Archives / july 2021

പ്രൊഫസർ ജയിംസ് സ്റ്റുവർട്ട് /ജോസഫ് ജോർജ്ജ്,
സ്മരിക്കപ്പെടേണ്ട അദ്ധ്യാപകൻ

മാർ ഈവാനിയോസ് കോളേജിൽ മൂന്നു വർഷം ഡിഗ്രി വിദ്യാർത്ഥിയായും 1964 മുതൽ 1996 വരെ 32 വർഷം ഇംഗ്ളീഷ് അദ്ധ്യാപകനായും, 1984 മുതൽ വകുപ്പദ്ധ്യക്ഷനായും, വൈസ് പ്രിൻസിപ്പാളായും, പ്രിൻസിപ്പാൾ ഇൻചാർജ്ജായും പ്രവർത്തിച്ചിരുന്ന പ്രൊഫസർ ജയിംസ് സ്റ്റുവർട്ട് സാർ കേരളത്തിലെ തന്നെ അറിയപ്പെടുന്ന ഒരു അദ്ധ്യാപകനാണ്.

 പ്രഗത്ഭരായ പ്രിൻസിപ്പാളന്മാരുടെ  കൂടെ പ്രവർത്തിക്കാൻ അദ്ദേഹത്തിനു ലഭിച്ച ഭാഗ്യം സ്മരിക്കപ്പെടേണ്ടതുതന്നെയാണ്. പണിക്കരച്ചൻ, മലഞ്ചെരുവിലച്ചൻ, കൊട്ടാരത്തിലച്ചൻ, ആന്റണി ഈപ്പൻ സാർ എന്നീ പ്രഗത്ഭരായ പ്രിൻസിപ്പാളന്മാരോടൊപ്പം  വിദ്യാഭ്യാസ രംഗത്തും കലാകായിക പ്രവർത്തനങ്ങളിലും കോളേജിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സ്റ്റുവർട്ട് സാർ വഹിച്ച പങ്ക് അവിസ്മരണീയമാണ്.

 ഒരു വിദ്യാർത്ഥിയായും അദ്ധ്യാപകനായും വകുപ്പുമേലധ്യക്ഷനായും 35 വർഷം  മാർ ഈവാനിയോസ് കോളേജിൽ തന്നെ സേവനം ചെയ്യാനുള്ള മഹാഭാഗ്യം ലഭിച്ചത് സാറിന് കോളജിനോടുള്ള അതിയായ സ്നേഹം കൊണ്ടു തന്നെയാണ്. വിദ്യാർത്ഥികൾക്കായാലുംഅദ്ധ്യാപകർക്കായാലും പ്രിൻസിപ്പാളിനായാലും സാറിനെക്കൊണ്ട് ആവശ്യമുണ്ട് എന്നത് ശരിവെക്കുന്നതാണ് അത്. പണിക്കരച്ചൻ മാർ ഈവാനിയോസ് കോളജിനെ ഒരു മിക്സഡ് കോളജാക്കി മാറ്റാനുള്ള തന്റേടം കാണിച്ചത് സ്റ്റുവർട്ട് സാറിനെപ്പോലെ യുള്ള ഒരു പറ്റം അദ്ധ്യാപകരുടെ പിന്തുണയുണ്ടായിരുന്നതു കൊണ്ടുതന്നെയാണ്. 1970 കളിലാണ് കോളേജിൽ വളരെയധികം പ്രഗത്ഭരായ വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. വളരെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥരും, വിദേശ അംബാസഡർമാരും, ബിസിനസ്സുകാരും, ചലിച്ചിത്രമേഖലയിലുള്ളവരും,അങ്ങനെ പ്രഗത്ഭരായ പലരും പൂർവ്വ വിദ്യാർത്ഥി സംഗമത്തിനു വന്നാൽ ആദ്യം അന്വേഷിക്കുന്നത് സ്റ്റുവർട്ട് സാറിനെത്തന്നെയാണ്.

