Archives / june 2021

കെ.ജി. സുഷമ
ഇരുട്ടിലൂടെ നടക്കുമ്പോൾ

ഇരുട്ടിലൂടെ നടക്കുമ്പോൾ

വെളിച്ചത്തിൻ്റെ ഒരു തുണ്ട്

അകമേ നിന്ന്  വഴികാട്ടും

 നിഴലു പോലും കൂടെ വരാത്തതിനാൽ അഴലില്ലാ യാത്ര.!

അരുതുകളുടെ അതിർവരമ്പുകൾ

ഉണ്ടാവില്ല..

അസ്വസ്ഥ നിശ്വാസങ്ങളില്ല..

സ്വസ്ഥമായ മനസ്സു കയ്യിൽപ്പിടിച്ചൊരു യാത്ര.

കുന്നിൻ്റെ ചരിവിലെ ശാന്തനിശബ്ദതയിലേക്കോ...

 പുഴയാഴത്തണുപ്പിലേക്കോ

താഴ്‌വരയിലെ പുൽമേടിൻ്റെ 

വിശുദ്ധിയിലേക്കോ..

വിവശം തിരിഞ്ഞും

മറിഞ്ഞുമുറങ്ങാതെ കിടക്കുന്നൊരു

കടലിൻ്റെ നെടുവീർപ്പിലേക്കോ...

മേഘക്കുഞ്ഞുങ്ങളുറങ്ങും ആകാശത്തിൻ സ്നേഹ വിശാലതയിലേക്കോ..

 

 

പ്രണയിച്ചുപേക്ഷിച്ച കൂട്ടിനെയോർത്തു

കേഴുന്ന രാപ്പാടിയുടെ പാട്ടിൽ

മനം ഉലയരുത്..

സ്നേഹിച്ചു തോറ്റു മടങ്ങിയവരുടെ

വിതുമ്പലിൽ കരളു നോവരുത്

ഓർമ്മകളുടെ വിളുമ്പിൽ തട്ടി

ഹൃദയം പോറരുത്..

 

 രാത്രിയുടെ കറുപ്പിൽ ഭയമരുത്

വെളുപ്പിനേക്കാൾ സുതാര്യത കറുപ്പിനുണ്ട്

 കണ്ണു തുറന്നു പിടിക്കുക പോലും വേണ്ട,

ഇരുട്ടത്ത്‌ കാഴ്ചകൾ കാണാൻ..!

വെളിച്ചത്ത് കാണണമെങ്കിൽ കണ്ണു തുറന്നു

തന്നെ പിടിക്കണം..

ഇരുട്ടിൽ നടത്തിയവരോട് നന്ദി ചൊല്ലണം

അവരാണല്ലോ ഉൾവെളിച്ചത്തിൻ്റെ

പ്രഭ മനസ്സിലാക്കിത്തന്നത്...

 

 

Share :