സ്ഥിരംപംക്തി /  കഥ

 അനീഷ് ആശ്രാമം 

ഉച്ചക്കഞ്ഞി 

 

രാവിലെ 4.30 ന്റെ അലാറം മുഴങ്ങി കിച്ചു (വിഷ്ണു സ്കൂളിലെ പേര് )  ചാടി എഴുന്നേറ്റ് നല്ല തണുപ്പ് ഉണർന്ന് വരാൻ എന്താ പ്രയാസം, പാഠ ഭാഗങ്ങൾ പഠിക്കാനുണ്ട്, ട്യൂഷൻ ക്ലാസ്സ്‌ പിന്നെ സ്കൂൾ, 7 മണിക്കുള്ള ട്യൂഷൻ കഴിഞ്ഞ് അച്ഛന്റെ കുടുംബ വീട്ടിൽ എത്തി. രാവിലത്തെ ആഹാരം കഴിഞ്ഞ് ഭാണ്ഡം ചുമലിൽ കയറ്റി സന്തത സാഹചാരിയായ സൈക്കിളിൽ സ്കൂളിലേക്ക്.

                                     പത്താം ക്ലാസ്സിലാണ്,അസബ്ലിയിൽ താമസിച്ചാൽ വില്യംസ് സാറിന്റെ (HM) ചൂരൽ കഷായം ഉറപ്പാണ് കടുവയുടെ മുഖവും സിംഹത്തിന്റെ ശബ്ദവും ഓത്തിണങ്ങിയ  രൂപം അത് ഓർക്കുമ്പോൾ തന്നെ പേടിയാണ് സൈക്കിളിന്റെ സ്പീഡ് കൂട്ടി പുള്ളിക്കടയിൽ എത്തിയപ്പോൾ ജോൺസനെ കണ്ടു അവനെ സൈക്കിളിൽ കയറ്റാൻ കിച്ചുവിന് ഇഷ്ടമില്ല പുതിയ സൈക്കിളാണ്, സ്കൂൾ വരെ ജോൺസൻ സൈക്കിൽ ചവിട്ടിക്കൊള്ളും ഇനിയും 6-7 കിലോമീറ്റർ അതോർത്തപ്പോൾ അവനേയും കയറ്റി രാവിലെ മുതലുള്ള സൈക്കിൾ ചവിട്ടിനൊരു ആശ്വാസം, തിരിച്ചു വരുമ്പോഴും ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കും, അവൻ പല ക്ലാസ്സുകളിൽ തോറ്റ് പത്താം തരത്തിൽ എത്തിയതാണ് കിച്ചുവിനേക്കാൾ 3-4 വയസ്സ് ഏറും മീശ മുളച്ച മുഖം തീരെ മെലിഞ്ഞ് പൊക്കം കുറഞ്ഞ കിച്ചുവിനെ ഒരു കൊച്ചനുജനെപ്പോലെയാണ്  ജോൺസൻ കണ്ടിരുന്നത്. സ്കൂളിലെത്തി സമയമായിരിക്കുന്നു ബെല്ലടിക്കാൻ അഞ്ചു മിനിറ്റ് ബാക്കി ബാഗിൽ കിടന്ന ടൈ എടുത്ത് കഴുത്തിൽ കെട്ടി ഒറ്റ ഓട്ടം അസ്സബ്ലിയിലേക്ക് ടൈയും ബെൽറ്റും ഇല്ലേൽ വില്യംസ് സാറിന്റെ അടി ഉറപ്പാണ്. ബ്രിട്ടീഷുകാർ 1900-ൽ സ്ഥാപിച്ച സ്കൂളാണ് വാടി കടപ്പുറത്തിനോട് അടുത്തുള്ള സെന്റ് അലോഷ്യസ് ഹൈ സ്കൂൾ പ്രൊഡിയോടെ തലയെടുത്തു നിൽക്കുന്ന തടിത്തട്ടോടുകൂടിയ രണ്ടുനില ഓടിട്ട കെട്ടിടം, ഇംഗ്ലീഷുകാരുടെ നിർമ്മിതി 100 കൊല്ലമായിട്ടും അതേപടി വലിയ മാറ്റം ഒന്നും ഇല്ല, ആ സ്കൂൾ ജീവിതം വളരെ ക്ലേശകരമായാണ് അവന്റെ ജീവിതത്തിൽ കടന്നുപോയത്, ഇടയ്ക്ക് ടീച്ചേർസ് ട്രൈനിങ്ങിന് വരുന്ന വളരെ സൗമ്യമായി പെരുമാറുന്ന ടീച്ചറന്മാരും സ്കൂളിന് എതിർവശമുള്ള പള്ളിയും ഒഴിച്ച് ബാക്കിയൊന്നും അവന്റെ മനസ്സിന് സന്തോഷമോ സമാധാനമോ പകർന്നുനൽകിയിരുന്നില്ല.

