നോസ്റ്റാൾജിയ കവിതകൾ കുന്നിക്കുരുക്കളും മഞ്ചാടിമണികളും
1.കുന്നിക്കുരുക്കൾ
കുന്നിക്കുരുക്കളിൽ
കൺമഷിപ്പാത്രവും
കുങ്കുമപ്പൂവും
തിളങ്ങി നിന്നീടവെ
ചെങ്കല്ലു പാകുന്ന
സന്ധ്യയിൽ
ചെമ്പനീർക്കുന്നുകൾ
ചോക്കുന്നു
താരകൾ മിന്നുന്നു
കണ്ണിലേക്കാർത്തു-
കേറിടും ഇരുട്ടിനെ
കുന്നിക്കുരുക്കൾ
മറച്ചു വച്ചീടുന്നു.
2.മിന്നാമിനുങ്ങുകൾ
മിന്നാമിനുങ്ങിൻ്റെ
കണ്ണിലെ തീയാണ്
മിന്നലെന്നെന്നെ
പറഞ്ഞ് പറ്റിച്ചവൾ
പഞ്ഞിമരത്തിൻ്റെ
പഞ്ഞിയാണാകാശം
കുന്നിന്ന് മേലേ
പറന്നാലതേ സ്വർഗ്ഗം
ആമ്പൽക്കുളത്തിന്
താഴെയുണ്ടാരെയും
പേടിപ്പെടുത്തുന്ന
ഭൂതം അതേ
കണ്ണിലായിരം
മിന്നാമിനുങ്ങ്
പോൽ മിന്നുന്ന
ഭീതിയും, സഖ്യവും
മിന്നലും തന്നവൾ
എങ്ങോ മറഞ്ഞുപോയ്
മിന്നാമിനുങ്ങുകൾ
എങ്ങോ പറന്ന് പോയ്
3.വൈദ്യുതിച്ചില്ലകൾ
പണ്ടാണ് പാടത്തിൻ്റെ
വരമ്പിൽ നടക്കുമ്പോൾ
കണ്ടത് കൈയിൽ
തൊടും വൈദ്യുത-
തരംഗത്തെ
കുടക്കമ്പിയിൽ തട്ടി
പതുക്കെയിരമ്പുന്ന
വെളിച്ചം നീട്ടും
മേലേയോടുന്ന
ലോഹപ്പുര!
കുടമേലിരമ്പുന്നു
തണുപ്പിൽ തിളയ്ക്കുന്നു
വെളിച്ചം കൈയിൽ
തൊട്ട് ഭയമായ്
ചുരുങ്ങുന്നു
ചില്ലകളാകാശത്ത്
പടർന്ന് പോയീടുന്നു
ചിതറിത്തെറിക്കുന്നു
മഴയും, മണ്ണും, പൂവും
4.തുമ്പി
ഡ്രാഗൺ തുമ്പി
ഭ്രമിച്ച് പറന്നു
സൂചിത്തുമ്പി
വിറച്ച് പറന്നു
അവനുണ്ടല്ലോ
പാവം തുമ്പി-
യ്ക്കുരുളകൾ
പോലെ കല്ല്
കൊടുത്തു.
5.കളിവീട്
മാഞ്ചുവട്ടിൽ വച്ച വീട്
ഓലമേഞ്ഞ കുഞ്ഞ് വീട്
മൺചിരട്ട കുടഞ്ഞിട്ട്
മണ്ണപ്പം ചുട്ട വീട്
താൾതോരൻ വച്ച വീട്
മാമ്പൂക്കൾ വീണ വീട്
വേനലവധി തീരുവോളം
വെയില് കൊണ്ട് നിന്ന വീട്
6.ആരാണ്?
മാലാഖ!
ഒളിച്ച് കളി തീർന്നു,
ഇനിയച്ഛനമ്മ,
അച്ഛൻ്റെയോഫീസ്
അമ്മയുടെ പണികൾ
അരിവയ്പ്, കറിവയ്പ്
തുണികളുടെ കഴുകൽ
ഇലകൾക്ക് മീതെ
ചൂലിൻ്റെ കുറുകൽ,
നീ കള്ളനാണേ,
ഞാനാണ് പോലീസ്
പ്ളാവില തൊപ്പി
തെങ്ങോല ബെൽറ്റ്
കൈയിലൊരു കമ്പ്
ലാത്തിയ്ക്ക് പകരം
കള്ളൻ്റെ കണ്ണിൽ
കൺകെട്ട് മാത്രം
അക്ക് കളി, സാറ്റ്കളി
കുട്ടിയും കോലും
കക്ക കളി, ഗോലികളി
പമ്പരമതാട്ടം.
വരിയിട്ടിരുന്നു.
ഖോ ഖോയ്ക്ക് വേണ്ടി
എതിരിട്ട് നിന്നു
കബഡിയ്ക്ക് വേണ്ടി
കാൽപ്പന്ത്, തോൽപ്പന്ത്,
വാതിലിൽ മുട്ട്
ഡും ഡും ഡുഡും ഡും,
ഡും ഡും ഡുഡും ഡും,
ആരാണ്?
മാലാഖ
എന്തിന് വന്നു?
