Archives / june 2021

സന്തോഷ്‌ ശ്രീധർ. 
ഹൃദയാഞ്‌ജലി

ആർക്കുഞാനേകേണ്ടു ഹൃദയാഞ്‌ജലി
ഇനി, യാർക്കുഞാനേകേണ്ടു,
എൻ ഹൃദയാഞ്‌ജലി.

കൂടേ നടന്നവർ കൂട്ടായിരുന്നവർ
കൂട്ടത്തിൽ കൂടിയോർ
കൂട്ടം തെറ്റിയോർ
കൂടപ്പിറപ്പിന് തുല്യരായോരവർ,
സ്നേഹിതർ
സഹ പ്രവർത്തകർ,
ഓരോ ദിനത്തിലും
പൊലിഞ്ഞു പോം മാനവർ.

തനയർ, താതാക്കൾ,
തായ് വഴി കാത്തവർ
കെട്ട കാലത്തിന്റെ പ്രതീകമായവർ.

കണ്ണടച്ചാൽ നിറയുന്നു കോമരം ചുറ്റിലും
അട്ടഹാസത്തോടലറുന്നു കോലങ്ങൾ.

കൺ തുറന്നാലോ നിറയുന്നു കാഴ്ചകൾ
ഹൃദയം പിളർക്കുന്ന രോദനങ്ങൾ.
കറുക നാമ്പിൽ നിറയുന്ന,
തീർത്ഥമായി തീരുന്നോരോർമ്മകൾ.

വായ്ക്കരി വേണ്ടിനി
പട്ടുമേ നൽകേണ്ട
രുമിതമുയർത്തുവാനാരാനും
വേണ്ടിനി.

പട്ടട തീർക്കേണ്ട
പട്ടുവിരിക്കേണ്ട
നാക്കിലയിൽ കിടത്തിയുറക്കേണ്ട.

മൂടു പടങ്ങളും
വേണ്ടിനി യാത്രക്കായി.

നാലാള് കൂടേണ്ട
നാൽക്കവല നിറയേണ്ട
നാഴിയിടങ്ങഴി
കഞ്ഞിയും വെക്കേണ്ട.

തെക്കേ മാവിന്റെ കൊമ്പ് മുറിക്കേണ്ട
പട്ടുടയാടകൾ
പൊതിയേണ്ട ദേഹത്ത്
ആരാലും കാണാതെ
കാണാ മറയത്ത്
ആറടി മണ്ണിൽ
താഴ്ത്തുന്നു യന്ത്രങ്ങൾ.

ആർക്ക് ഞാനേകേണ്ടു ഹൃദയാഞ്ജലി
ഇനി, യാർ ക്കു ഞാനേകേണ്ടു,
എൻ ഹൃദയാഞ്ജലി....
                                   

Share :