Archives / 

രാധിക ശരത് 
ലൈല ഭാനു 

മഴക്കാലമാണ്. കുളിരുള്ള മഴക്കാലം. ഓല പാകിയ മേൽക്കൂര മാറ്റിയ ശേഷമാണു മഴയ്ക്കു ഇത്രേം കുളിരും സൗന്ദര്യവും തോന്നിയത്. ഓല മാറ്റി ഷീറ്റ് ഇടും വരെ ആ ഒറ്റമുറി വീട്ടിൽ മഴയെ ഭയത്തോടെയെ കാണാൻ കഴിഞ്ഞുള്ളു. വീട്ടിലുള്ള പാത്രങ്ങൾ മുഴുവൻ നിരത്തിയാലും തീരാത്തത്ര വെള്ളമുണ്ടാകും. പുതപ്പിനടിയിലേക്ക് ചുരുളുമ്പോൾ ലൈല ഓർത്തു കഴിഞ്ഞുപോയ നാളുകളെക്കുറിച്ച്..

പൂ വിൽപ്പനക്കാരി മോഹിനിയുടെ  വളർത്തുമകൾ ആണ് ലൈല. പട്ടണത്തിലെ കോവിലിൽ പൂമാല കൊടുക്കാൻ പോയിട്ട് വരുന്ന ദിവസങ്ങളിലൊന്നിൽ ഭർത്താവുപേക്ഷിച്ച ആ സാധു സ്ത്രീയ്ക്കു കുപ്പത്തൊട്ടിലിൽ നിന്ന് കിട്ടിയ നിധി. അതുമല്ലെങ്കിൽ പ്രണയം കാമത്തിൽ ഒതുങ്ങുമ്പോൾ ഉപേക്ഷിക്കപ്പെടുന്ന അപൂർവം ചില ജന്മങ്ങളിൽ ഒന്ന്, അതാണ് ലൈല...തിരക്കി വരാൻ ആരുമില്ലാത്തത് കൊണ്ട് തന്നെ അവൾ മോഹിനിയ്ക്കു മകളായി..

ഇന്ന് മോഹിനി ജീവിച്ചിരിപ്പില്ല. ലൈല പത്താംക്ലാസ്സിൽ പഠിക്കുമ്പോഴാണ് മോഹിനിയ്ക്കു വയ്യാണ്ടാകുന്നത്. കുറച്ചുനാളുകൾക്കു ശേഷം ആ സ്ത്രീ ലൈലയുടെ ജീവിതത്തിൽ നിന്നും കടന്നുപോയി..

അമ്മയില്ലാത്ത പെൺകുട്ടിയെ സഹായിക്കാൻ ഒരുപാട് പേർ വന്നു. ഒരു നേരത്തെ ആഹാരംകൊടുത്തിട്ട് ആർത്തിയോടെ നോക്കിയ പലരും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെപലരുടെയും ഔദാര്യങ്ങൾ സസന്തോഷം ഒഴിവാക്കി...

പിന്നീട് കോവിലിലേക്ക് പൂമാല വാങ്ങാൻ വന്നിരുന്ന ബാലമ്മാമ്മയോട് പട്ടണത്തിൽ ഒരു ജോലി വാങ്ങി തരുമോ എന്ന് ചോദിച്ചു. അറിയാവുന്ന ഒന്നുരണ്ടു വീട്ടിൽ ജോലി സെരിയാക്കി തന്നു.. ഇപ്പോൾ മൂന്നു വീടുകളിലായി ദിവസവും ജോലിക്ക് പോകുന്നുണ്ട്. ഇവിടുന്നു പട്ടണത്തിലേക് മൂന്നാല് കിലോമീറ്റർ ഉണ്ട്. എന്നും നടന്നാണ് പോകുന്നതും വരുന്നതും. കൂട്ടിനു എപ്പോഴോ കൂടെകൂട്ടിയ വളർത്തുനായ ഭാനുവുമുണ്ട്. തന്റെ നേർക് വരുന്ന നോട്ടങ്ങളെ വിരലുകളെ ഒക്കെ ശക്തമായ ഭാഷയിൽ തിരിച്ചയക്കുന്ന കൂടെപ്പിറപ്പ്.കണ്ണുവിരിയും മുൻപ് കൂടെ കൂടിയതുകൊണ്ടാവണം അവൾ എന്നെ കണ്മണിപോലെ കാക്കുന്നത്.

രാവിലെ പഞ്ചായത്തിൽ ജോലിയുള്ള സരള ചേച്ചിയുടെയും സഹദേവൻ ചേട്ടന്റെയും വീട്ടിൽ. ആറുമണിക്ക് ചെല്ലണം.മുറ്റമടി, മുറി വൃത്തിയാക്കൽ, കാപ്പിയുണ്ടാക്കൽ, കറികൾ ഉണ്ടാക്കൽ എല്ലാം കഴിഞ്ഞ് പത്തുമണി ആകുമ്പോൾ രാവിലത്തെ ഭക്ഷണം അവിടെനിന്നും കഴിച്ചിട്ട് ഇറങ്ങും. ചേച്ചിയും ചേട്ടനും അതിനു മുൻപേ പോകുന്നത് കൊണ്ട് അവിടുത്ത അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങും..

