Archives / june 2021

രാജേശ്വരി ജി .നായർ
മഞ്ചാടി മുത്തുകൾ. ( 3 )

ഗോവയിലെ ഡബോളീം അന്താരാഷ്ട്ര വിമാനത്താവളം

ഓര്‍മ്മകളുടെ പിന്‍നടത്തം ഒരു മിഠായി മധുരമായി സ്കൂള്‍  പരിസരങ്ങളെ തേടി അലയുമ്പോള്‍ ഒരു ചെങ്ങാതിയോടൊപ്പം ഒന്നാം ക്ലാസ്സ്കാരിയായ ഞാന്‍ സ്കൂള്‍ വിട്ടു വീട്ടിലേക്ക് നടക്കുകയാണ്. അവള്‍ക്ക് ആരോ സമ്മാനിച്ച മിഠായി എന്നെ കൊതിപ്പിച്ചു കൊണ്ട് വായിലിട്ടു നുണയുന്നുണ്ട്. മറ്റൊന്ന് കൂടി അവളുടെ കുഞ്ഞികൈകള്‍ പൊതിഞ്ഞു പിടിച്ചിരിക്കുന്നത് എന്‍റെ കൊതിക്കണ്ണുകള്‍ ചൂഴ്ന്നെടുത്തുവെങ്കിലും തരുമെന്നുള്ള പ്രതീക്ഷയില്‍ ചില നിമിഷങ്ങള്‍ വീര്‍പ്പടക്കി കൂടെ നടന്നു. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നുമല്ലോ. അഭിമാനം കൊതിയെ വിലക്കിയെങ്കിലും കൊതി നാണം കെട്ടു ചോദിക്കുക തന്നെ ചെയ്തു. എന്നിട്ടും ഒന്ന് പോയിട്ട് അതിന്‍റെ ഒരു തുണ്ടു പോലും കിട്ടാതിരുന്ന വിഷമം ഉള്ളിലിട്ടു നീറ്റി വീട്ടില്‍ എത്തിയ എനിക്ക്
വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ ഒരു മിഠായി അച്ഛന്‍ എന്‍റെ കയ്യില്‍ വെച്ച് തന്നു. എന്‍റെ സന്തോഷത്തിനു സീമകള്‍ ഉണ്ടായിരുന്നില്ല. ആര്‍ത്തിയോടെ മിഠായി വായിലേക്കിട്ടു. “ഞാന്‍ കഷ്ടപ്പെടുന്നത് നിങ്ങള്ക്ക് വേണ്ടിയാ.. ഇനിയും മിഠായി മാത്രമല്ല ഒന്നും മറ്റുള്ളവരോട് ഇരക്കരുത്. എന്താ വേണ്ടിയതെന്നു വെച്ചാല്‍ എന്നോട് പറഞ്ഞാല്‍ മതി.” അച്ഛന്‍റെ വാക്കുകളും
പുറകെ എത്തി. വാക്കുകള്‍ക്ക് രുചി കെടുത്താനും കഴിയുമെന്ന് അന്നെനിക്ക് മനസ്സിലായി. എവിടെയോ പോയിട്ട് ഞങ്ങളുടെ പുറകെ എത്തിയ അച്ഛന്‍ എന്‍റെ മിഠായി യാചന കേട്ടിട്ടു നൊന്ത മനസ്സുമായി മറ്റൊരു വഴിയേ മിഠായിയും വാങ്ങിയാണ് വീട്ടില്‍ എത്തിയത്. ആരില്‍ നിന്നും കഴിയുന്നതും സൗജന്യങ്ങള്‍, എത്ര പ്രിയപ്പെട്ടതാണെങ്കിലും സ്വീകരിക്കരുതെന്ന് അച്ഛന്‍ നല്‍കിയ വലിയ പാഠങ്ങളില്‍ ഒന്നായിരുന്നു അത്. എന്നിട്ടും ഏഴാം ക്ലാസ്സില്‍ വെച്ച് ഒരു മിടുക്കി ടാര്‍ ഉരുട്ടി കറുത്ത മുന്തിരിങ്ങയുടെ
രൂപത്തിലാക്കി തന്ന് എന്നെ പറ്റിച്ചത് മുന്തിരിങ്ങാ കാണുമ്പോഴൊക്കെ ഓര്‍മ്മയില്‍ തികട്ടി വരും.

