മഞ്ചാടി മുത്തുകൾ ( 4 )
വായനയുടെ വിശാല ലോകം എനിക്ക് മുന്നില്‍ തുറന്നിട്ടത് നല്ല ഒരു വായനക്കാരിയായിരുന്ന എന്‍റെ അമ്മ തന്നെയായിരുന്നു. ഞങ്ങളുടെ നാട്ടിലെ സാംസ്കാരിക സ്ഥാപനമായ വായനശാല പുസ്തകങ്ങളെ കൊണ്ടും, വായനക്കാരെക്കൊണ്ടും സമ്പന്നമായിരുന്നു അന്ന്. പത്താം ക്ലാസ്സും, ബിരുദവും കഴിഞ്ഞു ജോലി കിട്ടുന്നത് വരെയുള്ള ഇടവേളയില്‍ ലൈബ്രേറിയനായി സൌജന്യ സേവനം നടത്തുന്ന അന്നത്തെ യുവത്വങ്ങളില്‍ വായനയും നിറഞ്ഞു നിന്നിരുന്നു. വൈകിട്ട് അഞ്ചു മണിക്ക് വായനശാല തുറക്കുന്നതിന്‍റെ അടയാളമായിരുന്നു കോളാമ്പിയിലൂടെ ഒഴുകിയെത്തുന്ന സിനിമാ ഗാനങ്ങള്‍. നാട്ടിന്‍പുറത്തുകാരെ സിനിമാഗാനങ്ങള്‍ മൊത്തമായും ചില്ലറയായും പഠിപ്പിക്കാനുള്ള അവകാശം വായനശാല സ്വയം
ഏറ്റെടുത്തിരുന്നു. പുതുതായി എത്തുന്ന പുസ്തകങ്ങള്‍ ആദ്യം തന്നെ അമ്മയുടെ കയ്യില്‍ എത്തും .കാരണം നിലവിലുള്ളതെല്ലാം അമ്മ മിക്കവാറും വായിച്ചു കഴിഞ്ഞവയായിരിക്കും. ബംഗാളി നോവലിസ്റ്റ് ആയ ദുര്‍ഗ്ഗാ പ്രസാദ് ഖത്രിയുടെ ഡിക്ടറ്റീവ് നോവലുകള്‍ അമ്മയ്ക്ക് വലിയ ഹരമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ക്കും. മണ്ണെണ്ണ വിളക്കിന്‍റെ മങ്ങിയ വെളിച്ചത്തില്‍
ചിലപ്പോള്‍ പാതിരാവു വരെ നീളുന്ന വായനയുടെ കേള്‍വിക്കാരായി അമ്മൂമ്മയും, ഞങ്ങള്‍ മക്കളും ഉറക്കത്തെ ആട്ടിയകറ്റി ഉണ്ടാകും.
റോഡ് കുറുകെ കടന്ന് വേണം വായനശാലയിലേക്ക് പോകാന്‍. അമ്മയ്ക്ക് പുസ്തകമെത്തിക്കുന്നത് മക്കള്‍ തന്നെയായിരുന്നു. വായനശാലയിലേക്ക് പോകാന്‍ ഉത്സാഹം കാണിക്കുന്ന ഞാന്‍ തന്നെയായിരുന്നു കൂടുതലും അവിടെ പോയിരുന്നത്.
