Archives / july 2021

കുളക്കട പ്രസന്നൻ
ആനി ശിവയ്ക്ക് ബിഗ് സല്യൂട്ട്

ബാല്യത്തിൽ പിതാവും കൗമാരത്തിൽ സഹോദരനും യൗവനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ മക്കളും സംരക്ഷണ നൽകേണ്ടതാണ് സ്ത്രീക്ക് എന്ന മഹത്തായ ആശയം കേൾക്കാത്തവരായി പുതുതലമുറയിൽപ്പെട്ടവരുണ്ടോ എന്ന ചോദ്യം ഈ അടുത്ത കാലത്തായി ഉയരുന്നു. വിവാഹം നീതിക്കേടിൻ്റെ പര്യായമായി മാറുന്നത്   വികല മനസ്സിനുടമകൾ പെണ്ണിനെ സാമ്പത്തിക കൊള്ളയ്ക്കുള്ള വഴിയായി തെരഞ്ഞെടുക്കുമ്പോഴാണ്. 

 സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2016 മുതൽ 2021 ഏപ്രിൽ വരെ 66 സ്ത്രീധന പീഡനമരണങ്ങളുണ്ടായിട്ടുണ്ടെന്നാണ്. ഈ കണക്കിനപ്പുറമാകാമെന്ന നിഗമനമാണ് പലർക്കുമുള്ളത്. 14063 ഗാർഹിക പീഡന കേസുകളും ഇക്കാലയളവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീധന നിരോധന നിയമം നിലവിലുള്ള രാജ്യമാണ് ഇന്ത്യ. 1961 മെയ് ഒന്നിന് ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടും അതറിയാത്തവരായി  ജീവിക്കുകയാണോ അതോ ഈ നിയമം അനുസരിക്കാതിരിക്കലാണോ ഇവിടെ സംഭവിക്കുന്നത്. ഇത് ചർച്ച ചെയ്യപ്പെടേണ്ടതു തന്നെ.

പണവും വിദ്യാഭ്യാസവും എല്ലാം ഉണ്ടായാലും ഉന്നത ജോലിയുണ്ടേൽ രാക്ഷസനായാലും കെട്ടിച്ചു വിടാം എന്ന ചിന്തയാണ് ചിലർക്കുള്ളത്. സമാധാനത്തോടുകൂടിയുള്ള ജീവിതമല്ല കുറഞ്ഞ പക്ഷം നോക്കുന്നത്. പൊങ്ങച്ചം. അതു മാത്രമാണ് വിഡ്ഢികളുടെ അലങ്കാരം. അതുമൂലം ജീവൻ പൊലിയേണ്ടി വരുന്നത് പാവം പെൺമക്കളും.

കെട്ടിച്ചു വിടാനുള്ളതാണ് എന്ന ചിന്താഗതി കുഞ്ഞുനാളിലെ മാതാപിതാക്കളും സമൂഹവും ഒരു പെൺകുട്ടിയിൽ രൂപപ്പെടുത്തുകയാണ്. ആ അടിമത്ത മനോഭാവമാണ് ആദ്യമെ പിഴുതെറിയേണ്ടത്. എങ്കിലെ സ്ത്രീ - പുരുഷ സമത്വം ഉറപ്പാക്കാനാവു.

സ്ത്രീ കരുത്തുള്ളവൾ അല്ലെന്ന് ആദ്യം തിരിച്ചറിയേണ്ടത് സ്ത്രീ തന്നെയാണ്. കുഞ്ഞിനെ 9 മാസവും 9 ദിവസവും   ഗർഭപാത്രത്തിൽ ചുമന്ന് അസ്ഥികൾ ഒടിഞ്ഞു മുറിയുന്ന വേദനയ്ക്കു സമാനമായ വേദന സഹിച്ച് പ്രസവിക്കുന്ന സ്ത്രീയെ കരുത്തില്ലാത്തവൾ എന്നെങ്ങനെ വിധിയെഴുതും. പെൺശക്തിക്കു സമം പെൺശക്തി മാത്രം എന്ന് ജീവിതം കൊണ്ട് വിധിയെഴുതിയിരിക്കുകയാണ് ആനി ശിവ.

