Archives / july 2021

കുളക്കട പ്രസന്നൻ
 ഓണം വീട്ടുത്സവമാകണം

ആഗസ്റ്റ് 20ന് ഒന്നാം ഓണമാണ്. ചിങ്ങത്തിലെ ഉത്രാടം. മുൻ കാലത്തെപ്പോലെ കഴിഞ്ഞ വർഷം മുതൽ ഓണം ആഘോഷിക്കാൻ കഴിയുന്നുണ്ടോ ? ഓണ യാത്രകൾ ഒക്കെ പരിമിതം. കൊവിഡ് എന്ന വില്ലൻ ലോകത്തെ ആകെ ഭയപ്പെടുത്തി വിലസുകയാണ്. ആ മഹാമാരിക്കു മുന്നിൽ പ്രതിരോധം തീർക്കുന്ന പടയാളികളാണ് ഓരോരുത്തരും. അതിനിടയിൽ ഓണാഘോഷം ഒഴിവാക്കാനും കഴിയില്ല.

മാലോകരെല്ലാം ഒന്നുപോലെ ജീവിച്ച നല്ല കാലത്തിൻ്റെ ഓർമ്മകൾ ആഘോഷം തന്നെയാവണം. അതു കച്ചവടമാകരുത്. 30 കൊല്ലം മുൻപുള്ള ഓണം ഒന്നോർത്തു നോക്കു. ഓണത്തിനു ദിവസങ്ങൾക്കു മുമ്പ് വീടും പരിസരവും വൃത്തിയാക്കൽ, ഉടുപ്പിന് തുണി വാങ്ങി തൈയ്ക്കാൻ കൊടുക്കൽ, കൊപ്രയാട്ടി എണ്ണ എടുക്കൽ അങ്ങനെ തകൃതി തന്നെ. ഉത്രാടത്തിനു തന്നെ തിരുവോണ ദിവസത്തെ സദ്യയ്ക്കുള്ള വാഴയില ഉൾപ്പെടെ ഒരുക്കി വയ്ക്കും. തിരുവോണ നാളിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി സദ്യ തയ്യാറാക്കി കഴിക്കുകയും ഓണക്കോടി കൊടുക്കുകയും അങ്ങനെ ഓണാഘോഷം പൊടിപൊടിക്കും. ആ രീതിയൊക്കെ പതിയെ മാറി വന്നു. ഓണമെന്നത് റെഡിമെയ്ഡ് ഓണാഘോഷമായി. 

ഉത്രാടത്തിനു എല്ലാം റെഡിമെയ്ഡ് വാങ്ങി തിരുവോണത്തിനൊരാഘോഷം . പണം പൊടിച്ചൊരു കളി. മദ്യത്തിന് മുൻപന്തിയിൽ സ്ഥാനം. ഇതൊക്കെ കണ്ട് മാവേലി ആ വഴിക്കെങ്ങാനും വന്നിരുന്നോ എന്തോ ?

ഇവിടെ ഓണത്തിനു മുൻപെ ഊഞ്ഞാൽ കെട്ടി അതിൽ കുട്ടികൾ ആടും. ചില്യാട്ടം പറക്കൽ, ഉണ്ടയിടൽ ഒക്കെ ഉണ്ട്. ഊഞ്ഞാലോ പാണ്ട്യാലോ പാട്ടും ഒപ്പം കാണും. കുഴിപ്പന്ത് ഏറ്, പുലിക്കളി അത്തരം നാടൻ കളികളും ഉണ്ടാവും. ഇതിൽ നിന്നും ഒക്കെ മറ്റൊരു രസ കാഴ്ചയാണ് അത്തപ്പൂക്കളം. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് നാളുകൾ കുട്ടികൾ പരിസ്ഥിതിയെ അടുത്തറിയുന്ന ദിനം. മുറ്റത്തും പുറത്തും പോയി കാക്കപ്പൂവ്, തുമ്പപ്പൂവ്, തെറ്റിപ്പൂവ് തുടങ്ങിയ വിവിധയിനം പൂക്കൾ പറിച്ചു കൊണ്ടുവന്ന് അത്തപ്പൂക്കളം ഇടുമ്പോൾ നമ്മൾ വലിയ ആശയം അതിൽ കണ്ടെത്തുന്നു . വിവിധ നിറങ്ങളിലുള്ള പൂക്കൾ, വിവിധയിനം പൂക്കൾ . അതായത് നാനാത്വത്തിലെ ഏകത്വം എന്ന ആശയം.

ഓണം മലയാളികളുടെ ദേശീയോത്സവമാണ്. മലയാളികൾ എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം ഓണാഘോഷവും ഉണ്ടാവും. മലയാളികളെ ഒന്നിപ്പിക്കുന്ന ചരിത്ര കണ്ണി.

ഓണത്തെ കുറിച്ച്  ഐതീഹ്യമുണ്ട്. അത് നാട്ടിൽ സമ്പൽസമൃദ്ധി കൈവരിച്ച മാവേലിയെ വാമനൻ ചവുട്ടി താഴ്ത്തിയ കഥ. പിന്നൊന്ന് ആര്യ- ദ്രാവിഡ പോര്. എന്നാൽ കാർഷിക സംസ്കാരമാണ് ഓണമെന്ന പക്ഷവുമുണ്ട്. 

കാർഷിക സംസ്കാരത്തിൽ വീണ്ടു വിചാരം വേണമെന്നാണ് ഈ ഘട്ടത്തിൽ പറയാനുള്ളത്. ഇനിയുള്ള കാലം അതിലൂടെ മലയാളിക്ക് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു. അതിന് ഈ ഓണം വീട്ടുത്സവമാകണം. കുടുംബാംഗങ്ങൾ ഒത്തുകൂടുമ്പോൾ പഴമയുടെ സുഗന്ധം പരക്കും. അതു നല്ല നാളേയ്ക്കുള്ള വഴിത്തിരിവാകും എന്നതിൽ രണ്ടഭിപ്രായം വേണ്ട.

നമ്മൾ പുതുമ തേടി പായുമ്പോൾ പഴമയ്ക്കു വേണ്ടിയാണ് ഓണം പോലുള്ള ആഘോഷങ്ങൾ എന്നു മറക്കരുത്. പണ്ട് സ്ത്രീകൾക്ക് വിലയുള്ള കാലമായിരുന്നു ചിങ്ങത്തിലെ അത്തം മുതൽ ഉള്ള പത്തു നാളുകളും ധനുമാസത്തിലെ തിരുവാതിരയും. ഇപ്പോൾ അത് ഓർമ്മയിൽ മാത്രമാകും.

വീടു നന്നായാൽ നാടു നന്നായി എന്നാണല്ലോ. ഓണം അതിനുള്ള അവസരമാകട്ടെ.

കമൻ്റ്: നാട്ടിൽ കൊറോണ കാണും. വീട്ടിൽ ഓണം മതി.
 

Share :