പിന്നീട് ജലജ ചേച്ചിടെ വീട്ടിൽ. വൈകുന്നേരം വരെ അവിടെ കാണും. ചേട്ടൻ കോളേജിൽ പഠിപ്പിക്കുന്നു.കുട്ടികൾ ഇല്ലാത്തതിന്റെ ചികിത്സയിൽ ആയതുകൊണ്ട് ചേച്ചിക്ക് കട്ടിയുള്ള പണിയൊന്നും ചെയ്തൂടാ.. ചേച്ചി സ്വന്തം കൂടെപ്പിറപ്പ് ആണെന്ന് തോന്നും ചിലപ്പോൾ.അത്രയ്ക്കും സ്നേഹമാണ്. കുഞ്ഞുങ്ങൾ ഇല്ലാത്തത് ചേച്ചിയെ വളരെയധികം  തളർത്തിയിരിക്കുന്നു...

വൈകുന്നേരം നാലുമണി ആകുമ്പോൾ ഡെയ്സി ചേച്ചിയുടെ വീട്ടിൽ ചെല്ലണം.ടീച്ചറാണ്.ഭർത്താവ് ഗൾഫിലും.ചേച്ചിയും മകനും സ്കൂളിൽ നിന്നും വരുമ്പോൾ അവിടെ കാണണം.അവിടത്തെ ജോലികൾ.രാത്രി ഭക്ഷണം ഉണ്ടാക്കൽ, രാവിലത്തേക്ക് കാപ്പിക് അരി അരച്ച് വെക്കൽ അങ്ങനെ എല്ലാം കഴിഞ്ഞ് രാത്രി ഭക്ഷണം അവിടെ നിന്നും പൊതിഞ്ഞെടുത്തു ഭാനുവുമൊത്തു വീട്ടിലേക്ക് നടക്കും..ഇതാണ് പതിവ്...

പുറത്ത് മഴ കനക്കുമ്പോൾ ഓർമകളുടെ ഭണ്ഡാരം അഴിഞ്ഞു വീണത് വാരിക്കൂട്ടി കൺപീലിയിൽ നിറച്ച് അവളുറങ്ങി.. അവളുടെ കാൽച്ചുവട്ടിൽ ഞരങ്ങിയും മൂളിയും ഭാനുവും ഉറക്കത്തിന്റെ ഉത്തുംഗശ്രിംഗത്തിൽ എത്തിയിരുന്നു.

രാത്രിയിൽ, ജലജചേച്ചിക്ക് എന്തോ വയ്യായ്ക ഉള്ളതുകൊണ്ട് രാവിലെ അവിടെ വരെ ചെല്ലണമെന്ന് വരുൺസാറ് വിളിച്ചു പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അലാറം വെച്ച് നേരത്തെ എഴുനേറ്റു. രാത്രിയിൽ തിമിർത്തുപ്പേയതോണ്ടാവും രാവിലെ മഴ ഒന്ന് ശാന്തമായി.ഇരുളു പുതച്ച  വഴിയിലൂടെ അവർ രണ്ടും നടന്നു.സരിതലപ്പുകൊണ്ടു പുതച്ചു, കുടയും പിടിച്ചെങ്കിലും ലൈലയ്ക്കു നന്നായി തണുക്കുന്നുണ്ടായിരുന്നു. അതിനേക്കാൾ ജലജ ചേച്ചിയ്ക് എന്തുപറ്റി എന്നുള്ള ആധിയും....

ലൈലയെ കണ്ടപാടെ ജലജ യുടെ കണ്ണുകൾ കവർന്നൊഴുകി.

"എന്തുപറ്റി ചേച്ചി "

"ലൈല, ബ്ലീഡിങ് ആയിരുന്നു. ഹോസ്പിറ്റലിൽ പോയി, എനിക്കിനിയൊരു കുഞ്ഞു ഉണ്ടാകുമെന്ന് തോന്നുന്നില്ല,"

മുഖം പൊത്തി അവർ കരഞ്ഞു.എന്തുപറഞ്ഞു അശ്വസിപ്പിക്കണമെന്ന് അവൾക്കറിയില്ലായിരുന്നു.. "എല്ലാം ശേരിയാകും ചേച്ചി, കരയാതെ "

"ഇനി കഴിക്കാൻ ഒരു മരുന്നുമില്ല. എത്ര കൊല്ലമായി ഇങ്ങനെ. വയ്യ. നാട്ടിൽ എല്ലാവരും ഇത്തവണ ഒരുപാട് പ്രതീക്ഷിച്ചു.ഇത് പറയാനുള്ള ശക്തി കൂടി എനിക്കില്ല "

അവരുടെ കണ്ണിൽ നിന്നും ചോരയാണ് വരുന്നതെന്ന് തോന്നി.. അത്രമേൽ ചുവന്നിരിക്കുന്നു മുഖം..

