Archives / july 2021

രാജേശ്വരി ജി. നായർ
മഞ്ചാടി മുത്തുകൾ ( അഞ്ചാം ഭാഗം )

 പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുമായി ഏകദേശം ഒരേ പോലെയുള്ള കുട്ടികളായിരുന്നില്ല അന്ന് ഓരോ ക്ലാസ്സിലും പഠിച്ചിരുന്നത്. പ്രത്യേകിച്ചും ഹൈസ്കൂള്‍ ക്ലാസുകളില്‍ തോറ്റ് പഠിക്കുന്ന ദാവണിക്കാരികളും, മുട്ടോളോം എത്തുന്ന പാവാടധാരികളും, നിലത്തിഴയുന്ന പാവാട ധാരികളും, പ്രായത്തിനൊത്തു വളര്‍ച്ചയില്ലാത്തവരും ഒക്കെയായി പല
പ്രായത്തിലും, വലുപ്പത്തിലും ഉള്ള കുട്ടികളില്‍ ഭൂരിഭാഗവും സാധാരണ വീടുകളില്‍ നിന്നും എത്തുന്നവരായിരുന്നു. പത്താം ക്ലാസ്സ് പരീക്ഷയെന്ന പരീക്ഷണത്തിന് മുമ്പ് തന്നെ ചിലരൊക്കെ വിവാഹ പരീക്ഷ പാസ്സാകും. എല്ലാവരും കൂടി പിരിച്ചെടുത്തു വാങ്ങിയ ഒരു സമ്മാനവും താങ്ങിയെടുത്ത് ക്ലാസ്സിനെ പ്രതിനിധീകരിച്ച് വിവാഹത്തില്‍ സംബന്ധിക്കാന്‍ രണ്ടു തവണ ക്ലാസ്സ് ലീഡര്‍ എന്ന നിലയില്‍ എനിക്ക് നറുക്ക് വീണു. അന്ന് ക്ലാസ്സില്‍ പോകണ്ട എന്നുള്ളതും ക്ലാസ്സിന്‍റെ ചിലവില്‍ എനിക്കും എന്‍റെ സുഹൃത്തിനും ചിലവിടാന്‍ കിട്ടിയ ആ ദിനങ്ങള്‍ ഞങ്ങളുടെ സ്വാതന്ത്ര്യദിനമായി ഞങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

     സ്കൂളില്‍ ഏതെങ്കിലും കുട്ടി മരിച്ചാല്‍ എത്ര ദൂരെയാണെങ്കിലും എല്ലാവരും മൌനജാഥയായി അദ്ധ്യാപകരുടെ അകമ്പടിയോടെ ആ കുട്ടിയുടെ വീട്ടിലെത്തും. ഒരു സ്കൂളിന്‍റെ മൊത്തം ദുഃഖം ഏറ്റുവാങ്ങി പൂര്‍വാധികം ശക്തിയില്‍
അലമുറയിടുന്ന ഉറ്റവര്‍...ദയനീയമായ കാഴ്ചയായിരുന്നു അത്. കൂട്ടം തെറ്റിയ ഉറുമ്പുകളായി മടങ്ങുമ്പോഴും മരണത്തിന്‍റെ ശബ്ദമില്ലായ്മ ഞങ്ങള്‍ക്കിടയില്‍ തളം കെട്ടി നില്‍ക്കും. യൌവനം ശരീരത്തില്‍ മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരുന്ന, കറുപ്പ് അഴകിന്‍റെ അടയാളമെന്നു സാക്ഷ്യപ്പെടുത്തുന്ന, ഒരു കുട്ടി എട്ടാം ക്ലാസ്സില്‍ എനിക്കൊപ്പം പഠിച്ചിരുന്നു. ഒരു സ്കൂള്‍ പ്രഭാതം രക്തം തൊട്ടെടുക്കാവുന്ന കവിളുകളുള്ള ആ ദാവണിക്കാരിയുടെ മരണ വാര്‍ത്തയുമായാണ് ഞങ്ങളെ എതിരേറ്റത്. എങ്ങനെ
മരിച്ചു എന്ന ചോദ്യത്തിന് എല്ലാവരും കൈ മലര്‍ത്തിയെങ്കിലും ക്ലാസ്സിലെ മുതിര്‍ന്ന ചില ദാവണിക്കാരികള്‍ തമ്മില്‍ പങ്കു വെച്ച രഹസ്യം എനിക്ക് പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല. മറ്റുള്ളവരോടൊപ്പം കറുപ്പിന്‍റെ ഒരു കഷണം നെഞ്ചില്‍ അണിഞ്ഞ് കഴിഞ്ഞ ദിവസം വരെ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെനിര്‍ജ്ജീവ ശരീരത്തിലേക്ക് നനഞ്ഞ മിഴികള്‍ നീട്ടി, ഉറ്റവരുടെ അലമുറകള്‍ക്കിടയിലൂടെ പുറത്തേക്ക് വന്നപ്പോഴാണ് ആരുടെയോ അടക്കിയ സ്വരം ചെവികള്‍ പിടിച്ചെടുത്തത്. ‘കലങ്ങി പോകാന്‍ മരുന്നു കുടിച്ചതാ..രക്തം നിന്നില്ല.’ ഞാനും കൂട്ടുകാരികളും പരസ്പരം കണ്ണുകളിലൂടെ ആ വാക്കുകളുടെ
അര്‍ത്ഥം തേടിയെങ്കിലും  നാളുകള്‍ വേണ്ടി വന്നു അതിന്‍റെ അര്‍ത്ഥം മനസ്സിലാകാന്‍. ഒന്നുകില്‍ ആ കുട്ടിയുടെ കാലിടറിയതാവാം, അല്ലെങ്കില്‍ ആരെങ്കിലും... എന്തായാലും ഇപ്പോഴും മനസ്സില്‍ ഉടക്കികിടക്കുന്ന ആ കഥയിലെ
വില്ലന്‍ നാട്ടുമ്പുറത്തിന്‍റെ നന്മകള്‍ക്കിടയിലെ കളങ്കമായി എവിടെയെങ്കിലും കുടുംബനാഥനായി വിലസുന്നത് ഞാന്‍ സങ്കല്‍പ്പിച്ചു നോക്കും,   വെറുതെ...

