Archives / july 2021

ഡോ.നിസ
ദൃഢനിശ്ചയം

സ്വപ്നങ്ങൾ പൂക്കുന്ന കാലത്ത്
സ്വർണ്ണത്തേരിൽ വന്നിറങ്ങിയ
മായാമോഹിനിയെ വലംകൈയാൽ
തൻ ജീവിതസഖിയായി വരവേറ്റു.

നിറഞ്ഞ് കവിഞ്ഞ് പുഴയൊഴുകി
പാടത്തിലായിരം മേനിവിളഞ്ഞു.
ഐശ്വര്യത്തിൻ ദീപങ്ങൾ ജ്വലിച്ചു
ജീവിതമാകെ തളിർത്തു പൂവിട്ടു.

വർഷങ്ങളധികം കഴിയുമുന്നേ
അപസ്വരങ്ങൾ പലതുമുയർന്നു
മനസ്സിൻ കയത്തിൽ വിള്ളൽ വീണ്
സ്നേഹചിറകുകൾ വെന്തെരിഞ്ഞു.

ദാക്ഷിണ്യം ലവലേശമില്ലാതെ
കിനാക്കളെല്ലാം ചവിട്ടി മെതിച്ച്
ഇളം കുരുന്നുകളെ പാടേ വെടിഞ്ഞ്
മരുപച്ച തേടി പെൺകിളി പറന്നു.

തൊട്ടാവാടിയായ് കരിഞ്ഞു തളരാതെ
കടപിഴുതെറിഞ്ഞത് തിരികെ നാട്ടി
മനോധൈര്യ ചെപ്പ് വീണ്ടെടുത്ത്;
പുതിയൊരു കൂടിൻ അടിത്തറ പാകി.

പ്രതീക്ഷകളേറേ പടുത്തുയർത്തി;
പുത്തനുണർവ് പകർന്നു നല്‍കി
നല്ല നാളേയ്ക്കായി കളമെഴുതി
പടവുകളോരോന്ന്ചവിട്ടി കയറി!

Share :