Archives / june 2021

നജാ ഹുസൈൻ
ഇ-വായനകളിലേക്ക്

നിനച്ചിരിക്കാതെ ,
ഒറ്റപ്പെടലിന്റെ ഇരുട്ടിലെ
കൂമൻകൂവലുകൾക്കിടയിലൂടെ 
അരിച്ചെത്തുന്ന വെള്ളിലനിലാവിൽ ,
അക്ഷരങ്ങളുമായി
ഒളിച്ചുകളിച്ചപ്പോൾ,
കൂട്ടിനായ് വന്ന
ബാലമാസികകളും,
വിറകൊള്ളിച്ച
അമർചിത്രകഥകളും,
ആദ്യവായനകളിലെ
സഹയാത്രികരായി.

സങ്കീർണ്ണമായ
പരിവർത്തനങ്ങൾ തേടി
ദേഹത്തോടൊപ്പം
ദേഹിയുമലഞ്ഞ,
ഉൾവലിഞ്ഞ കൗമാരം
ലഹരിയുടെ
അമൃത് നുകരാൻ
ഇക്കിളി സാഹിത്യങ്ങളെ
തടവറയിലാക്കി.

മാർക്സും 'ചെ'യും
ഗോർക്കിയും വയലാറും  വള്ളത്തോളും പുതുശ്ശേരിയും
ഭ്രാന്തു പിടിപ്പിച്ച
ചിന്തകളാൽ
സിരകളിൽ വിപ്ലവമിറ്റിച്ച
വീഞ്ഞുകളായി.

വായിച്ചില്ലേൽ വളയുമെന്ന്
കുഞ്ഞുണ്ണിമാഷും,
വായനകൊണ്ട് പൂർണ്ണനായെന്ന്
ബോസ്കോയും,
വായിച്ചു വളരാൻ
സനാതന ധർമ്മത്താൽ
മാതൃക കാട്ടി
പണിക്കർ മാഷും,
ജീവിതം കൊണ്ട്
സാക്ഷ്യപ്പെടുത്തിയപ്പോൾ,
വായിക്കാതെ
മരിക്കാതിരിക്കാൻ
ഞാനും വായനയുടെ
പുതുവെളിച്ചങ്ങൾ
തേടിയിറങ്ങി.

ആൻഡ്രോയിഡ് ഫോണും,
ഡിജിറ്റൽ ലോകത്തെ
അനന്തമായ പേജുകളും,
ബ്ലോഗും ട്വിറ്ററും,
വാട്ട്സ്ആപ്പും ഫേസ് ബുക്കും ,
ഇ-ബുക്ക് റീഡറുകളും
ഇനിയുള്ള വായനകൾ
ഇ-വായനകളെന്ന്
കൂടി തിരുത്തിയെഴുതി.

എഴുത്തുകളുടെ
വനാന്തരങ്ങളിലെ
വൻമരങ്ങളെയും അതിനിടയിൽ
മുളച്ചുവരുന്ന
ചെറുചെടികളെയും
ആസ്വദിച്ച്,
ഞാനുമെൻ്റെ വായനകളുമിന്നും
അതിരുകൾ തിരയാതെ
യാത്ര തുടരുകയാണ്,
ഇനിയുമെത്തിയിട്ടില്ലാത്ത
രാജവീഥികൾ തേടി !!

 

Share :