Archives / july 2021

മാത്യു പണിക്കർ
ഒരൊറ്റ കോശം

ഇവിടെ ഉണ്ടായിരുന്നു

എന്നു പറയപ്പെടുന്ന ഭൂമി എന്ന

ഒരു ചെറുഗ്രഹത്തെ പറ്റിയുള്ള

അന്വേഷണത്തിന്റെ ഒടുവിലാണ്

ഒരു പാഴ്ജന്മം കണക്കെ

അലഞ്ഞു തിരിയുന്ന

സൂര്യനെ

വാടി കരിഞ്ഞു

ക്ഷീരപഥത്തിന്റെ ഒരു കോണിൽ

യാദൃച്ഛികമായി

ഞാൻ കണ്ടെത്തിയത്.

മനുഷ്യർ എന്ന ഒരുതരം

പ്രാകൃത നിവാസികളുടെ

മലീമസമായ മനസ്സ് മൂലം

ഇരുണ്ടു പൊയ്ക്കൊണ്ടിരുന്ന

ഒരു ഭൂമികയുടെ

പകലുകൾ പ്രഭാപൂരിതമാക്കാൻ

തന്റെ ഊർജം മുഴുവനും

വൃഥാവ്യയം ചെയ്തതിൽ

മനം നൊന്തു

ആ മഹാവിഡ്ഢി

കരയുന്നത് കാണാൻ

ഞാൻ കാത്ത് നിന്നില്ല

ഭൂമിയെ പിന്നീട്

വികൃതമായ മറ്റൊരു രൂപത്തിൽ

കണ്ടെത്തിയെങ്കിലും

സത്യത്തിൽ ഞാൻ തിരഞ്ഞിരുന്നത്

അതിൽ അധിവസിച്ചിരുന്ന

മനുഷ്യനെ തന്നെ ആയിരുന്നു.

പ്രകൃതിയെ മുഴുപട്ടിണിക്കിട്ട

നീരുറവകളുടെ വായ മൂടിയ

വനങ്ങളെ ചുട്ടു തിന്ന

ഹരിത രക്തം കുടിച്ചു മത്തരായ

അധിനിവേശക്കാരില്ലാത്ത

പരമസുരക്ഷിതത്വത്തിൽ അഹങ്കരിച്ചു

പരസ്പരം കൊന്നു തിന്നു

എന്നേക്കുമായി നാമാവശേഷമായ

മനുഷ്യനെന്ന വിഷജന്തുവിന്റെ

ഒരു കോശമെങ്കിലും കണ്ടെത്തുക

എന്ന മഹാലക്ഷ്യത്തിലായിരുന്നു

ആയിരുന്നു ഞാൻ.

ഒടുവിൽ

ഒരു മരുവനത്തിൽ

യുഗാന്തരങ്ങൾക്കു മുമ്പ്

വിശന്നു മരിച്ച

ഒരു കഴുതപ്പുലിയുടെ

അവശിഷ്ടങ്ങളിൽ നിന്ന്

ജീവിച്ചിരിക്കെ

അപ്രയുക്തമായി ദ്ര്യവിച്ചു പോയ

അതിന്റെ പല്ലുകളുടെ

ഒരു പോട്ടിൽ നിന്ന്

ഞാനതു കണ്ടെത്തി !

പക്ഷെ ഈശ്വരൻ പറഞ്ഞു

അതവിടെ തന്നെ വച്ചു കൊൾക !

 

 

Share :