Archives / july 2021

കുളക്കട പ്രസന്നൻ
 സമരത്തിൻ്റെ രൂപവും ഭാവവും മാറുന്നു

കൊവിഡിനു മുൻപ് നമ്മുടെ ഭരണ സിരാ കേന്ദ്രങ്ങൾക്ക് മുന്നിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ ഒന്നോർത്തു നോക്കു. ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാൽ
 സമരത്തിൻ്റെ രൂപം മാറും ഭാവം മാറും 
എന്നലറി വിളിച്ചത് മറക്കാറായിട്ടില്ല. കൊവിഡിൻ്റെ വരവോടെ ഭരണ സിരാ കേന്ദ്രങ്ങളിൽ സമര വേലിയേറ്റം കുറഞ്ഞു. അതു സ്വാഭാവികം. എന്നാൽ മുൻപ് വിളിച്ച മുദ്രാവാക്യം ഏതാണ്ട് ശരിയായി തുടങ്ങി. സമരത്തിൻ്റെ രൂപവും ഭാവവും മാറി തുടങ്ങി.

 ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ചും ഇപ്പോൾ സമരം നടക്കുകയാണ്. സമരത്തിൻ്റെ പ്രത്യേകത ആൾക്കൂട്ട സമരമല്ല എന്നുള്ള പ്രത്യേകതയുണ്ട്.

കേന്ദ്ര സർക്കാറിൻ്റെ പരിസ്ഥിതി വിഷയത്തിൽ പ്രധാനമന്ത്രിക്ക് ജിമെയിൽ അയച്ച്  സം‌ഘടനകൾ പ്രതിഷേധിച്ചത് നവമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.  സർക്കാരുകൾക്കെതിരെ ഓൺലൈൻ പ്രതിഷേധം ഇക്കാലത്തെ പുതിയ അനുഭവമാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെയും ഇതിനു സമാനമായ ഓൺലൈൻ സമരം നടന്നു.'

ലക്ഷദ്വീപ് വിഷയത്തിൽ ലക്ഷദ്വീപ് ജനത ജൂൺ 7 ന് അവരവരുടെ വസതിയിൽ നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു. കേരളവുമായി അടുത്തു ബന്ധമുള്ള ഒരു സമൂഹത്തെ അടർത്തിമാറ്റുന്നതാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടി. കൊച്ചി, ബേപ്പൂർ തുറമുഖമായി ഉള്ള ബന്ധം അവസാനിപ്പിച്ച് കർണ്ണാടകയിലെ മംഗലാപുരം തുറമുഖവുമായി ബന്ധപ്പെടാൻ ലക്ഷദ്വീപിലെ തുറമുഖ  അധികൃതർക്ക് നിർദ്ദേശം നൽകുക മാത്രമല്ല ദ്വീപ് നിവാസികളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പരിഷ്കാരങ്ങളാണ് അഡ്മിനിസ്ട്രേറ്ററുടേത്. മലയാളം സംസാരിക്കുന്ന ദ്വീപ് നിവാസികൾക്ക് കേരളവുമായിട്ടുള്ള പുക്കിൾക്കൊടി ബന്ധമാണ് മുറിച്ചു മാറ്റുന്നത്.

രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നു നിയമവും അഡ്മിനിസ്ട്രേറ്റർ കൊണ്ടുവന്നു. കാടൻ നിയമങ്ങൾ കൊണ്ടുവന്ന് കോർപ്പറേറ്റ് കോളനിയാക്കുകയാണ് അഡ്മിനിസ്ട്രേറ്ററുടെ ആഗമനോദ്ദേശ്യം.

സമാധാനപരമായി കഴിഞ്ഞിരുന്നവരും സാംസ്കാരിക ഉന്നമനവുണ്ടായിരുന്ന ലക്ഷദ്വീപിനെ കോർപ്പറേറ്റുകൾക്കായി വച്ചുനീട്ടുമ്പോൾ ജനാധിപത്യ സംവിധാനത്തെയാണ് തകർക്കുന്നത്.

