന് ഫാ. സ്റ്റാന്‍ സ്വാമി പ്രസ്താവനയില്‍ പറഞ്ഞു.

വിവധ അസുഖങ്ങൾ മൂലം കഷ്ടത അനുഭവിച്ചിരുന്ന 84 വയസുളള ഫാദർ, ചികിത്സക്ക്​ വേണ്ടി ജാമ്യം തേടി നിരവധി തവണ കോടതി കയറി. അദ്ദേഹത്തിന് മതിയായ ചികിത്സ ലഭ്യമായിരുന്നില്ലെന്ന് ഉയർന്ന പരാതികൾ അക്ഷരം പ്രതി ശരിവക്കുന്നതാണ് അദ്ദേഹത്തിന്റെ സങ്കടകരമായ വിടവാങ്ങൽ. ​ നടക്കുവാൻ  പോലും കഴിവില്ലാത്ത ഈ പാവം വയോദികനെ ആശുപത്രി കിടക്കയിൽ പോലും ചങ്ങല തടവിലായിരുന്നു കിടത്തിയിരുന്നത്. പാ൪ശ്വവൽക്കരിക്കപ്പെട്ട് പിന്നോക്കം നിൽക്കുന്നവർക്കുവേണ്ടി നിലകൊണ്ട ഒരാൾക്ക് ഇത്തരമൊരന്ത്യം സംഭവിച്ചത് രാജ്യത്തെ ഭരണനിലവാരത്തിന്റെ പരിതാപകരവും മനുഷ്യത്വരഹിതവുമായ അവസ്ഥയെ തുറന്ന് കാണിക്കുന്നു.

Share :