എം.സി റോഡാണെങ്കിലും മിക്കവാറും വിജനമായിരുന്നു. വല്ലപ്പോഴും വന്നു പോകുന്ന കാറുകളും, ബസ്സുകളും, സൈക്കിളുകളും, ഒന്നോ, രണ്ടോ ലോറികളും. ‘ഇരു വശത്തേക്കും ശരിക്ക് നോക്കിയേ അങ്ങേ വശത്തേക്ക് പോകാവു’ എന്ന അമ്മയുടെ സ്ഥിരം പല്ലവി ഒരു കാതിലൂടെ കേട്ടു, മറ്റേ കാതിലൂടെ കളഞ്ഞ് ഞാന്‍ പതിവു പോലെ റോഡിന്‍റെ അങ്ങേ വശത്തേക്ക് നടന്നു. റോഡിന്‍റെ നടുവിലെത്തിയതും ഒരു കാര്‍ എന്നെ തൊട്ടു, തൊട്ടില്ല എന്ന മട്ടില്‍ വന്നു നിന്നു. ടയര്‍
ഉരയുന്ന ശബ്ദം കേട്ടാവണം വായനശാലയ്ക്കുള്ളില്‍ നിന്നും ആളുകള്‍ ഓടിയിറങ്ങി വന്നു. ഞാന്‍ റോഡിന്‍റെ നടുവില്‍ ഒരു നിമിഷം ചലനമറ്റു നിന്നു. പിന്നീട് ഒന്നും സംഭവിക്കാത്തത് പോലെ പട പടാ മിടിക്കുന്ന നെഞ്ചോടാടുക്കിയ പുസ്തകവുമായി വായന ശാലയ്ക്കുള്ളിലേക്ക് കയറി. ചിലരാശ്വസിപ്പിച്ചു, ചിലര്‍ വഴക്കു പറഞ്ഞു. അന്ന് ഏതു കുട്ടികളെയും ആര്‍ക്കും വഴക്കു പറയാം. അത്യാവശ്യമെങ്കില്‍ ചെറുതായി കൈ വെക്കുകയുമാകാം. ആരും ചോദിക്കയില്ല. എല്ലാവരും എല്ലാവര്‍ക്കും സ്വന്തമായിരുന്ന അക്കാലം ഇനിയെന്നെങ്കിലും തിരിച്ചു വരുമോ?
ഞാനും ഏട്ടനും തമ്മില്‍ പ്രായത്തില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ ഏട്ടന്‍റെ പുറകെ വെച്ച് പിടിക്കുന്ന കുട്ടിക്കാലമായിരുന്നു എന്‍റെത്. അങ്ങനെയൊരുനാള്‍ വീടിനടുത്തുള്ള കുളത്തില്‍ ഞങ്ങള്‍ രണ്ടാളുംകൂടി മീന്‍
പിടിക്കാന്‍ പോയി. വളരെ പഴയ കുളമായിരുന്നുവെങ്കിലും പുത്തന്‍ കുളമെന്ന് അറിയപ്പെട്ടിരുന്ന ആ കുളം ഓല കുതുക്കാന്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. (ഇന്ന് ആ കുളം നികത്തി അവിടെ പുതിയ വായനശാല കെട്ടിടം തലയുയര്‍ത്തി
നില്‍ക്കുന്നു). എവിടുന്നോ സംഘടിപ്പിച്ച ചൂണ്ടയുമായി ഏട്ടന്‍ മുന്നില്‍, ചൂണ്ടയില്‍ കൊരുക്കാന്‍ നാഞ്ഞൂലിനെ ഇട്ട ചിരട്ടയുമായി ഞാന്‍ പിന്നിലുമായി ആ ഇരുവര്‍ ജാഥ കുളക്കരയില്‍ എത്തിയെന്ന് മാത്രമല്ല സാമാന്യം ഭേദപ്പെട്ട കാരിയും, മുശിയും ഒക്കെ ചൂണ്ടയില്‍ കൊത്തുകയും ചെയ്തു. മീന്‍ പിടിക്കാനും താന്‍ മോശക്കാരനല്ലെന്നു തെളിയിച്ച എട്ടനൊപ്പം മീനും, ഞാനും
വീട്ടിലെത്തി. വലിയ അഭിമാനത്തോടെ അമ്മയ്ക്കുനെരെ നീട്ടിയ മീന്‍ വാങ്ങി അമ്മ അകത്ത് വെച്ചു. എന്നിട്ട് തുടയ്ക്ക് രണ്ടു പെടയും... പറയാതെ പോയതിനും താമസിച്ചതിനും ആയിരുന്നു അത്. മീന്‍ പിടിക്കുന്ന ഹരത്തില്‍ രാവിലെ ഉച്ചയ്ക്ക് വഴി മാറിയത് അറിഞ്ഞതേയില്ല. ശിക്ഷ അവിടം കൊണ്ട് നിര്‍ത്തിയിരുന്നെങ്കില്‍ പോട്ടെന്നു വെക്കാമായിരുന്നു. പിടിച്ച മീന്‍ മുഴുവന്‍... കിഴക്കേ വീട്ടിലേ രാജമ്മചേച്ചിക്ക് ദാനം നല്‍കിയത് സഹിക്കാന്‍ കഴിഞ്ഞില്ല. എന്തായാലും അതിനു ശേഷം അമ്മയോട് പറയാതെ ഞാന്‍ വീടിനു പുറത്തേക്ക് പോയിട്ടില്ല.
