Archives / june 2021

  രാജേശ്വരി ജി നായര്‍
മഞ്ചാടി മുത്തുകൾ (1)

 ‘ഗളയേന്‍ സാക്ലി സോണാച്ചി ദീപോരു കോണാച്ചീ’ കഴുത്തില്‍ സ്വര്‍ണ്ണമാലയണിഞ്ഞ ഈ പെണ്‍കുട്ടി ആരാണ്? എന്നാണ് ഈ വരികളുടെ അര്‍ത്ഥം. എനിക്ക് സംശയമില്ല. ഇതിവള്‍ തന്നെ.കടല്‍ച്ചേല വാരിച്ചുറ്റി മണല്‍പ്പരപ്പിന്‍റെ സ്വര്‍ണ്ണത്തിളക്കം
കഴുത്തിന് ആഭരണമാക്കി വിനോദ സഞ്ചാരികളിലേക്ക് കടക്കണ്ണെറിയുന്ന ഗോവന്‍ സുന്ദരി...

മീരമാർ ബീച്ച്

  മൂന്നര പതിറ്റാണ്ടുകള്‍ക്ക് അപ്പുറത്തെ ഒരു വൈകുന്നേരം ദീര്‍ഘയാത്രയിലെ സഹയാത്രികയായ തലവേദനയോടും, ഭര്‍ത്താവിനോടുമൊപ്പം ചര്‍ദ്ദിച്ചു അവശയായി ഞാനും എത്തിപ്പെട്ടു ഒരു പുതിയ ‘പൊറുതി’ക്കായി കേരളത്തിലെ ഒരു ജില്ലയോളോം മാത്രം വലുപ്പമുള്ള ഈ കൊച്ചു ഗോവയിലേക്ക്. യാത്രയുടെ ക്ഷീണമോ, ഗോവന്‍ സുന്ദരിക്ക് എന്നെ നെഞ്ചോടു ചേര്‍ക്കാനുള്ള മടിയോ എന്തോ, പിറ്റേ ദിവസം കിടക്കയില്‍ നിന്നും പൊങ്ങിയതേയില്ല. പതുക്കെ പതുക്കെ ഞാനും ഗോവയുടെ ഓളങ്ങളിലെ ഒരു തുള്ളിയായി...കിടക്കമുറിയുടെ ബാല്‍ക്കണിയില്‍ നിന്നു നേരെതാഴേക്കു നോക്കിയാല്‍ ഭയ്യാമാരുടെ ചെറിയ ലായങ്ങള്‍, കുറ്റിയില്‍ കറങ്ങുന്ന എരുമക്കൂട്ടങ്ങള്‍, കച്ചിക്കൂട്ടങ്ങള്‍, ചാണകക്കുഴി. അതിനുമപ്പുറം കാഴ്ച്ചയുടെ അറ്റത്തേക്കെത്തുന്ന കടലിന്‍റെ ഒരു നീല തുണ്ടും, അവയെ ചുറ്റിയ പച്ചപ്പിന്‍റെ തഴപ്പും എന്‍റെ ഒഴിവു നേരത്തേ ആഹ്ലാദക്കണിയായി.

