മഞ്ചാടി മുത്തുകൾ ( 2 )
സമൂഹത്തിന്‍റെ ഉന്നത ശ്രേണിയില്‍ എത്തിയവര്‍ക്കും, വട്ടപ്പൂജ്യമായി പോയവര്‍ക്കും ഒക്കെ അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയ ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്ന സരസ്വതി ക്ഷേത്രവും, അതിന് മുകളിലായി അനുഗ്രഹ കടാക്ഷങ്ങളുമായി ഗ്രാമത്തിന്‍റെ ഹൃദയഭാഗത്തുള്ള കുന്നിന്‍നിറുകയില്‍ ദുര്‍ഗാ ക്ഷേത്രം. ശംഖു വിളികള്‍ക്കൊപ്പം ഒരു വിളിപ്പാടകലെയുള്ള പള്ളിയിലെ വാങ്കു വിളിയും കൊരുത്തെടുക്കുന്ന മത മൈത്രിയുടെ കുളിര്‍കാറ്റു ചുറ്റിത്തിരിയുന്ന നാട്... ക്ഷേത്രത്തിനു പിന്നിലുള്ള ചരിവ് ഇറങ്ങി ചെല്ലുന്നത് എം. സി റോഡിലേക്ക്...
ഓര്‍മ്മ തുഞ്ചത്ത് തടുക്കു പായയില്‍ ചമ്രം പടഞ്ഞിരുന്നു പൂഴി മണലില്‍ ഹരിശ്രീ കുറിക്കുന്ന നാലു വയസ്സുകാരിയുടെ പിഞ്ചു വിരലുകള്‍ക്ക് മീതെ ഒറ്റമുണ്ടും, തോളത്തു വിശ്രമിക്കുന്ന തോര്‍ത്തും, ചുണ്ടില്‍ മൊട്ടിട്ടു നില്‍ക്കുന്ന ഒരു പുഞ്ചിരിയുമായി മെലിഞ്ഞു നീണ്ട ആശാന്‍റെ തഴമ്പിച്ച കൈവിരലുകള്‍. എഴുത്തോലയുടെ അറ്റം ഭംഗിയായി മെടഞ്ഞു കെട്ടിഎഴുത്താണി ഒരു പ്രത്യേക രീതിയില്‍ പിടിച്ച് അക്ഷരങ്ങള്‍ അനായാസമായി ഓലയിലേക്ക് വരഞ്ഞിടുന്ന നിലത്തെഴുത്ത് ആശാന്‍ ആയിരുന്നു വീടിനു പുറത്തെ ആദ്യ ഗുരു. മുളക്കുഴ ഗവ: ഹൈസ്കൂള്‍ ഗ്രൌണ്ടിന്‍റെ ഓരത്ത് പൂഴി മണല്‍ നിറച്ച ഓല ഷെഡ് ആയിരുന്നു ആശാന്‍ പള്ളിക്കുടം. ഇരു വശത്തും തടുക്കു പായ ഇട്ടു കുട്ടികളെ നിരത്തിയിരുത്തും. ആശാന്‍ പള്ളിക്കുടമായിരുന്നെങ്കിലും പത്തു മുതല്‍ പന്ത്രണ്ടു മണി വരെയും, ഉച്ച തിരിഞ്ഞു രണ്ടു മണി മുതല്‍ മൂന്നര വരെയും ആശാന്‍ കുട്ടികളും അക്ഷരങ്ങളുമായി