Archives / june 2021

മാത്യു പണിക്കർ
ഇരുളിലെ കൂട്ടുകാരി 

തമോഗർത്തത്തിൽ നിന്ന് കൊണ്ട് വന്ന

കുറ്റിരുട്ടിന്റെ ഇഷ്ടികകൾ 

കൊണ്ടുണ്ടാക്കിയ ഈ  തടവറയിൽ

ആരാണ് ഈ ഒരു പുസ്തകം  

ഇതുവരെ വായിച്ചിരുന്നത്  ?

ആരോ ജീവന്റെ നേർത്ത പാടയിൽ ഒളിപ്പിച്ചു

പൊതിഞ്ഞു കൊണ്ട് വന്നു ഓമനിച്ചിരുന്ന 

ഇതിലെ ഓരോ അക്ഷരങ്ങളും

കാലാന്തരങ്ങളായി    

വധശിക്ഷക്ക് വിധിക്കപ്പെട്ടവർക്കു മാത്രമായി 

കൂരിരുട്ടിൽ പോലും  ഒരു പക്ഷെ 

സ്വയം പ്രകാശിതങ്ങൾ ആയിരുന്നിരിക്കാം.  

ഇവിടെ നിന്നും മരണം ഇഴച്ചുകൊണ്ടു പോയ 

അവസാനത്തെ ആളുടെ

കവിളുകളുടെ കറുത്ത ചൂട്  

ഇപ്പോഴും ഇതിന്റെ  

പുറംചട്ടയിൽ നിന്നിറ്റുറ്റു വീഴുന്നു.   

സ്നേഹത്തിന്റെ ദംശനത്തിനു വേണ്ടി 

വീണ്ടും വീണ്ടും കൊതിക്കുന്ന 

അസാധാരണ വേശ്യയെ പോലെ 

ഈ പുസ്തകമിപ്പോൾ   

എന്നെ വരിഞ്ഞു മുറുക്കുവാൻ തയ്യാറെടുക്കുന്നു.

നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഏതോ നാൾ വരെ

എനിക്കും അവൾ മാത്രമാണ് ഇനി 

പ്രകാശവും  പ്രാണവായുവും, പ്രണയവും

Share :