നിറത്തിന് വന്നു?
എന്ത് നിറം...
ചിരിപൂത്തവാനം
കതിരിട്ട് നിൽക്കെ
പുളി നെല്ലി തിന്ന്
മധുരിച്ചു ബാല്യം
7.മഴവില്ല്
വേനൽ മഴയ്ക്കും
മലകൾക്കുമിടയിൽ
ഇന്ദ്രജാലം പോലെ
മഴവില്ലുദിച്ചു
മഴവില്ലിനോരോ
നിറമെണ്ണിനിൽക്കെ
മുകളിൽ പറന്നു
വലിയൊരു വിമാനം.
8.ചിത്രശലഭം
അരളിമരത്തിൽ
സ്ഫടികം പോലെ
ഒരു ചെറുകൂട്
തിളങ്ങി വിളങ്ങി.
അതിനുള്ളിൽ
നിന്നൊരു നാൾ
ചിത്രശലഭം പാറും
അമ്മ പറഞ്ഞു.
ശലഭം പാറി വരുന്നത്
കാണാൻ
പുലർകാലത്തിൽ
എന്നുമുണർന്നു.
ശലഭത്തിൻ്റെ
തിളങ്ങും കൂട്
ഒരുനാളാകെയുടഞ്ഞു
കിടന്നു
ശലഭം ചിറകിൽ
സ്വർണ്ണം പൂശി
എവിടെയ്ക്കാണോ
പോയി മറഞ്ഞു?
ശലഭച്ചിറകിൽ
നിന്നതിശയമാം
ഒരു ചെറു സൂര്യൻ
കണ്ണിലുണർന്നു.
9.പോസ്റ്റ് മാൻ
പോസ്റ്റ് മാൻ വന്നു
വേനലവധി തീർന്നു
സ്ക്കൂളിൻ്റെ മുദ്ര
കാർഡൊന്നു തന്നു
ചിരിയൊന്നു മെല്ലെ
അമ്മയ്ക്ക് വന്നു
ശിരസ്സിൽ തലോടി
കവിളിൽ തലോടി
നിറുകയിലൊരുമ്മ!
അവനുള്ള കാർഡിൽ
തോറ്റെന്ന് മുദ്ര
വടിയൊന്നുയയർന്നു
തീക്കാറ്റുണർന്നു!
10.പട്ടം
പട്ടങ്ങളാകാശ-
മേഘങ്ങളെ തൊട്ട്
ചിത്രം വരയ്ക്കുന്നു,
കത്തന്ന സൂര്യനെ
തൊട്ടിങ്ങ് പോരുന്നു
കെട്ട് പൊട്ടിക്കുന്നു
കാറ്റിനോടൊപ്പമാ-
കുന്നിൻ്റെ മേലെയാ
പച്ചപ്പിലെങ്ങോ
കുരുങ്ങിച്ചിരിക്കുന്നു
11.മഞ്ചാടിമണികൾ
മഞ്ചാടിയോരോന്നെടുത്ത്
സൂക്ഷിക്കവെ
മഞ്ഞുപൂ പോലൊരു
കൈ മുന്നിൽ നീളുന്നു.
കഥയുണ്ട്, സ്മൃതിയുണ്ട്
കനലുണ്ട് കുട്ടിത്തമൊഴുകി-
പ്പരക്കുന്ന തിരയുണ്ട്, പൂവുണ്ട്.
മഴയും, മഴപ്പുഴയ്ക്കരികിൽ
കൊരുത്തിട്ട കടലാസ് പൂക്കളും
തോണിയും, ചിരികളും,
കടലും നിലാവും,
വെളിച്ചവും
ശരറാന്തലതിൽ വന്ന്
നിറയുന്ന നക്ഷത്ര-
വഴികളും.
അരികിലൊരു
സ്ളേറ്റുണ്ട്
കോൽമഷിത്തണ്ടുണ്ട്
അതിശയം തൊട്ട്
തൊട്ടാവാടിപ്പൂവുണ്ട്
കല്ലുപെൻസിലിൽ
നിന്ന് പാതിയും
നൽകിയാൽ
മഞ്ചാടി മണികളെ
മരമാക്കി മാറ്റുന്ന
വിദ്യകാട്ടാം-
എന്നവൾ..
മണ്ണിട്ട് മൂടുന്ന മഞ്ചാടി
കാണവെ കണ്ണിൽ
നിറഞ്ഞുപോയ്
കണ്ണുനീർത്തുള്ളികൾ
തല്ലും, വഴക്കും,
അസൂയയും, കുസൃതിയും
എല്ലാം നിറഞ്ഞെങ്കിലും
പടിഞ്ഞാറ്റയിൽ
ഇന്നുമുണ്ടാമരം..
ഇന്നുമുണ്ടാ സ്മൃതി
കണ്ടാലുമെന്നും
തിരക്കിലാണെങ്കിലും
പണ്ടുള്ള പോലുള്ള
ബാല്യമില്ലെങ്കിലും
കണ്ണിലായിന്നും
തിളങ്ങിത്തുടുക്കുന്ന
മഞ്ചാടിമരമുണ്ട്
കാറ്റ് വീശുന്നുണ്ട്.