എട്ടാം ക്ലാസ്സ് മുതല്‍ പത്താംക്ലാസ്സ് വരെ ഞാനായിരുന്നു ക്ലാസ്സ് ലീഡറും, എം പിയും. ആദ്യമൊക്കെ ഇതൊരു ഹരമായിരുന്നുവെങ്കിലും അതിന്‍റെ ബുദ്ധിമുട്ടുകള്‍ വൈകാതെ എന്നെ തേടിയെത്തി. രണ്ടായിരത്തോടടുത്തു
കുട്ടികള്‍ പഠിച്ചിരുന്ന ഒരു സര്‍ക്കാര്‍ സ്കൂളായിരുന്നു അത്. സ്ഥല പരിമിതി മൂലം രാവിലെ 7.45 മണി മുതല്‍ ഉച്ചയ്ക്ക് 12.45 വരെ ഒരു സെക്ഷനും, ഒരു മണി മുതല്‍ 4.45 വരെ വേറൊരു സെക്ഷനുമായിട്ടായിരുന്നു ക്ലാസ്സുകള്‍ നടത്തിയിരുന്നത്. ഒരു ഹാളില്‍ മൂന്നു താത്ക്കാലിക ഭിത്തികള്‍ ഉറപ്പിച്ചെടുത്ത മൂന്നു ക്ലാസ്സുകളില്‍ ഒന്നായിരുന്നു ഞങ്ങളുടേത്. ടീച്ചര്‍ ഇല്ലാതിരിക്കുന്ന പീരീഡില്‍ സംസാരിക്കുന്നവരുടെ പേരെഴുതിയാലും എനിക്കത് ടീച്ചര്‍ക്ക് കൈമാറാനാവില്ല, കാരണം എനിക്കും
സംസാരിക്കുവാന്‍ വീണു കിട്ടുന്ന അവസരമായിരുന്നു അത്. അങ്ങനെ ടീച്ചര്‍ ഇല്ലാതിരുന്ന ഒരു പീരിഡില്‍ കല്ലെറിഞ്ഞ കാക്കക്കൂടായി ഞങ്ങളുടെ ക്ലാസ്സ്. അടുത്ത ക്ലാസ്സിലെ അധ്യാപകന് സഹികെട്ട് വാതില്‍ക്കലേക്കെത്തി ക്ലാസ്സ്
ലീഡറെ തിരക്കിയതും ഞാന്‍ കുനിഞ്ഞ ശിരസ്സുമായി എഴുനേറ്റു നിന്നു. കുറ്റവാളിയെപ്പോലെ കുറെ വിചാരണകള്‍ക്ക് ശേഷം എന്നോട് പേര് ചോദിച്ചു. ‘രാജേശ്വരി’ എന്ന് മെല്ലെ പറഞ്ഞതും ‘വിഗ്രഹിച്ച് അര്‍ത്ഥം പറയൂ’ എന്നായിരുന്നു അടുത്ത ശിക്ഷ. ‘രാജാവിന്‍റെ ഈശ്വരി’ എന്‍റെ പെട്ടെന്നുള്ള മറുപടിയില്‍ അദ്ദേഹം തൃപ്തനായെന്നു ആ കറുത്ത മുഖത്തിന്‍റെ ഇരുവശത്തും
കാവലിരിക്കുന്ന കമ്മലുകളുടെ ചുവപ്പ് കല്ലുകള്‍ ചിരിച്ചു പറഞ്ഞു. ‘എന്ന് വെച്ചാല്‍?’ ഉടനേ വന്നു അടുത്ത ചോദ്യം. ‘രാജ്ഞി’. എന്‍റെ മറുപടി കേട്ടതും അദ്ദേഹം മുഴുവന്‍ ക്ലാസ്സിനോടുമായി ചോദിച്ചു ‘നിങ്ങളുടെ ലീഡര്‍ ആരാ?’