കൂട്ട് കൂടും. ഇടയില്‍ ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്നു വീഴുമ്പോള്‍ ആശാന്‍റെ ദേഷ്യം നിലവിളികള്‍ ഉയര്‍ത്തിക്കൊണ്ട് ഇളം തുടകളില്‍ ചുവന്ന വട്ടതിണര്‍പ്പുകള്‍ അവശേഷിപ്പിക്കും. ഓലയുടെ എണ്ണം കൂടുന്നതാണ് മികവിന്‍റെ മാനദണ്ഡം. ഒരു ഓലയിലെ അക്ഷരങ്ങള്‍ ഹൃദിസ്ഥമാക്കിയാല്‍ മാത്രമേ അടുത്ത ഓലയില്‍ ആശാന്‍ എഴുതിത്തരൂ. ‘നീ മിടുക്കിയാണോ’എന്ന് ചോദിക്കുന്നതിനു പകരം ‘എത്ര ഓലയായി’ എന്നായിരുന്നു എല്ലാവരും അന്വേഷിച്ചിരുന്നത്. ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ പോകുമ്പോള്‍ ഓല അവരവരുടെ തടുക്കു പായയില്‍ വെച്ചിട്ടാണ് പോകുന്നത്. ഓലയുംകൊണ്ട് വീട്ടില്‍ പോയാല്‍ പിന്നെ അന്ന് തിരിച്ചു വരില്ല എന്നാണ് അര്‍ത്ഥം. അച്ഛന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ആശാന് എനിക്ക് ഉച്ച വരെ ഇരുന്നാല്‍ മതിയെന്നുള്ള ഒരു ഔദാര്യം അനുവദിച്ചു തന്നിരുന്നു. ഒരു ദിവസം ഞാന്‍ പതിവ് പോലെ ഉച്ചയ്ക്ക് ഓലയുമെടുത്തു പുറത്തെക്കിറങ്ങിയതും ഒരു കുട്ടികുറുമ്പന്‍ അത് കണ്ടുപിടിച്ചെന്നു മാത്രമല്ല ‘വൈകിട്ടെ ഓല കൊണ്ടു പോകാവൂ’ എന്ന് ആജ്ഞാപിച്ചുകൊണ്ട് എന്നെ ഓല കൊണ്ട് അകത്തു വെക്കാന്‍ പിടിച്ചു വലിച്ചുകൊണ്ടിരുന്നു. ഞാന്‍ പറയുന്നതൊന്നും അവന്‍സമ്മതമായിരുന്നില്ല. അവസാനം ഞാന്‍ കരച്ചിലിന്‍റെ വക്കത്ത് എത്തിയപ്പോഴേക്കും ആശാന്‍ ഇറങ്ങി വന്ന് ‘അവള്‍ ഓലയും കൊണ്ട് പൊക്കോട്ടെ’ എന്ന് പറഞ്ഞപ്പോഴാണ് ആ കൈ അയഞ്ഞത്. വിളറി നിന്ന അവന്‍റെ മുഖത്തേക്ക് ഒരു വിജയിയുടെ നോട്ടമെറിഞ്ഞു ഞാന്‍ നടന്നത് ഇന്നും ഓര്‍മ്മയിലെ പച്ചപ്പാണ്. ഇപ്പോള്‍ അവന്‍ എവിടെയോ, ആവോ ?
