Archives / May 2018

സി.ഷാജീവ്, പെരിങ്ങിലിപ്പുറം.
ഗോത്രം

ഈ മരച്ചുവട്
നഗ്നമല്ല.
പുരാതന കാലടികളുടെ
നക്ഷത്രങ്ങൾ പതിഞ്ഞ
ഏകാന്തശില്പങ്ങളിലെ
നിശ്ശബ്ദ നൃത്തം.
നിഴലുകൾ നിശ്ചലമായ
നട്ടുച്ചയിൽ
നീണ്ട മണൽവഴിയിലൂടെ
നടന്നൊടുങ്ങിയ പ്രണയം.
മുറിഞ്ഞ സ്വപ്നങ്ങളിൽ
സ്വസ്ഥസമുദ്രങ്ങൾ തുന്നിയ
പ്രശാന്തത.
മൺകുടത്തിന്റെ ഹിമസ്പർശം.
കാടുകളിലലഞ്ഞ്
പുഴ ദാഹങ്ങളിൽ കുളിച്ച്
ഉൾരത്നങ്ങളാൽ
മാളിക പണിയുന്ന
യുഗസന്ധ്യകളിലൊന്നിൽ
ഞാൻ
മരച്ചുവട് കണ്ടെടുക്കുന്നു.
മരവേരുകൾ
പുള്ളുവൻപാട്ടിന്റെ
പിണഞ്ഞ ഞരമ്പുകൾ.
ഗോത്രസ്മൃതിയിൽ നിന്നും
പെരുമ്പറമേളത്തിന്റെ
ചിറകുകരിയാത്ത
ഇയാംപാറ്റകൾ
ഗോവണിയിറങ്ങിവരുന്നുണ്ട് ,
നിന്നിലേക്ക്
ഒരൊച്ചയുമില്ലാതെ....

Share :