‘രാജ്ഞി’ പിള്ളേര് കോറസ്സായി പറഞ്ഞു. ‘അപ്പോള്‍ ഈ രാജ്ഞി പറയുന്നത് നിങ്ങള്‍ കേട്ടോണം’ എന്ന ഉപദേശം കുട്ടികള്‍ക്കായി നല്‍കി അദ്ദേഹം പിന്‍വലിച്ചപ്പോള്‍ ഞാന്‍ ചിന്തിച്ചത് മലയാളം അദ്ധ്യാപകന്‍റെ സ്ഥാനത്ത് കണക്കധ്യാപകനാകാതിരുന്നത് നന്നായി എന്നായിരുന്നു. ഏതായാലും കുറെ നാളത്തേക്ക് ക്ലാസ്സിലെ എന്‍റെ വിളിപ്പേര് രാജ്ഞി എന്നായിരുന്നു.
സ്കൂളിന്‍റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന രണ്ടു നിലക്കെട്ടിടത്തിന്‍റെ മുകളില്‍ വലതു ഭാഗത്ത് ഹെഡ്മാസ്റ്ററുടെ മുറിയും അതിനപ്പുറം ഓഫീസ് മുറിയുമാണ്. എന്തോ ആവശ്യത്തിന് ഇടവേളയില്‍ ഞാനെന്‍റെ പ്രിയ സ്നേഹിത ലീലാഭായിയേം വിളിച്ചു കൊണ്ട് ഓഫീസിലേക്ക്പോയതായിരുന്നു അന്ന്‍. ഓഫീസില്‍ നിന്ന്‍ ഇറങ്ങിയപ്പോഴേക്കും ഇടവേള കഴിഞ്ഞുള്ള
ബെല്ലടിച്ചു. വന്നതിലും വേഗത്തില്‍ ഞങ്ങള്‍ ചാടിയിറങ്ങി ക്ലാസ്സിലേക്ക് ഓടിപ്പോയി. ടീച്ചര്‍ എത്തുന്നതിനു മുമ്പ് തന്നെ ക്ലാസ്സില്‍ എത്തിയ ഞങ്ങള്‍ നല്ല കുട്ടികളായി സാറിലേക്ക് ചെവി കൊടുത്തിരിക്കുമ്പോഴായിരുന്നു ഒരു കുട്ടി വന്നു ഞങ്ങളെ ഹെഡ്മാസ്റ്റര്‍ വിളിക്കുന്നു എന്ന് പറഞ്ഞത്. ഹെഡ്മാസ്റ്റര്‍ വിളിക്കുന്നു എന്ന് കേട്ടപ്പോള്‍ ഒരാന്തല്‍ ഉണ്ടായെങ്കിലും തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ എന്ന ആശ്വാസത്തേ മുറുകെ പിടിച്ചുകൊണ്ട് കൂട്ടുകാരിയോടൊപ്പം ക്ലാസ്സിനു പുറത്തേക്കു വന്നപ്പോഴാണ്
വിളിക്കാന്‍ വന്ന കുട്ടിയുടെ കണ്ണുകള്‍ കലങ്ങിയിരിക്കുന്നത് ശ്രദ്ധിച്ചത്. ഹെഡ്മാസ്റ്ററുടെ ചൂരല്‍ വടി തുമ്പില്‍ കണ്ണുകള്‍
എത്തിയപ്പോഴേക്കും ആ കുട്ടി വിവരങ്ങള്‍ ഒക്കെ വിശദമായി പറഞ്ഞു ഞങ്ങളുടെ മനസ്സിലും തീ കോരിയിട്ടിരുന്നു. നീട്ടിയ കൈവെള്ള അയഞ്ഞ ചൂരലിന്‍റെ ശീല്‍ക്കാരം ചുവന്ന തിണര്‍പ്പായി ഏറ്റുവാങ്ങിയപ്പോഴും ഞങ്ങള്‍ക്ക് സംശയം
