Archives / july 2021

ലത റാം
പുണ്യ C. R ൻ്റെ *വാട *എന്ന ചെറുകഥ

ലളിതംബിക അന്തർജനം അഗ്നിസാക്ഷി അവാർഡ് കിട്ടിയ പുണ്യ C. R ൻ്റെ *വാട *എന്ന ചെറുകഥ എനിക്ക് വേറിട്ടൊരു വായനാനുഭവം തന്നെയായിരുന്നു സമ്മാനിച്ചത് .

ആദ്യമായി ഞാൻ തീട്ടം കോരാനാഞ്ഞപ്പോൾ ഞാനോക്കാനിച്ചു .. കാലത്ത് തിന്ന പഴഞ്ചൊറിൻ്റെ നാല് വറ്റ് ആരുടെയോ ഛർദ്ദലിൻ്റെ കൂടെ കൂടി കുഴഞ്ഞു. മണ്ണിലൊട്ടി പിടിച്ച ഛർദ്ദിലും ഈർപ്പമറ്റ മലവും കൂടെ ഞാൻ കടലാസ് ചട്ടകൊണ്ട് കോരിയെടുത്ത് ചട്ടിയിലിട്ടു  ,അറപ്പും വെറുപ്പും അപമാനവും ദു:ഖവും കൊണ്ട് ഞാൻ കരഞ്ഞു കൊണ്ടേയിരുന്നു ..

എൻ്റെ അപ്പയും അപ്പൻ്റെ അപ്പക്കും തീട്ടം കോരലായിരുന്നു പണി.ഞങ്ങൾ ചൊക്ലിയർ ഇങ്ങനാണ് .മനുഷ്യൻ തിന്നും കുടിച്ചും ഛർദ്ദിച്ചും തൂറിയുംമിടുന്നതൊക്കെ കോരാൻ വിധിക്കപെട്ടവർ .

അപ്പപണി കഴിഞ്ഞ്ചിറയിൽ മുങ്ങിക്കുളിച്ച് തേയ്ച്ചിട്ടും, മായ്ച്ചിട്ടും പോകാത്ത ദേഹത്ത് ഒട്ടിക്കിടക്കുന്ന മനുഷ്യ മലത്തിൻ്റെ വാടയും പേറി കുടിലിൽ വന്നു കയറുമ്പോൾ * അപ്പയപ്പിടിതീട്ടമാ മക്കളെ അപ്പയെ മുട്ടല്ലെ *എന്നു പറഞ്ഞു കൊണ്ട് നാല് കാല് കെട്ടിയ പുരക്കുള്ളിൽ ഞങ്ങളെ മുട്ടാതെ പണിപ്പെട്ട് കൊണ്ട്  അമ്മക്ക് നേരേ കൂലി നീട്ടി മക്കൾക്കെന്തെങ്കിലും വാങ്ങി കൊടുക്കാൻ പറഞ്ഞ് പുറത്തേക്കിറങ്ങി പോകും.

ഇവിടെയാണ് *പുണ്യ CR *എന്ന എഴുത്തുകാരി എഴുത്തിൻ്റെ മാസ്മരിക ശക്തി  കൊണ്ട് വായനക്കാരായ നമ്മളെ തീട്ടം മണക്കുന്ന അപ്പൻ്റെ മക്കളിൽ ഒരാളായി മാറ്റുന്നത് .അത്രക്കും ആഴത്തിലുള്ള എഴുത്തിലൂടെ നമ്മളെ വല്ലാത്തൊരവസ്ഥയിലേക്ക് എത്തിക്കുന്നു .

അപ്പൻ്റെ മണം സഹിക്കാൻ കഴിയാതെ ഓക്കാനിച്ചു മൂക്കും പൊത്തി നിലവിളിച്ചു കൊണ്ട് അകത്തേക്ക് ഓടി ഒളിച്ചിട്ടുണ്ട് ഞാൻ .. ഇതൊക്കെ മനസ്സിലാക്കിയ അപ്പൻ ചൊറിയും ചിരങ്ങും പിടിച്ച കാല് കറുത്ത നഖങ്ങൾ കൊണ്ട് മാന്തി പുറത്തൊരു കസേര വലിച്ചിട്ട് അതിലായിരുന്നു രാത്രി ഉറങ്ങിയിരുന്നത് .