         ഹൈസ്കൂളില്‍ എത്തിയപ്പോള്‍ പിന്നെ എങ്ങനെയെങ്കിലും പത്താം ക്ലാസ്സില്‍ എത്തിയാല്‍ മതി എന്നുള്ള ചിന്തയായിരുന്നു.  പത്തിലെത്തിയാല്‍ രണ്ടു ദിവസത്തെ വിനോദയാത്രയ്ക്ക് പോകാം. എട്ടു മുതല്‍ പത്തു വരെയുള്ള
ക്ലാസ്സിലെ കുട്ടികള്‍ക്ക് പങ്കെടുക്കാമെങ്കിലും പത്താം ക്ലാസ്സിലെത്തിയാലെ വിടൂ എന്നു ചിന്തിക്കുന്ന രക്ഷകര്‍ത്താക്കളുടെ
ഇടയില്‍ മറ്റെന്തു നിവര്‍ത്തി? തലേന്ന് ആ ദിവസം നാളെയെന്ന് മനം ആയിരം വട്ടം ആണയിട്ട് ഉറപ്പിച്ചു. ആഹ്ലാദം തുടികൊട്ടുന്ന മനസ്സുമായി ഉറങ്ങാന്‍ കിടന്ന ഞാന്‍ വെളുപ്പിനു സ്കൂളില്‍ എത്തിയപ്പോഴേക്കും ഞങ്ങളുടെ ബസ്സ്‌
വിട്ടുപോയി എന്ന സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നു ചാടിയെഴുനേറ്റപ്പോള്‍ രണ്ടുമണി. ആരെയും പിന്നെ ഉറങ്ങാന്‍ വിടാതെ പോകാനുള്ള അവസാന ഒരുക്കങ്ങളുടെ തത്രപ്പാടിലായി ഞാന്‍. അയല്പക്കത്ത് നിന്നും ഉള്ള ഒരു കുട്ടിയും, കാവലായി
അവളുടെ ബന്ധുവുമൊത്തു മരം കോച്ചുന്ന മഞ്ഞത്ത് ഞങ്ങള്‍ ആയിരുന്നു ആദ്യം സ്കൂളില്‍ എത്തിയത്. വണ്ടി നേരത്തെയെങ്ങാനും പോയോ എന്ന വേവലാതി ശരിക്കും ഇല്ലാതായത് നാലുമണിയോടടുത്ത് ഓരോരുത്തരായി എത്തിയപ്പോഴാണ്.   ഞങ്ങളുടെ സ്കൂളില്‍ നിന്നും സ്ഥിരമായി കന്യാകുമാരിക്കായിരുന്നു പോയിരുന്നത്. കോഴിക്കോട് കഴിഞ്ഞാല്‍ പിന്നെ ഞാന്‍ പോയ രണ്ടാമത്തെ നീണ്ട യാത്രയായിരുന്നു അത്.

