ഇ- വായന പാവപ്പെട്ടവർ പരിധിക്ക് പുറത്ത്
ആംഗ്യ ഭാഷയിൽ നിന്നും മനുഷ്യൻ വാമൊഴിയിലേക്കും വരമൊഴിയിലേക്കും വന്നു. അതു പ്രകൃതിയുടെ വരദാനം. എന്നിട്ടും എല്ലാവരും വായനാ ലോകത്ത് എത്തുന്നുണ്ടോ ? ഇല്ലെന്ന് നിസ്സംശയം പറയാം. എഴുത്തും വായനയും അറിയാത്ത എത്രയോ പേരുണ്ട് ഈ ലോകത്ത്. ആ സാഹചര്യത്തിലാണ് ' ഇ-വായന. സാങ്കേതിക പരിജ്ഞാനം കൈവശമുണ്ടെങ്കിലെ വിരൽത്തുമ്പിലെ ഈ പ്രതിഭാസത്തിലേക്ക് കടക്കാൻ പറ്റുകയുള്ളു.
വായനാ ലോകത്ത് നോവൽ ,കഥ, തിരക്കഥ, കവിത, ചരിത്രം, ആത്മകഥ, ജീവചരിത്രം അങ്ങനെ എന്തെല്ലാം വിഭവങ്ങൾ. അങ്ങനെ എന്തുണ്ടായാലും ഓരോരുത്തരും തെരഞ്ഞെടുക്കുന്നത് സ്വാദ് അനുസരിച്ചാവും. ഒരു സ്വാദുമില്ലാതെ മുഖം തിരിഞ്ഞു നടക്കുന്നവരുമുണ്ട്. അക്കൂട്ടരെ ഉൾപ്പെടെ കൂടെ കൂട്ടാനാണ് ഗ്രന്ഥശാല തുടങ്ങിയത്. അത്തരത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത പി.എൻ പണിക്കരുടെ ഓർമ്മ ദിനമായ ജൂൺ 19 നമ്മൾ വായനാദിനമായി ആചരിക്കുന്നു.
വായിച്ചു വളരുക , ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം പി.എൻ.പണിക്കർ എന്ന അക്ഷര സ്നേഹിയുടേതാണ്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യവുമായി തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ സാംസ്കാരിക ജാഥ നടത്തിയത് 1970 നവംബർ - ഡിസംബർ മാസങ്ങളിലാണ്. അത് അക്ഷര കൂട്ടായ്മയ്ക്ക് ഉണർവ്വ് നൽകി. കേരള ഗ്രന്ഥശാല സംഘത്തിൻ്റെ പ്രഥമ സെക്രട്ടറിയായിരുന്ന അദ്ദേഹം തുടർച്ചയായി 32 വർഷം ആ സ്ഥാനം വഹിച്ചു. പി.എൻ.പണിക്കർ 1995 ജൂൺ 19ന് നിര്യാതനായി. അതിനടുത്ത വർഷം മുതൽ ജൂൺ 19 കേരള സർക്കാർ വായനാദിനമായി ആചരിക്കുന്നു.
ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കും മനുഷ്യരെ ചിന്തയുടെയും വായനയുടേയും ലോകത്തേക്കും കൊണ്ടു വരുന്നതിന് അക്ഷീണം പ്രയത്നിച്ച പി എൻ പണിക്കരുടെ ചിത്രമുള്ള സ്റ്റാമ്പ് 2004ൽ പുറത്തിറക്കി. അതു മാത്രമല്ല ജൂൺ 19 ദേശീയ വായനാദിനമായി 2017ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിൽ മലയാളികൾക്ക് അഭിമാനിക്കാം.
വായന ദിനം കടന്നു വരുമ്പോൾ കുട്ടികളുടെ പഠനത്തെ കുറിച്ചും ചർച്ച ചെയ്യേണ്ടതുണ്ട്. അക്ഷരങ്ങൾ പഠിച്ച് അറിവിൻ്റെ ലോകത്തേക്ക് കടക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഇന്ന് ഓൺലൈനിലാണ്. കൊവിഡ് മഹാമാരിയുടെ ഒന്നും രണ്ടും തരംഗമുണ്ടായപ്പോൾ അധ്യയനം നഷ്ടപ്പെടാതിരിക്കാനാണ് ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ സാധ്യത പ്രയോജനപ്പെടുത്തുന്നത്. ഇനി കൊവിഡിൻ്റെ മൂന്നാം തരംഗമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ സ്ഥിതിക്ക് ഇ- ക്ലാസ്സ് എല്ലാ കുട്ടികൾക്കും ലഭ്യമാകേണ്ടതുണ്ട്.