വീട്ടു മുറ്റങ്ങളും, പറമ്പുകളുമെല്ലാം പൊതുവഴികളായിരുന്ന അക്കാലത്ത് പടിഞ്ഞാറുള്ള രണ്ടു വീട്ടു മുറ്റങ്ങള്‍ കടന്നാല്‍ ബസ്സ് സ്റ്റോപ്പ് ആയി. തെക്കുള്ള രണ്ടു വീട്ടുമുറ്റങ്ങള്‍ കടന്നാല്‍ അമ്പല വഴിയായി. കിഴക്കേ വീട്ടിലെ ഇല്ലം വഴിയായിരുന്നു ഞങ്ങളുടെ സ്കൂള്‍ യാത്ര. സ്കൂളില്‍ മണിയടിക്കുന്നത് വീട്ടില്‍ നിന്നാല്‍ കേള്‍ക്കാം. എങ്കിലും പത്തു മണി ക്ലാസ്സിന് ഞങ്ങള്‍ ഒന്‍പതു മണിക്കേ സ്കൂളില്‍ നിന്നും ഇറങ്ങും. ഇല്ലത്തെ മുറ്റത്തെത്തുമ്പോള്‍ കഴിയുന്നതും ഒളിച്ചു പോകാന്‍ നോക്കും. കാരണം അവിടുത്തെ ചേച്ചി ‘നിക്ക്, ഞാനും വരുവാ’ എന്ന് പറഞ്ഞ് കൂട്ടിനായി എന്നെ പിടിച്ചു നിര്‍ത്തും. എന്നിട്ട് ഇറങ്ങുന്നതോ ബല്ലടിക്കാറാകുമ്പോള്‍! കളിക്കുന്നത് ഏതാണ്ട് മഹാപരാധമാണന്നു കരുതിയിരുന്ന വീട്ടുകാരെ കബളിപ്പിച്ചു മറ്റു രണ്ട് വഴികളിലൂടെ പോകുന്നതും എളുപ്പമായിരുന്നില്ല. കൂട്ടുകാരെല്ലാം ഇപ്പോള്‍ കളിച്ചു തിമിര്‍ക്കുന്നുണ്ടാകുമെന്നോര്‍ക്കുമ്പോള്‍ എനിക്ക് അരിശവും സങ്കടവും വരും. എങ്കിലും ഞാന്‍ കടിച്ചമര്‍ത്തും. കര്‍ക്കിടകത്തിലെ തിരിമുറിയാ മഴയില്‍ ഇല്ലത്തമ്മയുടെ ഉപ്പിലിട്ട മാങ്ങ ഞങ്ങള്‍ക്കു മാത്രമല്ല ചുറ്റുമുള്ള പല വീടുകളിലും മാങ്ങാ പച്ചടിയായും, മാങ്ങാക്കറിയായും ഒക്കെ ചോറിനൊപ്പം എത്താറുണ്ട്. അത് പോലെ കാറ്റ് കൊഴിച്ചിടുന്ന നാട്ടുമാങ്ങകളും, ഇലഞ്ഞിപ്പൂക്കളും എല്ലാം ഞങ്ങള്‍ കുട്ടികള്‍ക്കു കൂടി അവകാശപ്പെട്ടതായിരുന്നു. തിരുവാതിരപ്പുഴുക്കിന്‍റെ ഒരു പങ്കും തിരുവാതിര നാളില്‍ വൈകുന്നേരം മുടങ്ങാതെ ഇല്ലത്തമ്മയുടെ സ്നേഹമായി ഞങ്ങളെ തേടി എത്താറുണ്ടായിരുന്നു.
ഞങ്ങളുടെ നാട്ടുമ്പുറത്ത് നിലവും, പുരയിടവും ഉള്ള ഒന്നോ രണ്ടോ വീട്ടുകാരെ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം സാധാരണക്കാര്‍. ചുരുക്കം ചിലര്‍ കൂലി വേല ചെയ്താകും കുടുംബം പുലര്‍ത്തുന്നത്. തയ്യല്‍ക്കാര്‍, പപ്പടം ഉണ്ടാക്കുന്നവര്‍, അലക്കുകാര്‍, ബാര്‍ബര്‍മാര്‍, ആശാരിപ്പണി ചെയ്യുന്നവര്‍ എന്നിങ്ങനെ വീടിനോട് ചേര്‍ന്നുള്ള കുടില്‍വ്യവസായങ്ങള്‍
കൂടാതെ ഒന്നോ രണ്ടോ മുറുക്കാന്‍ കടകളും, കാപ്പി കടകളും, ഒരു വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, ഒരു വായനശാല, ഒരു ചെറിയ ആശുപത്രി, ഏഴരക്കമ്പിനിയുടെ (എട്ടു പേരില്‍ ഒരാള്‍ക്ക് നീളക്കുറവായിരുന്നതിനാല്‍ അയാളെ അര മനുഷ്യനായിട്ടായിരുന്നു കണക്കാക്കിയത്) ഒരു ഫുട്ബോള്‍ ക്ലബ്... ഇതായിരുന്നു എന്‍റെ ബാല്യത്തിലെ മുളക്കുഴയുടെ സാമൂഹിക സാംസ്കാരിക ചിത്രം. മിക്കവാറും വീടുകളിലും ആരെങ്കിലും ഒരാള്‍ പട്ടാളത്തില്‍, അല്ലെങ്കില്‍ പുറം നാട്ടില്‍ പോയി ജോലി ചെയ്യുന്നുണ്ടാകും പോസ്റ്റ്മാന്‍ അന്ന് ഞങ്ങള്‍ അടക്കമുള്ള നാട്ടുകാരുടെ കാണപ്പെട്ട ദൈവമായിരുന്നു.
