Archives / june 2021

അഞ്ചു മാണി മണിപ്പാറ 
പോയൊരാ ജന്മത്തിൽ... 

പോയൊരാ ജന്മത്തിലെന്നോ നിനക്കെന്റെ 

ഹൃദയം പകുത്തു ഞാൻ തന്നിരിക്കാം... 

അതുകൊണ്ടു മാത്രമാണാദ്യമായ് കണ്ടൊരാ 

നിമിഷമെന്നുള്ളിൽ ഒരാത്മഹർഷം... 

 

ആ ഹർഷ മാരിയിൽ മനസിന്റെ ജാലക-

ച്ചില്ലകൾ വീണ്ടും തളിർത്തുലഞ്ഞു... 

അതുകണ്ടു രാവും നിലാവും റിതുക്കളും 

കുളിരിളം കാറ്റും ലയിച്ചു നിന്നു... 

 

ആ കാറ്റിലാടുന്നൊരരയാലിലത്തുമ്പിൽ 

ഞാനെന്റെ പ്രണയം പകർന്നു വെയ്ക്കാം... 

ആത്മാവിനുള്ളിൽ ഒളിപ്പിച്ചൊരാ സ്നേഹ 

മന്ത്രങ്ങളെല്ലാം രചിച്ചു വെയ്ക്കാം... 

 

മൂവന്തി പെയ്യുന്ന സായന്തനങ്ങളിൽ 

താരാപഥത്തിന്റെ തേരിലേറി, 

നിൻ ചാരെ വന്നേറെ നേരമാ നെഞ്ചിലെ 

ചൂടേറ്റുറങ്ങാൻ കഴിഞ്ഞുവെങ്കിൽ... 

 

ഇനിയുമെൻ ജന്മങ്ങൾ ബാക്കിയായ്‌ വെയ്ക്കാതെ, 

പ്രണയാർദ്രമൊരുവാക്കു ചൊല്ലിയെങ്കിൽ... 

ഓരോ നിമിഷവും ഹൃദയാനുതന്ത്രിയിൽ, 

നിൻ വേണു ഗാനം മുഴങ്ങിയെങ്കിൽ... 

 

ആർദ്രമാമാകാവ്യമൊരു മഞ്ഞുതുള്ളിയായ്, 

എൻ മനോവാടിയിൽ പെയ്തുവെങ്കിൽ... 

അതിൽ ഒരുമിച്ചു നനയാൻ കഴിഞ്ഞുവെങ്കിൽ, 

എന്റെ ഹൃദയാന്തരങ്ങൾ നിറഞ്ഞുവെങ്കിൽ... 

എന്റെ ഹൃദയാന്തരങ്ങൾ നിറഞ്ഞുവെങ്കിൽ... 

Share :