             

                                                                                                            മുളക്കുഴ  അമ്പലവും സ്‌കൂളും

 സ്കൂളും, അമ്പലവും, വായനശാലയും പോലെ എന്‍റെ ബാല്യകൌമാരവുമായി വിളക്കിചേര്‍ത്തിരുന്ന മറ്റൊരു സ്ഥലമായിരുന്നു  കണിയാന്‍ ചിറ കുളമെന്ന നാട്ടുകാരുടെ കുളം. അമ്പലക്കുളത്തില്‍ അമ്പലത്തിനു ചുറ്റുവട്ടത്തുള്ളവര്‍
മാത്രമേ കുളിക്കാറുണ്ടായിരുന്നുള്ളൂ. ഇന്ന് മുങ്ങിക്കുളി ‘ഷവര്‍ ബാത്ത്’ ആയി മാറിയപ്പോള്‍ അനാഥമായി പോയ കണിയാഞ്ചിറക്കുളം സമയാസമയങ്ങളില്‍ പല വിഭാഗത്തിലുള്ള കുളിക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. ആണ്‍ പെണ് കടവുകള്‍
പ്രത്യേകമുള്ള കുളത്തില്‍ രാവിലെ കുട്ടികളുടെയും ഓഫീസില്‍ പോകുന്നവരുടെയും തിരക്കായിരിക്കും. ഉച്ചയൂണ് കഴിഞ്ഞായിരിക്കും വീട്ടമ്മമാര്‍ ഒരു കെട്ട്‌ തുണിയും ഒരു കെട്ടിലും ഒതുങ്ങാത്ത കഥകളുമായി കുളത്തിലെത്തുന്നത്. ചിലരുടെ കയ്യും വായും ഒരുപോലെ പ്രവര്‍ത്തിക്കും. നനയ്ക്കുന്ന തുണി ഓരോന്നായി അപ്പോള്‍ തന്നേ കരയില്‍ അവിടവിടെയായി
വിരിച്ചിടും. കുളികഴിഞ്ഞു പോകുമ്പോഴേക്കും മിക്കതും ഉണങ്ങിയിരിക്കും. കല്യാണം കഴിച്ചു ആ നാട്ടിലേക്ക് എത്തുന്ന പുതുപ്പെണ്ണിനെ കാണലടക്കം പെണ്ണുകാണലും, കല്യാണം ഉറപ്പിക്കലും, അടിപിടിയും, അവിഹിതങ്ങളും എല്ലാം
ഇതിനിടയില്‍ ചൂടുള്ള ചര്‍ച്ചകളാകും. ഉറങ്ങുന്ന സമയമൊഴികെ കയ്യും മെയ്യും മറന്നു അദ്ധ്വാനിക്കുന്ന വീട്ടമ്മമാരുടെ ഒരേ ഒരു വിനോദ കേന്ദ്രം കൂടിയായിരുന്ന ഈ കുളം വെള്ളപ്പൊക്കം വന്നാല്‍ നാടു കാണാനാവും, റോഡിലേക്കിറങ്ങി വരും. അപ്പോള്‍ ഞങ്ങളുടെയൊക്കെ കുളി റോഡില്‍ തന്നെ. എന്‍റെ  അടുത്ത കൂട്ടുകാരികളായ വത്സലയും രാധയും ഒത്താണ് അവധി ദിനങ്ങളിലെ എന്‍റെ കുളി. മഴപെയ്ത് വള്ളത്തിനെ കരയോട് ചേര്‍ത്തു നിര്‍ത്തിയ ഒരവധി ദിവസം ഞാനും വത്സലയും കൂടി കുളിക്കാന്‍ പോയി. ചെറിയ തോതില്‍ നീന്താനും, മുങ്ങാം കുഴിയിടാനും ഒക്കെ അറിയുന്ന എന്നോട് പെട്ടെന്നാണ് വത്സല
ചോദിച്ചത് ‘നമുക്ക് അക്കരെയിക്കരെ നീന്തിയാലോ’ എന്ന്. എന്‍റെ കഴിവിലുള്ള സ്വയം ബോധത്തില്‍ ഞാന്‍ അറച്ചു നിന്നെങ്കിലും എന്നിലും രണ്ടു വയസ്സിനു ഇളപ്പമുള്ള വത്സല അക്കരയ്ക്കു നീന്താന്‍ തുടങ്ങിയിരുന്നു.  പിന്നെ താമസിച്ചില്ല, ഞാനും നീന്താന്‍ തുടങ്ങി ..നീന്തും തോറും ആ ചെറിയ കുളത്തിനു നീളം കൂടി വരുന്നത് പോലെ... കൈകാലുകള്‍ കുഴയുന്നുണ്ട്.
ഞങ്ങള്‍ രണ്ടാളുമല്ലാതെ ഒരു ജീവിയെപ്പോലും  ആ പരിസരത്തെങ്ങും കാണാനില്ല. വത്സല നീന്തി അക്കരെയെത്തി എന്നെയും കാത്തു നില്‍പ്പാണ്. ഞാന്‍ സര്‍വശക്തിയും എടുത്തു വീണ്ടും ഒന്ന് കുതിച്ചു മുന്നോട്ടെക്കാഞ്ഞു. ഒരു വിധം ഒരു കൈ കൊണ്ട് കരയില്‍ അള്ളിപിടിച്ചു മറ്റേ കൈ വത്സലയുടെ നേരെ നീട്ടി. പാവം എങ്ങനെയോ എന്നെ വലിച്ചു കരയിലിട്ടു. വെള്ളത്തിലെ കളിയുടെ കലാശക്കൊട്ടായിരുന്നു അത്