ആദ്യകാലങ്ങളിലൊക്കെ നടത്തത്തിനും ഓട്ടത്തിനും ഇടയ്ക്കുള്ള ശരീര ചലനങ്ങളുമായി എത്തിയിരുന്ന പോസ്റ്റ്മാന്‍ പിന്നീട് സൈക്കിള്‍ പോസ്റ്റ്‌മാനായി. കത്തും മണിയോര്‍ഡറും കാത്തിരുന്നു കണ്ണു കഴയ്ക്കുമ്പോള്‍ പ്രതീക്ഷയുടെ നാമ്പ് മുളപ്പിച്ചു കൊണ്ട് പോസ്റ്റ്മാന്‍റെ കാക്കി ദൂരെ പ്രത്യക്ഷപ്പെടും. പടി കടന്ന് അദ്ദേഹം മുന്നോട്ടു നീങ്ങുമ്പോള്‍ ‘സാറെ, ഇന്നും ഒന്നുമില്ലേ’ എന്ന നിരാശയില്‍ മുക്കിയെടുത്ത അനവധി നാവുകളിലെ ചോദ്യങ്ങള്‍ മാസത്തിന്‍റെ ആദ്യ വാരത്തില്‍ അദ്ദേഹത്തിന് അകമ്പടി സേവിക്കും. മണി ഓര്‍ഡര്‍ ഒപ്പിട്ടു വാങ്ങുമ്പോള്‍ അതിന്‍റെ ഒരു ചെറിയ പങ്ക് പോസ്റ്മാന്‍റെ കയ്യിലേക്ക് വെച്ച് കൊടുക്കുന്നത്
കിട്ടുന്നതില്‍ ഒരു പങ്കു മറ്റുള്ളവര്‍ക്കും എന്ന നാട്ടു നന്മയായിരുന്നു. നഗര ജീവിതങ്ങളില്‍ നഷ്ടമാകുന്നതും അത് തന്നെയല്ലേ? ഇന്‍ലാന്‍ഡ് മേടിക്കാനും എഴുത്തു പോസ്റ്റ് ചെയ്യാനുമൊക്കെ ഒന്നര കിലോമീറ്റര്‍ ദൂരമുള്ള പോസ്റ്റ് ഓഫീസിലേക്ക് അമ്മ ഞങ്ങളെ ആരെയെങ്കിലും പറഞ്ഞു വിടും. ഞങ്ങള്‍ അഞ്ചു മക്കളില്‍ ഒരേ ഒരു ആണ്‍ തരിയായിരുന്ന മൂത്ത സഹോദരന്‍ ഒഴിവുകഴിവുകള്‍ പറഞ്ഞു തന്ത്ര പൂര്‍വ്വം ഒഴിഞ്ഞു മാറുമ്പോള്‍ മഴയായാലും വെയിലായാലും പോസ്റ്റ് ഓഫീസില്‍ പോകേണ്ട ദൌത്യം മൂപ്പ് മുറയ്ക്ക് രണ്ടാമൂഴക്കാരിയായ എന്‍റെ തലയിലേക്കാണ് എത്തുന്നത്.