                  സ്കൂള്‍ ജീവിതത്തിന്‍റെ മറ്റൊരു സന്തോഷമായിരുന്നു പരീക്ഷ വരുന്നത്. ഒരു ശരാശരി വിദ്യാര്‍ത്ഥിനിയായിരുന്ന, പ്രത്യേകിച്ചും കണക്കില്‍ അന്നുമിന്നും വട്ടപ്പൂജ്യമായ എനിക്ക് മാര്‍ക്ക് മേടിച്ചു ക്ലാസ്സില്‍ കേമിയാകാം എന്നുള്ള അതി മോഹം കൊണ്ടല്ല. അന്ന് ഉത്തമെഴുതാന്‍ പേപ്പര്‍ മേടിക്കാന്‍ തരുന്ന പൈസ കൊണ്ട് ഒന്നോ രണ്ടോ പേര്‍ പേപ്പര്‍ മേടിച്ചു ഷീറ്റുകള്‍ പങ്കു
വെച്ചെടുക്കും. (അത്രയും പേപ്പറുകള്‍ തന്നെ അധികം) ബാക്കി പൈസ കൊണ്ട് കമ്പ് ഐസ്ക്രീം വാങ്ങി അതും പങ്കു വെക്കും. കച്ചവടക്കാരന്‍ തന്‍റെ സൈക്കിളിനോട് ചേര്‍ത്തു വെച്ച ഒരു പെട്ടിയില്‍ നിന്നും കമ്പുകളില്‍ തൂക്കിയെടുക്കുമ്പോള്‍തന്നെ ചുവപ്പും, വെള്ളയും, ഓറഞ്ചും നിറത്തുള്ളികള്‍ കമ്പുകളിലൂടെ താഴേക്ക്എടുത്തു ചാടാന്‍ തുടങ്ങും. പിന്നീട്കൈകളിലൂടെയും ... വൈവിധ്യമേറിയ രുചിക്കൂട്ടുകളുമായി കമ്പോളത്തിലെത്തുന്ന ഏതെങ്കിലും  ഐസ്ക്രീമിനു സൌഹൃദവും, ബാല്യവും മേമ്പൊടി ചേര്‍ത്ത  ആ കമ്പ് ഐസ്ക്രീമിന്‍റെ രുചി നല്‍കാന്‍ കഴിയുമോ?

            അഞ്ചാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ എന്നെയും, അഞ്ചു വയസ്സിനിളപ്പമുള്ള എന്‍റെ അനിയത്തിയെയും അച്ഛന്‍ കോഴിക്കോടിനു കൊണ്ടുപോയി അച്ഛന്‍ പഠിപ്പിക്കുന്ന പുന്നശ്ശേരി സ്കൂളില്‍ ചേര്‍ത്തു. ആ സ്കൂളിലെ തന്നെ ടീച്ചറായിരുന്ന ചിറ്റമ്മ (ഉപ്പാപ്പന്‍റെ ഭാര്യ) ഞങ്ങള്‍ രണ്ടാളേയും പുതിയ രണ്ടു സ്വര്‍ണ്ണ കമ്മലുകള്‍ വാങ്ങി അണിയിച്ചാണ് കോഴിക്കോടിനു കൊണ്ടുപോയത്. പുതിയ കമ്മലിന്‍റെ സന്തോഷവും,   ആദ്യത്തെ തീവണ്ടി യാത്രയുടെ കൌതുകവും, പുതിയ സ്ഥലം എങ്ങനെയായിരിക്കുമെന്ന ആകാംഷയും യാത്രയിലുടനീളം എന്നെ പൊതിഞ്ഞു നിന്നിരുന്നു. വാക്കുകള്‍ കുറുക്കിയെടുത്ത ഭാഷയും,
അന്തരീക്ഷവുമായി കൂട്ട് കൂടിയപ്പോഴേക്കും ചിറ്റമ്മയ്ക്ക് സുഖമില്ലാതെ നാട്ടിലേക്ക് പോരേണ്ടി വന്നതിനാല്‍ അച്ഛന്‍ ഞങ്ങളെ വീണ്ടും പഴയ സ്കൂളിലാക്കി. ആറുമാസത്തെ കോഴിക്കോട് വാസമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ആ നാട് എന്തോ എനിക്കും പ്രിയപ്പെട്ടതായി. അച്ഛനോടുള്ള പ്രത്യേക സ്നേഹം ആ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ബാലന്‍ മാസ്റ്റര്‍ കാണിച്ചത് അവരുടെ
തറവാട്  വീട്  അച്ഛനു താമസിക്കാന്‍ നല്‍കിക്കൊണ്ടായിരുന്നു. അച്ഛന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു സ്വന്തം മണ്ണില്‍ വിശ്രമ ജീവിതം തള്ളി നീക്കാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇന്നും രണ്ടു വീടുകളിലേയും                     വിശേഷാവസരങ്ങള്‍   സൗഹൃദത്തിന്‍റെ ഊഷ്മളമായ ഓര്‍മ്മപുതുക്കലുകള്‍ കൂടിയാണ്.

