Archives / july 2021

കുളക്കട പ്രസന്നൻ
ഇതു തീക്കളി 

സ്ത്രീധനത്തിൻ്റെ പേരിൽ 2021 ജൂൺ 21 ന് ഒരു പെൺക്കുട്ടി കൂടി ആത്മഹത്യ ചെയ്തു. നാടിനെ നടുക്കുന്ന ഈ സംഭവം നടന്നത് കൊല്ലം ജില്ലയിലാണ്.  നൂറ് പവനും 1.20 ഏക്കറും കാറും നൽകി വിവാഹം നടത്തിയിട്ടും അതു പോരാഞ്ഞുള്ള ഉപദ്രവത്തിൽ സഹിക്കെട്ടാണ് പോരുവഴി ശാസ്താംനട അമ്പലത്തും ഭാഗം ചന്ദ്ര ഭവനത്തിൽ കിരൺകുമാറിൻ്റെ ഭാര്യ ആത്മഹത്യ ചെയ്ത്. പന്തളം ആയൂർവേദ മെഡിക്കൽ കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. ഭാവിയിലെ ഒരു ഡോക്ടറെയാണ് ഈ നിര്യാണത്തോടെയാണ് നഷ്ടമായത്.

ഒരു വിവാഹം നടക്കും മുമ്പ് ആരുടെയും സ്വഭാവം ചൂഴ്ന്ന് മനസ്സിലാക്കാൻ കഴിയണമെന്നില്ല. മാനസിക പൊരുത്തം നോക്കാതെ സാമ്പത്തിക പൊരുത്തം നോക്കി വിവാഹം നടത്തുന്ന വിവാഹക്കമ്പോളത്തിലെ രക്തസാക്ഷിയാണ് കിരൺകുമാറിൻ്റെ ഭാര്യ. വിവാഹ ദിനത്തിൽ പത്ത് ലക്ഷം രൂപ വിലയുള്ള കാറ് നൽകിയത് ആഢംബരം പോര എന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയ ഈ വ്യക്തി 24 വയസ്സുള്ള പെൺക്കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചുവെങ്കിൽ അതിനു പിന്നിൽ ആ പെൺകുട്ടി അനുഭവിച്ച ദുഃഖം ഏറെയാണ്. 

ആർത്തി പണ്ടാരങ്ങൾക്ക് മുന്നിലേക്ക് പെൺമക്കളുടെ കല്യാണം എന്ന കടമ്പ നടത്തി വിടും മുമ്പ് സ്ത്രീധനം എന്നത് സ്റ്റാറ്റസ് നോക്കി ഒരുവനെ വിലക്കു വാങ്ങുക എന്നതാവരുത്. അവിടെ എരിഞ്ഞടങ്ങുന്നത് ഇതുപോലെ പെൺകുട്ടികളാണ്. സർക്കാർ ജോലിയുള്ള ഒരുവന് വിവാഹ കമ്പോളത്തിൽ നൽകുന്ന വിലപേശൽ പലപ്പോഴും ദുരന്ത പര്യവസാനമാകുന്നു. 

സ്ത്രീധനം എന്ന നാട്ടുനടപ്പല്ല ഇപ്പോൾ നടക്കുന്നത്. അത് എല്ലാ അർത്ഥത്തിലും വിലപേശൽ ആയി മാറിയിരിക്കുന്നു. അതുമൂലം പലരും ബാങ്കിൽ നിന്ന്  ലോണെടുത്തും കടം വാങ്ങിയും വിവാഹം നടത്തുന്നു. പിന്നീടുള്ള കാലം സാമ്പത്തിക പ്രതിസന്ധിയിൽ നീറി പുകയുന്നവർ ഏറെ. ഈ വിപത്തിന് ഒരു പരിഹാരം വേണ്ടതുണ്ട്.