 അതിനുള്ള കാരണം ഒരു അദ്ധ്യാപകന് ഹൃദയത്തിൽ വിദ്യാർത്ഥികളോടു സ്നേഹം നിറഞ്ഞാൽ അതിന്റെ പ്രകാശം ചുറ്റും പ്രസരിക്കുമെന്നതാണ്. അദ്ധ്യാപനമെന്ന  മഹനീയ ദൗത്യത്തിന്റെ സത്ഫലമാണത്. "ഒരു പൂവ് മതി ഒരു പൂന്തോട്ടം സുന്ദരമാക്കാൻ. ഒരു നല്ല വാക്കുമതി ഒരു ജിവിതം രക്ഷപ്പെടാൻ. ഒരു പുഞ്ചിരി മതി ജീവിതത്തിൽ വസന്തം വിരിയാൻ." ഇതു തന്നെയാണ് സ്റ്റുവർട്ട് സാറിന്റെ സവിശേഷത.

 വിദ്യാർത്ഥികളുടെ സ്വപ്നങ്ങളും മോഹങ്ങളും വേദനകളും മനസ്സിലാക്കാനുള്ള ഹൃദയബന്ധത്തിനുടമയാണ് സ്റ്റുവർട്ട്സാർ. സ്വപ്നങ്ങൾ പരിപോഷിപ്പിക്കുകയും, മോഹങ്ങൾ പൂവണിയിപ്പിക്കുകയും, വേദനകൾക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യുന്ന ഒരു അദ്ധ്യാപകനും, എന്തും തുറന്നു സംസാരിക്കാൻ പറ്റിയ വ്യക്തിയുമാണ് സ്റ്റുവർട്ട് സാർ.

 ആദ്യം ഇടപെടുമ്പോൾ പെട്ടന്നു കോപിക്കുന്ന സ്റ്റുവർട്ട് സാർ മന:ശാസ്ത്രപരമായി വിദ്യാർത്ഥികളെ അളക്കുകയാണ് ചെയ്യുന്നത്. പിന്നീട് ആ വിദ്യാർത്ഥിയെ പേരു ചൊല്ലി വിളിക്കുന്നതോടെ ജീവിതകാലം മുഴുവൻ മനസ്സിന്റെ ഉള്ളിൽ സൂക്ഷിക്കുന്ന ഒരു അദ്ധ്യാപകനായി അദ്ദേഹം മാറുകയാണ് ചെയ്യുന്നത്.

1978-79 വർഷമാണ് ഞാൻ പ്രീഡിഗ്രി വിദ്യാർത്ഥിയായി എത്തിയത്. പണിക്കരച്ചൻ റിട്ടയർ ചെയ്യുന്ന വർഷം കൂടിയായിരുന്നു അത്. അന്നത്തെ അദ്ധ്യാപകർ അച്ചന് സ്നേഹോപഹാരമായി ഒരു കാർ വാങ്ങി കൊടുത്താണ് യാത്രയയപ്പു നൽകിയത്. അതിന് മുൻകൈയെടുത്തു പ്രവർത്തിച്ചത് സ്റ്റുവർട്ട്സാറിനെപ്പോലുള്ള ഒരുപറ്റം അദ്ധ്യാപകരായിരുന്നു. ഈ അദ്ധ്യാപകർ അച്ചനോടൊപ്പം ശരീരവും മനസ്സും മറന്ന് ഈ കോളേജിന്റെ ഉന്നമനത്തിനായി സദാസമയവും പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ മാർ ഈവാനിയോസ് കോളേജിന്റെ ഇംഗ്ളീഷ് ഡിപ്പാർട്ടുമെന്റ് കേരള സർവകലാശാലയിലെ ഏറ്റവും നല്ല ഡിപ്പാർട്ടുമെന്റുകളിൽ ഒന്നായാണ് അറിയപ്പെട്ടിരുന്നത്. അതിന് പ്രധാന കാരണം സ്റ്റുവർട്ട് സാർ തന്നെയായിരുന്നു. ഇന്നും ഈ ഡിപ്പാർട്ടുമെന്റിന് ആ പേരു നിലനിൽക്കുന്നതിനു കാരണം അടിസ്ഥാനപരമായി സ്റ്റുവർട്ട് സാറിനെപ്പോലെ ഉള്ളവർ ഇവിടെ അദ്ധ്യാപകരായതുകൊണ്ടാണ്.