                  ആറുമാസത്തെ വിടവേ ഉണ്ടായിരുന്നുള്ളുവെങ്കിലും, അന്തരീക്ഷം പഴയതായിരുന്നെങ്കിലും  ഞാന്‍ തിരിച്ചു വന്നു ചേര്‍ന്നപ്പോള്‍ ഡിവിഷന്‍ മാറിയത് കൊണ്ട് പുതിയ ക്ലാസും, പുതിയ കൂട്ടുകാരുമായി ഇഴുകിച്ചേരാന്‍ കുറെ നാളുകള്‍ വേണ്ടി വന്നു. ഇടവേളകളില്‍ പഴയ കൂട്ടുകാരുമായി ചേര്‍ന്നു നടക്കാനായിരുന്നു എനിക്ക് താത്പര്യം.

   അന്നു ഞങ്ങള്‍ക്ക് സ്കൂള്‍ പാര്‍ലമെന്‍റ് ഉണ്ടായിരുന്നു. ഓരോ ക്ലാസ്സില്‍ നിന്നും ഓരോ എം .പീ മാരും, അവരില്‍ നിന്നും ഒരു പ്രധാന മന്ത്രിയെയും തിരഞ്ഞെടുക്കും. (സ്കൂള്‍ ലീഡറിനു പകരം) എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്നെക്കാളും രണ്ടര വയസ്സിനു മൂപ്പുള്ള എന്‍റെ ഏട്ടനായിരുന്നു അത്തവണത്തെ സ്കൂള്‍ ലീഡര്‍. ഒരു ക്ലാസ് ലീഡര്‍ പോലും ആകാന്‍ കഴിവില്ലാത്ത
ഞങ്ങള്‍ അനിയത്തിമാരില്‍ മൂത്തവളായ എന്നോട് അതിന്‍റെ പേരില്‍ ആളാകാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുമായിരുന്നു. പോരെങ്കില്‍ സ്കൂളിനെ പ്രതിനിധീകരിച്ച് എവിടെ പോയാലും പ്രസംഗ മത്സരത്തില്‍ ട്രോഫിയും
കൊണ്ട് വരികയും ചെയ്യും. ഇതൊന്നും അത്ര വലിയ കാര്യമല്ല എന്ന അവഗണന നോക്കിലും വാക്കിലും ഇട്ടു  നടക്കുമ്പോഴായിരുന്നു താലൂക്കടിസ്ഥാനത്തില്‍ ഒരു പ്രസംഗ മത്സരത്തിന് എനിക്കും നറുക്ക് വീണത്. ഞങ്ങളുടെ പഞ്ചായത്തില്‍ നിന്നും ഞാനും, ഏട്ടനും മാത്രം. മത്സരത്തിന് അര മണിക്കൂര്‍ മുമ്പാണ് ‘നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകം’ എന്ന വിഷയം കിട്ടിയത്. വീടിനടുത്തുള്ള മന്ദിരത്തില്‍ വെച്ചു നടന്ന പരിപാടിയായതുകൊണ്ട് പരിചിത മുഖങ്ങളായിരുന്നു കാഴ്ച്ചക്കാരിലേറെയും. ഏട്ടന്‍ കുറച്ചു ദൂരെ തല ചൊറിഞ്ഞു കൊണ്ട് എന്തൊക്കയോ ആലോചിച്ചു കൂട്ടുന്നുണ്ട്. വീട്ടിലെ
നാവിന്‍റെ ബലം വെച്ച് ഇറങ്ങിയ നിമിഷത്തെ ശപിച്ചു നില്‍ക്കുന്ന എന്‍റെ നിസ്സഹായതയില്‍ അലിവു തോന്നിയ ഒരു ചേട്ടന്‍ ആശ്വാസത്തിന്‍റെ കുളിര്‍കാറ്റായി ‘ചെങ്ങമ്പുഴയുടെ വാഴക്കുലയെക്കുറിച്ചു അങ്ങനെ പറഞ്ഞോളൂ, ഇങ്ങനെ പറഞ്ഞോളൂ’ എന്നൊക്കെ ഒതുക്കത്തില്‍ പറഞ്ഞു. എന്‍റെ പേര്  വിളിച്ചതും ഹൃദയത്തിലെ പെരുമ്പറ മറ്റുള്ളവര്‍ കേള്‍ക്കുന്നുണ്ടോ എന്ന
ആശങ്കയുമായി ഞാന്‍ സ്റ്റേജില്‍ കയറി എന്തൊക്കെയോ പറഞ്ഞു. തിരിച്ചിറങ്ങുമ്പോള്‍ അയല്‍ക്കാരും, ബന്ധുക്കളും ഒക്കെയായ ചേട്ടന്മാരും കൂടെ കൂടി. എന്നെ അഭിനന്ദിക്കാന്‍ എത്തിയവര്‍ക്ക് നടുവില്‍ നെഞ്ചു വിരിച്ചു നിന്നു ചിരിക്കാന്‍ ചുണ്ട് വിടര്‍ത്തിയതെയുള്ളൂ. ‘എന്നാണ് ചെറുശ്ശേരി വാഴക്കുല എഴുതിയത്?” വെപ്രാളത്തിനിടയില്‍ ചങ്ങമ്പുഴയെ ചെറുശ്ശേരിയാക്കിയത് അപ്പോഴാണ്‌ ഞാന്‍ തിരിച്ചറിഞ്ഞത്! ആ മത്സരത്തിലും ഒന്നാം സമ്മാനം നേടിയ ഏട്ടന്‍ ഏകലവ്യന്‍റെ ‘പണം’ എന്ന പുസ്തകത്തെക്കുറിച്ച് ആയിരുന്നു പറഞ്ഞത്. പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കും എന്ന വാചകം ഉദ്ധരിച്ചു കൊണ്ട് തുടങ്ങിയ പ്രസംഗം അന്ന് എല്ലാവരുടെയും കയ്യടി നേടി.

