Archives / june 2021

ഡിനി ഷിബു
  വിളക്ക്

ഒരുമൃദുസ്മേരത്തിനുള്ളി -
ലൊളിപ്പിച്ച മൗനമേ
നിൻ പേരാണെൻപ്രണയം
ഒരു വാക്കും മിണ്ടുവാനരുതാതെ
ചുണ്ടുകൾ വിറയാർന്ന
സൗമ്യതേ നീയെന്നുമെൻ്റെ സ്വപ്നം
കാണാതെ പോയെന്ന് കരുതുമോ നീയെനിയ്ക്ക-
ലിവോടെ നൽകിയോരനുരാഗത്തെ?
ഒരു നോക്ക് കാണുവാനാർത്തി
പിടിച്ചൊരെൻ കണ്ണിന്
കണിയായ പുലരികളെ
നന്ദിയോടിന്നുംസ്മരിപ്പു
ഞാനെൻ മുത്തേ
ഒരു നല്ല കാലമായോർമ്മകളിൽ
ഒന്നു കൈ നീട്ടുവാനൊരു
മാത്രയെങ്കിലുമൊന്ന് തൊട്ടീടുവാൻ
കൊതിയാർന്ന മാനസം
അലിവോടടക്കി നീ
ഒരുപാട് നാളുകൾ
കണ്ണിൽത്തെളിച്ചൊരാ
മൃദുമന്ദഹാസമാണെൻ വിളക്ക്
ഒരു മിന്നാമിന്നിയും
തെളിയുവാനില്ലാത്ത
വഴികളിൽ സ്നേഹമേ
നീ ചേർത്തു വച്ചൊരാ
പൊൻ വിളക്ക്

           

Share :