Archives / june 2021

സൂരജ് കല്ലൂർ
കലണ്ടർ

 ഭൂതകാലത്തിന്റെ കലണ്ടർ,

ചുമരിന്റെ ഭിത്തിയിൽ തൂങ്ങിയാടുന്നു.

കഴിഞ്ഞകാലത്തിലേക്കൊരു,

മടക്കയാത്രയിലേക്കിന്നും ക്ഷണിക്കുന്നു.

അറിഞ്ഞുമറിഞ്ഞ നാളിന്റെ താളിലേക്ക്,

കൊത്തിവലിക്കുന്ന അക്കങ്ങൾ അക്ഷരങ്ങൾ.

 

വർത്തമാനകാലത്തിന്റെ കലണ്ടറിൽ,

അക്കങ്ങളും അക്ഷരങ്ങളും,

തെളിച്ചമോടെ മിഴിച്ചു നിൽക്കുന്നു.

ജീവന്റെ അടയാളങ്ങളെ,

അതിജീവനത്തിന്റെ നിമിനേരങ്ങളെ,

വെട്ടിയും വട്ടമിട്ടും നിർത്തിയിരിക്കുന്നു.

 

ഭാവിയുടെ കലണ്ടറിൽ,

അക്കങ്ങളില്ല അക്ഷരങ്ങളുമില്ല.

ഹൃദയഭിത്തിയിൽ തറഞ്ഞിറങ്ങുന്ന ആണിതലപ്പത്ത്,

മാറാല പിടിച്ചത് നിശ്ചലമായ് കിടക്കുന്നു.

 

മുറിവാലൻ ത്രികാലജ്ഞൻ ഗൗളിയും,

വലനെയ്‌ത്തു മറന്ന ഭ്രാന്തൻ ചിലന്തിയും,

കാര്യമറിയാതെ കലണ്ടറിന്റെ,

കടലാസു ദിനങ്ങളെ തേടിയലയുന്നു...!!!

 

 

 

Share :