പല കാര്യങ്ങളിലും പണിക്കരച്ചൻ കർക്കശ നിലപാടെടുക്കുമ്പോൾ വിദ്യാർത്ഥികളെ അനുനയിപ്പിക്കുന്നതും, ഉപദേശിക്കുന്നതും സാർ തന്നെയാണ്. സാറിന്റെ ഇംഗ്ളീഷ് ക്ളാസിലിരിക്കുമ്പോൾ ഇംഗ്ളീഷ് പദങ്ങളുടെ ഉച്ചാരണ ശുദ്ധി എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദിപോലെ തോന്നാറുണ്ട്. എല്ലാ വിദ്യാർത്ഥികളെയും പേരു ചൊല്ലി വിളിക്കുന്ന അപൂർവ്വം അദ്ധ്യാപകരിൽ ഒരാളാണ് സ്റ്റുവർട്ട് സാർ.

 വിദ്യാർത്ഥികളെ വിദ്യ അഭ്യസിപ്പിക്കുക മാത്രമായി ഒതുങ്ങുന്നതല്ലായിരുന്നു സ്റ്റുവർട്ട് സാറിന്റെ ജീവിതം. വിദ്യാർത്ഥികളുടെ ഉള്ളിൽ ഒതുങ്ങിക്കിടക്കുന്ന കലകളെ പുറം ലോകത്തെ അറിയിക്കുക കൂടി ചെയ്യുന്ന വ്യക്തിയായിരുന്നു സ്റ്റുവർട്ട്സാർ. ഈ പാരമ്പര്യം സാറിന്റെ മകളും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ഡോ. ഷേർളി സ്റ്റുവർട്ടിനും ലഭിച്ചിട്ടുണ്ട്.

സാറ് പാട്ട് പാടാറില്ല, എന്നാൽ പാട്ട് പാടിക്കും, സാറിന് ഡാൻസറിയില്ല, ഡാൻസിന്റെ കുറവു കണ്ടു പറയും. മിമിക്രി അറിയില്ല,കേട്ടു ചിരിക്കും, അഭിനന്ദിക്കും.  നാടകം കളിക്കില്ല, നാടകം കളിപ്പിക്കും. സാറിന്റെ ഉള്ളിന്റെ ഉള്ളിൽ കിടക്കുന്ന കലയുടെ ഒരു തിരയിളക്കമാണത്.

 ഇംഗ്ളീഷ് ഭാഷയിലുള്ള ഫലപ്രദമായ ആശയവിനിമയശേഷി, മികച്ച സംഭാഷണശൈലി, സന്ദർഭത്തിനു യോജിച്ച വേഷവിധാനം, പ്രസന്നമായ പെരുമാറ്റം, പ്രവർത്തനസന്നദ്ധത, ഉത്തരവാദിത്വങ്ങൾ സന്തോഷപൂർവം ഏറ്റെടുക്കാനുള്ള മന:സ്ഥിതി, സഹകരണശീലം, ടീം വർക്ക് എന്നിവയെല്ലാം സാറിന്റെ ജന്മസിദ്ധമായ ഗുണങ്ങളാണ്.

 ഋഷിയും കവിയുമായിരുന്ന തിരുവള്ളുവർ ഒരു ഈരടിയിൽ ഇങ്ങനെ പറയുന്നു. "നദിയുടെയോ, കായലിന്റെയോ, കുളത്തിന്റെയോ ആഴം എത്രയായാലും, വെള്ളത്തിന്റെ അവസ്ഥ എന്തായാലും, ആമ്പൽപ്പുവ് ജലനിരപ്പിന് മുകളിലെത്തി വിടർന്നു നിൽക്കും".

 സ്റ്റുവർട്ട് സാറിനെ സംബന്ധിച്ച് ഈ വരികൾ തികച്ചും അന്വർത്ഥമാണന്ന് കാണാം.

ജോസഫ് ജോർജ്ജ്,

റിട്ട. സൂപ്രണ്ട്, 

മാർ ഈവാനിയോസ് കോളജ്.

 

Share :