          അന്ന് വളരെ രസകരമായും പിന്നീട് ആശയപരമായി തെറ്റാണെന്നും തോന്നിയ ഒരു സംഭവമാണ് ബാക്ക് ബെഞ്ച് തോറ്റ് തോറ്റ് മൂത്ത മാത്യൂസിനെ സ്കൂളിൽ നിന്ന് പുറത്താക്കിയത്, നല്ല സുന്ദരിയായ സുധടീച്ചർ ഞങ്ങളുടെ മലയാളം അധ്യാപികയാണ് ടീച്ചറുടെ ഡ്രെസ്സിങ്ങിലും അത് പ്രതിഫലിച്ചു, എന്നും പകർത്ത് എഴുതുന്ന ബുക്ക്‌ നോക്കിയ ശേഷമേ ടീച്ചർ ക്ലാസ്സ്‌ ആരംഭിക്കുകയുള്ളു, തലേന്ന് പഠിപ്പിച്ച പാഠ ഭാഗം ഇരട്ട വരായിട്ട ബുക്കിൽ നല്ല ഭംഗിയായി ഉരുട്ടി എഴുതണം വളരെ വേഗത്തിൽ നോക്കി ശരി വെയ്ക്കും അല്ലെങ്കിൽ നല്ല അടി ഉറപ്പ്, അന്ന് പകർത്ത് ബുക്ക്‌ ടീച്ചർ വേഗത്തിൽ നോക്കി വിടുകയാണ് മാത്യൂസിന്റെ ബുക്ക്‌ നോക്കിയതും പെട്ടെന്ന് അവരുടെ മുഖത്ത് ദേഷ്യവും അമർഷവും മിന്നിമറയുന്നു പല്ലുകൾ കടിച്ചമർത്തി ക്ലാസ്സിൽ നിന്നിറങ്ങി HM- ന്റെ റൂമിലേക്ക് പോയി പിന്നീട് HM വടിയുമായി വന്ന് മാത്യൂസിനെ വിളിക്കുന്നു നല്ല പൊരിഞ്ഞ തല്ല്,വീട്ടിൽ നിന്ന് ആളെ വിളിപ്പിക്കുന്നു സ്കൂളിൽ നിന്ന് പുറത്താക്കുന്നതിനുള്ള നടപടിയായി എന്നറിയുന്നു കുട്ടികളെല്ലാം കാര്യം അന്വഷിക്കുന്നു ആകെ ബഹളം കിച്ചുവിനോട് റാഫി കാര്യം പറഞ്ഞു “ആ മാത്യൂസ് പകർത്ത് ബുക്കിൽ ടീച്ചറെ വർണ്ണിച്ച്  നല്ല ഉരുട്ടി ദിവസവും എഴുതിയിരുന്നത് വേഗത്തിൽ നോക്കുന്ന ടീച്ചർ കൈയ്യക്ഷരത്തിന്റെ ഭംഗി കണ്ട് ശരിയിട്ട് വിടും, ഇന്ന് മാത്യൂസ് ടീച്ചറിന്റെ ശരീരഭാഗമാണ് വർണ്ണിച്ച് എഴുതിയിരുന്നത് അവന്റെ ഭാഗ്യക്കേട് ടീച്ചർ അത് വായിച്ചു അങ്ങനെ അവന്റെ കാര്യത്തിൽ ഒരു തീരുമാനമായി “  ഫ്രണ്ട് ബെഞ്ച് കുരുട്ടുകളിടൊന്നായ കിച്ചുവിന് ബാക്ക് ബെഞ്ച് മാത്യൂസിനെ എന്നും ഓർക്കാൻ അങ്ങനെ ഒരു സംഭവം.

