Archives / june 2021

സ്മിത ഒററക്കൽ
ഞാൻ വരക്കാത്തവൾ

നിന്നെ ഞാൻ
വരച്ചപ്പോൾ
മൊണാലിസ
ആയില്ല .....
കണ്ണുകളിൽ
ചിരിചാലിച്ച
നിറക്കൂട്ട്
നോവിന്റെ
നീർച്ചാലുകളായി.....
നിന്നെവരക്കാൻ
മാറ്റിവച്ച പുരികക്കൊടികൾ
കൊറ്റികളായി
പരൽമീൻതിരഞ്ഞു.......
നിന്റെ ചുണ്ടുകൾ
ചിരിമറന്നിടങ്ങളിൽ
ഒരു കൂട്ടർ നിധി തേടിയലഞ്ഞു ...
വാതുവച്ച പണം 
വലിച്ചെറിഞ്ഞവർ
വീടുകളിലേക്കുമടങ്ങി ....
എനിക്കു വരക്കാൻ
കഴിയാത്ത നിന്റെ
മൂക്ക് മഴമണം
തേടി മണ്ണിലേക്ക്
ചേർന്നു മണത്തു.....
അഴിച്ചിടാൻ വേണ്ടി മാത്രം
വരച്ചിട്ട മുടിയിഴകളിൽ
അവശരായ ചിലർ
കുടിയേറിപ്പാർത്തു.....
നിന്നിലേക്കെത്താൽ
ഏറെപ്പേർ പാട്ടുപാടി
വരുന്നുണ്ട് ....
കാതുവരക്കാനെടുത്ത
നിറക്കൂട്ട്
പാട്ടുതേടിയിറങ്ങി .....
ഉടൽ വരയിൽ
ഹൃദയം
ചുവന്ന നിറം മാത്രം
കുടിച്ചു വറ്റിച്ചു.....
ഞാൻ തോക്കരുതെന്നു
നീ പറയുമ്പോഴും കൈവിരൽ
വിറകൊണ്ട് ക്യാൻവാസിൽ
നിന്റെ നെറ്റിയോളം
ചെറുതായി ഒരാകാശവും
കുഞ്ഞു നക്ഷത്രങ്ങളും
പിറന്നു....

Share :