Archives / june 2021

ജ്യോതി സനിൽ
  വാഗ്ദത്തം

ഇനി വരില്ലെന്നു ചൊല്ലിയലക്ഷ്യമായ്

കവിത പെയ്യുന്ന വാക്കുവലിച്ചെറിഞ്ഞെ-

വിടെയോ മാഞ്ഞസന്ധ്യേ -

യഗാധമാം ചുഴിയിലെങ്ങോ

മറഞ്ഞു കിടപ്പോ നീ...

 

പകലു മാഞ്ഞതിൻ തീരത്തതിദ്രുതം

അഴകു പൂക്കുന്ന വർണ്ണം നിറയവെ

വഴിയിലെക്കാട്ടുതെച്ചിയോടൊരു മാത്ര -

യിരുളുവന്നെന്നു പരിഭവം ചൊല്ലുവാൻ

തീവ്രമേതോ വനസുഗന്ധം നുകർന്നരുമ -

യായൊരു മൊഴിയിലലിയാൻ

ഭൂതകാലനിലാവിൻ്റെ ചോരയിലാടിയാടി

ത്തിമർക്കുന്ന തെയ്യമായ്

വെന്തുരുകുന്ന മണ്ണിൻ്റെ വേരിനെ

ചുംബനത്താൽ കുളിർപ്പിച്ച നീരായ്

വന്നുവോ നീ പകലിൻ്റെ നോവിലേ _

ക്കിന്ദ്രചാപം വരയ്ക്കും മുകിലായ്...

 

കരൾ പുകയുന്ന വാക്കിനെ ക്കൈവെടിഞ്ഞൊരു

ത്രിസന്ധ്യ നിഗൂഢം ചിരിയ്ക്കവെ

മൃതിയുണർത്തുന്ന നോവിൻ്റെ തീക്ഷ്ണമാംസ്മൃതി -

യുറവയിലഗ്നിയാളുന്നു..

 

    

 

 

Share :