                   ഉച്ചക്ക് ബെല്ലടിച്ചു ഊണ് കഴിക്കാനായി എല്ലാവരും കൂട്ടുകൂടിയിരുന്നു, കിച്ചു ഒറ്റയ്ക്ക് പോയിരുന്ന് ചോറ്റ് പാത്രം തുറന്നു രാവിലെ കഴിച്ച ദോശയും സാമ്പാറുമാണ് ഉച്ചക്കും കഴിക്കാൻ അച്ഛമ്മ തന്നയച്ചത് നല്ല ഗന്ധം സാമ്പാർ കേടായിരിക്കുന്നു, എങ്ങനെ കഴിക്കാനാണ് രാവിലത്തെ ദോശപ്പുറത്ത് സാമ്പാർ ഒഴിച്ച് അടച്ച് വച്ചിരിക്കുന്നു അവിഞ്ഞ മണം അവൻ അത് അതേപടി വേസ്റ്റ് ബോക്സിൽ ഇട്ടു സ്ഥിരം പരിപാടി,അതു കൊണ്ടു തന്നെ അവനെ ഊണ് സമയത്ത് ആരും കൂടെ കൂട്ടില്ല കൂട്ടുകാർ ചോറും കറിയുമൊക്കെ കഴിക്കുമ്പോൾ കിച്ചുവിന് അവിഞ്ഞ സാമ്പാർ അതും എല്ലാ ദിവസവും,  ഹൈ സ്കൂൾ ജീവിതത്തിൽ ഉച്ചയ്ക്ക് ചോറ് കഴിച്ചതായി അവന് ഓർമ്മയില്ല അന്ന് അച്ഛമ്മയാണ് ആഹാരം തരുന്നത് തീരെ കുറച്ച് ഭക്ഷണമേ അവന് കിട്ടാറുള്ളു കറി വല്ലതും രണ്ടാമത് ചോദിച്ചാൽ ആ കിളവി ദേഷ്യപ്പെടും എല്ലാത്തിനും വഴക്ക് പറയും അത് പേടിച്ച് മിണ്ടാറില്ല, അമ്മ ഉണ്ടായിരുന്നെങ്കിൽ ചോറും കറിയുമൊക്കെ കൂട്ടുകാരൊത്ത് കഴിക്കാമായിരുന്നു, പത്താം വയസ്സിൽ അമ്മ മരിച്ച കിച്ചുവിന്റെ കുഞ്ഞ് മനസ്സ് അമ്മയെ ഓർത്ത് അങ്ങനെ പല സന്ദർഭങ്ങളിലും വിതുമ്പി.
                  നല്ല വിശപ്പുണ്ട് ഉച്ചക്കഞ്ഞി തന്നെ ശരണം പ്ലേറ്റ് എടുത്ത് ക്യുവിൽ നിന്നു മേരിചേച്ചി കഞ്ഞി ഒഴിച്ചു തന്നു നല്ല വെന്ത് കുഴഞ്ഞ പയറിട്ട കഞ്ഞി വിശപ്പിന്റെ കാഠിന്യം കഞ്ഞിക്ക് രുചി കൂട്ടി, ചിലപ്പോൾ 50പൈസയുടെ ഒരു അച്ചാറും കരുതും മിക്ക ദിവസങ്ങളും അങ്ങനെ തന്നെ സംഭവിച്ചു,ആ കൗമാര കാലങ്ങളിൽ കൂട്ടുകാരുടെ ചോറ്റ് പാത്രത്തിലേ മീനും, ഇറച്ചിയുമൊക്കെ എത്രയോ ദിവസങ്ങൾ കിച്ചു വളരെ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്.  അതൊക്കെ ഒരോർമ്മയിലെ മുറുവായി കിച്ചുവിന്റ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നു, സ്കൂളിൽ ഉച്ചക്കഞ്ഞി തന്നില്ലായിരുന്നെങ്കിൽ എന്തായിരിക്കും തന്റെ സ്ഥിതിയെന്ന് അവൻ പലപ്പോഴും ചിന്തിച്ചു. യാഥനകളും കഷ്ടപ്പാടുകളും നിറഞ്ഞ ദിനങ്ങൾ കടന്ന് പോയിരിക്കുന്നു.

                 സ്കൂൾ ജീവിതം കഴിഞ്ഞ് നീണ്ട ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു കിച്ചു ഇന്നൊരു സർക്കാർ ജോലിക്കാരനായി. അവന്റെ ഫോണിലേക്ക് ഗൾഫിലുള്ള പ്രശാന്തിന്റ കോൾ വരുന്നു  2000-----10D watsapp ഗ്രൂപ്പ്‌ ഉണ്ടാക്കിയിട്ടുണ്ട് അതിൽ നിന്നെ add ചെയ്തിട്ടുണ്ട് അങ്ങനെ കുറച്ച് കുശലാന്വേഷണങ്ങൾ, അവൻ തന്നെയാണ് എല്ലാവരുടേയും നമ്പർ സംഘടിപ്പിച്ചതും,  വളരെ കുറച്ചുപേർ മാത്രമേ പരസ്പരം കോൺടാക്ട് ഉണ്ടായിരുന്നുള്ളു, പരസ്പരം പരിചയം പുതുക്കുന്നു സന്തോഷം പങ്കുവെയ്ക്കുന്നു പലരുടെയും രൂപം തന്നെ പഴയതിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു, മിക്കവരും കുടുംബ ജീവിതത്തിലേക്ക് കടന്നിരിക്കുന്നു, സന്തോഷകരമായ ചർച്ചകൾ വാട്സ് ആപ്പിൾ നടക്കുന്നു .
                  ഇന്ന് കിച്ചുവിനോട് എല്ലാവരും സ്നേഹത്തോടെ പെരുമാറുന്നു ഇതിനിടയിൽ കിച്ചു ആ പഴയ കാലത്തെ ഒന്ന് ഓർത്തുപോയി പാട്ടിണിയും പീഡനവും, യാദനകളും അനുഭവിച്ച കൗമാരം കൂട്ടുകാരുടെ ഭക്ഷണം കൊതിയോടെ നോക്കി ഉച്ചക്കാഞ്ഞിയെ ആശ്രയിച്ച വിശപ്പ്, അതൊന്നും ഒരു കൂട്ടുകാരനും അന്നും ഇന്നും  തിരിച്ചറിഞ്ഞതേയില്ല.           
                                                                                                                   

Share :