            ഞാനേറെ ആസ്വദിച്ചിരുന്ന സ്കൂള്‍ ജീവിതം കണ്മുന്നിലൂടെ പെട്ടെന്നു ഒഴുകിപ്പോയോ? ഒന്നാം ക്ലാസ്സില്‍ ഗൌരി സാറിന്‍റെ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ആ ക്ലാസ്സിലേക്ക് കയറിവന്നു  ‘ഗോപിയുടെ മോള്‍ എന്‍റെ ക്ലാസ്സില്‍ പഠിച്ചാല്‍ മതി’ എന്ന് പറഞ്ഞുകൊണ്ട് എന്‍റെ സഞ്ചിയുമെടുത്ത്, എന്‍റെ കയ്യും പിടിച്ചു സ്വന്തം ക്ലാസ്സിലേക്ക് കൊണ്ടുപോയ ജാനകി സാര്‍ മുതല്‍ ‘രാജേശ്വരിയെ ഞാനൊരു കുടുംബിനിയെക്കാളുപരി ഉദ്യോഗസ്ഥയായി കാണാനാണ് ആഗ്രഹിക്കുന്നത്’ എന്ന് വിവാഹത്തലേന്നു അനുഗ്രഹം നല്‍കിയ അന്നാമ്മ തോമസ്‌ സാര്‍ വരെ എന്നെ പ്രത്യക്ഷമായും, പരോക്ഷമായും സ്വാധീനിച്ച അദ്ധ്യാപക വൃന്ദത്തെയും ഓര്‍ക്കുമ്പോള്‍ ഒരു കാര്യം പറയാതെ വയ്യ. തൂവെള്ള മുറിക്കയ്യന്‍ ഷര്‍ട്ടുമിട്ട് മുണ്ടിന്‍റെ കോന്തല വലതു കയ്യില്‍
ഒന്നൊതുക്കി പിടിച്ച് സ്കൂളിലെ കലാ സാംസ്ക്കാരിക പരിപാടികള്‍ക്കെല്ലാം നേതൃത്വം നല്‍കിയിരുന്ന, ശബ്ദ നിയന്ത്രണത്തോടെ ഉച്ചഭാഷിണിയിലൂടെ കേള്‍വിക്കാരിലെക്കെത്തുന്ന സ്വര ഗാംഭീര്യതയുടെ ഉടമയായിരുന്ന മുരളീധരന്‍ സാര്‍ ആണ് അദ്ധ്യാപകന്‍ എന്ന് ഓര്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലേക്ക് ഓടിയെത്തുന്ന രൂപം. സാറിന്‍റെ ഒരു ക്ലാസ്സില്‍ പോലും ഇരിക്കാനുള്ള ഭാഗ്യം
എനിക്ക് ലഭിച്ചിട്ടില്ലെന്നതും ഒരു സത്യം മാത്രം.

          ഒന്നാം ക്ലാസ്സ് മുതല്‍ കേരള സര്‍വകലാശാലയുടെ കീഴിലുള്ള സാങ്കേതിക സര്‍വകലാശാലയുടെ വിവിധ കോഴ്സുകള്‍ വരെ പഠിപ്പിക്കുന്ന എന്‍റെ പ്രിയപ്പെട്ട സ്കൂള്‍ ഇന്ന് ആറു കോടിയുടെ പുനര്നിര്‍മ്മാണ പ്രക്രിയയിലാണ്. ഞാനും ഒരിക്കല്‍ ഈ വിദ്യാലയത്തിന്‍റെ ഭാഗമായിരുന്നു എന്ന്‍ അവിടെ കാലു കുത്തുന്ന നിമിഷം തന്നെ അവിടുത്തെ മണല്‍ തരികള്‍ പോലും
എന്നോട് പറയാറുണ്ട്                    (  തുടരും .........)

Share :