വസ്തു വകകള്‍ എഴുതി വിറ്റ് തടിക്കച്ചവടവും, നാടകവും നടത്തി കേമരായ രണ്ടപ്പൂപ്പന്മാരുടെ കൊച്ചുമക്കളെ വളര്‍ത്താന്‍ കോഴിക്കോട്ട് അദ്ധ്യാപകനായിരുന്ന അച്ഛനും, പുറം നാട്ടില്‍ ജോലി ചെയ്തിരുന്ന ഉപ്പാപ്പനും (അച്ഛന്‍റെ ഇളയ സഹോദരനെ ഞങ്ങള്‍ അങ്ങനെയാണ് വിളിച്ചിരുന്നത്) മാസാമാസം മുടങ്ങാതെ അയയ്ക്കുന്ന മണി ഓര്‍ഡര്‍ തുമ്പില്‍ തൂങ്ങിയായിരുന്നു വീട്ടിലെ ധനകാര്യമന്ത്രിയായിരുന്ന അമ്മ കാര്യങ്ങള്‍ ഒരു വിധം ഭംഗിയായി നടത്തിക്കൊണ്ടു പോയത്. അന്നൊക്കെ ചന്തയില്‍ പോക്ക് ഓണത്തിനും ചങ്ക്രാന്തിക്കുമൊക്കെയായിരുന്നു. തേങ്ങയോ, മാങ്ങയോ, ചക്കയോ, കുരുമുളകോ അല്ലെങ്കില്‍ വീടുകളില്‍ നട്ടു നനച്ചു വളര്‍ത്തിയത് എന്തെങ്കിലും ഒക്കെയോ ആയി പണത്തിനു ആവശ്യമുള്ളപ്പോഴാണ് നാട്ടുകാര്‍ക്ക് ചന്ത ഓര്‍മ്മ വരുന്നത് തന്നെ. മീന്‍ അന്നും വീട്ടു പടിക്കല്‍ തലച്ചുമടായും,സൈക്കിളിലായും ഒക്കെ എത്തുമായിരുന്നു. ചേനയും, കാച്ചിലും, ചേമ്പും, നനകിഴങ്ങും എല്ലാം ഉള്ള സ്ഥലത്ത് നട്ടു വിളവെടുത്തു സ്വയം പര്യാപ്തതയില്‍ ജീവിച്ചിരുന്ന നാട്ടുമ്പുറം...ആദ്യത്തെ ചക്ക ഇടുമ്പോള്‍ അത് പല കഷണങ്ങളാക്കി അയല്പക്കങ്ങളിലെക്ക് വിതരണവും നടത്തുമായിരുന്നു. ചക്ക വിഭവങ്ങളുടെ സമൃദ്ധിയില്‍ തള്ളി നീക്കേണ്ട ദിനങ്ങള്‍ക്കായി ചക്കക്കാലം വന്നും പോയുമിരുന്നു. ഇന്ന് മറുനാട്ടില്‍ അപൂര്‍വ വിഭവമായ കപ്പയും, മീന്ക്കറിയും ചോറിനൊപ്പം ഉച്ചമണങ്ങളില്‍ തിളച്ചു നിന്നിരുന്നു.
ചീരത്തഴപ്പുകള്‍ അതിരിട്ട കപ്പത്തണ്ടുകളില്‍ പിണഞ്ഞു കിടക്കുന്ന പയര്‍വള്ളികളില്‍ നിന്നും അമ്മ തന്നയച്ച ചെറിയ ചൂരകൊട്ടയില്‍ പയര്‍ നിറയുമ്പോഴേക്കും പെറ്റിക്കോട്ടിനെ കപ്പത്തണ്ടുകള്‍ നനച്ചെടുക്കുന്നത് ഇന്നും നനവാര്‍ന്ന മഴക്കാല ഓര്‍മകളാണ്. ഇന്ന് ഗോവയില്‍ പയറിന് കിലോയ്ക്ക് അറുപതും എണ്‍പതും രൂപ കൊടുക്കുമ്പോള്‍ കയ്യും മനസ്സും അറിയാതെ
പൊള്ളുന്നതും അതുകൊണ്ടാവാം... (തുടരും )