ബാക്കിയായിരുന്നു, ഞങ്ങള്‍ ചെയ്ത തെറ്റ് എന്തെന്ന്? അദ്ദേഹം അടിക്കാന്‍ കണ്ട കാരണം പറഞ്ഞത് ഇതായിരുന്നു.. ‘ഇടവേള കഴിഞ്ഞു ബെല്ലടിച്ചപ്പോള്‍ ആണ്‍കുട്ടികള്‍ മുകളിലേക്ക് കയറി വരുമ്പോള്‍ ഞങ്ങള്‍ താഴേക്ക് എന്തിനു ഓടിപ്പോയി? പോകുന്ന വഴിയില്‍ അവരെ മുട്ടിക്കാണില്ലേ?’ ഞങ്ങളെ വിളിക്കാന്‍ വന്ന കുട്ടി ഇത്തിരി പുറകിലായി പോയതുകൊണ്ട് അവളെ ഹെഡ്മാസ്റ്റര്‍ കയ്യോടെ പിടിക്കൂടി ഞങ്ങളെ പിടിച്ചുകൊണ്ട് വരാന്‍ പറഞ്ഞയച്ചതാണ്. നോവൂറുന്ന കയ്യും മനസ്സുമായി ക്ലാസ്സിലേക്ക് തിരിയെ നടക്കുമ്പോള്‍ മനസ്സില്‍ തികട്ടി വന്ന ഒരു ചോദ്യം ലീലാഭായി ഞങ്ങളുടെ മുന്നിലേക്കിട്ടു
‘നിങ്ങളെല്ലാവരും സഹോദരീ സഹോദരന്മാരാണന്ന് പിന്നെന്തിനാ ഇദ്ദേഹം ഇടയ്ക്കിടെ പറയുന്നത്?’ ഹെഡ്മാസ്റ്ററുടെ ആ ശിക്ഷ ആവശ്യമായിരുന്നോ എന്ന് ഇപ്പോഴും ഞാന്‍ മനസ്സിലിട്ടു ഗുണിച്ചും ഹരിച്ചും നോക്കാറുണ്ട്.
ചോക്കോ, വടിയോ, ബുക്കോ അങ്ങനെ അധ്യാപകര്‍ക്ക് ആവശ്യമുള്ളതെന്തും അവരുടെ മുറിയില്‍ നിന്നും എടുത്തുകൊണ്ടു വരേണ്ടത് ലീഡറുടെ ചുമതലയാണ്. ഞങ്ങളെ പത്താം ക്ലാസ്സില്‍ സോഷ്യല്‍ സ്റ്റഡീസ് പഠിപ്പിച്ച സാറാമ്മ സാര്‍
(ഞങ്ങള്‍ മധ്യ തിരുവതാംകൂര്‍കാര്‍ മാഷുമ്മാരെയും, ടീച്ചര്‍മാരെയും എല്ലാം സാര്‍ എന്നാണ് സംബോധന ചെയ്തിരുന്നത്.) ഒരു പീരീഡില്‍ രണ്ടും മൂന്നും തവണ എന്നെ അദ്ധ്യാപകരുടെ മുറിയിലേക്ക് ഓടിക്കുക പതിവായിരുന്നു. ‘പഠിക്കാതെ
ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടന്നോ’ എന്ന് മറ്റധ്യാപകരുടെ മുന്നില്‍ വെച്ചു പറയുന്ന ക്ലാസ് ടീച്ചര്‍ അന്നാമ്മ തോമസ് സാറിന്‍റെയും സാറാമ്മ സാറിന്‍റെയും ഇടയില്‍ പെട്ട ഞാന്‍ പതിവുപോലെ ഒരു പീരിഡില്‍ രണ്ടാം തവണ എന്നെ എന്തിനോ അദ്ധ്യാപക മുറിയിലേക്ക് പോയി വരാന്‍ പറഞ്ഞപ്പോള്‍ ‘എനിക്ക വയ്യ, അന്നാമ്മ തോമസ് സാര്‍ വഴക്കു പറയും.’ എന്ന് രണ്ടും കല്‍പ്പിച്ചു പറഞ്ഞു. സാര്‍ കടിച്ചു തുപ്പാന്‍ പോകുന്ന രോഷവും പ്രതീക്ഷിച്ചു നിന്ന ഞാന്‍ കേട്ടത് ഇത്ര മാത്രം ‘ശരി പോകണ്ടാ.’ പിന്നൊരിക്കലും സാറാമ്മ സാര്‍ എന്നോട് ഒരു ജോലിയും പറയാതിരുന്നത് എന്‍റെ ജീവിതത്തിലേക്ക് ഞാന്‍
കെട്ടിവെച്ച ഗുരുനിന്ദ ആയിരിക്കാം. ....... (തുടരും)