ഇപ്പോഴുള്ള ഇ- ക്ലാസ്സിൽ കുട്ടികൾക്ക് സംശയ നിവാരണത്തിന് മാർഗ്ഗമില്ല. ഒരു റേഡിയോയിൽ നിന്ന് നമ്മൾ കേൾക്കുന്നതിൽ നിന്നും വ്യത്യസ്തമായി അദ്ധ്യാപകനെ കാണാം എന്ന പ്രത്യേകതയെ ഉള്ളു.
എല്ലാ കുട്ടികൾക്കും സ്മാർട്ട് ഫോൺ ഉണ്ടോ, എല്ലാ വീടുകളിലും ടി വിയുണ്ടോ കറൻ്റ് ഉണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഇവിടെ പ്രസക്തമാണ്. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിലെ പരിജ്ഞാനവും ഇൻ്റർനെറ്റ് ലഭ്യതയും മറ്റു പ്രതിസന്ധികളാണ്. ആ സ്ഥിതിക്ക് പാവപ്പെട്ട വീടുകളിലെ കുട്ടികൾക്കും ആദിവാസി വിഭാഗങ്ങളിലെ കുട്ടികൾക്കും ഇ- ക്ലാസ്സ് ലഭിക്കുന്നില്ലായെങ്കിൽ നമ്മുടെ വിദ്യാഭ്യാസ പരിഷ്കാരത്തിൽ പോരായ്മ ഉണ്ടെന്ന് പറയേണ്ടി വരും.
കേരളത്തിൽ കൊവിഡ് 19 പ്രതിസന്ധി തുടങ്ങിയിട്ട് വർഷം ഒന്നരയായി. ഇതിനിടയിൽ ദീർഘവീക്ഷണത്തോടു കൂടി പരിഹരിക്കേണ്ടിയിരുന്ന ഒരു വിഷയമാണിത്. സ്കൂൾ കുട്ടികൾക്ക് പുസ്തകം, യൂണിഫോം തുടങ്ങി നിരവധി കാര്യങ്ങൾ സൗജന്യമായി സർക്കാർ ചെയ്യുന്നുണ്ട്. ഈ സ്ഥിതിക്ക് ഒരു തവണ കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകാൻ സർക്കാർ സംവിധാനം ഉണ്ടാകണമായിരുന്നു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ കുട്ടികളെ പരിഗണിച്ചാൽ മതിയാവും. സർക്കാർ വക ആദ്യം ഫോൺ കിട്ടിയ കുട്ടിയുടെ ഫോൺ നശിച്ചുപോയാൽ രണ്ടാം തവണ വാങ്ങാൻ സ്റ്റുഡൻ്റ്സ് സഹകരണ സംഘം വഴി ലോൺ കൊടുക്കാവുന്നതേയുള്ളു.
ലോകം മാറുന്ന സ്ഥിതിക്ക് കുട്ടികൾക്ക് വേഗതയാർന്ന വിദ്യാഭ്യാസത്തിന് ഇ- ക്ലാസ്സ് ഉപകരിക്കും. അതു കുറച്ച് രസകരമാക്കാനും കഴിയണം. അല്ലെങ്കിൽ കുട്ടികൾക്കിത് കഷായ തുല്യമാകും ഓൺലൈൻ വിദ്യാഭ്യാസം.
പഠനാവശ്യം ഒഴിച്ച് എന്തെല്ലാം കാര്യങ്ങൾക്ക് കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ താല്പര്യം കാണിക്കുന്നു. ആ സ്ഥിതിക്ക് ആരോഗ്യകരമായ മാതൃക സൃഷ്ടിച്ച് പഠന രസം കൊണ്ടുവരാവുന്നതാണ്. കളികൾ , ടിക് ടോക് ഇവയൊക്കെ പഠനവിഷയങ്ങളിലും ചേരുവയാകണം. പറഞ്ഞു വന്നത് ഡി പി ഇ പി എന്നു പറഞ്ഞു പണ്ടു കൊണ്ടുവന്ന വിദ്യാഭ്യാസ സമ്പ്രദായ രീതിയും പരീക്ഷിക്കാവുന്നതാണ്.
കമൻ്റ്: കുട്ടികൾ മുഴുവൻ ഇൻ്റർനെറ്റ് യുഗത്തിലേക്ക് കടന്നാൽ വരും കാലങ്ങളിൽ ക്ലാസ്സ് മുറികളും അദ്ധ്യാപകരും അനദ്ധ്യാപകരും അപ്രത്യക്ഷമാകുമോ ? കാലത്തിൻ്റെ പോക്ക് കണ്ടിട്ട് അങ്ങനെയാ തോന്നുന്നത്. ഗുരുകുല സമ്പ്രദ്രായത്തിൽ തുടങ്ങിയ വിദ്യാഭ്യാസം കടന്നു പോകുന്ന വഴികളെ ......