പതിവുപോലെ അന്നും തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ ഇരുളു പരന്നിരുന്നു.മഴ മാനത്തു കാണുമ്പോൾ ഓടിയൊളിക്കുന്ന വൈദ്യുതി അന്നും പതിവു തെറ്റിച്ചില്ല. ചാറ്റൽ മഴയും ഇരുട്ടും കൂട്ടിനു ഭാനുവും..മഴക്കോളുള്ളതുകൊണ്ടാവാംതെരുവിൽ ആളുകൾ വിരളം.ഏകദേശം ഒരുകിലോമീറ്റർ കഴിഞ്ഞിട്ടുണ്ടാകും പട്ടണത്തിൽ നിന്നും കോളനിയിലേക്കുള്ള ഇടവഴിയ്യെത്തിയപ്പോൾ ഭാനു കൂട്ടുവിട്ടു. കുരച്ചുകൊണ്ട് മുന്നോട്ടോടി. ഭാനു ഓടിമറഞ്ഞപ്പോൾ അതുവരെയുണ്ടായിരുന്ന ധൈര്യം കൈമോശം വന്നപോലെ.പിന്നാലെ ഓടി. ഭാനുവിന്റെ കുരയും പിന്നാലെ ലൈലയെയും കണ്ടപ്പോൾ ഒന്നുരണ്ടു തെരുവുപട്ടികൾ ഓടിമാറി.റോഡുവക്കിൽ കണ്ട തുണിയിൽ പൊതിഞ്ഞ നിലയിൽ അവൾ അവളെത്തന്നെ കണ്ടു. കരഞ്ഞുകരഞ്ഞു ഒച്ചയെടുക്കാൻ പോലും കഴിയാതെ തളർന്നുകിടക്കുന്ന ഒരു കുഞ്ഞു. അത്രയും മാത്രേ മൊബൈലിന്റെ ചെറിയ വെട്ടത്തിൽ അവൾ കണ്ടുള്ളു ..

വാരിയെടുത്തു സാരിത്തുമ്പിൽ പൊതിഞ്ഞു. മുഖം തുടച്ചു. നെഞ്ചോട് ചേർത്തു. എന്താണ് വേണ്ടതെന്നു ഒരു നിമിഷം ആലോചിച്ചു. "ഇല്ല എന്നെപ്പോലെ ഇനിയും ഒരാൾ കൂടി വേണ്ട. ഞാൻ ഇല്ലാത്ത കാലം നിനക്ക് ഒരുപാട് ദുരന്തങ്ങൾ നേരിടേണ്ടി വന്നേക്കും. അതുകൊണ്ട് നീ എന്റെ കുടിലിലേക്ക് വരണ്ട."

അവൾ കുഞ്ഞിനെഞ്ചിൽ ചേർത്തു തിരികെ നടന്നു.നടക്കുമ്പോഴെല്ലാം അവൾ ശപിച്ചു. ഉപേക്ഷിക്കാൻ ഉളുപ്പില്ലാത്ത മാതാപിതാക്കളെ ഓർത്ത്, ചവറ്റുകുട്ട യിൽ ഏറിയപ്പെടുന്ന ബാല്യങ്ങളെ ഓർത്ത്,. കുഞ്ഞുങ്ങൾക്ക് വേണ്ടി കരയുന്ന എത്രയോ അമ്മമാരെ ഓർത്ത്,. ആരും അല്ലാഞ്ഞിട്ടും അനാഥാലയത്തിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി മാസമാസം  കിട്ടുന്ന പണം കൂട്ടിവെച്ചു ജീവിക്കുന്ന തന്നെത്തന്നെ യോർത്തു.ഉപേക്ഷിക്കുമ്പോൾ അമ്മതൊട്ടിലിൽ ഉപേക്ഷിച്ചാൽജീവനെങ്കിലും നിലനിൽക്കില്ലേ? ചവറ്റുകുട്ടയിൽ എറിഞ്ഞു ജീവൻ കളയാൻ എന്തു തെറ്റാണു ഞങ്ങൾ ചെയ്തത്?   അവളുടെയുള്ളിൽ തികട്ടി വന്ന ചോദ്യങ്ങളൊക്കെയും കൺപീലിയിൽ തട്ടി മഴത്തുള്ളികളോട് അലിഞ്ഞു ചേർന്നുകൊണ്ടിരുന്നു...

അവളുടെഒപ്പമെത്താൻ ഭാനു നന്നേ പാടുപെട്ടു. എല്ലാം തീരുമാനിച്ചുറപ്പിച്ചപോലെ അവൾ കുറച്ചുകൂടി വേഗത്തിൽ നടന്നു ഇരുളും മഴയും ഭേദിച്ചുകൊണ്ട്.. ജലജയുടെ  വീട്ടിലേക്ക് നടക്കുമ്പോൾ അവൾക്കുറപ്പുണ്ടായിരുന്നു താൻ അർഹതയുള്ള കരങ്ങളിലാണ് അതിനെ ഏൽപ്പിക്കാൻ പോകുന്നതെന്ന്. അപ്പോൾ അവൾക്കു പ്രായം പതിനെട്ടായിരുന്നില്ല....

 

Share :