Archives / june 2021

 ജയപ്രകാശ് എറവ്.
  നീ

ചേമ്പിലയിൽ തങ്ങിനില്പു

നീയെന്ന ജലബിന്ദു.

എന്തൊരു സുതാര്യത,

തിളക്കം  .

 

കാറ്റിലും തട്ടിത്തെറിച്ച് പോവാതെ

ചെറു അനക്കത്തിൽ -

അതിൻ ഊയലാട്ടം.

തിളങ്ങുമൊരു സഫ്ടിക പാത്രം.

നിന്നെ വർണ്ണിച്ചെഴുതുവാൻ മാത്രമായ്

പ്രകൃതിയുടെ കുളിരണിഞ്ഞ് ഞാൻ.

ഏത് നിറങ്ങളിൽ വരച്ചാലും

നീ വരകൾക്കും,

വർണ്ണങ്ങൾക്കുമപ്പുറം നിറയുന്നു.

 

ചിലപ്പോൾ നീ വിരിഞ്ഞുണർന്നൊരു

പൂന്തോട്ടം.

മഴമേഘങ്ങൾ ഒഴിഞ്ഞ വാനിൽ വർണങ്ങളുടെ മയൂര നടനം

ചിലപ്പോൾ അഴകിൻ ശലഭചാരുത .

എവിടേയും നിൻ കൺത്തിളക്കം.

അഴിഞ്ഞുലഞ്ഞ വാർമുടി ചന്തത്തിൽ

നിന്ന് ഊർന്നിറങ്ങും കാച്ചെണ്ണ മണം

നിന്നെ പച്ചക്കാടിനൊപ്പം ചേർത്ത് വരക്കുമ്പോൾ

എന്നിലൊരു ഹരിതവനം പൂവിട്ട്

വാസനാഗന്ധമായ്

കാറ്റ് നിന്നെ അടുപ്പിച്ച് നിറുത്തുന്നു.

                 

Share :