ഇഷ്ടപ്പെട്ട പുരുഷനൊപ്പം ഇറങ്ങി തിരിക്കുകയും ആ പുരുഷൻ കയ്യൊഴിഞ്ഞപ്പോൾ പെരുവഴിയിലായ അവസ്ഥയിൽ നിന്നുമാണ് ആനി ശിവ സ്വപ്രയത്നത്താൽ എസ് ഐയായത്. അതിനിടയിൽ  കറി പൗഡറും സോപ്പും വീടുകളിൽ കൊണ്ടു വിറ്റും ഇൻഷ്വറൻസ് ഏജൻസിയെടുത്തും വരുമാന മാർഗ്ഗം കണ്ടെത്തി. ഒപ്പം പഠനം തുടർന്നു. ഇന്ന് ആനി ശിവ മറ്റുള്ളവർക്ക് വഴികാട്ടിയായി.

സ്ത്രീധന പീഡനമരണം ഒരു വാർത്തയായി മാറിയപ്പോൾ സ്വന്തം ജീവിതാനുഭവം നവ മാധ്യമങ്ങളിൽ ആനി ശിവ കുറിച്ചു. അതുകൊണ്ടാണ് ഇതും വാർത്തയായത്.

ആനി ശിവയെ പോലെ ജീവിത വിജയം നേടിയ നിരവധി പേർ ഉണ്ട്. അവരിൽ പലരും ദുർഘട ഘട്ടത്തിൽ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചുണ്ടാവാം. അതിൽ നിന്നു ജീവിതവഴി കണ്ടെത്തിയവരെ  നമ്മൾ മനസ്സിലാക്കണം.

അടുത്ത കാലത്തായി സ്ത്രീധന പീഡനമരണങ്ങൾ കൂടിയതു കൊണ്ട് വൻവാർത്തയായി. മറ്റ് വാർത്തകൾ വരുമ്പോൾ സ്ത്രീധന പീഡനമരണങ്ങൾ വാർത്തകളിൽ ചെറിയ വാർത്തയാകും. അന്ന് സമൂഹവും വലിയ ശ്രദ്ധ കൊടുക്കില്ല. അപ്പോൾ വീണ്ടും സ്ത്രീധനം കൊണ്ട് ജീവിക്കാനും പൊങ്ങച്ചം കാണിക്കാനും മോഹിക്കുന്നവർ മാളത്തിൽ നിന്ന് പുറത്തിറങ്ങും . അവരെ തിരിച്ചറിയാൻ സംവിധാനം വേണം.

പണ്ടൊക്കെ ഒരു വിവാഹം നടത്തും മുമ്പ് പെൺക്കുട്ടിയെ കുറിച്ചും ആൺക്കുട്ടിയെ കുറിച്ചും പരിചയക്കാരോട് ചോദിച്ചറിയുമായിരുന്നു. ഇന്നങ്ങനെയാണോ ? ഓൺലൈൻ വഴിഎത്ര പെട്ടെന്നാണ് വരനെയും വധുവിനെയും കണ്ടെത്തുന്നത്. അതേ വേഗതയിൽ വിവാഹ മോചനത്തിലേക്കും ചിലർ എത്തും. ആ സ്ഥിതിക്ക് വ്യക്തമായി ഇരുകൂട്ടരും അറിയാൻ കഴിയണം എന്നതാണ് ഈ വിഷയത്തിൽ ഏവർക്കും വേണ്ട ആദ്യപാഠം.

കമൻ്റ്: ജാതക പൊരുത്തം അന്വേഷിച്ച് സമയം കളയുന്ന നേരത്ത് ചെറുക്കൻ്റെയും പെണ്ണിൻ്റെയും അയൽവാസി പൊരുത്തം അന്വേഷിക്കുക.

Share :