Archives / july 2021

പോതുപാറ മധുസൂദനൻ
മോചനം

കാറ്റത്തിരുന്ന്

കരളിൽ പറഞ്ഞും

കാറ്റാടി വാക്കിൽ

കടക്കണ്ണലിഞ്ഞും

കൂട്ടാളിയാക്കി

രഥത്തിൽ കയറ്റി

കുരുക്ഷേത്രഭൂവിൽ

ശകുനിയ്ക്കു മുന്നിൽ

കാഴ്ചയ്ക്കു വച്ചു നീ.

 

വാക്ച്ചൂതു കേളി

വിളയാടി വീഴ്ച

കാഴ്ച്ചയ്ക്കിരുന്നു

കരിം ഭൂതമായ് നീ.

 

പാഞ്ചാലി വേഷം

പലവട്ടമാടി

പാഷാണം തിന്നാൻ

പലനാൾ കൊതിച്ചു.

 

നിന്നിൽ ഞാൻ കണ്ടു

യുധിഷ്ഠിര ഭാവം

പിന്നെ ഞാൻ കണ്ടു

ഭീമാർജ്ജുന മൗനം

നഗ്നത ചുറ്റിവലിയ്ക്കവെ

നഗ്ന മിഴികളാൽ

മൗനമായ് നിന്നു നീ.

 

എല്ലാം സഹിച്ചു കഴിയുക

കൊല്ലാതെ കൊന്നാലും

തല്ലിച്ചതച്ചാലും

ദുരഭിമാനം പുതച്ചു മിണ്ടായ്ക

ഭർത്തൃമതിയാണ് സ്ത്രീ.

 

നാവു മുറിച്ചാലും

നാരിയെച്ചു ട്ടാലും

നാടു നടുങ്ങിയാലും

നാടകം നടന്നിട്ടേയിരിയ്ക്കും .

 

വേണ്ട

അടക്കമൊതുക്കമാം വാക്കിൻ്റെ

പേടിയിൽ തൂങ്ങി

മരിക്കുന്ന ജീവിതം.

 

സ്ത്രി നിൻ്റെ പീഡനമല്ല

സ്ത്രി നിൻ്റെ പേടിയാകണമെന്നും.

വെന്തുമരിയ്ക്കാനും

നൊന്തു കഴിയാനും 

ബന്ധമുണ്ടായതോ

ബാന്ധവം.

ചൊല്ലു നീ....

ബന്ധമുണ്ടായതോ

ബാന്ധവം.

 

ഭയം നിനക്കില്ല

ഭയം ജനിയ്ക്കുവാനുടൻ

ലഭിക്കുന്ന നീതിയുണ്ടാവണം.

ഇഴഞ്ഞു കിട്ടുന്ന

നീതിയാലെ

കൊഴിഞ്ഞു പോകുന്ന

ജീവിതങ്ങൾ.

 

Share :