                 അങ്ങനെ എന്‍റെ കന്നി പ്രസംഗം ഗംഭീര്യ പരാജയത്തില്‍ ഇരിക്കുമ്പോഴായിരുന്നു അമ്പലത്തിനോടനുബന്ധിച്ചു നടത്തുന്ന ബാലസമാജത്തിന്‍റെ ഉപന്യാസ മത്സരം. ‘വായനശാലകളുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ നടത്തിയ ആ മത്സരത്തില്‍ അഞ്ചു മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള  കുട്ടികളായിരുന്നു പങ്കെടുത്തിരുന്നത്. പേപ്പറില്‍  എന്ത്
വേണമെങ്കിലും എഴുതി വെക്കാമല്ലോ. എല്ലാവരും കാണുന്നതല്ലല്ലോ എന്ന ധൈര്യത്തേയും കൂട്ടു പിടിച്ച് ഏഴാം ക്ലാസ്സിലേക്ക് പോകാന്‍ തയ്യാറെടുത്തു  നില്‍ക്കുന്ന  ഞാനും മത്സരത്തിന് ചാടിയിറങ്ങി.  മത്സര ഫലം വന്നപ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം ഞാനും ഞെട്ടിപ്പോയി. എനിക്കായിരുന്നു ഒന്നാം സമ്മാനം. എന്‍റെ ഏട്ടന് സമ്മാനം ഒന്നും കിട്ടിയതുമില്ല! അന്നും ഇന്നും
എന്‍റെ എഴുത്തിനു കിട്ടിയ ഏറ്റവും വലിയ പുരസ്ക്കാരമായി ഞാന്‍ അതിനെ കാണുന്നു.                       ( തുടരും .........)

Share :