ഞാൻ അഞ്ചാം ക്ലാസിലെത്തിയപ്പോൾ പുതിയ തായി വന്ന മാഷ് സർവ്വേയെടുക്കാൻ കോളനികളിൽ വന്നപ്പോൾ തൊഴിലിൻ്റെ സ്ഥാനത്ത് *തോട്ടിപ്പണി * എന്നെഴുതിയത് കുട്ടികളടക്കം സ്കൂളിലെ എല്ലാവരും അറിഞ്ഞു. എന്നെ കാണുമ്പോൾ തീട്ടം എന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചതോടെ ഞാൻ പഠിത്തം നിർത്തി .ഇതറിഞ്ഞ അപ്പൻ സങ്കടം സഹിക്കാൻ കഴിയാതെ  വീട് വിട്ട് പോയി .പുറത്ത് എവിടെയോ അമ്മുമായി കണ്ട് മുട്ടി കൊണ്ടിരുന്നു .

അവസാനം വെള്ള പുതച്ചു വിളറി വെളുത്ത് കണ്ണ് തുറിച്ച് മൂക്കീലൂടെ പുഴുവരിച്ച് കുഴിയിൽ നാല് മണിക്കൂറോളം കിടന്ന  അപ്പൻ്റെ മരണം  എൻെറയുള്ളിൽ കനത്തു നിന്നു ..

തന്ത ചത്തു പോയ സ്ഥിതിക്ക് നീ ആയാലും മതീന്ന് പറഞ്ഞ അപ്പൻ്റെ മേസ്തിരിയും, പട്ടിണി കൊണ്ട് നിലവിളിക്കുന്ന അമ്മയുടെയും ഇളയതുങ്ങളുടെ ദയനീയതയും കണ്ട് നിൽക്കാൻ കഴിയാതെ  ഞാനുമങ്ങനെ തീട്ടം മണക്കുന്ന അപ്പനെ പോലെ തീട്ടം മണക്കുന്ന മകനായി മാറി .അങ്ങനെ  ഞാനും രാത്രിയിൽ പുറത്ത് അപ്പനിരുന്ന കസേരയിലിരുന്നു ഉറങ്ങാൻ തുടങ്ങി .

സ്കൂളിൽ പഠിക്കുമ്പോഴും രുക്കുവിന് എന്നെയിഷ്ടമായിരുന്നുവെന്നും  എൻ്റെ തീട്ടം മണക്കുന്ന ശരീരത്തെ ഇപ്പോഴും സ്നേഹിക്കുന്നുവെന്നും  എനിക്കൊപ്പം ജീവിക്കണമെന്ന് പറഞ്ഞെന്നെ കെട്ടിപ്പിടിച്ചപ്പോൾ തീട്ടത്തെ പോലെ ചെറുതായ ഞാൻ മനുഷ്യനെ പോലെ വലുതായി  .രുക്കുവിൻ്റെ *ഗർഭം* എന്നെ വിഭ്രാന്തായിലാക്കി എനിക്കു ശേഷം എൻ്റെ മകനും തീട്ടം കോരാൻ പോകുന്നത് സ്വപ്നം കണ്ട് ഞെട്ടിയുണർന്നു .. ഉൻമാദവസ്ഥയിൽ ഞാനിറങ്ങിയോടി. റയിൽവേ സ്‌റ്റേഷനിൽ ഭാണ്ഡകെട്ടുമായിരിക്കുന്ന രുക്കുവിൻ്റെയടുത്തേക്ക് 

പുറകിൽ മണിച്ചനീച്ചകളെ പോലെ ആൾക്കാരുടെ ആരവം ..

വായിച്ച് തീർത്തിട്ടും എൻ്റെ അസ്ഥിയിൽ പിടിച്ച വേദന മാറാതെ ഘനീഭവിച്ചു കിടന്നു .

പുണ്യ എത്ര പച്ചയായാണ് ഇവരുടെ ജീവിതത്തെ തുറന്നെഴുതിയിരിക്കുന്നത് .ഇനിയും ഒരുപാട് വ്യത്യസ്തമായ വിഷയങ്ങളുമായി നല്ല കഥകൾക്കായി കാത്തിരിക്കുന്നു. ഒപ്പം പുണ്യക്ക് എൻ്റെ എല്ലാവിധ ആശംസകളും നേരുന്നു.

കഥക്കൊപ്പം തന്നെ വലുതായ സലീം റഹ്മാൻ്റെ ചിത്രീകരണത്തിനും എൻ്റെ അഭിനന്ദനം  അറിയിക്കുന്നു .

Share :