  ബാല്യ കൗമാരങ്ങളുടെ പുറന്തോടുകള്‍ കാലത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് നിക്ഷേപിച്ചു ഒരു ആയുസ്സിലെ താന്‍പോരിമയുടെ യൗവനം മുഴുവനായും ഒരു മറുനാടിന്‍റെ ജീവിത പരിസരങ്ങളുമായി വിളക്കി ചേര്‍ക്കുമ്പോള്‍ മുപ്പത്താറ് വര്‍ഷങ്ങള്‍ എന്നെ ആരാക്കി മാറ്റി? ഗോവാക്കാരിയോ? അതോ ആലപ്പുഴ ജില്ലയുടെ ഒരു കോണിലുള്ള ചെങ്ങന്നുരിനടുത്ത മുളക്കുഴ എന്ന കൊച്ചു ഗ്രാമം നട്ടു നനച്ചു വളര്‍ത്തിയ മലയാളിയുടെ മനവും, തനുവും ഇണ ചേര്‍ന്ന ഗ്രാമീണ സ്ത്രീത്വമോ? അതോ അറിഞ്ഞും അറിയാതെയും മാറ്റത്തിന്‍റെ കുത്തൊഴുക്കില്‍ അവസരോചിതമായി കപടമുഖങ്ങള്‍ എടുത്തണിയുന്ന ഇന്നിന്‍റെ വക്താവോ?
അറിയില്ല. ഒരു പക്ഷേ ഇതില്‍ ഏതെങ്കിലും ആയിരിക്കും, അല്ലെങ്കില്‍ ഇതെല്ലാം ആയിരിക്കും. എങ്കിലും ഒന്നറിയാം. ഗോവ ഇന്നെന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയാണ്. എന്‍റെ ശരീരത്തിന്‍റെ ഓരോ അവയവങ്ങളും പോലെ. വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങളിലെ’ നായകന്‍ കുറ്റബോധത്തിലെരിയുന്ന മനസ്സുമായി നിയമത്തിനു കീഴടങ്ങാന്‍ സ്വയം ഇറങ്ങി തിരിക്കുമ്പോഴും, എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടായി ഈ യാത്ര മുടങ്ങണമേ എന്നാഗ്രഹിക്കുന്നത് പോലെ എനിക്ക് മാത്രമല്ല, ഗോവയില്‍ എത്തിപ്പെടുന്ന ഓരോ മറുനാട്ടുകാരന്‍റെയും വിശ്രമ ജീവിതം സ്വന്തം വേരുകള്ക്കിടയിലാവണമെന്നു ആഗ്രഹിക്കുമ്പോഴും മനസ്സിന്‍റെ മറ്റൊരു കോണില്‍ എങ്ങനെയെങ്കിലും ഇവിടെത്തന്നെ തുടരാന്‍ കഴിയണമെന്ന്പ്രത്യാശിക്കുന്നവരാണ്. അതത്രേ ഗോവന്‍ സുന്ദരിയുടെ വശ്യത.

     

അവർ ലേഡി ഓഫ് ഇമാക്കുലേറ്റ് കൺസപ്‌ഷൻ ചർച്ച്, പനാജി

 ദൂത് സാഗർ വെള്ളച്ചാട്ടം

 എങ്കിലും ജീവന്‍റെ ഓരോ സ്പന്ദനവും എന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്, ഓടിനടന്ന നിഴല്‍ വിരിച്ച ഇടവഴി തണലുകള്‍ക്കിടയിലെ ചുണ്ണാമ്പു വള്ളികളില്‍ കുശലമോതുന്ന കരിയിലക്കിളികളെ, കള്ള കര്‍ക്കിടകത്തിലെ തിരിമുറിയാത്ത മഴയില്‍ പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടുന്ന ഇരുള്‍ കട്ട പിടിച്ച രാപ്പകലുകളെ,  ചിങ്ങക്കൊയ്തിനായി കതിര്‍ക്കുല ചൂടാന്‍ തയ്യാറെടുക്കുന്ന വയലുകളെ പേമാരി മുക്കിയെടുത്ത് വഴികളെയും പറമ്പുകളേയും ഒന്നാക്കുമ്പോള്‍ വെള്ളപൊക്കം പോകരുതെയെന്ന്‍ പ്രാര്‍ഥിച്ചു കൊണ്ട് അതിലൂടെ ഓടി നടക്കുന്ന ബാല്യത്തിന്‍റെ ആഹ്ലാദങ്ങളെ, വൃത്തിയാക്കലുകളും, പൂവിളികളും, ഊഞ്ഞാലും, ഉപ്പേരി മണവുമൊക്കെയായി എത്തുന്ന ഓണക്കാലത്തെ, ഇല്ലത്തമ്മ കൃത്യമായി തിരുവാതിര നാളില്‍ എത്തിക്കുന്ന എട്ടങ്ങാടി പുഴുക്കിന്‍റെ നാവിലൂറുന്ന രുചിയെ, ആനച്ചന്തങ്ങളുടെയും, വര്‍ണ്ണ ബലൂണുകളുടേയും, കുപ്പിവളകളുടേയും, കളിപ്പാട്ടങ്ങളുടെയും  ഇടയിലൂടെ കൊട്ടി കയറിഇറങ്ങി പോകുന്ന ഉത്സവങ്ങളെ, വിഷുക്കണിക്കായി മേലാകെ സ്വര്‍ണ്ണമണിഞ്ഞ കണിക്കൊന്നകളെ, വിളഞ്ഞു കിടക്കുന്ന  കണിവെള്ളരികളെ, ഇപ്പോഴും തുടരുന്ന അപൂര്‍വ സ്കൂള്‍ സൗഹൃദങ്ങളെ.....     
                                                                      (തുടരും)

Share :