Archives / june 2021

ഇടയ്ക്കാട് സിദ്ധാർത്ഥൻ
കാലം

"മഴവന്നു വായിച്ചതോർമ്മയുണ്ടോ,
പണ്ട് വഴിവക്കിൽ നമ്മൾ നനഞ്ഞ കണ്ണിൽ,
മറ്റാരുമറിയാതെ കോർത്തുവച്ച,
പ്രണയത്തിൻ ചേലുള്ള പരിമളങ്ങൾ.

അന്നത്തെയിടവഴിപ്പച്ചയിൽ നാ- ,
മിരുവരുമറിയാതെ മൗനമായി,
പള്ളിക്കുടത്തിലേക്കേകരായി,
പുതുമാരിയോടൊത്തു പോയ കാലം.

മിണ്ടാതെ മിണ്ടുന്ന മൗനങ്ങളിൽ,
നൊമ്പരപ്പെട്ടു നടന്ന കാലം,
മഴവന്നു മൂളിയ യുഗ്മഗാനം,
കുളിരാർന്നു നമ്മൾ നുകർന്ന കാലം.

കാലത്തിൻ കാറ്റേറ്റു നാമകന്നു,
കാതങ്ങളകലെയായ് പാറി വീണു,
ജീവിതാസക്തികൾക്കുള്ളിലായ് നാം,
നമ്മെ മറന്നു പറന്നകന്നു.

നന്മകൾ ചോരുന്ന കാഴ്ചയായി,
ജീവിതം നമ്മെയപഹരിച്ചു,
ദൂരങ്ങൾ താണ്ടി നാമെത്തിയപ്പോൾ,
ഇടവഴിയെല്ലാമകന്നു പോയി.

കാലങ്ങളിഴയുന്ന വേളയിൽ നാം,
ഓർമ്മകൾ തേടുന്ന മൗനമായി,
വാർദ്ധക്യമേകുന്ന വേദിയിൽ നാം,
വേരറ്റകാലം ചികഞ്ഞൊടുങ്ങും.
 

Share :