കഴിഞ്ഞ വർഷം കൊല്ലം ജില്ലയിൽ  അഞ്ചൽ ഒരു സംഭവം നടന്നു. കൊല്ലം എന്നത് ഇംഗ്ലീഷിൽ എഴുതിയാൽ കൊള്ളാം എന്നും കൊല്ലാം എന്നും വായിക്കാം. അത് എങ്ങനെ വായിച്ചാലും  പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊല്ലിച്ച സംഭവം നടന്നത് കൊല്ലം അഞ്ചലിലാണ്. ഇംഗ്ലീഷ് സിനിമയിൽ ഇത്തരം സീൻ ഉണ്ട്. മലയാള സിനിമയിലും ഉണ്ട്. അതൊക്കെ സിനിമയല്ലെ. ജീവിതത്തിലായാലോ : അതു ക്രൂരതയാണ്.

സാധാരണ കുടുംബത്തിലെ ബികോം വിദ്യാഭ്യാസമുള്ള ഒരുവന് 98 പവനോളം സ്വർണ്ണവും കാറും നൽകി മാതാപിതാക്കൾ ഒരു പെൺകുട്ടിയെ അയച്ചത്  വലിയ സ്വപ്നത്തോടെയാവും. ആ പെൺകുട്ടിയുടെ സന്തോഷമാഗ്രഹിച്ച് മാതാപിതാക്കൾ പെൺകുട്ടിയുടെ കരം അവൻ്റെ കയ്യിൽ ഏൽപ്പിച്ചപ്പോൾ അവർ ഒരിക്കലും പ്രതീക്ഷിച്ചതല്ല നടന്നത്. അവൻ്റെ അതിമോഹം അവനെ ഭ്രാന്തനാക്കി . ആ പെൺകുട്ടിയുടെ സ്വത്തു വകകൾ കൈക്കുള്ളിലാക്കാൻ നടത്തിയ ശ്രമം.

രണ്ടു തവണ വിഷപാമ്പിനെ കൊണ്ടു ഭാര്യയെ കൊത്തിപ്പിക്കുവാൻ അവൻ തയ്യാറായി . പാമ്പിനെ  ആയുധമാക്കി  കൊത്തിപ്പിക്കുക എന്ന പ്രക്രിയയാണ് ഇവിടെ നടന്നത്. . 

ഇതിനു സമാനമായ സംഭവം മഹാരാഷ്ട്രയിൽ നടന്നിട്ടുണ്ട്. മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാൻ ഇളയ മകൻ ക്വട്ടേഷൻ കൊടുത്ത് മാതാപിതാക്കളെ കൊല്ലിപ്പിച്ചു . അവിടെ നടന്നത് പാമ്പിനെ കൊണ്ട് കൊത്തിച്ചാണ് കൊന്നത്. 2010 ൽ നടന്ന ഈ കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലാതിരുന്നിട്ടും എല്ലാ പ്രതികളെയും നാഗ്പൂർ കോടതി ജീവപര്യന്തം ശിക്ഷിച്ചു.  

കിരൺ കുമാറിനെതിരെ ഗാർഹിക - സ്ത്രീധന പീഡനങ്ങൾക്കെതിരെ പെൺക്കുട്ടിയുടെ ഭർത്താവിൻ്റെ   പേരിൽ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.  ഒരു കേസുകൊണ്ട് തീരേണ്ടുന്ന ഒരു വിഷയമല്ലിത്.       

സ്ത്രീധന പീഡന കേസുകളൊക്കെ മറ്റൊരു വിഷയം വരുന്നതോടെ ചർച്ചയല്ലാതെ പോകും. അതോടെ ധനത്തോടെ ആർത്തിപൂണ്ടവർ വീണ്ടും ഫണം വിടർത്തും. ഇവിടെ സ്വരക്ഷയ്ക്ക് പെൺക്കുട്ടികൾ പ്രാധാന്യം നൽകാത്തത് എന്തുകൊണ്ടാണ്. അപകടം മണത്താൽ താലിക്കെട്ടിയവൻ എന്നു കരുതി തോറ്റു കൊടുക്കുകയാണോ ? സ്നേഹത്തിനു മുന്നിൽ തോക്കാം. അതില്ലാത്തിടത്ത് ജീവിതമാണ് പ്രധാനം. 

കമൻ്റ്: വിവാഹമെന്നത് വിലപേശലുകൾക്കുള്ള ഇടമല്ല. ആ തിരിച്ചറിവാണ്   ഓരോരുത്തർക്കും വേണ്ടത്.

Share :