പോർച്ചുഗീസുകാർ കൈവശം വച്ചിരുന്ന ലക്ഷദ്വീപ് പിന്നീട് അറയ്ക്കൽ രാജവംശത്തിനു കീഴിലായിരുന്നു. അതിനു ശേഷം കേന്ദ്ര ഭരണ പ്രദേശമായി. ചൈന ഹോങ്കോങ്കിൽ നടത്തുന്ന മനുഷ്യത്വരഹിതമായ നടപടി പോലെ ലോകം ലക്ഷദ്വീപ് സംഭവങ്ങളെ വീക്ഷിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ചൈനയിൽ ജനാധിപത്യം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 1989 ഏപ്രിൽ 15നും ജൂൺ 4 നുമിടയിൽ വിദ്യാർത്ഥികൾ ടിയാൻമെൻ സ്ക്വയറിൽ നടത്തിയ മറ്റൊരു സമര ചരിത്രവുമുണ്ട്. ഇന്ത്യയിലിന്ന് ചൈനയിലേതുപോലെ ജനാധിപത്യം നഷ്ടപ്പെടുകയാണോ എന്ന് ഭയക്കുന്നു.

മന:പൂർവ്വമല്ലാത്ത തടവറയിലാണ് മനുഷ്യർ. ഹിറ്റ്ലറുടെയും മറ്റു ഏകാധിപതികളുടെ കാലയളവിൽ മനുഷ്യർ തടവറകളിൽ കഴിഞ്ഞതു പോലെ കൊവിഡ് എന്ന ശത്രുവിൽ നിന്നു രക്ഷ നേടി ക്വാറൻ്റൈനിൽ കഴിയുകയാണ്. വീർപ്പുമുട്ടിയുള്ള ജീവിതം. കുട്ടികൾക്ക് സ്കൂളിൽ പോകാനോ കൂട്ടുകാരെ കാണാനോ സാധിക്കാതെ മാനസ്സിക സംഘർഷത്തിലാണ്. ഇതു പോലെ പ്രായഭേദമില്ലാതെ എല്ലാവരിലും മാനസ്സിക സംഘർഷമുണ്ട്. അതു വലിയ വെല്ലുവിളിയാണ്. ഇതിനൊപ്പമാണ് ലക്ഷദ്വീപ് വിഷയവും പെട്രോളിയം ഉല്പന്നങ്ങളുടെ  വില നാൾക്കുനാൾ കൂട്ടുന്നതും. ഇതൊക്കെ ജനങ്ങളെ കൂടുതൽ അസ്വസ്തരാക്കും.

സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ജനങ്ങൾ. അതിൻ്റെ കൂടെയാണ് ഇന്ധന വിലവർദ്ധനവ് കുതിച്ചുയരുന്നത്. ലക്ഷ ദ്വീപിലെ ജനങ്ങളുടെ വരുമാനമാർഗ്ഗങ്ങളിൽ തടസ്സം സൃഷ്ടിക്കുന്നത്.

കൊവിഡും ലോക്ക് ഡൗണും ആയതു കൊണ്ട് ജനങ്ങൾ മാസ്ക് വച്ച് വീട്ടിൽ ഇരുന്നു കൊള്ളുമെന്ന് കേന്ദ്രം തെറ്റിദ്ധരിക്കുകയാണ്. ജനദ്രോഹ നയങ്ങൾക്കെതിരെ ജനം പുതിയ സമരപാതകൾ തേടുകയാണ്. അതിൻ്റെ തുടക്കമായിരുന്നു ഓൺലൈൻ സമരം. പിന്നീട് നമ്മൾ കണ്ടത് വീട്ടകങ്ങളിൽ നിരാഹാര സത്യാഗ്രഹമനുഷിക്കുന്നതായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്ലക്കാഡ് പിടിച്ചുള്ള സമരവും നടക്കുന്നുണ്ട്. 

 ജന വിരുദ്ധ നയങ്ങൾക്കെതിരെ വീട്ടകങ്ങളിൽ അടുപ്പു പുകയാതെ നടക്കുന്ന സമരങ്ങൾ തെരുവിൽ കാണുന്ന സമരം പോലെ എന്ന് ഭരണകൂടങ്ങൾ കരുതരുത്. അതു മാറ്റത്തിനുള്ള കൊടുങ്കാറ്റായി പരണമിക്കും.

നവ മാധ്യമങ്ങൾക്ക് കടിഞ്ഞാണിട്ട് സമരതീ കെടുത്താമെന്ന് ഭരണകൂടം കരുതുന്നുണ്ട്. പൊതുസഭയിൽ അവഹേളിക്കപ്പെടുന്ന ഓരോ വ്യക്തിയുടെയും പ്രതികാരശക്തി പുരണാങ്ങളിൽ വിവരിക്കുന്നുണ്ട്. അതു വല്ലപ്പോഴും ഓർക്കുക.

കമൻ്റ്: സ്വാതന്ത്ര്യം സത്യമായിരിക്കുവോളം മനുഷ്യർ എക്കാലവും തടവറയിലായിരിക്കില്ല. 
 

Share :